അടുത്തകാലത്തെ സിനിമകളില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര്‍ യു' ഏറെയിഷ്ടമായി. ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത് ആര് എന്ന പ്രസക്തമായ ചോദ്യമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. സ്വപ്നം കാണാന്‍ പ്രായം ഒരു പ്രശ്‌നമല്ല. സ്വപ്നം എന്ന വാക്കിന് ഇവിടെ ലക്ഷ്യമെന്നാണ് അര്‍ഥം. പച്ചക്കറികൃഷിയിലൂടെ നിരുപമ ഒരു ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു. അതുപോലെ ഞങ്ങള്‍ക്കുമുെണ്ടാരു സ്വപ്നം. ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വനഗരമാക്കുക. ആദ്യഘട്ടത്തില്‍, ആ നേട്ടത്തിലെത്തിയ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡുകളെ ആദരിക്കാന്‍, നിരുപമയുടെ വിജയകഥ പറഞ്ഞ 'ഹൗ ഓള്‍ഡ് ആര്‍ യു' ടീമിനെ ക്ഷണിച്ചതും അതുകൊണ്ടുതന്നെ.
80 ശതമാനം വീട്ടിലും ബയോഗ്യാസ് പ്ലാന്റോ പൈപ്പ് കമ്പോസ്റ്റോ സ്ഥാപിക്കുമ്പോഴാണ് വാര്‍ഡിനെ സമ്പൂര്‍ണ ശുചിത്വവാര്‍ഡായി പ്രഖ്യാപിക്കുന്നത്. ഇവ പരിപാലിക്കാന്‍ മെയിന്റനന്‍സ് ടീം ഉണ്ടാവണം. തെരുവുകളും പൊതുസ്ഥലങ്ങളും മാസത്തിലൊരിക്കലെങ്കിലും കൂട്ടായി വൃത്തിയാക്കണം. പ്ലാസ്റ്റിക് തുടങ്ങിയവ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കാനുള്ള പൊതുസംവിധാനം ഉണ്ടാവണം. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഇത്തരം മൂന്ന് വാര്‍ഡായി. വരുന്ന നവംബറില്‍ ഏഴ് വാര്‍ഡുകൂടി ഇങ്ങനെയാവും.
എല്ലാ വീട്ടിലും ബയോഗ്യാസ് പ്ലാന്റായില്ലെങ്കിലും നഗരം ഇന്ന് വൃത്തിയാണ്. വീട്ടില്‍ സംസ്‌കരിക്കാനാവാത്ത മാലിന്യങ്ങള്‍ വേര്‍തിരിച്ച് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചാല്‍ മതി. അവ കമ്പോസ്റ്റുചെയ്യാന്‍ 60 എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ മുനിസിപ്പാലിറ്റിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. താമസംവിനാ ഇവ 120 ആകും. അടുത്ത വേനല്‍ അവസാനിക്കുംമുമ്പ് ആലപ്പുഴ ശുചിത്വനഗരമാകും. മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ വിവരിച്ച നിര്‍മലഭവനം, നിര്‍മലനഗരം കാമ്പയിന്‍ വിജയത്തിലെത്തുകയാണ്. ഇനിയെന്ത്?
ബയോഗ്യാസ്/പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ച എല്ലാ വീട്ടിലും പച്ചക്കറികൃഷി തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. സ്ലറിയും കമ്പോസ്റ്റും നല്ല വളമാണ്. 'ഹൗ ഓള്‍ഡ് ആര്‍ യു' ടീമാണ് ഈ ഹരിതകാമ്പയിന്‍ പ്രഖ്യാപിച്ചത്.
ആലപ്പുഴ നഗരത്തില്‍ 48,000 വീടുകള്‍ ഉണ്ട്. ഇവയില്‍ 22,000 ടെറസ് കെട്ടിടങ്ങളാണ്. തുറസ്സായ ടെറസിന്റെ ആകെ വിസ്തൃതി 125 ഹെക്ടര്‍. ഇവിടെ കൃഷിചെയ്താല്‍ മാസം 400 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാം. തരിശും അല്ലാത്തതുമായി 0.6 ചതുരശ്ര കിലോമീറ്റര്‍ വയല്‍ ഭൂമിയും നഗരത്തിലുണ്ട്. പറമ്പ് വിസ്തൃതി 0.3 ചതുരശ്ര കിലോമീറ്റര്‍. ഇവിടെയെല്ലാം പച്ചക്കറി കൃഷിചെയ്താല്‍ നഗരത്തിലെ ആവശ്യത്തിന്റെ മൂന്നിലൊന്ന് നഗരത്തില്‍ത്തന്നെ ഉത്പാദിപ്പിക്കാനാകും.
മാരാരിക്കുളത്ത് ഇത് ചെയ്തിട്ടുണ്ട്. കൃഷി അന്യംനിന്ന ഒരു പ്രദേശമായിരുന്നു അത്. ഒരു ചൊരിമണല്‍പ്രദേശം. പി.പി. സ്വാതന്ത്ര്യം എന്ന പഞ്ചായത്ത് പ്രസിഡന്റ് '90കളില്‍ കഞ്ഞിക്കുഴിയില്‍ ഒരു ഹരിതവിപ്ലവം നയിച്ചു. പിന്നീടത് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. നാഷണല്‍ ഹൈവേയിലൂടെ ആലപ്പുഴചേര്‍ത്തല റോഡില്‍ സഞ്ചരിച്ചാല്‍ പച്ചക്കറി വില്‍ക്കുന്ന ഒരു ഡസന്‍ കടകള്‍ കാണാം. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് 'മരുപ്പച്ചകള്‍ ഉണ്ടാകുന്നത്' എന്ന എന്റെ പുസ്തകം വിവരിക്കുന്നത്. കഞ്ഞിക്കുഴിയുടെ ഒരു നഗരമാതൃകയാണ് ആലപ്പുഴയില്‍ ലക്ഷ്യമിടുന്നത്.
പോളിഹൗസ് കൃഷിക്കാണ് പ്രത്യേക ഊന്നല്‍. കേരളത്തില്‍, തുറസ്സിലെ കൃഷിയില്‍നിന്ന് 24 കിലോ പച്ചക്കറിയാണ് ഒരു ചതുരശ്രമീറ്ററില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. ഇന്ന് പ്രചരിക്കുന്ന പോളിഹൗസ് കൃഷിയില്‍ 610 കിലോവരെ ലഭിക്കും. അത് ഒരു ചതുരശ്രമീറ്ററിന് 2025 കിലോയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ രീതികളിലെ ന്യൂനതകള്‍ തിരുത്തണം. ചെന്നൈയിലെ ഏറ്റവും ആധുനിക ലാബുകളില്‍ മണ്ണിന്റെ സ്വഭാവം പരിശോധിച്ച് മൈക്രോ ന്യൂട്രീയന്റ്‌സ് നിര്‍ണയിക്കും. സംരക്ഷിത കൃഷിരീതികളില്‍ പാലിക്കേണ്ട കൃഷി സമ്പ്രദായങ്ങള്‍ കര്‍ശനമായി പാലിക്കും. ഏതാനും പോളിഹൗസുകള്‍ക്ക് ഒരു ബോട്ടണി ബിരുദധാരിയെ വീതം മേല്‍നോട്ടത്തിന് നിയോഗിക്കും.
200 ചതുരശ്രമീറ്റര്‍ പോളിഹൗസിന് (ഓട്ടോമേഷന്‍ സംവിധാനം ഉള്‍പ്പെടെ) നാലുലക്ഷം രൂപയാണ് ചെലവ്. കൃഷിയുടെ ആവര്‍ത്തനച്ചെലവ് 40,000 രൂപയും സര്‍വീസ് ഫീ 10,000 രൂപയും വരും. അങ്ങനെ വരുന്ന 4.5 ലക്ഷം രൂപ ആകെചെലവില്‍ വായ്പ 4.3 ലക്ഷം രൂപയും 20,000 ഗുണഭോക്തൃ വിഹിതവുമാണ്. സബ്‌സിഡിയായ 1.65 ലക്ഷം വായ്പ അക്കൗണ്ടിലേക്കാണ് ലഭിക്കുക. കുടുംബശ്രീമിഷനില്‍നിന്ന് 25,000 രൂപ വരെ സബ്‌സിഡി ലഭിക്കും. മൊത്തം ചെലവിന്റെ പകുതിയിലേറെ സബ്‌സിഡിയായി ലഭിക്കും. പോളിഹൗസ് പ്രോത്സാഹിപ്പിക്കാന്‍ കേരള കൃഷിവകുപ്പ് വിപുലമായ പിന്തുണ നല്‍കുന്നുണ്ട്. കൃഷിയിലെ ഏറ്റവും നൂതനമായ സര്‍ക്കാര്‍ ഇടപെടലാണിത്.
കരളകത്ത് ഒരേക്കര്‍ സ്ഥലത്ത് ഒരു ഭീമന്‍ ഓട്ടോമാറ്റ് പോളിഹൗസ് സ്ഥാപിക്കുന്നത് റിട്ട. കോണ്‍ട്രാക്ടറായ അപ്പച്ചന്‍ എന്നയാളാണ്. സര്‍ക്കാര്‍ സബ്‌സിഡിയും മറ്റും പിന്നാലെ വരും. ഇപ്പോള്‍ ഇദ്ദേഹംതന്നെ പണം മുടക്കുകയാണ്. ഈ പോളി ഹൗസും സമീപപ്രദേശത്തെ ടെറസ്, മുറ്റം, പറമ്പ്, വയല്‍ എന്നിവിടങ്ങളിലെ സംഘകൃഷിയും ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും നഗരപച്ചക്കറികൃഷി കാമ്പയിനിന് തുടക്കംകുറിക്കുന്നത്.
നഗരത്തില്‍ സ്ഥാപിക്കുന്ന സ്റ്റാളുകള്‍വഴി പച്ചക്കറി ഉത്പന്നങ്ങള്‍ വിപണനം ചെയ്യും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാര്‍ക്കറ്റിങ് കമ്പനിയായ മാരാരി മാര്‍ക്കറ്റിങ് ഇതിനുള്ള സംവിധാനങ്ങളൊരുക്കും.
മാരാരിക്കുളം പോലുള്ള നാട്ടിന്‍പുറത്ത് ഇതൊക്കെ നടക്കും; പക്ഷേ, നഗരത്തിലോ എന്ന് സന്ദേഹിക്കുന്നവര്‍ ഏറെയുണ്ട്. ക്യൂബയിലെ ഹവാന നഗരത്തിന്റെ അനുഭവമാണ് അവര്‍ക്കുള്ള മറുപടി. ക്യൂബയുടെ 0.67 ശതമാനം ഭൂവിസ്തൃതിമാത്രമുള്ള ഹവാന നഗരത്തിലാണ് ജനങ്ങളുടെ 20 ശതമാനം തിങ്ങിപ്പാര്‍ക്കുന്നത്. ഈ നഗരത്തിലെ പച്ചക്കറി ആവശ്യത്തിന്റെ സിംഹഭാഗവും അവിടെത്തന്നെയാണ് കൃഷിചെയ്യുന്നത്. നഗരകൃഷിയുടെ ഉത്തമ മാതൃകയാണ് ഹവാന നഗരം.
തുടക്കം 1998ല്‍ ആയിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. അവിടെനിന്നുള്ള ഇറക്കുമതി നിശ്ചലമായതോടെ ക്യൂബയില്‍ ക്ഷാമമായി. രാസവളങ്ങളുടെയും കീടനാശിനികളുടെയും വരവ് നിലച്ചതോടെ കൃഷി അവതാളത്തിലായി. അമേരിക്കന്‍ ഉപരോധംമൂലം സമീപരാജ്യങ്ങളുടെ സഹായവും നിഷേധിക്കപ്പെട്ടു. ഹവാനക്കാര്‍ ഈ ആപത്ത് ഒരു അവസരമാക്കി. ടെറസിലും വീട്ടുമുറ്റത്തും തുറസ്സായ സകല തരിശുഭൂമിയിലും പച്ചക്കറികൃഷിയിറക്കി. ശുദ്ധ ജൈവപച്ചക്കറികൃഷിയെ അവര്‍ 'ഓര്‍ഗനോപോണിക്കോസ്' എന്നാണ് വിളിക്കുന്നത്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും മാത്രമല്ല സാധാരണക്കാരും നൂതനമായി കൃഷി സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ചു. അതിവിപുലമായി പരിശീലനം സംഘടിപ്പിച്ചു. സര്‍ക്കാര്‍ നഗരകൃഷിക്കുവേണ്ടി ഒരു മന്ത്രാലയംതന്നെ സൃഷ്ടിച്ചു.
വീട്ടുകൃഷിക്ക് അയല്‍ക്കൂട്ട സംവിധാനങ്ങളാണ് നേതൃത്വം നല്‍കിയത്. നമ്മുടെ മുന്‍ കൃഷിമന്ത്രി വി.വി. രാഘവന്‍ ആവിഷ്‌കരിച്ച ഗ്രൂപ്പ് ഫാമിങ്ങിന്റെ വകഭേദമാണെന്ന് എളുപ്പത്തില്‍ പറയാം. പരമ്പരാഗത സഹകരണകൃഷിയും പിന്തുടര്‍ന്നു. സോവിയറ്റ് പതനത്തെ തുടര്‍ന്നുണ്ടായ പ്രത്യേക കാലഘട്ടത്തിലെ പട്ടിണിക്ക് എതിരായ യുദ്ധം ക്യൂബ ഒരു ദശാബ്ദംകൊണ്ട് വിജയിച്ചു.
ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.) മാനദണ്ഡ പ്രകാരം ഒരാള്‍ക്ക് പ്രതിദിനം 300 ഗ്രാം പച്ചക്കറി വേണം. 2001ല്‍ ക്യൂബയില്‍ 131 ഗ്രാമേ ലഭ്യമായിരുന്നുള്ളൂ. 1997ല്‍ ഹവാന നഗരത്തിലെ പച്ചക്കറി ഉത്പാദനം 20,000 ടണ്‍ മാത്രമായിരുന്നു. 2001ല്‍ അത് 1.3 ലക്ഷം ടണ്ണായി. 2005ല്‍ 2.72 ലക്ഷം ടണ്ണും. പ്രതിശീര്‍ഷ പച്ചക്കറിലഭ്യത 340 ഗ്രാം ആയി ഉയര്‍ന്നു. 48 ലക്ഷം തൊഴില്‍ ചെയ്യുന്നവരുള്ള ക്യൂബയില്‍ നഗരകൃഷി മേഖലയില്‍ പുതുതായി 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായി.
വേണമെങ്കില്‍ ഇതൊക്കെ ഇവിടെയും നടക്കും. വേണമെന്ന് നാം തീരുമാനിക്കണം. ശുചിത്വപ്രവര്‍ത്തനങ്ങളും പച്ചക്കറികൃഷിയും കുടുംബശ്രീയും ചേര്‍ന്ന് ഒരു വലിയ ജനകീയപ്രസ്ഥാനമായി മാറിയാല്‍ ഇന്ത്യയ്ക്കുമുന്നില്‍ കൂട്ടായ്മയുടെ മറ്റൊരു മാതൃക കേരളത്തിന് മുന്നോട്ടുവെക്കാം.
No comments:
Post a Comment