സുഹൃത്തിന്‍െറ വിവാഹത്തിന് കരാര്‍ ഉറപ്പിക്കാന്‍ എന്ന പേരിലാണ് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിലെ ജീവനക്കാരനെ ചെന്നുകണ്ടത്. തുടര്‍ന്ന് അദ്ദേഹം പാക്കേജുകള്‍ വിശദീകരിച്ചു. വിവാഹം പ്ളാന്‍ ചെയ്യുമ്പോള്‍ 12 കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജാണ് ഏറ്റെടുക്കുക. ക്ഷണക്കത്ത്, വരന്‍െറയും വധുവിന്‍െറയും ഡ്രസ് ഡിസൈനിങ്, അതിഥികളെ സ്വീകരിക്കല്‍, വിഡിയോ-സ്റ്റില്‍ ഫോട്ടോഗ്രഫി ആല്‍ബങ്ങള്‍ തയാറാക്കല്‍, സ്റ്റേജും ഹാളും ഒരുക്കല്‍, ഭക്ഷണം, അതിഥികളെ യാത്രയയക്കല്‍, വരനും സംഘത്തിനും യാത്രക്കുള്ള വാഹനങ്ങള്‍ തയാറാക്കല്‍, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അതിഥികളെ ഏര്‍പ്പാടാക്കല്‍, സുരക്ഷയൊരുക്കല്‍... എന്നിങ്ങനെ പോകുന്നു പാക്കേജ്. അതായത് തങ്ങളെ വിവാഹം ഏല്‍പിച്ചാല്‍ പിന്നെ വേണ്ടപ്പെട്ടവരെ ക്ഷണിക്കുകയെന്ന ജോലി മാത്രമേ വരന്‍െറയും വധുവിന്‍െറയും മാതാപിതാക്കള്‍ക്ക് ഉണ്ടാവൂ. ബാക്കിയെല്ലാം മാര്യേജ് മാനേജ്മെന്‍റ് ഗ്രൂപ് എന്നുകൂടി വിശേഷിപ്പിക്കാവുന്ന കല്യാണ നടത്തിപ്പുകാര്‍ നോക്കിക്കൊള്ളും.
വിവാഹം ഏറ്റെടുക്കുന്നതിനു മുമ്പ് വീട്ടുകാരുമായി സ്ഥാപനത്തിന്‍െറ എക്സിക്യൂട്ടിവ് ചര്‍ച്ച നടത്തും. ക്ഷണക്കത്തിന്‍െറ കാര്യമാണ് ആദ്യമെടുക്കുക. കാരണം അതില്‍ അറിയാം, വിവാഹത്തിന് വീട്ടുകാര്‍ എത്രവരെ ചെലവാക്കാന്‍ തയാറാണെന്ന്. 500 രൂപ വരെ വിലയുള്ള കാര്‍ഡുകളെപ്പറ്റിയാണ് ആദ്യം സംസാരിക്കുക. റിബണ്‍കൊണ്ട് കെട്ടിയ കാര്‍ഡ്, ഗിഫ്റ്റ് ബോക്സില്‍ അടച്ച കാര്‍ഡ്, തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന കാര്‍ഡ് അങ്ങനെ വിവിധതരം കാര്‍ഡുകള്‍ മാര്‍ക്കറ്റിലുണ്ട്. എക്സിക്യൂട്ടിവിന്‍െറ വാചകമടിയില്‍ വീണാല്‍ ക്ഷണക്കത്തിനുള്ള ചെലവ് മാത്രം ലക്ഷങ്ങള്‍ കടക്കും. ഒരേ കല്യാണത്തിനുതന്നെ പലതരം കാര്‍ഡുകളും തയാറാക്കിക്കൊടുക്കും. വി.ഐ.പികള്‍ക്ക് നല്‍കാന്‍ വിലകൂടിയ കാര്‍ഡുകള്‍, നാട്ടുകാര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കാന്‍ അത്രയൊന്നും വിലയില്ലാത്ത കാര്‍ഡുകള്‍ അങ്ങനെ.
തുടര്‍ന്ന് വിവാഹ ദിവസവും അതിന് തലേദിവസവും വരനും വധുവിനും ധരിക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യലാണ്. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് നിര്‍ദേശിച്ച സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ വരന്‍െറ വിവാഹസ്യൂട്ട് തയ്ക്കാനുള്ള കൂലി തുടങ്ങുന്നത് 10,000 രൂപ മുതലാണ്. മുമ്പൊക്കെ വിവാഹം നിശ്ചയിച്ച ശേഷമാണ് ഓഡിറ്റോറിയം അന്വേഷിക്കുകയെങ്കില്‍, ഇപ്പോള്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് നിര്‍ദേശിക്കുന്ന ഓഡിറ്റോറിയത്തിന്‍െറ ലഭ്യതക്കനുസരിച്ചാണ് വിവാഹതീയതി നിശ്ചയിക്കുക. ഹെക്സാകോപ്ടര്‍ ഫ്ളയിങ് കാമറയാണ് അത്യാഡംബര വിവാഹത്തിലെ പുതിയ ട്രെന്‍ഡ്. ലോകത്തെ പ്രമുഖ വാര്‍ത്താ ചാനലായ ബി.ബി.സിപോലും ഈ കാമറ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ഹെലികോപ്ടര്‍പോലെ പറന്നുനടക്കുന്നതാണ് കാമറ. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തുക. താലികെട്ട് സമയത്ത് വേദിയില്‍ കാമറാമാന്മാര്‍ നിരന്നുനില്‍ക്കുന്നതിനാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ വിഡിയോ, സ്റ്റില്‍ കാമറാമാന്മാരുടെ ആസനം കണ്ട് മടങ്ങേണ്ടിവരുന്നു എന്ന പരാതി ഒഴിവാക്കാനാണ് ഇത് എന്നാണ് വിശദീകരണം. ഒപ്പം താലികെട്ടിന്‍െറയും വിവാഹസദ്യയുടെയും ഏരിയല്‍ ഷോട്ടാണ് പുതിയ ട്രെന്‍ഡ്.
പ്രമുഖ അതിഥികളെ സംഘടിപ്പിച്ച് നല്‍കാനും 'കല്യാണ നടത്തിപ്പുകാര്‍' റെഡിയാണ്. തെക്കന്‍ കേരളത്തില്‍ സിനിമാ താരങ്ങള്‍ക്കും വടക്കന്‍ കേരളത്തില്‍ ഗായകര്‍ക്കുമാണ് ഡിമാന്‍ഡ്. ആളുടെ പ്രശസ്തിയും തിരക്കുമനുസരിച്ച് പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുണ്ട്. ഇത്തരം അതിഥികളെ കൊണ്ടുവരുന്നതിനും പ്രത്യേക സംവിധാനങ്ങളുണ്ട്. വരന്‍െറയും വധുവിന്‍െറയും മാതാപിതാക്കളുടെയും ഒപ്പം നിന്ന് ചിത്രമെടുക്കുക എന്നത് പാക്കേജില്‍പെട്ടതാണ്. ഇനി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒപ്പം നിന്ന് ചിത്രമെടുക്കണമെങ്കില്‍ റേറ്റ് കൂടും. അതിഥികളെ വരവേല്‍ക്കാന്‍ പ്രത്യേക എക്സിക്യൂട്ടിവുകളെയും തയാറാക്കിക്കൊടുക്കും.
വിവാഹത്തിന് സെക്യൂരിറ്റിയെ വിട്ടുനല്‍കുന്ന പ്രത്യേക സ്ഥാപനങ്ങള്‍തന്നെ ഇപ്പോള്‍ കേരളത്തിലുണ്ട്. വാഹന പാര്‍ക്കിങ്, അതിഥികളെ വരവേല്‍ക്കല്‍, ഭക്ഷണശാലയിലെ തിരക്ക് നിയന്ത്രിക്കല്‍ തുടങ്ങി വിളിക്കാതെയത്തെുന്നവരെ തടയല്‍ വരെ സെക്യൂരിറ്റിക്കാരുടെ ജോലിയാണ്. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളില്‍ പലതിന്‍െറയും മുഖ്യ തലവേദനകളിലൊന്ന് താരവിവാഹങ്ങള്‍ക്ക് വിളിക്കാതെയത്തെുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുക എന്നതാണ്. ഇങ്ങനെ എത്തുന്നവരെ കൈകാര്യം ചെയ്യാന്‍ ബാര്‍ ബൗണ്‍സര്‍മാരെപ്പോലെ തടിമിടുക്കുള്ള സെക്യൂരിറ്റിക്കാരെ നിയോഗിച്ച സംഭവമുണ്ട്.
തിരുവിതാംകൂറിലെ മിക്ക സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലും ഇപ്പോള്‍ ഇവന്‍റ് മാനേജ്മെന്‍റിന്‍െറ വിവാഹപരിപാടികള്‍ സാധാരണമാണ്. ക്നാനായ സഭയില്‍പ്പെട്ടവരുടെ വിവാഹമാണെങ്കില്‍ രണ്ടുദിവസത്തെ ആഘോഷങ്ങള്‍ പതിവാണ്. വീട്ടിലെ ആഘോഷത്തിന് മദ്യം വിളമ്പുന്ന ശീലവുമുണ്ട്. കുറവിലങ്ങാട് ഭാഗത്ത് അടുത്തിടെ ഒരു മനസമ്മതച്ചടങ്ങിന് ഒഴുകിയത് കോടികള്‍. രണ്ട് ഇവന്‍റ് മാനേജ്മെന്‍റുകള്‍ക്കാണ് ചുമതല നല്‍കിയത്. ഉപശാലയില്‍ മദ്യവും ആവശ്യംപോലെ ഒഴുകി. ആഹാരം മിച്ചംവന്നപ്പോള്‍ കുഴിച്ചുമൂടി. ഇവിടെനിന്ന് മദ്യം കഴിച്ച ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പില്‍പെട്ട രണ്ട് ജീവനക്കാര്‍ സമീപത്തെ ഒരു ലോഡ്ജില്‍വെച്ച് കലഹിച്ചു. അതില്‍ ഒരാള്‍ അന്ന് കുത്തേറ്റു മരിച്ചു. ഭക്ഷണം, പന്തല്‍, ലൈറ്റ് അറേന്‍ജ്മെന്‍റ് തുടങ്ങിയവക്കായിത്തന്നെ ഒരു കോടിയിലധികം ചെലവഴിച്ചെന്നാണ് സംസാരം.
രണ്ടാഴ്ച മുമ്പ് കായംകുളത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ ഒരു മോതിരമിടല്‍ മാമാങ്കം നടന്നു. വേദിയിലേക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞ പെണ്‍കുട്ടിയെ പല്ലക്കില്‍ ചുമന്നുകൊണ്ടുവന്നപ്പോള്‍ അതിഥികള്‍ അദ്ഭുതപ്പെട്ടു. പുഷ്പാലംകൃതമായി കൊട്ടാരസദൃശമായ മണ്ഡപത്തിലേക്ക് പല്ലക്കിലേറ്റിയ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ചുമന്ന് കൊണ്ടുവരുമ്പോള്‍ രാജകുമാരിക്ക് തോഴികളെന്നപോലെ നൃത്തമാടി സുന്ദരികളായ യുവതികളും അകമ്പടിയായുണ്ടായിരുന്നു. രംഗം കൊഴുപ്പിക്കാന്‍ കരിമരുന്ന് പ്രയോഗവും വര്‍ണവിസ്മയം തീര്‍ത്ത് ലേസര്‍ രശ്മികളുടെ ചലനവും. ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ വ്യക്തിയുടെ മകളുടെ വിവാഹത്തിനുമുമ്പ് നടത്തിയ മോതിരമിടല്‍ ചടങ്ങിനാണ് ഇങ്ങനെ ലക്ഷങ്ങള്‍ പൊടിച്ചത്. ചടങ്ങ് നടത്തിയത് സംസ്ഥാനത്തെ പ്രശസ്തമായ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പാണ്. ഒരുകോടി രൂപയോടടുത്ത് പ്രതിഫലം വാങ്ങുന്ന ഇവര്‍ പ്രശസ്തരായ പല ചലച്ചിത്രതാരങ്ങളുടെയും വിവാഹങ്ങള്‍ ആഡംബരപൂര്‍ണമാക്കിയതില്‍ വൈദഗ്ധ്യം തെളിയിച്ചവരാണ്. ബാക്കിയായ ലക്ഷക്കണക്കിന് രൂപയുടെ സദ്യവട്ടങ്ങള്‍ കുഴിച്ചുമൂടുന്ന ജോലിയും ഇവന്‍റ്മാനേജ്മെന്‍റ് ഗ്രൂപ് തന്നെയാണ് ഒടുവില്‍ ഏറ്റെടുത്തത്.
No comments:
Post a Comment