Saturday 23 August 2014

[www.keralites.net] ആറുപടൈ വീടുകള്‍

 

തിരുപ്രംകുണ്ഡ്രത്തില്‍ ഭജിച്ചാല്‍ സമ്പത്ത്.  തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം.  പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും.  സ്വാമിമലയില്‍ ജ്ഞാനം. തിരുത്തണിയില്‍ ശാന്തിയും  ഐശ്വര്യവും. പഴമുതിര്‍ച്ചോലയില്‍ വിവേകം.

ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ ആറു കോവിലുകളിലൂടെ, ആറു പടൈവീടുകളിലൂടെ
ഒരു തീര്‍ഥാടനം

ഉന്നൈ കാണാന്‍ ആയിരംകണ്‍ വേണ്ടും...


 

കലിയുഗവരദനാണ് സുബ്രഹ്മണ്യന്‍. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ആറായുത്ഭവിച്ച് ശക്തിയുടെ പരിരംഭണത്താല്‍ ഒന്നായി തീര്‍ന്ന ശിവബാലന്‍. ദേവകളില്‍ ഏറ്റവും സുന്ദരന്‍. യുവത്വത്തിന്റെയും വീര്യത്തിന്റെയും നിദര്‍ശനമായ സ്‌കന്ദന്‍. ശൂരസംഹാരം നടത്തിയ ദേവസേനാപതി. അറിവിന്റെയും വിജ്ഞാനത്തിന്റെയും കുമരന്‍. പിതാവിന് പ്രണവാര്‍ഥം പകര്‍ന്ന ഗുരുഗുഹന്‍. ജ്ഞാനപ്പഴം. ബ്രഹ്മചാരിയായ ആണ്ടിവടിവേലന്‍. ഭസ്മലേപനന്‍. വല്ലീദേവയാനീ സമേതനായ കടമ്പന്‍. അഭിഷേകപ്രിയന്‍. വൈരാഗ്യത്തിന്റെ അലൗകികതയും ഗാര്‍ഹസ്ഥ്യത്തിന്റെ ലൗകികതയും സാധ്യമാക്കുന്ന കാര്‍ത്തികേയന്‍. ഷഡ്ദര്‍ശനങ്ങളുടെ കുലപതിയായ ഷണ്‍മുഖന്‍. ശരവണഭവനായ മയില്‍വാഹനന്‍. ക്ഷിപ്രപ്രസാദിയായ വേലായുധന്‍.

മുരുകഭക്തിയുടെ ഹൃദയഭൂമിയാണ് തമിഴകം. രാജ്യത്തകത്തും പുറത്തുമുള്ള അസംഖ്യം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയവയാണ് തമിഴകത്തെ ആറുപടൈവീടുകള്‍. സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുകതൃപ്പടി എന്ന തന്റെ കൃതിയില്‍ ആറുപടൈവീടുകളെപ്പറ്റി പരാമര്‍ശിച്ചത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില്‍ ബാലസുബ്രഹ്ഹ്മണ്യന്‍ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. ആണ്ടവന്റെ ആറുപടൈവീടുകളില്‍ ദര്‍ശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. തമിഴ്‌നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്ര തമിഴ്‌നാടിന്റെ ഗഹനമായ സംസ്‌കാരത്തിലൂടെയും ഭൂപ്രകൃതിയിലൂടെയുമുള്ള യാത്ര കൂടിയാണ്. തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് വിഖ്യാതമായ ആറുപടൈവീടുകള്‍.


 
Fun & Info @ Keralites.net
തിരുപ്രംകുണ്ഡ്രം ഗുഹാക്ഷേത്രം


തിരുപ്രംകുണ്ഡ്രം

വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം
മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്.
ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം

ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.
Fun & Info @ Keralites.net
മിക്ക മുരുക കോവിലുകളിലുമെന്ന പോലെ തൂണുകളും ശില്‍പ്പങ്ങളും നിറഞ്ഞ മൂന്നു വിതാനങ്ങളുള്ള മൂന്നു മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്ര സഞ്ചയം. ക്ഷേത്ര ഗോപുരം ഉള്‍ക്കൊളളുന്ന, 48 തൂണുകളുളള ആസ്ഥാന മണ്ഡപത്തില്‍ നിന്നാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്. മണികള്‍ പതിച്ച വലിയ വാതില്‍ കടന്നാല്‍ വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കി നില്‍ക്കുന്ന നന്ദിയും മയിലും മൂഷികനും. പ്രാകാരത്തിനു ചുറ്റും മഹാവിഷ്ണു അടക്കമുള്ള ദേവതകള്‍. പടികള്‍ കയറിയാല്‍ പാറയില്‍ കൊത്തിയെടുത്ത ഗര്‍ഭഗൃഹമായി. മഹാമണ്ഡപം. അവിടെ വേലണിഞ്ഞ് താമരയില്‍ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുര്‍ബാഹുവായ മുരുകന്‍. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെളളികൊണ്ടു തീര്‍ത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്. മഹാദേവന്‍, വിനായകന്‍, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ ആരൂഢങ്ങളും ഗര്‍ഭഗൃത്തിലുണ്ട്. ഗുഹാക്ഷേത്രത്തിലെ വിവിധ അറകളിലായി അന്നപൂര്‍ണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവന്‍മാര്‍ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.

മഹാലക്ഷമീ തീര്‍ഥവും വസന്തമണ്ഡപവും തിരുവാച്ചി മണ്ഡപവും ക്ഷേത്രത്തിനകത്തു തന്നെ. മുഖ്യ തീര്‍ഥമായ ശരവണപ്പൊയ്ക ക്ഷേത്രത്തിനു പുറത്താണ്. കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളില്‍ ഏറ്റവും പ്രശസ്തമായത് ശിവതാണ്ഡവമാണ്.
 
Fun & Info @ Keralites.net
കടലോരത്തെ പുണര്‍ന്നു കിടക്കുന്ന തിരുച്ചെന്തൂര്‍ ബാലമുരുക ക്ഷേത്രം

Fun & Info @ Keralites.net
തിരുച്ചെന്തൂര്‍

ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്,
തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള
രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.
ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ
ദേവസേനാപതിയുടെ കോവിലിലേക്ക്

മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം. സമുദ്രമധ്യത്തിലുള്ള വീരമഹേന്ദ്രപുരം എന്ന കോട്ടയില്‍ ദേവസേനയുമായി തമ്പടിച്ച് , ത്രിലോകങ്ങളെ കാല്‍ക്കീഴിലാക്കിയ ശൂരപദ്മനെയും സഹോദരങ്ങളായ സിംഹമുഖനെയും താരകനേയും വധിച്ച്, അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലം. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം. ദേവന് ശിവഭഗവാനെ ഭജിക്കാന്‍ മയന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് തിരുച്ചെന്തൂര്‍ എന്നാണു വിശ്വാസമെങ്കിലും പ്രധാന പ്രതിഷ്ഠ മുരുകന്‍ തന്നെ.
Fun & Info @ Keralites.net
ദേവസേനാപതിയായ ബാലസുബ്രഹ്ഹ്മണ്യന്‍ ഇവിടെ സെന്തിലാണ്ടവനാണ്. കിഴക്കു ദിക്കിലേക്ക് സമുദ്രത്തിന് ദര്‍ശനം നല്‍കി ഏകനായി മന്ദഹസിച്ചു നില്‍ക്കുന്ന ചതുര്‍ബാഹുവാണ് പ്രതിഷ്ഠ. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് ദര്‍ശനം തരുന്ന വള്ളീദേവയാനീസമേതനായ ഷണ്‍മുഖസ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹം പണ്ട് ഡച്ചുകാര്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതാണ്. തിരുച്ചെന്തൂര്‍ ദേവനെ പ്രകീര്‍ത്തിച്ച് ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്‍ഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദര്‍ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കണമെങ്കില്‍ മേല്‍ വസ്ത്രം മാറ്റണം.
Fun & Info @ Keralites.net
മാര്‍ത്താണ്ഡ വര്‍മ്മയാണ് ക്ഷേത്രരീതികള്‍ ക്രമപ്പെടുത്തിയെതെന്ന് കരുതുന്നു. (രാവിലെയുള്ള ഉദയമാര്‍ത്താണ്ഡ പൂജ ഉദാഹരണം). പൂജാരികള്‍ തുളു ബ്രാഹ്മണന്‍മാരാണ്. പടിഞ്ഞാറു ഭാഗത്താണ് ഒമ്പതു നിലകളുള്ള രാജഗോപുരമെങ്കിലും, നൂറ്റിഇരുപത്തിനാല് തൂണുകള്‍ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്‍മുഖവിലാസ മണ്ഡപമാണ് പ്രധാന പ്രവേശന കവാടം. തുടര്‍ന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂര്‍ത്തി, വളളി, കാശി വിശ്വനാഥന്‍, വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ എന്നീ മൂര്‍ത്തികളും 63 നായനാര്‍മാരുടെ പ്രതിമകളും ഇവിടെ കാണാം. അടുത്ത പ്രാകാരമായ ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ക്ഷേത്രത്തിനു മുമ്പിലും, ചുറ്റും നടപ്പന്തലിട്ട നീണ്ടു കിടക്കുന്ന ഗിരിപ്രാകാരം. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. നടപ്പന്തലിനു തുടക്കത്തില്‍ തുണ്ടുകൈ വിനായകന്‍. സ്‌കന്ദപുഷ്‌കരണിയെന്നു വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്കു ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും.വഴിയോരത്തുള്ള വേപ്പു മരങ്ങളില്‍ നിറയെ മയിലുകള്‍.

 
Fun & Info @ Keralites.net
പഴനി: ഒരു രാത്രി ദൃശ്യം

Fun & Info @ Keralites.net
പഴനി

കടല്‍ പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്,
ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന്‍ പഴനിയിലേക്ക്.
മൂന്നാം പടൈവീട്ടിലേക്ക്.

പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്
Fun & Info @ Keralites.net
കാവടിയേന്തിയും, മുണ്ഡനം ചെയ്ത് മുടി മുരുകന് സമര്‍പ്പിച്ചും ഹരോ ഹര വിളിച്ചും ആയിരങ്ങള്‍ ദിനവും 693 പടികള്‍ കയറി ക്ഷേത്രസന്നിധിയില്‍ എത്തുന്നു. പടിഞ്ഞാറോട്ടു ദര്‍ശനം നല്‍കുന്ന ദേവന്‍ കേരളക്കരക്ക് അനുഗ്രഹം ചൊരിയുന്നുവെന്ന് ഒട്ടു പരിഭവത്തൊടെ തമിഴ്ഭക്തര്‍ പറയും. ശരവണപ്പൊയ്കയില്‍ കുളിച്ച്, അടിവാരത്തുള്ള രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സുബ്രഹ്മണ്യക്ഷേത്രമായ തിരുവാവിന്‍കുടി ക്ഷേത്രത്തില്‍, മയില്‍ വാഹനനായ ബാലവേലായുധനെ തൊഴുത്, ആദ്യ പ്രാകാരമായി കണക്കാക്കുന്ന പഴനിമല പ്രദക്ഷിണം (ഗിരിവലം) ചെയ്താണ് (2.4 കി മി) മല കയറേണ്ടത്. മല കയറാന്‍ വിഷമം അനുഭവപ്പെടുന്നവര്‍ക്ക് റോപ്പ് കാറും, വിന്ചുമുണ്ട്. മലയുടെ മുകളിലെ പ്രദക്ഷിണ വഴി (രണ്ടാം പ്രാകാരം) ദീര്‍ഘചതുരാകൃതിയില്‍, വിശാലമാണ്. വശങ്ങളില്‍ നടപ്പന്തലുകള്‍. തെക്കുപടിഞ്ഞാറുള്ള കവാടത്തിനരികെയാണ് ഭോഗരുടെ ക്ഷേത്രം.

ഗര്‍ഭഗൃഹത്തിലേക്കുള്ള രാജഗോപുരത്തിനിരുവശവും 172 തൂണുകളുള്ള നായ്ക്കര്‍ മണ്ഡപം. അകത്തുള്ള പ്രാകാരത്തില്‍ ശോഭന മണ്ഡപവും കാര്‍ത്തിക മണ്ഡപവും. ഇതോടു ചേര്‍ന്നുള്ള വസന്തമണ്ഡപത്തില്‍ കന്യാകുമാരി, തിരുനല്‍വേലിയിലെ ഗാന്ധിമതി, രാമേശ്വരത്തെ പര്‍വത വര്‍ദ്ധിനി, മീനാക്ഷി, കാമാക്ഷി, തിരുവാനൈക്കയിലെ അഖിലാണ്ഡേശ്വരി, തിരുക്കടയൂരിലെ അഭിരാമി, മൈലാപ്പൂരിലെ കനകാംമ്പാള്‍, കാശിയിലെ വിശാലാക്ഷി എന്നീ നവ ദുര്‍ഗ്ഗമാര്‍. ഗര്‍ഭഗൃഹത്തിനു മകുടമായി സ്വര്‍ണ്ണവിമാനം. ശ്രീകോവിലില്‍ ശുഭ്രവസ്ത്രധാരിയായും, സന്യാസിയായും, വേട്ടക്കാരനായും, ബാലകനായും, അര്‍ച്ചകനായും രാജാവായും അലങ്കരിക്കപ്പെടുന്ന പഴനിമുരുകന്‍.
  Fun & Info @ Keralites.net
സ്വാമിമലൈ

പഴനിമുരുകനെ തൊഴുത്
കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്.
സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍.
അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട്

കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.

അറുപത് തമിഴ് മാസങ്ങളെ പ്രതിനിധീകരിക്കുന്ന അറുപതു പടികള്‍ കയറി വേണം ശ്രീകോവില്‍ എത്താന്‍. താഴെ കീഴ് സന്നിധി എന്ന അര്‍ദ്ധമണ്ഡപത്തില്‍ മീനാക്ഷിയും സുന്ദരേശ്വരനും മകനെ ആശീര്‍വദിച്ചിരിക്കുന്നു. കിഴക്കു ഭാഗത്താണ് പ്രധാന പ്രവേശന കവാടം, അവിടെ വല്ലഭഗണപതിയുടെ കൂറ്റന്‍ വിഗ്രഹം.
 
Fun & Info @ Keralites.net
കൂംഭകോണത്തിനടുത്തുള്ള സ്വാമിമലൈ ക്ഷേത്രം കാവേരിയുടെ തീരത്താണ്‌

കവാടത്തിന്റെ ഭാഗമായ രാജഗോപുരത്തില്‍ മേലെ ക്ഷേത്രത്തിന്റെ ഉള്ളില്‍, രണ്ടാം പ്രാകാരത്തില്‍ നിന്നും നോക്കിയാല്‍ കാണുന്നിടത്ത് ബാലസുബ്രഹ്മണ്യന്‍ പിതാവിന്റെ കൈകളില്‍ ഒതുങ്ങി കാതില്‍ ഓംശരവണഭവഗുഹ എന്നു പ്രണവാര്‍ഥം ഒാതുന്ന ശില്‍പ്പം. ഉപദേശഘട്ടം എന്നാണീ സ്ഥലം അറിയപ്പെടുപന്നത്. മൂലസ്ഥാനത്ത് ദണ്ഡായുധം ധരിച്ച് ഇടതു കൈ കാലില്‍ ഊന്നി നില്‍ക്കുന്ന സ്വാമിനാഥന്റെ ആറടിപൊക്കമുള്ള വിഗ്രഹം. സമീപത്ത് പ്രസിദ്ധമായ വൈരവേല്‍. എല്ലാ ബുധനാഴ്ച്ചകളിലും സ്വാമിയെ രാജാവിനെപ്പോലെ അലങ്കരിക്കും. അടുത്തുള്ള അലങ്കാരമണ്ഡപത്തില്‍ ഉത്സവമൂര്‍ത്തി. പുറത്ത് ലക്ഷ്മിയും വിദ്യാസരസ്വതിയും ഷണ്‍മുഖനും. ക്ഷേത്രക്കിണറായ വജ്രതീര്‍ഥത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണു വിശ്വാസം.

 
Fun & Info @ Keralites.net
ചെന്നൈ ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി മുരുകന്‍

Fun & Info @ Keralites.net
തിരുത്തണി

സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട്ടിലേക്ക്

തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
Fun & Info @ Keralites.net മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍.
 
Fun & Info @ Keralites.net
മധുരൈ നഗരത്തിനടുത്താണ്
ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ
 

Fun & Info @ Keralites.net
പഴമുതിര്‍ച്ചോലൈ

മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രത്തിലേക്ക്

പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി.

അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം.


 
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment