ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് പ്രേമികളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രവിശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി ബി സി സി ഐ നിയമിച്ചത് പ്രാധാന്യത്തോടെ തന്നെ ശ്രദ്ധിച്ചു. എന്നാല്‍, ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേടിയ ഉജ്ജ്വലവിജയം പലര്‍ക്കും വലിയ വാര്‍ത്തയായില്ല. ഇന്ത്യന്‍ നായകന്‍ ധോനിയും ടീമും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ച മണ്ണില്‍ ആതിഥേയരെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിച്ചത്.
ഇന്ത്യ പിടിച്ചടക്കാന്‍ എത്തിയ ബ്രിട്ടീഷുകാരുടെ കൂടെ നാടുകാണാന്‍ വന്ന അതിഥിയായിരുന്നു ക്രിക്കറ്റ്. കുട്ടിയും കോലും കളിച്ചു വളര്‍ന്ന ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടും ഒരടുപ്പം തോന്നുന്നത് സ്വാഭാവികമാണല്ലോ. തുടക്കത്തില്‍ കാലിടറിയെങ്കിലും കാലം ചെല്ലുന്തോറും ക്രിക്കറ്റ് ഇന്ത്യയുടെ ദേശീയ വികാരമായി മാറിത്തുടങ്ങി. പതിയെ ക്രിക്കറ്റ് താരങ്ങള്‍ നമുക്ക് ആള്‍ദൈവങ്ങളായി. പുരുഷാധിപത്യം നിറഞ്ഞു നിന്ന ക്രിക്കറ്റിലേക്ക് വനിതകള്‍ കടന്നു വരുന്നത് വളരെക്കാലത്തിന് ശേഷമാണ്. ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരം അരങ്ങേറിയത് 1934 ല്‍ ആയിരുന്നു. ഇംഗ്ലണ്ടും ആസ്‌ട്രേലിയയും തമ്മിലായിരുന്ന മത്സരം.
ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റിലെത്താന്‍ പക്ഷേ പിന്നേയും സമയമെടുത്തു. 1973 ലാണ് ഇന്ത്യയില്‍ ആദ്യമായി വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ രൂപം കൊളളുന്നത്. മഹേന്ദ്രകുമാര്‍ ശര്‍മ്മയായിരുന്നു അസോസിയേഷന്റെ സെക്രട്ടറി. ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പ്രധാനസംഭാവനകള്‍ നല്‍കിയത് ശര്‍മ്മയായിരുന്നു.
ആഭ്യന്തരമത്സരങ്ങളില്‍ ബാറ്റുതട്ടി തുടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വളരെ പെട്ടന്നു തന്നെ ടെസ്റ്റുകളില്‍ കളിച്ചു തുടങ്ങി.1975 ല്‍ ഇന്ത്യയില്‍വച്ചു നടന്ന ഇന്റര്‍നാഷണല്‍ വിമന്‍ ക്രിക്കറ്റില്‍ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യ കളിച്ചു. മൂന്ന് ടെസ്റ്റുകളിലായി മൂന്ന് ക്യാപ്റ്റന്മാരാണ് ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ചത്. ഉജ്ജ്വല നിഖം, സുധ ഷാ, ശ്രീരൂപ ബോസ് എന്നിവര്‍. പക്ഷേ പുരുഷ ക്രിക്കറ്റ് നേടിയ ജനപ്രീതി വനിത ടീമിന് ലഭിച്ചില്ല. അതുകൊണ്ടു തന്നെ അവരുടെ മത്സരങ്ങള്‍ പലപ്പോഴും ക്ലബ് ഗ്രൗണ്ടുകളിലേക്ക് ഒതുങ്ങി.
ശാന്ത രംഗസ്വാമി, ഡയാന ഈദുല്‍ജി, സുധ ഷാ, സന്ധ്യാ അഗര്‍വാള്‍ തുടങ്ങിയ വനിത കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുതല്‍ക്കൂട്ടുകളായിരുന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് മിതാലിയും കൂട്ടരും.വോംസ്ലയിലെ പിച്ചില്‍, ശിഖാ പാണ്ഡെയുടെ ബാറ്റില്‍ നിന്നും പിറന്ന വിജയ റണ്‍ ഫീല്‍ഡറുടെ കൈകളില്‍ ഒതുങ്ങും മുമ്പു തന്നെ ഇന്ത്യന്‍ ടീമംഗങ്ങളില്‍ നിന്നും ആരവം ഉയര്‍ന്നിരുന്നു. പിച്ചിലേക്ക് ഓടിക്കയറിയ അവര്‍ പിച്ചിനെ ചുംബിച്ച് വിക്കറ്റുകള്‍ പറിച്ചെടുത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിന് ഒരുപാട് അര്‍ത്ഥവ്യാപ്തിയുണ്ട്, ആ വിജയത്തിന് തിളക്കം അല്‍പം കൂടുതലുണ്ട്.