മരണാനന്തരം
Posted on: 22 Jun 2014
സോക്രട്ടീസ് കെ. വാലത്ത്
യുദ്ധവൈമാനികനായിരുന്ന എം.പി. അനില്‍കുമാര്‍ കാല്‍നൂറ്റാണ്ടുകാലം
വീല്‍ ചെയറിലായിരുന്നു. ഇക്കാലത്ത് പേന കടിച്ചുപിടിച്ച് എഴുതി
ഇംഗ്‌ളീഷ് കോളമിസ്റ്റായി മാറിയ അദ്ദേഹം മരണാനന്തരവും
തുടരുന്ന അപൂര്‍വമായ ഒരു പ്രചോദനവെളിച്ചമാകുന്നു
ആദ്യമൊക്കെ പേന കടിച്ചുപിടിക്കുമ്പോള്‍ വായില്‍നിന്ന് ഉമിനീര്‍ ഒഴുകും. കണ്‍ട്രോള്‍ ചെയ്യാനൊക്കത്തില്ല!
അദ്ദേഹത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍
എം.പി. അനില്‍ കുമാര്‍ എന്ന ആ മുന്‍ യുദ്ധവൈമാനികന്‍ പറഞ്ഞു:
''തലച്ചോറ് ചിന്തിക്കുന്നതാവും, ഇവനെന്തോ തിന്നാന്‍ പോവുകയാണെന്ന്. പിന്നെപ്പിന്നെ അതിന് മനസ്സിലായി, പേന തിന്നാനല്ല എഴുതാനുള്ളതാണെന്ന്.''
എത്ര ലാഘവത്വത്തോടെയാണ് അനില്‍കുമാര്‍ അങ്ങനെ പറഞ്ഞത്! പൂനെയിലെ പാരാപ്‌ളജിക് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ നീളന്‍ വരാന്തയില്‍ വീല്‍ ചെയറിലിരുന്ന് അദ്ദേഹം ഞങ്ങളുടെ ക്യാമറയെ
നേരിട്ടു. ശാന്തമായി. സുതാര്യമായ മനസ്സോടെ.
24ാമത്തെ വയസ്സിലുണ്ടായ ദുരന്തത്തെ അതിജീവിച്ച ആ വീരത്വം രേഖപ്പെടുത്താന്‍ കഴക്കൂട്ടം സൈനിക് സ്‌കൂളിലെ സഹപാഠികള്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ക്യാമറാമാന്‍ ഷാജി ജി. കുമാറും എം.പി.യുടെ അടുത്ത സുഹൃത്തായ കെ.എസ്. ഹരിദാസുമായി ഞാന്‍ അവിടെ ചെല്ലുന്നത്. വഴിമധ്യേ ബങ്കളൂരു എയര്‍പോര്‍ട്ടില്‍െവച്ച് ഹരിദാസ്
ശങ്കയോടെ പറഞ്ഞു: ''സമ്മതിച്ചാല്‍ ഭാഗ്യം. അവന്റെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതും ഫോട്ടോ എടുക്കുന്നതും ഒന്നും അവനിഷ്ടമല്ല. ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും ഇന്നുവരെ കൊടുത്തിട്ടില്ല.
നിങ്ങളെ ഗെറ്റൗട്ട് അടിക്കുമോ
എന്തോ!'
അദ്ദേഹം പക്ഷേ, ശാന്തസിംഹത്തെപ്പോലെ ക്യാമറയ്ക്ക് മുന്നിലിരുന്നു. വയറിന് അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെ നീണ്ടവിശ്രമത്തില്‍നിന്ന് തലേദിവസം എഴുന്നേറ്റതേ ഉള്ളൂ. എന്നിട്ടും
അനക്കാവുന്ന ഏക അവയവമായ ശിരസ്സുമായി വീല്‍ ചെയറില്‍
അന്തസ്സുറ്റ മന്ദസ്മിതത്തോടെ ഇരുന്ന അനില്‍കുമാറിനോട് ഒന്നേ
പറഞ്ഞുള്ളു: ''ഈ മുഖത്ത് നോക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന ഒരു ഊര്‍ജമുണ്ട്.
അത് കടന്നുവരുന്ന ഓരോ തലമുറയിലേക്കും പകര്‍ന്ന് നല്‍കാനാവുന്ന വിധത്തില്‍ ഒരു അരമണിക്കൂര്‍ ഫിലിം.''
അതുമാത്രമാണ് ഉദ്ദേശ്യം എന്ന് എം.പി.ക്കും മനസ്സിലായി. തുടര്‍ന്നാണ് ആ കഥ പറഞ്ഞത്.
വ്യോമസേനയില്‍ ഫ്‌ലൈറ്റ് ലഫ്റ്റ്‌നന്റായിരുന്നു. നാലോ അഞ്ചോ വര്‍ഷത്തെ സര്‍വീസിനിടയില്‍ പോര്‍ വിമാനമായ മിഗ് 21 എഴുന്നൂറോളം മണിക്കൂര്‍ പറത്തി. അത് റെക്കോഡാണ്. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 7481 ബാച്ചിലെ മിടുമിടുക്കന്‍ വിദ്യാര്‍ഥി. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് മികച്ച എയര്‍ ഫോഴ്‌സ് കേഡറ്റിനുള്ള സ്വര്‍ണമെഡല്‍. എയര്‍ ഫോഴ്‌സ് അക്കാദമിയിലും മികച്ച വിദ്യാര്‍ഥിയായി പുരസ്‌കാരം നേടി. ചിറയിന്‍കീഴിലെ കൊച്ചുവീട്ടില്‍ അച്ഛന്റേയും അമ്മയുടേയും രണ്ട് അനിയത്തിമാരുടേയും ഏക സഹോദരന്റേയും ആനന്ദവും അഭിമാനവും. ഇരുപത്തിനാല് വയസ്സുവരെ ഇങ്ങനെയൊക്കെയായിരുന്നു കാര്യ
ങ്ങള്‍ .
പിന്നീടുള്ള 26 വര്‍ഷങ്ങള്‍ എം.പി. അനില്‍കുമാറിന്റെ മറ്റൊരുചിത്രമാണ് തരുന്നത്. മേഘവ്യൂഹങ്ങളെ
തുളച്ച് കയറി ചീറിപ്പാഞ്ഞ ഈ ഫൈറ്റര്‍ പൈലറ്റ് പിന്നെ വീല്‍ചെയറില്‍ ഇരുന്ന് ജീവിച്ചുതീര്‍ത്തത് ആയുസ്സിന്റെ പകുതിയോളം വര്‍ഷങ്ങള്‍...
രണ്ട് ജീവിതാവസ്ഥകള്‍ക്കുമിടയില്‍ ഒരു രാത്രിയുണ്ട്. അപകടം
കാത്തിരുന്ന ഒരു രാത്രി. 1988, ജൂണ്‍ 28 പത്താന്‍കോട്ടില്‍െവച്ച് ബൈക്കില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങിയ അനില്‍കുമാര്‍ പെട്ടെന്നാണ്
മുന്നില്‍ ഒരു സെക്യൂരിറ്റി ക്രോസ് ബാര്‍ കണ്ടത്. അത് പ്രതീക്ഷിച്ചതല്ല. തൊട്ടുമുമ്പുള്ള 28 ദിവസത്തോളം അനില്‍ സ്ഥലത്തുണ്ടായിരുന്നില്ല. വ്യോമസേനയിലേക്ക് പുതിയ എയര്‍ ക്രാഫ്റ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു. ആ ദിവസങ്ങളിലാണ് ക്വാര്‍ട്ടേഴ്‌സിലേക്കുള്ളവഴിയില്‍ പുതിയൊരു സെക്യൂരിറ്റി ക്രോസ് ബാര്‍ സ്ഥാപിക്കപ്പെട്ടത്.
അതില്‍ ആ ജീവിതം ഉടക്കി.
അപകടത്തെത്തുടര്‍ന്ന് കഴുത്തിന് താഴോട്ട് സര്‍വാംഗം നിശ്ചലമായി. ശിരസ്സും കണ്ണും കാതും സംസാരശേഷിയും മാത്രം വിധി വിട്ടുകൊടുത്തു. പക്ഷേ, അനില്‍ കുമാറിന് അത്
ധാരാളമായിരുന്നു. വീട്ടിലേക്ക് പോകേണ്ടെന്നുെവച്ചു. വീല്‍ചെയറില്‍ കഴിയേണ്ടിവരുന്നത് കാണുമ്പോള്‍ കുടുംബത്തിന്റെ നെഞ്ചുപൊടിയും. ആ കണ്ണീരുകണ്ടാല്‍ അധീരനായിപ്പോകും. സഹതാപക്കണ്ണുകളുമായി വരുന്ന ചാര്‍ച്ചക്കാരും ചേര്‍ച്ചക്കാരും
കൂടിയാവുമ്പോള്‍ എല്ലാമായി. തുരുമ്പിച്ച് പോകാനുള്ളതല്ല ഇനിയുള്ളജീവിതം.
പുണെയിലെ സൈനികേകന്ദ്രം വക പാരാ പ്‌ളജിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ താമസമുറപ്പിച്ച അദ്ദേഹം രണ്ടുവര്‍ഷത്തെ കഠിന
പരിശ്രമത്തിലൂടെ ശിരസ്സുകൊണ്ട് എഴുതാന്‍ പഠിച്ചു. പേന കടിച്ചുപിടിച്ച് കടലാസ് കണ്‍മുന്നില്‍ നേരേനിര്‍ത്തി ആദ്യാക്ഷരങ്ങള്‍ എഴുതി.
അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഇന്തയിലും പുറത്തും അറിയപ്പെടുന്ന ഇംഗ്‌ളീഷ് കോളമിസ്റ്റായി മാറി.
അത് എത്ര ശ്രമകരമായിരുന്നു എന്നത് നേരിട്ട് ബോധ്യപ്പെട്ടു.
മുന്നില്‍ പ്രത്യേകമായി സെറ്റുചെയ്ത കീബോര്‍ഡില്‍ നീണ്ടൊരു സ്റ്റിക്ക്
കടിച്ചുപിടിച്ച് അക്ഷരങ്ങളെ വരുതിയിലാക്കാന്‍ കഴുത്തുകൊണ്ട് പെടുന്ന പാട് കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഉള്ളിലെ വിഷമം മുഖത്ത് കാണിക്കാതിരിക്കാനായിരുന്നു
പ്രയാസം. സഹതാപം എം.പി. ഒരിക്കലും സഹിക്കില്ല.
''സഹതാപത്തിന്റെ ഒരാവശ്യവുമില്ല'', ക്യാമറക്കണ്ണിലേക്ക് ധീരമായി നോക്കി എം.പി. അന്ന് പറഞ്ഞു:
''എന്റെ ഫ്രണ്ട്‌സെല്ലാം എന്നെ ഈക്ക്വലായാണ് കണ്‍സിഡര്‍ ചെയ്യുന്നത്. അതാണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ സ്‌ട്രോങ് പോയ്ന്റ്.''
ഈ ആത്മവിശ്വാസം ജീവിതത്തെ അതിന്റെ വാസ്തവികതയില്‍ തന്നെ കാണാനും നേരിടാനുമുള്ള മനസ്സ് അത് തൊട്ടറിയാന്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ എവിടെ നിന്നൊക്കെയാണ് ആളുകള്‍ പുണെയിലെ ഈ മുറിയില്‍ എത്തിയത്! കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍... അവയവങ്ങളെല്ലാം തികച്ചുണ്ടായിട്ടും അലക്ഷ്യമായിജീവിച്ച് എങ്ങുമെത്താതെ പോകുന്നവരാണല്ലോ തങ്ങള്‍
എന്ന തിരിച്ചറിവ് നേടാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും ആ കൂടിക്കാഴ്ചകള്‍ പലര്‍ക്കും ഉപകരിച്ചിരി
ക്കണം.
പേന കടിച്ചുപിടിച്ച് എഴുതിയ ആദ്യ ലേഖനമായ 'എയര്‍ബോണ്‍ ടു ചെയര്‍ബോണ്‍' ഇന്ത്യന്‍ എക്സ്പ്രസ് അതേ ചുണ്ടക്ഷരരൂപത്തില്‍ത്തന്നെ അച്ചടിച്ചു. അതിന് പിന്നാലെ അത് മഹാരാഷ്ടയിലും കേരളത്തിലും ഹൈസ്‌കൂള്‍ സിലബസില്‍ പാഠ്യവിഷയവുമായി. അതോടെയാണ് എം.പി. അനില്‍കുമാര്‍ ഒരു ഹീറോ ആകുന്നത്. അവനവന്‍
എന്ത് ചിന്തിക്കണം, എന്ത് പ്രവര്‍ത്തിക്കണം എന്നുതീരുമാനിച്ച് അതിന്റെവഴിയേ നീങ്ങിയാല്‍
തലച്ചോറുമാത്രമല്ല, തലയിലെഴുത്തും കൂടെ പോരും
എന്ന് അനില്‍ കുമാര്‍ സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്നു.
ലക്ഷ്യം ഉറപ്പിച്ചുള്ള കൃത്യമായപ്രവര്‍ത്തനം, ക്ഷമ, സഹനം, സര്‍വോപരി ആകാശത്ത് പാറിപ്പറന്ന് നടന്നിരുന്ന തനിക്ക് ഈ ഗതി വന്നല്ലോ എന്ന പിന്തിരിപ്പന്‍ ചിന്തയെ തുരത്തിയോടിക്കാനുള്ള മനസ്സ് അതാകുന്നു എം.പി. അനില്‍ കുമാറിലെ ആ
ഹീറോയിസം. കഴക്കൂട്ടത്തും എന്‍.ഡി.എ.യിലും എയര്‍ഫോഴ്‌സ് അക്കാദമിയിലുമൊക്കെ കൂടെ പഠിച്ച സുഹൃത്തുക്കള്‍, അവരൊക്കെ ഒരോരോ നിലകളിലെത്തി. എങ്കിലും ഒഴിവുകിട്ടിയും ഒഴിവുണ്ടാക്കിയുമൊക്കെ അവര്‍ എം.പി.യുടെ അടുക്കല്‍ ഓടിയെത്തി. എംപി. അവര്‍ക്ക് അപാരമായ ഊര്‍ജത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. എം.പി.യെ കണ്ട് മടങ്ങുമ്പോള്‍ വീണ്ടും ജീവിതത്തെ നേരിടാനുള്ള കരുത്ത് കൈവരുമെന്ന് പറഞ്ഞു കമ്മഡോര്‍ പ്രകാശും ബ്രിഗേഡിയര്‍ പ്രദീപും സുപ്രീം കോടതിയിലെ അഭിഭാഷകന്‍ തോമസുകുട്ടിയുമൊക്കെ: ''അത് ഒരു എം.പി.
ഇഫക്ടാണ്.'
51ാം വയസ്സില്‍ മരണം കാന്‍സറില്‍ ഏറ്റവും മാരകമായ ഇനത്തിന്റെ രൂപത്തില്‍വന്ന് ആക്രമിച്ച് ദിവസങ്ങളോളം കഷ്ടപ്പെട്ട് തോല്‍പ്പിച്ച് അങ്ങേ ലോകത്തേക്ക് കൊണ്ടുപോകുംവരെയുള്ള കാല്‍ നൂറ്റാണ്ടോളം കാലത്ത് എം.പി. തോറ്റുകൊടുത്തത് ഒന്നേ ഒന്നിനോടുമാത്രം മുഖത്തു വന്നിരിക്കുന്ന കുരുട്ടീച്ചയുടെ മുന്നില്‍.
അജയ്യമായ ആ മനക്കരുത്ത് ചിരസ്ഥായിയായ ഓര്‍മയായിരിക്കണം എന്ന ആത്മസുഹൃത്തുക്കളുടെ
ആഗ്രഹത്തില്‍നിന്നുമാണ് 'ആന്‍ഡ് ദ ഫൈറ്റ് ഗോസ് ഓണ്‍' എന്ന
എന്റെ ഡോക്യുമെന്ററി ഉണ്ടാവുന്നത്. ആ ചിത്രവും 26 വര്‍ഷത്തോളമായി പുണെയിലെ മുറിയില്‍ എം.പി.യോടൊപ്പമുണ്ടായിരുന്ന എഴുത്തുപകരണങ്ങളും എഴുതിക്കൂട്ടിയ അച്ചടിച്ചതും
അല്ലാത്തതുമായ
ലേഖനങ്ങളും എഴുത്തിനാവശ്യമായ റഫറന്‍സിനും മറ്റുമായി കഷ്ടപ്പെട്ട് വായിച്ചുകൂട്ടിയ
ഗ്രന്ഥങ്ങളും ഒക്കെയാണ് ഇനി ബാക്കി. അവയൊക്കെ കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ ഒരുമുറിയില്‍
റീ സെറ്റു ചെയ്ത് കടന്നുവരുന്ന തലമുറകള്‍ക്കിടയില്‍ എം.പി. അനില്‍കുമാറിന് ചിരപ്രതിഷ്ഠ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി എം.പി.യുടെ അടുത്ത സുഹൃത്തായ കെ.എസ്.ഹരിദാസ് പറയുന്നു.
അപ്പോള്‍ ഇനിമുതല്‍ കഴക്കൂട്ടത്ത് എം.പി. ഉണ്ടാകും. മുഖത്തിനുനേരേ ചരിച്ചുെവച്ച കംപ്യൂട്ടര്‍ കീ ബോര്‍ഡും നിര്‍ജീവമായ അക്ഷരങ്ങളെ കുത്തി ഉണര്‍ത്തിയ നീണ്ടു നേര്‍ത്ത സ്റ്റിക്കും. പിന്നെ തലയല്‍പ്പം ഉയര്‍ത്തിയുള്ള ആ ധീര മന്ദസ്മിതവും.
അതെ എം.പി. അര്‍ഹിക്കുന്ന
വീരോചിതമായ സ്മാരകം
No comments:
Post a Comment