Thursday, 8 May 2014

[www.keralites.net] അര്‍ച്ചനാ കവിയുടെ വിവാഹചിന്തകള്‍

 

അര്‍ച്ചനാ കവിയുടെ വിവാഹചിന്തകള്‍

Archana Kavi

അവസരങ്ങള്‍ പരമാവധി സ്വന്തമാക്കാനോ അത്‌ പ്രയോജനപ്പെടുത്തി ആരെയെങ്കിലുമൊക്കെ പിന്നിലാക്കാനോ അര്‍ച്ചനാ കവിക്ക്‌ താല്‌പര്യമില്ല. പുതിയവരുടെ നിറസാന്നിധ്യം മൂലം താന്‍ പുറത്താക്കപ്പെടുമോ എന്ന ആശങ്കയുമില്ല. സിനിമ മാത്രമല്ല ഈ 'നീലത്താമര'യുടെ ലോകം. അവിടെ മാതാപിതാക്കളുണ്ട്‌, ബന്ധുക്കളുണ്ട്‌, കൂട്ടുകാരുണ്ട്‌, സ്വന്തം വ്യക്‌തിത്വമുണ്ട്‌. ഒപ്പം സിനിമയും ഇതിനൊക്കെയായി അര്‍ച്ചന സ്വജീവിതത്തെ വീതംവയ്‌ക്കുന്നു.
ബാബുനാരായണന്‍ സംവിധാനംചെയ്യുന്ന 'ടു നൂറാ വിത്ത്‌ ലൗ' എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച്‌ കണ്ടപ്പോള്‍ അര്‍ച്ചന തന്റെ കാഴ്‌ചപ്പാടുകള്‍ സിനിമാമംഗളവുമായി പങ്കിട്ടു.

? ഈ സിനിമയിലെ കഥാപാത്രത്തില്‍നിന്ന്‌ തുടങ്ങാം അല്ലേ.

ഠ ഒ.കെ. കഥാപാത്രത്തിന്റെ പേര്‌ ഡോ. ശ്രീപാര്‍വ്വതി. നായികയായ നൂര്‍ജഹാന്റെ കൂട്ടുകാരി. സഹപ്രവര്‍ത്തക. ഡോക്‌ടറാണെങ്കിലും സ്വന്തമായ അഭിപ്രായങ്ങളോ, നിലപാടുകളോ ഇല്ല. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ധൈര്യമില്ല. ഏതു കാര്യത്തിലും മാതാപിതാക്കളുടെ അല്ലെങ്കില്‍ അമ്മൂമ്മയുടെ അഭിപ്രായം തേടും.

? അര്‍ച്ചന എറണാകുളത്തൊരു തുണിക്കട തുടങ്ങിയെന്ന്‌ കേട്ടു.

ഠ ഫാഷന്‍ ഡിസൈനിംഗും തയ്യലുമൊക്കെ ചേര്‍ന്നൊരു സ്‌ഥാപനം. പേര്‌ ഛായ. പുതിയ ഫാഷനുകള്‍ സൃഷ്‌ടിക്കുകയല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും അഭിരുചിക്കും ഇണങ്ങുന്ന വിധത്തില്‍ തുന്നിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്‌.

? എന്തിനാണ്‌ ബിസിനസിലേക്ക്‌ തിരിഞ്ഞത്‌? അഭിനയം മടുത്തു തുടങ്ങിയോ.

ഠ മടുത്തിട്ടല്ല. ഞാന്‍ അഭിനയിച്ച 'ഡേ നൈറ്റ്‌ ഗെയിം' ഈയിടെ റിലീസായി. ഇനി 'ദൂരം' വരാനുണ്ട്‌. പിന്നെ എന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാം. രാപ്പകലില്ലാതെ അഭിനയിക്കുന്ന ഒരാളല്ല ഞാന്‍. വാര്‍ഷിക കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചയാള്‍ എന്ന സ്‌ഥാനമൊന്നും ഞാനാഗ്രഹിക്കുന്നില്ല. ചെറുപ്രായമാണ്‌, നേടാനുള്ളതെല്ലാം ഇപ്പോള്‍ സാധ്യമാക്കണം, പ്രായം കൂടിയാല്‍ അല്ലെങ്കില്‍ വിവാഹിതയായാല്‍ നായികാസ്‌ഥാനമൊന്നും ലഭിക്കില്ല എന്നൊക്കെ പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമുണ്ട്‌. നമ്മളെ മറന്ന്‌ നേട്ടങ്ങള്‍ക്കും പ്രശസ്‌തിക്കും പിന്നാലെ പോയിട്ടു കാര്യമല്ല. ചെയ്യുന്നതിനോട്‌ നൂറുശതമാനം ആത്മാര്‍ത്ഥത കാണിക്കുക. എന്റെ കുടുംബം, കൂട്ടുകാര്‍, ഞാനെന്ന വ്യക്‌തി ഇതിനൊക്കെയായി സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്‌. അതിന്റെ കൂടെ സിനിമയും. ഇതൊക്കെ ബാലന്‍സ്‌ ചെയ്യുന്നതുകൊണ്ടാണ്‌ അഭിനയക്കാര്യത്തില്‍ ഞാനൊരു മടിച്ചിയാണെന്നു തോന്നുന്നത്‌.

? ഒരു കല്യാണമൊക്കെ വേണ്ടേ എന്നു ചോദിച്ചാല്‍.

ഠ മിക്ക ഇന്റര്‍വ്യൂകളിലും ഈ ചോദ്യം ഞാന്‍ കേള്‍ക്കുന്നതാണ്‌. എന്റെ പ്രായത്തിലുള്ളവരെല്ലാം കുടുംബിനികളായി. അയ്യോ വൈകിപ്പോയി എനിക്കും വേണം ഒരു കല്യാണം എന്ന തോന്നലൊന്നും എനിക്കില്ല. ഈ പ്രായത്തില്‍ ഒരാള്‍ അനുഭവിക്കേണ്ട സ്വാതന്ത്ര്യം നിശ്‌ചയമായും എനിക്കും അര്‍ഹതപ്പെട്ടതാണ്‌. ഞാനെടുക്കുന്ന തീരുമാനങ്ങള്‍ മറ്റുള്ളവരുടെ കാഴ്‌ചപ്പാടില്‍ ചിലപ്പോള്‍ ശരിയല്ലായിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ച്‌ അത്‌ പോസിറ്റീവായാണ്‌ അനുഭവപ്പെടുന്നത്‌. അതുകൊണ്ടുതന്നെ എന്റെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സമയം വേണം. ഒരു രണ്ടുകൊല്ലത്തിനുള്ളില്‍ വിവാഹം നടക്കാനുള്ള യാതൊരു സാധ്യതയുമില്ല.

? വീട്ടില്‍ വിവാഹാലോചന നടക്കുന്നുണ്ടോ.

ഠ തിടുക്കത്തിലുള്ള യാതൊരു ആലോചനയും അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ഇനി ഒരാളെ അവര്‍ അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയെന്നു കരുതുക. നാളെത്തന്ന കല്യാണം എന്നതും പ്രായോഗികമല്ല. അയാളെ അറിയണം, കുടുംബം അറിയണം, ആശയപരമായും തൊഴില്‍പരമായും ഒത്തുപോകുമോ എന്നറിയണം. അതിനൊക്കെ സമയം വേണം.


 

? ഭര്‍ത്താവിനെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള സങ്കല്‌പം സൂക്ഷിക്കുന്നുണ്ടോ.

ഠ കോളജ്‌ വിദ്യാഭ്യാസം തീര്‍ന്നയുടനെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ എന്റെ ജീവിതവീക്ഷണവും സ്വപ്‌നങ്ങളും താരതമ്യേന ചെറുതായിരിക്കാനാണ്‌ സാധ്യത കൂടുതല്‍. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം. എന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്‌തയായിക്കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിക്ക്‌ കുറച്ചുകൂടി വിശാലമായ കാഴ്‌ചപ്പാടും നിലപാടുകളുമാണ്‌ ഉണ്ടാവുക. അപ്പോള്‍ അതിനു സമാനമായ ഒരാളെയാണ്‌ ജീവിതപങ്കാളിയായി ലഭിക്കേണ്ടത്‌. അല്ലെങ്കില്‍ കണ്ടെത്തേണ്ടത്‌. പല പുതിയ ദമ്പതികളുമായും ഞാന്‍ സംസാരിക്കാറുണ്ട്‌. ചിലര്‍ ഒത്തൊരുമയോടെ കഴിയുന്നു. മറ്റു ചിലര്‍ക്കിടയില്‍ അകല്‍ച്ച ഫീല്‍ ചെയ്യുന്നു. ദാമ്പത്യത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്‌ ഞാന്‍. ഏതു കാര്യത്തിലായാലും ഭര്‍ത്താവിനേക്കാള്‍ ഒരു പൊടിക്ക്‌ താഴെയായിരിക്കണം ഭാര്യയുടെ സ്‌ഥാനം എന്നുതന്നെയാണ്‌ ഞാന്‍ കരുതുന്നത്‌.

? വിവാഹശേഷം സിനിമയിലുണ്ടാവുമോ.

ഠ ഉണ്ടാവുമോ, ഇല്ലാതിരിക്കുമോ, പങ്കാളി സിനിമയില്‍നിന്നു വേണോ അതോ പുറത്തുനിന്നായിരിക്കുമോ എന്നതൊന്നും ഞാനിപ്പോള്‍ ആലോചിച്ചിട്ടില്ല.

? സ്വന്തം തലമുറയുടെ വിവാഹ സങ്കല്‌പത്തെ നിരീക്ഷിക്കുമ്പോള്‍ എന്തു തോന്നുന്നു.

ഠ അവരൊക്കെ അതിനു തയാറെടുക്കുന്നതു കണ്ടാല്‍ ഇത്ര വലിയ കുഴപ്പമുള്ള ഒരു കാര്യമാണോ ദാമ്പത്യമെന്ന്‌ തോന്നിപ്പോകും. പുസ്‌തകങ്ങള്‍ വായിച്ചുപഠിക്കുന്നു. കൗണ്‍സിലിംഗിനു പോകുന്നു, സൈക്യാട്രിസ്‌റ്റിനെ കാണുന്നു. ഏട്ടിലെ പശു പുല്ല്‌ തിന്നില്ലല്ലോ. ഞാനെന്റെ അമ്മയെയും കൂട്ടുകാരുടെ അമ്മമാരെയുമൊക്കെ നമിക്കുകയാണ്‌. കാരണം ഈ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ എത്ര സുഖകരമായാണ്‌ അവര്‍ ദാമ്പത്യവും കുടുംബജീവിതവും കൊണ്ടുപോകുന്നത്‌.

? മാതാപിതാക്കളെ മാതൃകയാക്കി ജീവിക്കരുതോ.

ഠ അങ്ങനെ ഏതെങ്കിലുമൊരു ദമ്പതിമാരെ മാതൃകയാക്കുന്നതുകൊണ്ട്‌ കാര്യമില്ല. ഓരോരുത്തരും വളര്‍ന്ന സാഹചര്യം, സാമൂഹിക ബോധം. വിദ്യാഭ്യാസ നിലവാരം, വിട്ടുവീഴ്‌ചാ മനോഭാവം ഇതൊക്കെ വ്യത്യസ്‌തമായിരിക്കും. എല്ലാറ്റിനും പ്രധാനം വിട്ടുവീഴ്‌ചതന്നെയാണെങ്കിലും സ്വന്തം ഐഡന്റിറ്റി തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള അഡ്‌ജസ്‌റ്റ്മെന്റ്‌ ഭൂരിഭാഗം പേര്‍ക്കും സാധ്യമല്ല. എന്റെ മാതാപിതാക്കളെ, കൂട്ടുകാരെ അംഗീകരിക്കുന്ന ഒരാള്‍. അഥവാ എന്തെങ്കിലും ഒരു അഭിപ്രായഭിന്നതയുണ്ടായാല്‍ ഇരുകൂട്ടരുടെയും മാതാപിതാക്കളിലാരെങ്കിലുമായി സംസാരിച്ച്‌ ഒത്തുതീര്‍പ്പിലെത്താന്‍ മനസുള്ള ആളായിരിക്കണം. എന്റെ മാതാപിതാക്കള്‍ വഴക്കുണ്ടാക്കുന്നത്‌ ഞാനിതുവരെ കണ്ടിട്ടില്ല.

? ചലച്ചിത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരില്‍ പലരും അസാന്മാര്‍ഗിക ജീവിതമാണ്‌ നയിക്കുന്നതെന്നും അതിനാലാണ്‌ അവര്‍ക്കിടയില്‍ വിവാഹമോചനം കൂടുതലായുണ്ടാവുന്നതെന്നുമൊരു പൊതുധാരണ നിലവിലുണ്ട്‌. എന്തു പറയുന്നു.

ഠ ഞാനൊരു സാധാരണ കുടുംബത്തില്‍നിന്നും സിനിമയിലെത്തിയ ആളാണ്‌. എന്നെക്കുറിച്ചും മോശമായ വിധത്തില്‍ ജനം വിചാരിക്കുന്നുണ്ടാവുമെന്ന്‌ അടുത്തകാലത്താണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌. ആരോടും തുറന്ന്‌ ഇടപെടുന്നയാളാണ്‌ ഞാന്‍. പക്ഷേ ആരില്‍നിന്നും മോശമായ യാതൊരു സമീപനവും എനിക്കുണ്ടായിട്ടില്ല. അസാന്മാര്‍ഗികതയും വിവാഹമോചനവുമൊക്കെ സിനിമയില്‍ മാത്രമാണോ ഉള്ളത്‌? സിനിമയൊരു ഗ്ലാമര്‍ മേഖലയായതുകൊണ്ട്‌ അവിടത്തെ പിന്നാമ്പുറ കാര്യങ്ങള്‍ പെട്ടെന്ന്‌ യാഥാര്‍ത്ഥ്യത്തെക്കാള്‍ എത്രയോ ഇരട്ടിയായി പുറത്തറിയുന്നു. ജനത്തിന്റെ താല്‌പര്യം മുതലെടുക്കാന്‍ മാധ്യമങ്ങളും ശ്രമിക്കുന്നു. ഞാന്‍ പോകുന്ന പള്ളിയില്‍ നടന്ന പല വിവാഹങ്ങളും മോചനത്തിലെത്തിയതായി എനിക്കറിയാം. അത്‌ അധികമാരുടെയും ചെവിയിലെത്തുന്നില്ല. പക്ഷേ അതുകൊണ്ട്‌ ആ പള്ളി മോശമാണെന്നു കരുതാന്‍ പറ്റുമോ?


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___