Sunday, 4 May 2014

[www.keralites.net] തൃശൂര്‍ പൂരത്തിന് കൊടിയേറി...

 


പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടക്കം എട്ട് ക്ഷേത്രങ്ങളില്‍ കൊടിയേറി. 

തിരുവമ്പാടി ഭഗവതി നയിക്കുന്ന പടിഞ്ഞാറന്‍ ചേരിയിലുള്‍പ്പെട്ട ലാലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് രാവിലെ എട്ടിന് ആദ്യം കൊടി ഉയര്‍ന്നത്. തുടര്‍ന്ന് 11-11.15നിടക്ക് അയ്യോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ 11.30നും 12നുമിടക്ക് കൊടിയേറ്റം നടന്നു.
പാറമേക്കാവ് ക്ഷേത്രത്തില്‍ ഉച്ചക്ക് രണ്ട്-2.15, ചെമ്പൂക്കാവ് ഭഗവതി, കണിമംഗലം ശാസ്താവ് ക്ഷേത്രങ്ങളില്‍ വൈകീട്ട് ആറ് -6.15, പനമുക്കംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി ക്ഷേത്രങ്ങളില്‍ 6.15-6.30, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ 6.45-7.00 എന്നിങ്ങനെയാണ് കൊടിയേറ്റ സമയം. പൂരത്തിന് വടക്കുന്നാഥന്‍െറ തെക്കേഗോപുരനട ആദ്യമായി തുറന്നിറങ്ങുന്ന നെയ്തലക്കാവ് ഭഗവതിയുടെ ക്ഷേത്രത്തിലാണ് അവസാനം കൊടിയേറുന്നത് -രാത്രി എട്ടിനും 8.15നും ഇടക്ക്.

 
മേടമാസത്തിലെ പൂരം നാളില്‍, ഈമാസം ഒമ്പതിനാണ് തൃശൂര്‍ പൂരം. 36 മണിക്കൂര്‍ നീളുന്ന കാഴ്ചയുടെയും കേള്‍വിയുടെയും വിസ്മയമെന്ന ഖ്യാതിയുള്ള പൂരം തലയെടുപ്പുള്ള ഗജവീരന്മാരുടെയും എണ്ണംപറഞ്ഞ വെടിക്കെട്ടുകാരുടെയും മേളഗോപുരം തീര്‍ക്കുന്ന വിദ്വാന്മാരുടെയും നിറഞ്ഞാട്ടമാണ്. അതിലുപരി; ഓരോ കാഴ്ചയും പാതിയില്‍ വിട്ട് അതിനേക്കാള്‍ കണ്ണിനും കാതിനും ഇമ്പമുള്ള മറ്റൊന്നിലേക്ക് പറന്നുനടക്കുന്ന കാഴ്ചക്കാരന്‍െറ പൂരം. അസുരസംഗീതത്തിന്‍െറ അനന്ത വിസ്മയങ്ങളിലേക്കാണ് ഇനിയുള്ള നാളുകള്‍ വഴിയൊരുക്കുന്നത്.
 
'ചെമ്പട'യില്‍ പുറപ്പെട്ട്, 'പാണ്ടി'യായി ഇലഞ്ഞിത്തറയില്‍ പെയ്ത്, 'ത്രിപുട'യായി പുറത്തേക്കിറങ്ങി 'പഞ്ചാരി'യായി അവസാനിക്കുന്ന പാറമേക്കാവിന്‍െറ പകല്‍പൂരം... മൂന്ന് കാലത്തില്‍ രണ്ട് താളവട്ടങ്ങളില്‍ പെരുകുന്ന മഠത്തില്‍വരവ് പഞ്ചവാദ്യവും പാണ്ടിയോടെ ശ്രീമൂലസ്ഥാനത്തേക്കുള്ള ഗമനവും അഴകേറ്റുന്ന തിരുവമ്പാടി ഭഗവതിയുടെ പൂരം... ഇടക്കിടക്ക് നഗരവീഥികളെല്ലാം പൂരംകൊണ്ട് നിറക്കുന്ന ഘടക പൂരങ്ങളുടെ എഴുന്നള്ളത്ത്... വര്‍ണ -വൈവിധ്യങ്ങളുടെ കുടമാറ്റം... ദിഗന്തം മുഴുങ്ങുന്ന വെടിക്കെട്ട്... മേള കേസരികളായ പെരുവനം കുട്ടന്‍മാരാനും അന്നമനട പരമേശ്വര മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും ഗജകേസരികളായ തിരുവമ്പാടി ശിവസുന്ദറും പാറമേക്കാവ് ശ്രീപത്മനാഭനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തൃശൂര്‍പൂരത്തില്‍ 'ഹാഫ് സെഞ്ച്വറി' പിന്നിട്ട പാറമേക്കാവ് രാജേന്ദ്രനും... പൂരപ്രേമികള്‍ ഒരുങ്ങിയിരിക്കുകയാണ്, ആസ്വാദ്യമായ അനുഭവങ്ങളുടെ വിരുന്നുണ്ണാന്‍.
 
 
 Mukesh        

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment