വാഹനലോകത്ത് ഇന്ത്യയുടെ അഭിമാനായി ഏഴ് പതിറ്റാണ്ട് കാലം നെഞ്ച് വിരിച്ചുനിന്ന അംബാസഡറും വിസ്മൃതിയിലേക്ക്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഉത്തപ്പാറയിലെ അംബാസഡര്‍ നിര്‍മാണ ഫാക്ടറി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തത്ക്കാലത്തേക്ക് അടച്ചു. അതേസമയം, ഈ അടവ് താത്ക്കാലികമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതാണ് പ്ലാന്റ് അടക്കാന്‍ കാരണം.
1948ലാണ് ഉത്തപ്പാറയിലെ പ്ലാന്റ് ആരംഭിച്ചത്. 1958ല്‍ ഇന്ത്യയുടെ സ്വന്തം വാഹനമായി അംബാസഡര്‍ അവതരിപ്പിച്ചു. ഇന്നത്തെപ്പോലെ വിദേശനിര്‍മിത കാറുകളുടെ ബഹളമയം ഇല്ലാതിരുന്ന അക്കാലത്ത് അംബാസഡറായിരുന്നു ഇന്ത്യയുടെ എല്ലാമെല്ലാം. വൈകാതെ തന്നെ ഇന്ത്യയുടെ 'ഔദ്യോഗിക' വാഹനമായും അംബാസഡര്‍ മാറി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമൊക്കെ അംബാസഡര്‍ യാത്രക്കാരായി. 2002 വരെ ഇന്ത്യന്‍ ്പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനം അംബാസഡറായിരുന്നു. വാഴ്‌പേയ് പ്രധാനമന്ത്രിയായതോടെയാണ് ഈ സ്ഥാനം ബി എം ഡബ്ല്യൂ ഏറ്റെടുത്തത്.
ഏത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ റോഡുകളിലും അംബാസഡര്‍ സുഖകരമായ യാത്ര ഒരുക്കിയിരുന്നു. വിദേശവിനോദ സഞ്ചാരികള്‍ക്കും രാഷ്ട്രീയപ്രമുഖര്‍ക്കുമെല്ലാം ഇഷ്ടവാഹനമായിരുന്നു അംബാസഡര്‍. തുടക്കത്തില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രം ഇറങ്ങിയിരുന്ന അംബാസര്‍ പിന്നീട് ഡീസല്‍, എല്‍ പി ജി വേരിയന്റുകളും പുറത്തിറക്കി. പുത്തന്‍ വാഹന നിര്‍മാതക്കളുടെ മത്സരത്തിനിടയില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ പവര്‍സ്റ്റിയറിംഗും പവര്‍ബ്രേക്കുമെല്ലാം അംബാസഡറില്‍ ഇടംപിടിക്കുകയും ചെയ്തു. 2013 ജൂലൈ മാസം ബി.ബി.സി.യുടെ ഓട്ടോമൊബീല്‍ ഷോ ടോപ് ഗിയര്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ അംബാസഡര്‍ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന കമ്പനിയാണ് അംബാസഡര്‍ പുറത്തിറക്കുന്നത്.
ബ്രിട്ടനിലെ മോറിസ് ഓക്‌സ്‌ഫോര്‍ഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 70കളിലും 80കളിലും മാരുതി, ഹ്യുണ്ടായി, ഫോര്‍ഡ തുടങ്ങിയ വിദേശനിര്‍മിത കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് അംബാസഡറിന്റെ അപ്രമാ്ധിത്യം അവസാനിച്ചത്. ഇതോടെ അംബാസഡര്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഒരുവര്‍ഷത്തില്‍ 24000 യൂണിറ്റുകളായിരുന്ന അംബാസഡര്‍ വില്‍പ്പന 1980കളുടെ പകുതിയോടെ 12000 ആയി കുറഞ്ഞു. പിന്നീട് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് അത് ആറായിരമായും രണ്ടായിരമായും ചുരുങ്ങി. അംബാസഡറിന്റെ അവസാന ലാപ്പില്‍ ഉത്തപ്പാറയിലെ പ്ലാന്റില്‍ നിന്ന് ഇറങ്ങിയത് വെറും 2600 കാറുകളാണ്. മാരുതിയേ പോലുള്ള വന്‍കിട കമ്പനികള്‍ ദിനംപ്രതി 5000 കാറുകള്‍ വരെ നിര്‍മിക്കുന്ന സ്ഥാനത്താണ് അംബാസഡര്‍ ഇല്ലാതാകുന്നത്. അംബാസഡറിന് ശേഷം ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ മാരുതി 800 സുസുക്കി കമ്പനി ഇതിനിടെ നിര്‍ത്തിയിരുന്നു
No comments:
Post a Comment