Sunday 25 May 2014

[www.keralites.net] ഒരു കുടുംബ വാഴ്ച യുടെ ദാരുണമായ അന ്ത്യം

 

ഒരു കുടുംബ വാഴ്ചയുടെ ദാരുണമായ അന്ത്യം



തിരിച്ചടികളില്‍ നിന്നൊന്നും പാഠം പഠിക്കാതെ വരുമ്പോള്‍ നെറുകയില്‍ ചവിട്ടി നിലത്തിടുക പലപ്പോഴും ചരിത്രത്തിലെ അനിവാര്യതയാവാറുണ്ട്്. അത്തരമൊരു സാഹചര്യമാണ് ഇന്ത്യയും ഇന്ത്യയെ സ്വതന്ത്രമാക്കിയ പ്രസ്ഥാനത്തിന്റെ പിന്മുറക്കാരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും നേരിട്ടത്. 128 വര്‍ഷത്തെ ചരിത്രത്തിലെവിടെയും കാണാത്ത അത്രയും നാണം കെട്ട തോല്‍വി.
പ്രതിപക്ഷത്തുപോലും ഇരിക്കാന്‍ യോഗ്യത നല്‍കാതെ വെറും 44 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ഒന്നേകാല്‍ വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനായി വാഴ്ത്തിയതു മുതല്‍ സാമാന്യ രാഷ്ട്രീയ ജ്ഞാനമുള്ളവരൊക്കെ പരാജയം പ്രവചിച്ചതാണ്. ഇത്ര കഠിനമായിരുന്നില്ലെങ്കിലും.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിച്ചു തീര്‍ന്നിട്ടില്ലാത്ത രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഗ്രീന്‍ ചാനലായ ഉപാധ്യക്ഷ പദത്തിലിരുത്തിയത് കോണ്‍ഗ്രസ് ചരിത്രത്തിലെ തനിയാവര്‍ത്തനങ്ങളിലൊന്നായിരുന്നു. സ്വതന്ത്ര ഇന്ത്യയെ പകുതിയിലേറെ കാലം ഭരിച്ച ഗാന്ധി കുടുംബത്തിലെ തലമുതിര്‍ന്നയാളോ ഇളമുറക്കാരനോ
നേതൃസ്ഥാനത്തില്ലാത്തപ്പോഴൊക്കെ നേതാക്കള്‍ അവരുടെ തനിനിറം കാണിച്ചുപോന്നു. അത് നമ്മള്‍ അവസാനം കണ്ടത് രാജീവ് ഗാന്ധി കൊല്ലപ്പെട്ട 1991 മുതല്‍ നിര്‍ബന്ധിത രാഷ്ട്രീയ വനവാസത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയും രാഹുലിന്റെ അമ്മയും ഇന്നത്തെ എ.ഐ.സി.സി അധ്യക്ഷയുമായ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന 1998 വരെയുള്ള കാലത്താണ്. അന്ന് നാലുവര്‍ഷത്തെ
നരസിംഹറാവുവിന്റേയും ഒരു വര്‍ഷത്തെ സീതാറാം കേസരിയുടേയും അധ്യക്ഷതയില്‍ കോണ്‍ഗ്രസ്സ് കാണിച്ച 'അസാമാന്യ കെട്ടുറപ്പും' നമ്മള്‍ കണ്ടു. '96 ല്‍ റാവു സര്‍ക്കാര്‍ താഴെയിറങ്ങിയതിനു ശേഷം സീതാറാം കേസരിയുടെ നിയന്ത്രണം വിട്ട് പാര്‍ട്ടിയില്‍ ഒട്ടേറെ ഗ്രൂപ്പുകളുണ്ടായി. ഗ്രൂപ്പു യുദ്ധങ്ങളുണ്ടായി. പലരും സോണിയാ ഗാന്ധിക്കു ചുറ്റും കൂടി. ഒടുവില്‍ 1998 സോണിയ പാര്‍ട്ടി
അധ്യക്ഷ സ്ഥാനമേറ്റെടുത്തു. അങ്ങനെ അണികള്‍ ഗാന്ധികുടുംബത്തോടുള്ള ദാസ്യത്വം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

സ്വാതന്ത്ര്യലബ്ദിക്കു ശേഷം ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹറു 17 വര്‍ഷം ഇന്ത്യ ഭരിച്ചു. സ്വതന്ത്ര ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന്റെ മരണ ശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നുതവണ ഗുല്‍സാരിലാല്‍ നന്ദയുടെ കീഴിലും ഒരു തവണ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കീഴിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തന്നെ മന്ത്രിസഭകള്‍
മൂന്നുണ്ടായി. പിന്നീടുള്ള 11 വര്‍ഷം രാജ്യം ഭരിച്ചത് നെഹറുവിന്റെ മകള്‍ ഇന്ദിരാഗാന്ധി. അതേ കുടുംബാംഗം. രാജ്യത്തെ ജനാധിപത്യത്തിന് കളങ്കമുണ്ടാക്കി 1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപതിയുടെ മുഖം കാണിച്ച അതേ ഇന്ദിരയെ തന്നെ അടിയന്തിരാവസ്ഥ പിന്‍വലിച്ച് തൊട്ടടുത്ത വര്‍ഷം തന്നെ കോണ്‍ഗ്രസുകാര്‍ പസിഡന്റു സ്ഥാനം നല്‍കി ആദരിച്ചു. മരിക്കുന്നതുവരെ അവര്‍ ആ
പദവിയിലിരുന്നു. 1980 ല്‍ ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി വിമാന അപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് എയര്‍ ഇന്ത്യയില്‍ പൈലറ്റായിരുന്ന രാജീവ് ഗാന്ധിയെ അടുത്ത അനന്തരാവകാശിയായി വാഴ്ത്തുന്നത്. തൊട്ടടുത്ത വര്‍ഷം കുടുംബമണ്ഡലമായ അമേത്തിയില്‍ നിന്ന്്് ജയിച്ച രാജീവ് ഗാന്ധി രാഷ്ട്രീയം പഠിച്ചു തുടങ്ങുന്നതിനു മുമ്പേ ലോക്‌സഭയിലെത്തി. 1984 ല്‍ അമ്മ ഇന്ദിരാഗാന്ധി
കൊല്ലപ്പെട്ടതിനേതുടര്‍ന്ന് കുടുംബത്തിന്റേയും സര്‍വ്വോപരി കോണ്‍ഗ്രസ് നേതാക്കളുടേയും അണികളുടേയും ഇംഗിതം പോലെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 542 സീറ്റില്‍ 411ഉം നേടി രാജീവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ചരിത്രം രചിച്ച് ഭരണത്തിലേറി. 1987 ല്‍ എല്‍.ടി.ടി.ഇ ക്കാരെ അടിച്ചമര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സംരക്ഷണ സേനയെ അയച്ചതാണ് 1991 ല്‍ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയെ മനുഷ്യ ബോബുപയോഗിച്ച് കൊലപ്പെടുത്താന്‍ തമിഴ് പുലികളെ പ്രേരിപ്പിച്ചത്്. കുടുംബത്തിലെ രണ്ട്്് രാഷ്ട്രീയ ദുര്‍മരണങ്ങളാണ് എഡ്‌വിഗേ അന്റോണിയ ആല്‍ബിന മെയ്‌നോ എന്ന ഇറ്റലിക്കാരി സോണിയാ ഗാന്ധിയെ രാഷ്ട്രീയ വനവാസത്തിന്
പ്രേരിപ്പിച്ചത്്. പക്ഷേ അത് ഏഴു വര്‍ഷക്കാലം പോലും നീണ്ടില്ല എന്നത്് ചരിത്രം.

സോണിയ അധ്യക്ഷ പദവിയിലെത്തി ആറു വര്‍ഷത്തിനു ശേഷം 2004 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ അധികാരത്തിലെത്തി. എന്നാല്‍ കീഴ്‌വഴക്കം പിന്തുടര്‍ന്ന്്് പ്രധാനമന്ത്രിസ്ഥാനമേറ്റെടുക്കാതെ സോണിയ രാജ്യത്തെ ഞെട്ടിച്ചു. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വിശ്വസ്ഥനും സ്വപ്‌നസൂക്ഷിപ്പുകാരനുമായ മന്‍മോഹന്‍ സിങ് അങ്ങനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടു.
അപ്പോഴും ഉയര്‍ന്നുവന്ന ചോദ്യം ആരായിരിക്കും രാജീവ് ഗാന്ധിയുടെ പിന്മുറക്കാരനായി രാജ്യം ഭരിക്കുകയെന്നായിരുന്നു. ചിലര്‍ രാഹുലിന്റെ പേരുപറഞ്ഞു. പലരും പ്രിയങ്കാ ഗാന്ധിയുടെ പേരു പറഞ്ഞു. രാഹുലിനേക്കാള്‍ രാഷ്ട്രീയജ്ഞാനവും പക്വതയും പ്രിയങ്കക്കാണെന്നും അവര്‍ക്ക് ഇന്ദിരാഗാന്ധിയുടെ മുഖഛായയുണ്ടെന്നുംവരെ പലരും വിലയിരുത്തി. (ഒടുവില്‍ ഈ തിരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും പ്രിയങ്കയുടെ ആരാധകരായ കോണ്‍ഗ്രസ്സുകാര്‍ പ്രിയങ്ക വരണമെന്നെഴുതിയ പ്ലക്കാര്‍ഡുമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മുദ്രാവാക്യം വിളിച്ചെത്തി).

പിന്നീട് യുവരാജാവായി പ്രഖ്യാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇക്കാലത്ത്് ഇന്ത്യയിലുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ സെന്റ് കൊളംബിയാ സ്‌കൂളിലും അഛന്‍ പഠിച്ചിരുന്ന ഡറാഡൂണിലെ ഡൂണ്‍ സ്‌കൂളിലും പഠിച്ചുവളര്‍ന്ന രാഹുലിന് 1984ല്‍ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തോടെ കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യം നഷ്ടമായി. സുരക്ഷാ കാരണങ്ങളാല്‍ സഫ്ദര്‍ജങ് റോഡിലെ
ബംഗ്ലാവിലായിരുന്നു പ്രിയങ്കക്കും രാഹുലിനും വിദ്യാഭ്യാസം. അഛന്‍ കൊല്ലപ്പെടുന്നതിന് രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ സെന്റ്സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നെങ്കിലും അധികം വൈകാതെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് ചുവടുമാറ്റി. രാജീവിന്റെ മരണത്തോടെ സുരക്ഷാ കാരണങ്ങളാല്‍ പിന്നീടുള്ള പഠനകാലം കള്ളപ്പേരിലായിരുന്നു. ഇക്കാലത്ത് ഫ്ലോറിഡയിലെ
റോളിന്‍സ് കോളേജില്‍ നിന്നും പിന്നീട് ട്രിനിറ്റിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ലണ്ടനിലെ കണ്‍സള്‍ട്ടിങ് കമ്പനിയിലെ ജോലി മതിയാക്കി 2002 ല്‍ നാട്ടിലെത്തിയപ്പോഴേക്കും രാജ്യത്തെ രാഷ്ട്രീയസ്ഥിതിയൊക്കെ മാറിയിരുന്നു. അന്നുമുതല്‍ സോണിയയുടെ നീക്കങ്ങളെല്ലാം രാഹൂലിനെ മുന്നില്‍ കണ്ടിട്ടായിരുന്നെന്ന പറയുന്നതില്‍
അതിശയോക്തിയില്ല.

വര്‍ഷങ്ങളായി ഇന്ത്യയിലില്ലാത്ത, രാഷ്ട്രീയത്തില്‍ അല്‍പ്പജ്ഞാനിയായ രാഹുല്‍ ഗാന്ധിയുടെ സ്ഥാനക്കയറ്റങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു. നാട്ടിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം 2004 ല്‍ കുടുംബ മണ്ഡലമായ അമേത്തിയില്‍ നിന്ന് 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്തി. പൊതുവേദിയിയില്‍ മിണ്ടാതിരുന്നും, ജനങ്ങള്‍ക്കുമുന്നില്‍ നാണിച്ചിരുന്നും,
ലോക്‌സഭയില്‍ അധികമൊന്നും എഴുനേറ്റു നില്‍ക്കാതെയും രാഹുല്‍ വിവാദം ക്ഷണിച്ചുവരുത്തി. വിവാദങ്ങള്‍ തനിക്കു ചുറ്റും പ്രദക്ഷിണം വെക്കുമ്പോഴും നീഗൂഢവും സ്വകാര്യവുമായ വ്യക്തിജീവിതത്തിലായിരുന്നു ശ്രദ്ധ കൂടുതലും. നെഹറു കുടുംബമായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നെന്നും, 1971ല്‍ പാകിസ്താനെ വിഭജിച്ച് ബംഗ്ലാദേശ്
രൂപവത്കരിക്കാന്‍ കാരണം തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയാണെന്നും മറ്റുമുള്ള രാഹുലിന്റെ കേള്‍ക്കാന്‍ രസമുള്ള വിവാദങ്ങള്‍ ആയിടക്ക് തലപൊക്കി. രാജ്യത്തിനു വേണ്ടി കൂടുതലൊന്നും ചെയ്യാത്ത ഗാന്ധിപുത്രന്‍ എന്നിട്ടും 2009 ല്‍ അമേത്തിയില്‍ നിന്നുതന്നെ 3,70,198 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും പാര്‍ലമെന്റിലെത്തി. ഇന്ദിര രാജീവിലെ
വളര്‍ത്തിയെടുത്തതുപോലെയായിരുന്നു സോണിയ രാഹുലിനെ രാജ്യഭരണം പഠിപ്പിച്ചത്്. 2007 ല്‍ ജനറല്‍ സെക്രട്ടറിയും 2013 ല്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമാക്കിയെങ്കിലും അഛന്‍ രാജീവിന്റെ ഭരണപാടവവും ലോക വീക്ഷണവുമൊന്നും നേടിയെടുക്കാന്‍ രാഹുലിനായില്ല. എങ്ങാനും പ്രധാനമന്ത്രിസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ രാഹുല്‍ എന്തുചെയ്യുമെന്ന് അടുത്ത
സുഹൃത്തുക്കള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

അതിവേഗ തീവണ്ടികളും ഷോപ്പിങ് മാളുകളും എയര്‍ ഫീല്‍ഡുകളും സ്വപ്‌നം കണ്ട, നൂതന സമ്പദ് വ്യവസ്ഥയേക്കുറിച്ച് ചിന്തിച്ച രാജീവിന്റെ മകന്‍ രാഹുല്‍ ചിന്തിക്കുന്നത്് എന്താണെന്നു പോലും ആര്‍ക്കും മനസ്സിലായില്ല. സംഘാടന രംഗത്ത്് ഹൈടെക് രീതികള്‍ പരീക്ഷിച്ച രാഹുല്‍ പക്ഷേ പലയിടത്തും ഏകനായി നടന്നു. പ്രതീക്ഷിച്ചതൊന്നും ചെയ്തില്ല. അപ്രതീക്ഷിതമായി പലതും
പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിഗൂഢമായ മൗനവും, ലോക്‌സഭയിലും പുറത്തും വല്ലപ്പോഴും മാത്രം സംസാരിക്കുന്ന പ്രകൃതവുമൊന്നും പരമ്പരാഗത രാഷ്ട്രീയവ്യാകരണത്തിന് യോജിക്കുന്നതായിരുന്നില്ല. അപ്രതീക്ഷിതമായി ജനമധ്യത്തിലേക്കിറങ്ങി വരുന്നതും തീവണ്ടിയിലും പൊടുന്നനെ ജീപ്പിന്റെ മുകളില്‍ വരെ ചാടിക്കയറി യാത്ര ചെയ്യുന്നതും അഛന്‍ രാജീവ്
ഗാന്ധിയുടെ ആദ്യകാല രാഷ്ട്രീയജീവിതത്തിന്റെ വികൃതാനുകരണം മാത്രമായി. രാജീവിന്റെ ചിതാഭസ്മവും കൊണ്ട് നീങ്ങിയ തീവണ്ടി വടക്കന്‍ സംസ്ഥാനമായ അലഹബാദിലെത്തിയപ്പോള്‍ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ടപ്പോഴാണ്് താന്‍ രാഷ്ട്രീയത്തിലിറങ്ങേണ്ടവനാണെന്് ചിന്തിച്ചത്് എന്ന രാഹുലിന്റെ പ്രസ്താവനയുടെ കാവ്യാത്മകത മാത്രം ജനങ്ങള്‍ ആസ്വദിച്ചു.
ഒമ്പതുവര്‍ഷത്തെ യു.പി.എ ഭരണത്തിന്റെ അവസാന ഘട്ടം രാജ്യത്തിന് ഒരു യുവനേതാവിന്റെ ആവശ്യം വിളിച്ചോതുന്നതായിരുന്നു. ഭൂമിയും ആകാശവും വായുവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിയും കൊടിയ അഴിമതി പുറത്തുവന്ന കാലം. ഒപ്പം അന്താരാഷ്ട്ര തലത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. അഴിമതിക്കെതിരെ ഡല്‍ഹിയിലും പിന്നീട്
രാജ്യത്തെല്ലായിടത്തും ജനകീയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ട കാലത്ത് രാഹുല്‍ കടുത്ത മൗനത്തിലായിരുന്നു. കുറ്റകരമായ മൗനം. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രക്ഷോഭം കത്തിപ്പടരുമ്പോള്‍ യുപിഎ അധ്യക്ഷയും മാതാവുമായ സോണിയാ ഗാന്ധിയും അധികമൊന്നും സംസാരിക്കാത്ത
പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പൊതുമധ്യത്തില്‍ വന്ന് സംസാരിക്കാന്‍ തയ്യാറായെങ്കിലും രാഹുല്‍ എന്ന യുവാവ് ചുണ്ടനക്കിയില്ല. രാഹുലിന്റെ ഇടപെടല്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ ആവശ്യമുണ്ടായിരുന്നു. കാരണം രാഹുല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രസ്ഥാനത്തിരിക്കുന്നയാളും സര്‍ക്കാരില്‍ അനിഷേധ്യമായ സ്വരമുള്ളയാളുമായിരുന്നു.

രാഹുലിനെ ഭരണത്തിന്റെ തലപ്പത്തിരുത്താനുള്ള ത്വരയും, ഭരണപരിചയമോ ലോകപരിചയമോ ഇല്ലാത്ത അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അതിസ്വാതന്ത്ര്യം കൊടുത്തതും വ്യക്തമായ വീക്ഷണങ്ങളില്ലാത്തതുമൊക്കെയാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടത്. അതിനേക്കാളുപരി കോണ്‍ഗ്രസ്സുകാരും ഗാന്ധികുടുംബവും തിരിച്ചറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. മാറിയ കാലത്തെ
രാഷ്ട്രീയ രംഗത്ത് കുടുംബ മഹിമയുടെ പേരിന് വലിയ സ്വാധീനമൊന്നുമില്ലെന്ന്. നൂതന വാര്‍ത്താവിനിമയ ഉപകരണങ്ങളുടേയും വിവര സാങ്കേതിക വിദ്യയുടേയും കാലത്ത് ജീവിക്കുന്ന ജനങ്ങള്‍ രാജീവിന്റേയും ഇന്ദിരയുടേയും കാലത്തെ ജനങ്ങള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്ന് ശഠിക്കരുത്. അത് മനസ്സിലാക്കാതെ പോയതാണ് കോണ്‍ഗ്രസ്സിന് പറ്റിയ വീഴ്ച. അത്
മനസ്സിലാക്കിയതുകൊണ്ടാണ് വര്‍ഗ്ഗവെറിയുടേയും വെറുപ്പിന്റേയും കറകളുണ്ടായിട്ടും നരേന്ദ്രമോഡി നയിക്കുന്ന ബി.ജെ.പിക്കു മേല്‍ ജനഹിതം പതിഞ്ഞത്.


www.keralites.net

__._,_.___

Posted by: "M. Nandakumar" <nandm_kumar@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment