ദിവ്യദൃഷ്ടിയുള്ള ജയാമ്മ, നിസാര്‍ പിന്നൊരു നമ്പൂതിരിയും
കോട്ടയം ജില്ലയില്‍ കൂടിയാണ് കാണാത്ത കേരളത്തിന്റെ ഈ എപ്പിസോഡ് കടന്നുപോകുന്നത്. സാക്ഷര കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്നെ വിശ്വാസത്തട്ടിപ്പുകാര്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. കോട്ടയവും ഇക്കാര്യത്തില്‍ പിന്നിലല്ല. കൂടുതല്‍ പേരും വിശ്വാസികളുടെ മനോദൗര്‍ബല്യങ്ങള്‍ മുതലെടുക്കുമ്പോള്‍ ചിലയിടങ്ങളില്‍ നടത്തിപ്പുകാര്‍ തന്നെ മനോവൈകല്യമുളളവരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കോട്ടയം കല്ലറ കൈപ്പുഴയിലേക്കായിരുന്നു ഞങ്ങളുടെ ആദ്യയാത്ര. ഇവിടെയാണ് സുബ്രഹ്മണ്യന്റെ അനുഗ്രഹം ലഭിച്ചതായി അവകാശപ്പെടുന്ന ജയാമ്മയുടെ വീടും ക്ഷേത്രവും. കൈപ്പുഴ രാജീവ് ഗാന്ധി കോളനിക്ക് സമീപമാണ് ജയാമ്മ താമസിക്കുന്നത്്. വീട്ടുപറമ്പില്‍ തന്നെ സുബ്രഹ്മണ്യക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നു. വിവാഹിതയും മാതാവുമൊക്കെയാണെങ്കിലും ഇപ്പോള്‍ ജയാമ്മ തനിച്ചാണ് താമസം. ആത്മീയജീവിതത്തിന് ഗാര്‍ഹസ്ഥ്യം തടസ്സമുണ്ടാക്കുമെന്ന തിരിച്ചറിവാണ് കാരണം. ജയാമ്മയുടെ അടുത്ത് പ്രശ്‌നപരിഹാരത്തിനായി എത്തുന്നവരിലേറെയും സ്ത്രീകളാണ്.
രാത്രിയില്‍ ഭയപ്പാടുള്ള മുസ്ലീം യുവാവിനെയും കൊണ്ടെന്ന വ്യാജേനയാണ് ഞങ്ങള്‍ ജയാമ്മയുടെ അടുത്തെത്തിയത്. ഭാര്യ തീപ്പൊള്ളലേറ്റു മരിച്ച കേസില്‍ പ്രതിയാണ് യുവാവെന്നും തട്ടിവിട്ടു. ആ യുവാവിന്റെ റോള്‍ ഷെഹീര്‍ നന്നായി അഭിനയിച്ചു. തനിക്ക് സുബ്രഹ്മണ്യന്റെ അനുഗ്രഹത്താല്‍ എല്ലാം മനക്കണ്ണില്‍ കാണുമെന്നാണ് ജയാമ്മയുടെ അവകാശവാദം. മുമ്പില്‍ വരുന്നവര്‍ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം ജയാമ്മയ്ക്ക് അറിയാന്‍ കഴിയും.
ശിവനെയും ദേവിപാര്‍വ്വതിയെയും എന്തിന് യേശുക്രിസ്തുവിനെ വരെ പലവതണ കണ്ടിട്ടുണ്ടെന്ന് ജയാമ്മ അവകാശപ്പെട്ടു. ജയാമ്മയ്ക്ക് സഹായത്തിന് ക്ഷേത്രത്തിലെ പൂജാരിയായ ഗോപിനാഥനുമുണ്ട്. ഗോപിനാഥന്‍ ശംഖു കറക്കി പ്രവചനം നടത്തുന്നതിന് അനുസരിച്ചാണ് ജയാമ്മയുടെ പരിപാടികള്‍. ഗോപിനാഥന്‍ ശുദ്ധതട്ടിപ്പാണെന്നു സംസാരം കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകും. അതേസമയം ജയാമ്മ തനിക്കെന്തൊക്കെയോ കഴിവുണ്ടെന്നു ധരിച്ചുവച്ചിട്ടുണ്ടെന്നു തോന്നുന്നു. താന്‍ കാണുന്ന ദൈവങ്ങളെ വേണമെങ്കില്‍ മറ്റുള്ളവരെ കാണിക്കാമെന്നും ജയാമ്മ പറഞ്ഞു.
ദൈവത്തെ കാണാന്‍ അവരുടെ ഉള്ളം കൈയ്യിലേക്കു നോക്കി കണ്ണടച്ചിരിക്കണം. കണ്ണടിച്ചിരുന്ന ഷെഹീര്‍ ഇടയ്ക്ക് ആന, ആന എന്നു വിളിച്ചു പറഞ്ഞു. ജയാമ്മ കസേരയും വലിച്ചൊരോട്ടം. ആനയെ കണ്ടെന്ന് ഷെഹീര്‍ വെറുതെ തട്ടിവിട്ടപ്പോള്‍ അത് ഗണപതിയാണെന്നായി സഹായി. ജയാമ്മ പഠിച്ച പണിയെല്ലാം നോക്കിയിട്ടും ഒന്നും തെളിഞ്ഞു വന്നില്ല. പിറ്റേദിവസം വരാമെങ്കില്‍ എല്ലാം അറിയാമെന്നായി അവര്‍. യാത്ര പറഞ്ഞിറങ്ങിയ ഞങ്ങള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് വീണ്ടുമെത്തി. അപ്പോഴും അവിടെ വിശ്വാസികള്‍ കാത്തുനിന്നിരുന്നു.
ആദ്യം ദൈവത്തെ കാണാന്‍ ശ്രമിച്ചയാള്‍ക്ക് വിശ്വാസം കുറവായിരിക്കുമെന്നും അടുത്തയാളെ കാണിക്കാമെന്നും ജയാമ്മ പറഞ്ഞു. അങ്ങനെ ഞാന്‍ ദൈവത്തെ കാണാനിരുന്നു. സങ്കല്‍പ്പിച്ചാല്‍ പോരാ. യഥാര്‍ത്ഥത്തില്‍ തന്നെ ദൈവത്തെ കാണണം. ജയാമ്മ ക്ഷീണിച്ചപ്പോള്‍ സഹായിയെത്തി.
ഞാന്‍ ക്രിസ്ത്യന്‍ ആണെന്നാണ് ഗോപിനാഥന്‍ ധരിച്ചത്. അതുകൊണ്ടാകണം ചില ശ്ലോകങ്ങള്‍ ചൊല്ലിയ അയാള്‍ ഇടയ്ക്കിടെ ഈണത്തില്‍ ആമേനീശോ… എന്നു തട്ടിവിടുന്നുണ്ടായിരുന്നു. എന്തായാലും ഗോപിനാഥന്‍ ശ്രമിച്ചിട്ടും നോ രക്ഷ. തന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനിയായ കുര്യനെ വിളിച്ചുവരുത്താമെന്നായി ജയാമ്മ. ദൈവത്തെ കാണുമെന്ന നല്ലൊരു കാര്യത്തിനല്ലേ. ഞങ്ങള്‍ കാത്തിരുന്നു. അങ്ങനെ കുര്യനെത്തി. കൈലിയും ഷര്‍ട്ടും ധരിച്ച് തികച്ചും നാട്ടുമ്പുറത്തുകാരെപ്പോലെയുള്ള കുര്യന് 45 വയസ്സോളം വരും. പലതവണ താന്‍ ദൈവത്തെ കണ്ടിട്ടുണ്ടെന്നാണ് കുര്യന്റെയും അവകാശവാദം. കണ്ണടച്ചിരിക്കുമ്പോഴാണത്രെ ഇങ്ങനെ കാണുന്നത്. താന്‍ യേശു ജനിച്ച സ്ഥലം കണ്ടിട്ടുണ്ടെന്നുവരെ കുര്യന്‍ തട്ടിവിട്ടു. താന്‍ ശബാനാ ആസ്മിയെ കല്ല്യാണം കഴിക്കുന്നത് ഇങ്ങനെ കണ്ണടച്ചിരുന്നപ്പോള്‍ കണ്ടിട്ടുണ്ടെന്ന് ഷെഹീര്‍ പറഞ്ഞതോടെ കുര്യന്‍ ഒന്നു പതറി. പിന്നെ അതൊക്കെ സ്വപ്നമല്ലേ എന്നു പറഞ്ഞ് തലയൂരി.ദൈവത്തെ കാണിക്കാന്‍ വയ്യെങ്കില്‍ പ്രശ്‌നം തീര്‍ത്താല്‍ മതിയെന്നായി ഞങ്ങള്‍.
ഭാര്യ തീപ്പൊള്ളലേറ്റു മരിച്ച കാര്യം ഒന്നുകൂടി ഓര്‍മ്മിച്ചപ്പോള്‍ അതുകാണാനായി ശ്രമം. ഏതാണ്ട് ഒത്തുവരുന്നുണ്ട്. ഭാര്യ വെളുത്തു വട്ടമുഖമുള്ള സുന്ദരിയാണെന്ന് ഒരു ക്ലൂ കൊടുത്തുനോക്കി. കാണുന്നുണ്ട്, കാണുന്നുണ്ട് എന്ന് രണ്ടുകക്ഷികളും അടിച്ചുവിട്ടു. കത്തുന്ന തീയ്ക്കകത്താണ് ഷെഹീറിന്റെ ഇല്ലാത്ത ഭാര്യയെ കുര്യന്‍ കണ്ടത്. തലയില്‍ തട്ടം കാണുമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചെറിയ അഭിനയമൊക്കെ നടത്തിയശേഷം ആ..ആ.. ഉണ്ടെന്ന് കുര്യന്‍ പറഞ്ഞു. ഇടയ്ക്കിടെ ചെറിയ ക്ലൂ കൊടുത്താല്‍ ഇരുവരും പതിയെ പിടിച്ചുകയറും. കുര്യനാണ് ആ സിദ്ധി കൂടുതല്‍. രണ്ടുദിവസം മുന്‍പേ താന്‍ ഒരു പെണ്ണിനെ ഇങ്ങനെ കണ്ടിരുന്നെന്നു കുര്യന്‍ പറഞ്ഞപ്പോള്‍ വരാനിരിക്കുന്നവരെ നേരത്തെ കാണുമെന്നായി ജയാമ്മ.
ഞങ്ങള്‍ ക്ലൂ കൊടുക്കേണ്ടെന്നു വെച്ചപ്പോള്‍ പ്രവചനം തീര്‍ന്നു. അപ്പോഴാണ് കേരളത്തില്‍ ചെറുകിട കച്ചവടത്തിനെത്തിയ തമിഴത്തിയും ബന്ധുക്കളുമെത്തിയത്. അവര്‍ നേരത്തെയും ജയാമ്മയുടെ അടുത്തുവന്നിട്ടുണ്ട്. തമിഴത്തിക്കും ദൈവദര്‍ശനമുണ്ടെന്നും അവര്‍ ഒന്നു ശ്രമിച്ചുനോക്കുമെന്നും ജയാമ്മ പറഞ്ഞു. പാവം തമിഴത്തി. തുടക്കത്തില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി. രഹസ്യ കാമറകളിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാല്‍ ഞങ്ങളും യാത്രപറഞ്ഞു.
വൈക്കം ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കടുത്ത് താമസിക്കുന്ന നിസാറിന്റെയടുത്തേക്കാണ് പിന്നീടുപോയത്. ഹിന്ദു-അറബിക് മാന്ത്രികങ്ങള്‍ ഒരു പോലെ നിസാറിന് വശമുണ്ട്. ആദ്യതവണയെത്തിയപ്പോള്‍ നിസാര്‍ പ്രശ്‌നം നോക്കുന്ന സമയം കഴിഞ്ഞിരുന്നു. കാര്യങ്ങള്‍ കേട്ടശേഷം അടുത്ത ദിവസം വെള്ളിത്തകിടുമായി വരാന്‍ നിസാര്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് പിറ്റേന്ന് വെള്ളിത്തകിടുമായി ഞങ്ങളെത്തി. ബാപ്പയില്‍ നിന്നാണ് മാന്ത്രികം പഠിച്ചതെന്ന് നിസാര്‍ പറയുന്നു. ഹൈന്ദവയുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ ജിന്നിനു പുറമെ മാടനേയും മറുതയേയുമൊക്കെ ഒതുക്കാനും നിസാര്‍ പഠിച്ചു. സി.ഡി ഷോപ്പ് നടത്തുകയാണെന്നും ഒരു പോലീസുദ്യോഗസ്ഥന്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്നെന്നും ഞങ്ങള്‍ തട്ടിവിട്ടു. കടയിലെ ഒരു ജീവനക്കാരന്‍ പോലീസുദ്യോഗസ്ഥന്റെ ബന്ധുവായ യുവതിയുമൊത്ത് ഒളിച്ചോടിയതാണ് പ്രശ്‌നമായത്. ഞങ്ങളുടെ പത്തുലക്ഷത്തോളം രൂപ യുവാവിന്റെ പക്കലാണ്. വീട്ടുകാര്‍ അറിഞ്ഞുള്ള ഒത്തുകളിയാണോയെന്നും ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
സംഖ്യാശാസ്ത്രമനുസരിച്ചും നിസാര്‍ പ്രശ്‌നം നോക്കും. ഞങ്ങളുടെ ഇല്ലാത്ത കടയ്ക്ക് ആരോ ദോഷം ചെയ്തിട്ടുണ്ടെന്ന് നിസാര്‍ കണ്ടെത്തി.തത്കാല ശാന്തിക്ക് തകിടില്‍ മന്ത്രമെഴുതി തന്നു. ഇത് കടയില്‍ കൊണ്ടുപോയി കത്തിക്കുന്നതോടെ പ്രശ്‌നം തീരും. യുവാവിനെ തിരികെയെത്തിക്കാന്‍ അല്‍പ്പം പണം മുടക്കി പ്രത്യേക പൂജ ചെയ്യണം. പണം പ്രശ്‌നമല്ലെന്നും പൂജ ചെയ്യാമെന്നും പറഞ്ഞ് തിരികെയിറങ്ങുമ്പോള്‍ പിന്നീട് വിളിച്ചാല്‍ കാണാതായയാള്‍ എവിടെയുണ്ടെന്ന് കൃത്യമായി പറയാമെന്ന് നിസാര്‍ പറഞ്ഞു. സങ്കല്‍പ്പത്തില്‍ മാത്രമുള്ളയാള്‍ എവിടെയുണ്ടെന്നറിയുന്നത് വലിയ കാര്യമല്ലേ. ഞങ്ങള്‍ വീണ്ടും വിളിച്ചു. അജ്മല്‍ എന്നു ഞങ്ങള്‍ പേരു പറഞ്ഞ യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ കണ്ടെത്തിയതായി നിസാര്‍ പറഞ്ഞു. പൂജ ചെയ്യാനായി പറഞ്ഞ പണവുമായി വീണ്ടും വരാമെന്നുറപ്പു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.
കല്ലറയില്‍ തന്നെയുള്ള ധന്വന്തരീ ക്ഷേത്രത്തിലേക്കാണ് അടുത്തയാത്ര. ഇവിടെയാണ് കല്ലറ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെന്ന പ്രമുഖ ജ്യോതിഷിയുടെ കേന്ദ്രം. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഉച്ചമയക്കത്തിലായിരുന്നു. കൊലക്കേസ് പ്രതിയാണെന്നും ബിസിനസ് നഷ്ടത്തിലാണെന്നുമൊക്കെയുള്ള വിവിധ കള്ളങ്ങളുമായാണ്് ഞങ്ങള്‍ ഇവിടെയെത്തിയത്. മറ്റൊരു പെണ്ണിനെ ഇഷ്ടമായതിനാല്‍ ഭാര്യയെ ഒഴിവാക്കിത്തരണമെന്നായിരുന്നു പ്രധാന ആവശ്യം.കവടി നിരത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പ്രവചനം. എല്ലാ പ്രശ്‌നങ്ങള്‍ക്കും തന്റെ അടുക്കല്‍ പരിഹാരമുണ്ടെന്ന് അവകാശവാദം. കേസില്‍ നിന്ന് നിഷ്പ്രയാസം ഊരാം. ചില അനുഭവകഥകളും അദ്ദേഹം പറഞ്ഞുകേള്‍പ്പിച്ചു. പണ്ടൊരിക്കല്‍ അദ്ദേഹം കോട്ടയത്ത് കോടതി ബന്ധിച്ചിട്ടുണ്ട്.
ഭാര്യയെ ഒഴിവാക്കാനും വശീകരണത്തിനുമൊക്കെ എളുപ്പവഴികളുണ്ട്. പണം മുടക്കിയാല്‍ എന്തും ചെയ്യാം. വടക്കുംമുറി ഹോമം, തെക്കുംമുറി ഹോമം എന്നിങ്ങനെ രണ്ടുതരം കര്‍മ്മങ്ങളാണ് പ്രധാനമായും ഉള്ളത്. പൂജകളുടെ ചെലവ് പ്രശ്‌നമല്ലെങ്കില്‍ ഉണ്ണിക്കൃഷന്‍ നമ്പൂതിരി എന്തിനും റെഡി. 15000 രൂപയാണ് പൂജയ്ക്കു ചെലവ്. പുറമെ 25000 രൂപ നല്‍കണം. പണിയേറ്റില്ലെങ്കില്‍ പണം തിരികെ തരും. അഞ്ചു കോവല്‍ ഇലയും 2000 രൂപയുമുണ്ടെങ്കില്‍ വശീകരണത്തിനു പറ്റിയ ചില കാര്യങ്ങളും ഇദ്ദേഹം ചെയ്യും. മുഴുവന്‍ ശുദ്ധ തട്ടിപ്പ്. അല്ലാതെന്തു പറയാന്‍?
വിശ്വാസികളുടെ കീശയിലുള്ളത് പിടുങ്ങുകയാണ് ആത്മീയവാണിഭക്കാരുടെ പ്രധാനപരിപാടി. നിത്യവും എത്രയെത്ര കളവുകള്‍ പറഞ്ഞാകും ഇവര്‍ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയിട്ടുണ്ടാകുക. ജയാമ്മയുടെ പ്രാര്‍ത്ഥനയും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ മാരണവും നിസാറിന്റെ ജിന്നുമൊന്നും പിടിച്ചില്ലെങ്കില്‍ മറ്റു വിഷയങ്ങളുമായി അടുത്ത വാരം
No comments:
Post a Comment