Saturday, 19 April 2014

[www.keralites.net] വൈകാരികതയുടെ അമരത് തൊരു മുത്ത്

 

തേനിന്‍റെ നിറമായിരുന്നു അവള്‍ക്ക്. കടലമ്മയുടെ പ്രിയപ്പെട്ട അരയന്‍റെ മുത്തിന്. പിറന്നയുടനെ മാറിന്‍റെ ചൂറ്ററിയിക്കാതെ മറുലോകത്തേയ്ക്ക് നടന്നകന്നു പോയ അമ്മയെ അറിയില്ലവള്‍ക്ക്. അച്ചൂട്ടി, "മുത്തേ" എന്നു വിളിക്കുന്ന രാധയ്ക്ക്. കടലമ്മയും അച്ചൂട്ടി എന്ന അപ്പനും വളര്‍ത്തുന്ന കടപ്പുറത്തെ സുന്ദരിക്കുട്ടി പരീക്ഷയില്‍ നല്ല മാര്‍ക്കു കിട്ടി ജയിച്ചു വന്നപ്പോള്‍ അത് കടല്‍ക്കരയിലുള്ളവര്‍ ഒരുമിച്ചാഘോഷിച്ചു. കടലും പാടി...
"കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍
അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്"
 
 

രാധയുടെ ഓരോ വളര്‍ച്ചയും അച്ചൂട്ടിയ്ക്ക് ആയിരം വര്‍ണങ്ങളാണ്, സമ്മാനിച്ചത്. കൈക്കുഞ്ഞിനെ മടിയിലേല്‍പ്പിച്ച് പ്രിയപ്പെട്ടവള്‍ പേരറിയാത്ത ഇടങ്ങളിലെവിടെയോ മറഞ്ഞപ്പോള്‍ അയാള്‍ക്ക് കൂട്ട് കടലമ്മ മാത്രമായിരുന്നല്ലോ. വള്ളത്തിന്‍റെ ചാഞ്ചാട്ടത്തിനൊപ്പം ആടിയുലഞ്ഞ തോണിയില്‍ കൈക്കുഞ്ഞായ അയാളുടെ മുത്തിനൊപ്പം ഒരുപാട് ദിവസങ്ങളില്‍ അയാള്‍ അലഞ്ഞു.

"പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്
കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
ഓ...........
കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ അരമനയണിവടിവാണേ
പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ
പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്"

 
കാലം എത്ര പെട്ടെന്നാണ്, വെയില്‍കൊണ്ടു പോകുന്നത്. എത്ര ചകരക്കാലമാണ്, കഴിഞ്ഞത്. മുത്ത് വളര്‍ന്നു. തേനിന്‍റെ നിറവും മധുരവും നിറഞ്ഞ് അവള്‍ ആ കടല്‍ത്തീരം മുഴുവന്‍ ഉത്സവം നിറച്ച് പാടി നടന്നു. വളര്‍ച്ചയുടെ മായാജാലം എത്ര പെട്ടെനാണെന്നോ അവളെ നിശബ്ദയാക്കിയത്. കടലമ്മയുടെ പ്രാണനായ മറ്റൊരരയനെ അവളും മോഹിച്ചു പോയി. അതൊരു തെറ്റാണോ? പ്രായത്തിന്‍റെ എടുത്തു ചാട്ടത്തിനപ്പുറം കളിക്കൂട്ടുകാരനായ രാഘവനോടുള്ള അനുരാഗം അവള്‍ക്ക് ഒളിച്ചു വയ്ക്കാനായില്ല, അതുകൊണ്ടു തന്നെയാകാം അയല്‍വക്കത്തെ കുടിലിലെ ചന്ദ്രിക സ്വന്തം അച്ഛനെ മോഹിക്കുന്നു എന്നറിഞ്ഞിട്ടും അവളതിനെ അനുകൂലിക്കുന്നത്. പ്രണയത്തിന്‍റെ മാന്ത്രികതയും നോവും അവളും നന്നായി അറിഞ്ഞിരുന്നല്ലോ. ചന്ദ്രികയിലേയ്ക്ക് പരിഭ്രമത്തിലല്ലാതെ അച്ഛന്‍റെ കണ്ണ്, പതിയാത്തതെന്തെന്നോര്‍ത്ത് അവള്‍ വിഷമിച്ചിട്ടുണ്ടാകണം. ഒരുനാള്‍ വിവാഹം കഴിഞ്ഞു പോയാല്‍

അച്ഛനും ഒരു തുണ വേണ്ടേ?

 
പക്ഷേ ആഗ്രഹങ്ങള്‍ക്ക് നടക്കണമെന്ന് ഒരിക്കലും നിര്‍ബന്ധങ്ങളേതുമില്ല.
"വികാരനൌകയുമായ്‌
തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍
വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്മകളേ
നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൌനം
പിന്‍ വിളിയാണോ"

ഒരു പിന്‍വിളി പോലും പറയാതെ രാഘവനോടൊപ്പം മുത്തിറങ്ങിപോകുന്ന ആ കാഴ്ച്ച അച്ചൂട്ടിയ്ക്ക് താങ്ങാനാകുന്നതിലും അധികമായിരുന്നു. അന്യപുരുഷന്‍ താലി കെട്ടിക്കൊണ്ടു പോകുമ്പോള്‍ മകളുടെ വിഷാദമിയന്ന മുഖം കണ്ട് ആ നെഞ്ച് പിടഞ്ഞ് പിടഞ്ഞ് തീരാറായി.

"വെണ്‍നുര വന്നു
തലോടുമ്പോള്‍
തടശ്ശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ
ചെമ്പിലരയന്‍
ദൂരെ തുഴയെറിയുമ്പോള്‍
തീരവും പൂക്കളും
കാണാകരയില്‍ മറയുകയായിരുന്നോ
രാക്കിളി പൊന്മകളേ
നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൌനം
പിന്‍ വിളിയാണോ"

 
ഏതൊരു ശിലയെ പോലും അലിയിക്കുന്ന അച്ചൂട്ടി എന്ന അരയന്‍റെ നൊമ്പരം ഭാവാത്മകത കൊണ്ട് ഉന്നതിയിലാണ്. ഒരു ചിത്രം വരയ്ക്കുന്നത്ര മനോഹരമായി കടലും വീട്ടമ്മയായി കുട്ടയും ചുമലിലേറ്റി നടന്നു പോകുന്ന മുത്തും എല്ലാം എല്ലാം അച്ചൂട്ടിയ്ക്ക് നിരന്തരമായ നോവുകള്‍ തന്നെ സമ്മാനിച്ചു കൊണ്ടേയിരുന്നു. ഉത്തരവാദിത്തമില്ലാതെ നല്ലൊരു അരയനായി അംഗീകരിക്കാനാകാതെ രാഘവനെ അച്ചൂട്ടിയ്ക്ക് മകളുടെ ഭര്‍ത്താവായി ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല.

"ഞാനറിയാതെ
നിന്‍പൂമിഴിത്തുമ്പില്‍
കൌതുകമുണരുകയായിരുന്നോ
എന്നിളം കൊമ്പില്‍ നീ
പാടാതിരുന്നെങ്കില്‍
ജന്മം പാഴ്മരമായേനേ
ഇലകളും കനികളും
മരതകവര്‍ണ്ണവും
വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്മകളേ
നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൌനം
പിന്‍ വിളിയാണോ"

ഒരു പ്രണയത്തിന്‍റെ വിത്തു മുള പൊട്ടി വരുന്നത് അങ്ങനെയാണ്. അടുത്തു നില്‍ക്കുന്ന വേരുകള്‍ പോലുമറിയതെ. പൂത്ത് വിടര്‍ന്ന് സൌരഭ്യം പരക്കുമ്പോള്‍ തിരിച്ചറിയാം റോസാപുഷ്പമാണോ സുഗന്ധമിലലത്ത മറ്റേതെങ്കിലും പൂക്കളാണോ എന്ന്. പ്രണയവും അങ്ങനെ തന്നെയല്ലേ?
അച്ചൂട്ടി വളരെ അടുത്തായിരുന്നു അയാളുടെ മുത്തിന്‍റെ. നെഞ്ചോട് ചേര്‍ത്തു വച്ചിരുന്നു. എന്നാല്‍ മകളുടെ മെയ്യും മനസ്സും പൂത്തു വിടര്‍ന്നത് ഒരു അച്ഛനായതു കൊണ്ടു തന്നെ അച്ചൂട്ടിയ്ക്ക് തിരിച്ചറിയാനാകാതെ പോയി. ഇനിയിപ്പോള്‍ എന്തു പറയാന്‍.. കാലം മായ്ക്കാത്ത മുറിവുകളുണ്ടോ?

 
രാഘവന്‍റെ വാശിയായിരുന്നു അത് , അരയനെന്ന പേരുറപ്പിക്കാനുള്ള അമിതമായ ആവേശം. കോളുതെറ്റിയ ആകാശത്തെ വകവയ്ക്കാതെ കടലമ്മയുടെ ചങ്കിലേയ്ക്കിറങ്ങി വലവിരിച്ചവന്‍ മിടുക്കനാണോ മണ്ടനാണോ എന്ന് കരക്കാര്‍ക്കാറിയില്ല. പക്ഷേ മകളുടെ പ്രിയപ്പെട്ടവന്‍ ലക്ഷ്യം തെറ്റി അലയുന്നത് കണ്ടു നില്‍ക്കാന്‍ അച്ചൂട്ടിയ്ക്കു കഴിയുമോ? കണ്ണേ, കരളേ എന്നു പറഞ്ഞ് വളര്‍ത്തിയ അച്ഛനേ പോലും പാതിവഴിയിലിട്ട് അവള്‍ ഇറങ്ങിപ്പോയത് അവനു വേണ്ടിയായിരുന്നു. അത് അച്ചൂട്ടിയ്ക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ അയാള്‍ക്ക് കടല്‍ എത്ര ഭീകരമാണെങ്കിലും അതിന്‍റെ ഇരുണ്ട ഗുഹകളിലേയ്ക്ക് പോകേണ്ടതുണ്ട്. അവിടെയെങ്ങോ ദിശയറിയാതെ മകളുടെ അരയന്‍ അലയുന്നുണ്ട്. അച്ചൂട്ടി നേരും നെറിയുമുള്ള അരയനാണ്, മകളോട് അതീവ സ്നേഹമുള്ള അച്ഛനും. കൂട്ടുകാരനോടുള്ള പടലപ്പിണക്കങ്ങള്‍ക്കുമപ്പുറം അയാളുടെ മകനെ തിരികെ തീരത്തെത്തിക്കുമ്പൊള്‍ ആ കഥ അവിടെ അവസാനിച്ചിരുന്നെങ്കില്‍...

അങ്ങനെയായിരുന്നെങ്കില്‍ മുത്തിന്, പൊട്ടിച്ചിരിക്കാമായിരുന്നു, അവളുടെ അച്ഛനേയും അദ്ദേഹം തിരികെ കൊണ്ടു വന്ന തന്‍റെ അരയനേയുമോര്‍ത്ത്. പക്ഷേ കടലിന്‍റെ നരച്ച നിഗൂഡതയിലേയ്ക്ക് തുഴയെറിഞ്ഞു പോയ അച്ചൂട്ടി ഒരു നോവായി അവളില്‍ പടര്‍ന്നു വീണു. ഒരു തരിമ്പു പോലും കാരുണ്യം കാട്ടാതെ അയാള്‍ യാത്ര തുടര്‍ന്നു. ഒരിക്കലും ചതിയ്കകത്ത കടലമ്മയുടെ ഹൃദയവും തേടി.

 
ലോഹിതദാസിന്‍റേയും ഭരതെനെന്ന മാന്ത്രികന്‍റേയും അദ്ഭുതകൂടിച്ചേരലില്‍ പിറവിയെടുത്ത അമരം ഒരു യാത്ര തന്നെയാണ്...

ഒരു അച്ഛന്‍റേയും മകളുടേയും അവരുടെ സ്നേഹത്തിന്‍റേയും. പക്ഷേ അവളെ പാതിവഴിയിലുപേക്ഷിച്ച് അയാള്‍ കരയില്ലാത്ത ആഴങ്ങളിലേയ്ക്ക് ശേഷിച്ച യാത്ര ഒറ്റയ്ക്ക് നടത്തുമ്പോള്‍ തനിച്ചാകുന്നത് മുത്തല്ലേ... അച്ചൂട്ടിയുടെ സ്വന്തം മുത്ത്.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment