'കയറിക്കിടക്കാനൊരു വീട്''. അതാണ് എല്ലാമനുഷ്യരുടേയും ഏറ്റവും വലിയ സ്വപ്നം. നമ്മുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണത്. ആദിമ മനുഷ്യന്‍ സംസ്ക്കാര ചിത്തനാവാന്‍ തുടങ്ങിയതു തന്നെ ഒരിടത്ത് സ്ഥിരമായി പാര്‍പ്പുറപ്പിച്ച് സാമൂഹിക ജീവിതം തുടങ്ങിയതില്‍ പിന്നെയാണ്. മനുഷ്യന്റെ സഹജമായ ആവശ്യങ്ങളായ അഭയം, സുരക്ഷ, സ്വകാര്യത, വിശ്രമം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഗൃഹം അഥവാ വീട് എന്ന ആശയം രൂപപ്പെട്ടത്.
ഇന്ന് സമൂഹത്തില്‍ പ്രൌഡിയും അന്തസ്സും നിലനിര്‍ത്തുന്നത് വീട് എന്ന സാമ്രാജ്യത്തിന്റെ വലിപ്പമനുസരിച്ചാണ്. നമ്മുടെ സ്വപ്‌നങ്ങള്‍ അതിന്റെ പൂര്‍ത്തീകരണത്തില്‍ ഏറ്റവും മനോഹരമായിരിക്കണം എന്നത് നമ്മുടെ അടക്കാനാവാത്ത ആഗ്രഹമാണ്. അതിനായി നമുക്ക് ചുറ്റും സ്വപ്നങ്ങളുടെ അടിത്തറ പാകുവാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ വിവിധ പേരുകളില്‍ സഹായ ഹസ്തവുമായി (കരാള ഹസ്തവുമായി )നമ്മളിലേക്ക് എത്തുമ്പോള്‍ വിദൂരമായ സ്വപ്നത്തില്‍ നിന്നു യാഥാര്‍ത്ഥ്യമായ ലോകത്തിന്റെ വല നെയ്യുവാന്‍ നാം തുടങ്ങുകയായി. പിന്നെ നാം നമ്മുടെ ചുറ്റുപാടുകളിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കാന്‍ തുടങ്ങും. ചുറ്റുവട്ടത്തുള്ളവയില്‍ നിന്നൊക്കെ തലയെടുപ്പും വ്യത്യസ്തവുമായ ഒന്നാവണമെന്ന ചിന്ത. ഏതൊക്കെ രീതിയില്‍ വീടുവെക്കാമെന്നാവും പിന്നത്തെ ചിന്ത. വീട് എന്ന ചെറിയ സ്വപ്നത്തില്‍ നിന്നു സൌധം എന്ന വലിയ സ്വപ്നത്തിലേക്ക് നാം നമ്മെ പറിച്ചു നടുമ്പോള്‍ വലിയൊരു ദുരന്തത്തെ ക്ഷണിച്ചു വരുത്തുകയാണ് എന്ന് നാം അറിയുന്നില്ല. ഇവിടെ ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഈ എഴുത്ത്
തുടരുന്നത്. കാരണം ഞാനും ഈ കാഴ്ച്ചപ്പാടിന്റെ ഉപഭോക്താവാണ്. നാട്ടില്‍ വീടുണ്ടാക്കിയിട്ട് കൊതിതീരെ താമസിക്കാന്‍ കഴിയാതെ മുന്നോട്ടുള്ള യാത്രയില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി പ്രവാസത്തിന്റെ ഭാഗമാവേണ്ടി വന്നവള്‍.
വീട് വെക്കുക എന്നത് ഒരു യോഗമാണെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. ലക്ഷങ്ങള്‍ സ്വരുക്കൂട്ടിവച്ച് നോക്കിയിരിക്കുന്നവര്‍ക്കുപോലും ഒരു വീടെന്ന സ്വപ്‌നം പലപ്പോഴും സാധ്യമാകാറില്ല. അപ്പൊ പിന്നെ സാധാരണക്കാരന്റെ കാര്യം പറയാനുമില്ല. ഭവന നിര്‍മാണരംഗത്തെ ഭീമമായ ചെലവും ബുദ്ധിമുട്ടും കാരണം പലര്‍ക്കും ഇന്ന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കയാണ്. ധാരാളിത്തത്തിന്റെ ക്യൂവില്‍ അകപ്പെട്ട മലയാളിയുടെ സമ്പത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന സ്വപ്നപദ്ധതിയാണ് ഇന്ന് വീടും അതിന്റെ നിര്‍മിതിയും. കേരളത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളില്‍ പലതും ബാങ്കുവായ്പ്പയുടേയും പലിശയുടേയും നൂലാമാലകളില്‍ കിടന്ന് ഞെരിപിരികൊള്ളുകയാണ്. കൈമുതലായ മണ്ണ് പണയപ്പെടുത്തി വീമ്പു പറച്ചിലിന് ഒരുക്കം കൂട്ടി പൊങ്ങച്ചത്തിന്റെ ലോകത്തേക്ക് നടന്നടുക്കുമ്പോള്‍ ആയുസ്സ് മുഴുവനും തീറെഴുതി കൊടുത്തതിന്റെ വേദന അപ്പോള്‍ അവന്‍ അറിയാത്ത പോലെ നടിക്കുന്നു. പിന്നീടു സഹായ ഹസ്തം നീട്ടിയ ബാങ്കുകള്‍ അവനെ വരിഞ്ഞു മുറുക്കുമ്പോള്‍ അവന്‍ അറിയുന്നു ഇറ്റാലിയന്‍ മാര്‍ബിളും, ഗ്രാനൈറ്റും പതിച്ച ഒരു ശീതീകരണ മുറിയിലും തനിക്കു ഉറങ്ങുവാന്‍ കഴിയുന്നില്ല എന്ന്. കാര്യങ്ങള്‍ ഇത്തരത്തിലൊക്കെ ആണെങ്കിലും കടം വാങ്ങിയും ആഡംബരപൂര്‍ണമായ വീട് ഉണ്ടാക്കിയേ അടങ്ങൂവെന്ന വാശിയിലാണ് നാം. ഒരു പുരുഷായുസ്സു മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ സിംഹഭാഗവും വീടുവയ്ക്കാന്‍ മാത്രം വിനിയോഗിച്ച് അടുത്ത തലമുറകള്‍ക്കുപോലും സാമ്പത്തികവും മാനസികവുമായ ബാദ്ധ്യതകള്‍ വരുത്തിക്കൂട്ടുന്ന സ്ഥിതി ദയനീയമാണ്.
കേരളത്തില്‍പ്പോള്‍ 75 ലക്ഷത്തില്‍ കൂടുതല്‍ വീടുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ പതിമൂന്ന് ലക്ഷത്തില്‍പ്പരം വീടുകള്‍ ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. എന്നിട്ടും എട്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ല എന്നത് വിരോധാഭാസമാണ്. "എന്തിന് വേണ്ടിയാണ് മനുഷ്യര്‍ ഇങ്ങനെ വീടുകള്‍ കെട്ടി പൊക്കുന്നതെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. വീടും സുഖസൗകര്യങ്ങളും ഉണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രകൃതിയുടെ അവശേഷിക്കുന്ന തുരുത്തുകളാണ്. കാടും പുഴയും ഒക്കെ നശിപ്പിക്കുമ്പോള്‍ നാളെ തലമുറകള്‍ അതിന്റെ പേരില്‍ പൂര്‍വികരെ ചോദ്യം ചെയ്യും" പ്രകൃതി സ്നേഹിയായ നമ്മുടെ സുഗതകുമാരി ടീച്ചറിന്റെ വാക്കുകളാണിത്. കേരളം എന്ന ഉപഭോഗ ദേശത്ത് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി കച്ചവടങ്ങള്‍ തഴച്ച് വളരുകയാണ്. ഭൂമാഫിയകളും മണല്‍മാഫിയകളും തുടങ്ങി എല്ലാമേഖലകളും ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കുന്നിടിച്ച് നിരത്തിയും പുഴനികത്തിയും കാട് കത്തിച്ച് വനങ്ങള്‍ നശിപ്പിച്ചുമൊക്കെ വിനാശകരമായ രീതിയില്‍ മനുഷ്യന്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുകയാണ്.
ഭക്ഷണം കഴിഞ്ഞാല്‍ പ്രധാനപ്പെട്ടത് മനുഷ്യന് പാര്‍ക്കാനൊരിടമാണ്. എന്നാല്‍ ആഹാരസമ്പാദനത്തെക്കാള്‍ പാര്‍ക്കാനൊരിടം പടുത്തുയര്‍ത്തുക എന്നത് ഇന്ന് മനുഷ്യരുടെ ഹോബിയായി മാറി ഇരിക്കുകയാണ്. പ്രാചീന മനുഷ്യന്‍ അധിക സമ്പത്ത് കുഴികളിലാക്കി മണ്ണിനടിയില്‍ നിധികുംഭങ്ങളിലാക്കി ബാങ്കുകളില്ലാത്ത കാലത്ത് കുഴിച്ചിട്ടിരുന്നുവെങ്കില്‍ ഇന്നത്തെ ഹൈടെക്ക് മനുഷ്യന്‍ ഭൂമിയില്‍ തന്റെ സമ്പത്ത് കെട്ടിടങ്ങളായി ഉയര്‍ത്തി നിര്‍ത്തുന്നു.2200 കോടി പ്രതിവര്‍ഷ വരുമാനമുള്ള കേരളത്തിലെ വിദേശ പണത്തിന്റെ നെഗളിപ്പാണ് പരിസ്ഥിതിക്കും നദികളുടെ നാശത്തിനും വരെ കാരണമാക്കിയ വീടാധിക്യത്തിനും പൊങ്ങച്ച സംസ്കാരത്തിനും നിമിത്തമായത് . അന്യര്‍ക്ക് പ്രവേശനമില്ലാ എന്നബോര്‍ഡുമായി അടഞ്ഞുകിടക്കുന്ന കുറ്റന്‍ ബംഗ്ലാവുകള്‍ ഇന്ന് നമ്മുടെ നാട്ടിലെ സാധാരണ കാഴ്ച്ചയാണ്. വിദേശത്ത് കുടുംബമായി താമസിക്കുന്ന മുഴുവന്‍ ആളുകളും ഒന്നോ അതിലധികമോ വീടുകളുടെ ഉടമകളാണ്. താമസിക്കാന്‍ വിധിയില്ല്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകള്‍. എന്നിട്ടും ഫ്ലാറ്റോ വില്ലകളോ പുതുതായി പണിതുടങ്ങിയിട്ടുണ്ട് എന്ന പരസ്യം കേട്ടാല്‍ വീണ്ടും അതിന്റെ പിന്നാലെ പായും ബുക്ക് ചെയ്യാന്‍. വീട് വെക്കുക എന്ന കാര്യം വരുമ്പോള്‍ സാധാരണക്കാരനായ പ്രവാസിയുടെ അവസ്ഥയും എടുത്ത് പറയേണ്ടതാണ്. എല്ല് വെള്ളമാക്കി സമ്പാദിച്ച് വീടുപണി തുടങ്ങിക്കഴിഞാല്‍ അന്തമില്ലാത്ത ഓട്ടമാണ്. ആയുസ്സും ആരോഗ്യവുമൊക്കെ തീറെഴുതി വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചിട്ടും ആയുസ്സിന്റെ സിംഹഭാഗവും മരുഭൂമിയില്‍തന്നെ കഴിച്ച് കൂട്ടേണ്ടി വരും കടങ്ങളും മറ്റു ബാധ്യതകളും വീട്ടാന്‍. ഒടുവില്‍ ആരോഗ്യം ക്ഷയിച്ച് വീടണയുമ്പോള്‍ നഷ്ട്ടങ്ങളാവും ബാക്കിയാവുന്നത്.
വീടിന്റെ വലിപ്പവും സൌകര്യവും കൂടുന്നതിനനുസരിച്ച് ബന്ധങ്ങളുടെ അകലവും കൂടുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇട്ടാവട്ടത്തിലുള്ള പണ്ടുകാലത്തെ വീടുകളില്‍ എങ്ങോട്ടുതിരിഞ്ഞാലും പരസ്പ്പരം കാണാനും ഒന്നു ചിരിക്കാനും സംസാരിക്കാനുമൊക്കെ സൌകര്യമുണ്ടായിരുന്നു. ഇന്ന് സ്‌ക്വയര്‍ ഫീറ്റുകളുടെ വലിപ്പം കൂട്ടി മുറികള്‍ പണിതിട്ട് ഇന്റെര്‍കോം വെച്ച് ആവശ്യങ്ങളും ആശയ വിനിമയങ്ങളുമൊക്കെ നടത്തുമ്പോള്‍ ബന്ധങ്ങള്‍ കണ്ണെത്തും ദൂരങ്ങള്‍ക്കപ്പുറത്താണ്. അയല്‍ക്കാരനിലേക്കുള്ള ദൂരം കൂടുകയും അയല്‍ രാജ്യങ്ങളിലേക്ക് ദൂരം കൂടുകയും ചെയ്യുന്ന അവസ്ഥ.
ആത്മാവില്ലാത്ത ശരീരങ്ങളാണ് ഇന്നത്തെ കേരളീയ ഭവനങ്ങള്‍. കൂടുമ്പോള്‍ ഇമ്പം കൂടുന്നതാണ് കുടുംബം എന്ന വസ്തുതയില്‍ നിന്ന് വൃത്തിയും വെടിപ്പുമുള്ള സ്ഥാപനങ്ങള്‍ മാത്രമായി വീടുകള്‍ അധഃപതിച്ചിരിക്കുന്നു. ജനനവും മരണവും ഒന്നുമിപ്പോള്‍ വീടുകളില്‍ നടക്കുന്നില്ല. ഒക്കെ ആശുപത്രികളിലാണ്. ജനനം ആശുപത്രികളില്‍ നടക്കുന്നത് പുരോഗതിയുടെ ഭാഗമാണെന്ന് കരുതാമെങ്കിലും മരണം ആശുപത്രികളില്‍ നടക്കുന്നത് അധഃപതനമാണ്, മനുഷ്യന്റേയും പ്രകൃതിയുടേയും. നിങ്ങളുടെ വീടുകള്‍ മരിച്ചവരുടെ ശവക്കല്ലറകളാകരുത് എന്ന മഹത് വചനത്തിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോവുകയാണ് ഇന്നത്തെ അടഞ്ഞുകിടക്കുന്ന ആളില്ലാ സൌധങ്ങള്‍. പ്രകൃതിവിഭവങ്ങള്‍ നശിപ്പിച്ച് വീടുകളും ഫ്ലാറ്റുകളുമൊക്കെ നിര്‍മ്മിക്കുന്നത് ഖബറിടങ്ങളിലും സെമിത്തേരികളിലുമൊക്കെ വീടുവെക്കുന്നതിന് തുല്യമാണ്. "ക്ഷമയാം ധരിത്രി" യുടെ ക്ഷമക്കും അതിരുണ്ട്........സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
No comments:
Post a Comment