പ്രായം തോന്നുകയേയില്ല; അവാക്കാഡോ ഉണ്ടെങ്കില്‍
പോഷകസമ്പന്നവും ഊര്‍ജദായിനിയുമായ ഫലവര്‍ഗമാണ് അവാക്കാഡോ. പ്രായമാകുന്നതിനെ ചെറുത്തുതോല്‍പ്പിക്കുന്ന പത്തു പഴങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് അവാക്കാഡോയുടെ സ്‌ഥാനം. ആരോഗ്യം സംരക്ഷിക്കുന്ന പഴമായതിനാല്‍ അവാക്കാഡോയ്‌ക്കു അടുത്തകാലത്ത് അന്താരാഷ്‌ട്ര വ്യാപാരത്തില്‍ വന്‍പ്രാധാന്യം കൈവന്നു. ആഗോള കയറ്റുമതിയുടെ 60 ശതമാനവും അമേരിക്കയില്‍ നിന്നാണ്. കാലിഫോര്‍ണിയയാണ് പ്രധാന കേന്ദ്രം. ബട്ടര്‍ ഫ്രൂട്ട് അഥവാ വെണ്ണപ്പഴമെന്നും അവാക്കാഡോ അറിയപ്പെടുന്നു.
ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, എന്നീ സംസ്‌ഥാനങ്ങളിലെ മലമ്പ്രദേശങ്ങളിലാണ് കൃഷി കൂടുതലും. മഹാരാഷ്‌ട്രയിലും സിക്കിമിലും ഭേദപ്പെട്ട രീതിയില്‍ കൃഷിയുണ്ട്. വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള അവാക്കാഡോയുടെ കൃഷി വികസിപ്പിക്കാന്‍ കേരളത്തില്‍ ഏറെ സാധ്യതകളാണുള്ളത്. കേരളത്തിലെ പശ്‌ചിമഘട്ട മലമ്പ്രദേശങ്ങളിലെ താരതമ്യേന തണുപ്പുള്ള കാലാവസ്‌ഥയില്‍ ഇത് നന്നായി വളരും.
മധ്യ അമേരിക്കയിലെ മെക്‌സിക്കോയാണ് അവാക്കാഡോയുടെ ഉത്ഭവകേന്ദ്രം. അവിടെനിന്നു സ്‌പെയിനിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. നൂറുവര്‍ഷം മുമ്പ് സിലോണില്‍നിന്നാണ് ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കെത്തിയത്. ഫലത്തിന്റെ ഉള്ളിലെ മൃദുവായ പള്‍പ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഉയര്‍ന്ന കൊഴുപ്പാണ് പള്‍പ്പിന്റെ പ്രത്യേകത. ചില അവാക്കാഡോ ഇനങ്ങള്‍ക്ക് വാഴപ്പഴത്തിന്റെ ഇരട്ടി ഊര്‍ജമുണ്ട്. ഓരോ നൂറുഗ്രാം പള്‍പ്പിലും 245 കലോറി അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ 25-ലേറെ ധാതുലവണങ്ങളും വൈറ്റമിനുകളും മറ്റു പോഷകങ്ങളും ഇതിലുണ്ട്. ഇതിലെ ഗ്ലൂട്ടാത്തിയോണ്‍ എന്ന ആന്റിഓക്‌സിഡന്റ് കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങളെ പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ത്വക്കിന്റെ ചുളിവുകള്‍ മാറ്റി മിനുസപ്പെടുത്തി പ്രായമാകുന്നതിനെ സാവധാനത്തിലാക്കുന്നു. പഴത്തിലെ ബീറ്റാ സിറ്റോസ്‌റ്റിറോള്‍ രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവു കുറയ്‌ക്കുന്നു. അവാക്കാഡോ അടങ്ങിയ ഭക്ഷണം ഒരാഴ്‌ച തുടര്‍ച്ചയായി കഴിച്ചാല്‍ രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവു 17 ശതമാനം കണ്ടു കുറയുമെന്നു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പഴത്തിന്റെ പകുതിയില്‍ 500 മില്ലിഗ്രാം പൊട്ടാസ്യവും ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ് മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വൈറ്റമിന്‍ എ, ബി, സി, കെ എന്നിവയും നല്ല അളവിലുണ്ട്. പഴത്തിന്റെ പള്‍പ്പില്‍ പഞ്ചസാര ചേര്‍ത്താണ് ഇത് കഴിക്കുന്നത്. മില്‍ക്ക് ഷേക്ക്, സാന്‍ഡ്‌വിച്ച്, ഐസ്‌ക്രീം എന്നിവയിലും അവാക്കാഡോ ചേര്‍ക്കുന്നു. ഫ്രൂട്ട് സലാഡിന്റെയോ വെജിറ്റബിള്‍ സലാഡിന്റെയോ ഭാഗമായും ഭക്ഷിക്കാം.
നിത്യഹരിത വൃക്ഷമായ അവാക്കാഡോ ഉയര്‍ന്ന വേനല്‍ച്ചൂടും മഞ്ഞുറയുന്ന തണുപ്പും താങ്ങുകയില്ല. 12.8 ഡിഗ്രി മുതല്‍ 28.3 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്‌മാവുള്ള പ്രദേശങ്ങളാണ് കൃഷിക്കു യോജിച്ചത്. അവാക്കാഡോയില്‍ മൂന്നു ഉപജാതികളുള്ളതില്‍ വെസ്‌റ്റ് ഇന്ത്യന്‍ ഇനമാണ് ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ അനുയോജ്യം. മണല്‍ കലര്‍ന്ന എക്കല്‍മണ്ണും 40 ശതമാനം കളിമണ്ണുള്ള പ്രദേശങ്ങളും കൃഷിക്കു യോജിച്ചതാണ്. മണ്ണില്‍ നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ലവണാംശം കൂടുതലാകാന്‍ പാടില്ല. വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ കായ്‌ക്കാന്‍ വൈകുമെന്നതിനാല്‍ മറ്റു രീതികളിലുണ്ടാക്കിയ തൈകള്‍ വേണം നടാന്‍. തൈകള്‍ 6-12 മീറ്റര്‍ അകലത്തില്‍ നടാം. ഹെക്‌ടറിന് 400 തൈകള്‍ നടുന്ന ഊര്‍ജിത കൃഷിരീതി അടുത്ത കാലത്ത് പ്രചാരത്തിലായിട്ടുണ്ട്. 60 സെന്റിമീറ്റര്‍ വീതം നീളം, വീതി, ആഴം എന്നിവയുള്ള കുഴികളില്‍ തൈകള്‍ നടാം. നടുന്നതിന് 10-15 ദിവസം മുമ്പേ കുഴികള്‍ തയ്യാറാക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളം ചേര്‍ത്തതിനുശേഷം മേല്‍മണ്ണ്, ഉണങ്ങിയ ഇല എന്നിവ ചേര്‍ത്ത് മൂടണം. തൈകള്‍ ചുവട്ടിലെ മണ്ണോടുകൂടി വേണം നടാന്‍. കടുത്ത വേനല്‍ക്കാല മൊഴിച്ചുള്ള സമയത്തുവേണം നടാന്‍. തോട്ടം കളവിമുക്‌തമായി സൂക്ഷിക്കണം.
ഇടയ്‌ക്ക് തോട്ടത്തില്‍ ഇടയിളക്കി കൊടുക്കണം. എന്നാല്‍ ആഴത്തിലുള്ള ഇടയിളക്കല്‍ പാടില്ല. ചെടികളുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൊണ്ടോ മറ്റു ജൈവവസ്‌തുക്കള്‍കൊണ്ടോ പുതയിടണം. ഇത് ഈര്‍പ്പസംരക്ഷണത്തെ സഹായിക്കുന്നതോടൊപ്പം കളകളുടെ വളര്‍ച്ചയെ തടയും. കേരളത്തിലെ വിപണികളില്‍ അടുത്തകാലത്തായി ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന പഴവര്‍ഗമാണ് അവാക്കാഡോ. നാട്ടിലെ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇതിന് നല്ല വികസന സാധ്യതയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണം.
ഡോ. ജോസ് ജോസഫ്.
No comments:
Post a Comment