Sunday 9 February 2014

[www.keralites.net] ????????? ????? ?? ?????????????

 

നഗരങ്ങള്‍ ഇവിടെ രാപാര്‍ക്കുന്നു


മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ നീളുകയാണ്. ഒരു വിനോദസഞ്ചാര സീസണ്‍ കൂടി പിറക്കുന്നതോടെ കുളിരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി.

ഉഷ്ണക്കാറ്റ് വീശുന്ന കര്‍ണാടകയില്‍ നിന്നും വയനാട്ടിലേക്കുള്ള കവാടമാണ് തോല്‍പ്പെട്ടി. സഞ്ചാരികളെ സ്വീകരിക്കാന്‍ ഇവിടെ പാതയോരത്ത് ഒരുങ്ങിനിന്നിരുന്നത് നിത്യഹരിത മുളങ്കൂട്ടങ്ങളാണ്. ഇല്ലിക്കാടുകളുടെ മര്‍മ്മരങ്ങള്‍ പിന്നിടും മുമ്പേ ബേഗൂര്‍ എന്ന വനഗ്രാമമായി. കാടു വളഞ്ഞുനില്ക്കുന്ന വയനാടിന്റെ ഭൂതകാലമാണ് പരിഷ്‌കാരങ്ങള്‍ ഇന്നും തൊടാത്ത ഗ്രാമത്തിന്റെ പച്ചപ്പ് സഞ്ചാരികള്‍ക്കായി കാത്തുവെക്കുന്നത്.

വയനാടിന്റെ വേറിട്ട കാഴ്ചയില്‍ കാവല്‍മാടങ്ങളുടെ സ്വന്തം ഗ്രാമമാണിത്. വനദൃശ്യങ്ങളെ തൊട്ടുനില്ക്കുന്നു കൃഷിയിടങ്ങള്‍. ഏറെ വിശാലമല്ലാത്ത വയലുകളുടെ ഓരങ്ങളിലായി അഞ്ചും ആറും വീടുകളുടെ ചെറു ചെറുസങ്കേതങ്ങളും അവയ്ക്ക് എന്നും ഭീഷണിയായി കാട്ടിയും കാത്തുപോത്തുമടങ്ങുന്ന വന്യമൃഗങ്ങളും. ഇതിനെല്ലാം കാവലാണ് ഒറ്റപ്പെട്ട മരത്തിനു മുകളില്‍ ജാഗ്രത പുലര്‍ത്തുന്ന ഏറുമാടങ്ങള്‍. ഒന്നും രണ്ടുമല്ല, നിരനിരയായി നിരവധി മാടങ്ങളാണ് ഓരോ ഗ്രാമത്തിനും സ്വന്തം.

 

വിനോദസഞ്ചാരവകുപ്പിന്റെ ലഘുലേഖയില്‍ ബേഗൂര്‍ ഗ്രാമമില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയാണ്. സന്ധ്യ മയങ്ങുമ്പോള്‍ കാവല്‍മാടങ്ങളിലെ റാന്തലുകള്‍ തെളിയും. ഓരോ കുടുംബത്തിലെയും നിയോഗിക്കപ്പെട്ടവര്‍ ഗ്രാമത്തിനു കാവലായി മാടങ്ങളിലേക്ക് കയറും. നേരമിരുട്ടി പുലരുംവരെ അങ്ങിങ്ങായി മാടങ്ങളില്‍ നിന്ന് മുഴങ്ങുന്ന പെരുമ്പറകളാണ് ഗ്രാമത്തിന്റെ തപ്പുതാളം. ഇതൊന്നും വകവെക്കാതെയെത്തുന്ന കാട്ടാനകള്‍ പലപ്പോഴും ഗ്രാമീണര്‍ക്ക് ഉറക്കമില്ലാത്ത രാത്രി പകരുന്നു. ഒരു ആഫ്രിക്കന്‍ ജീവിത പരിസരമായി മറുനാടന്‍ സഞ്ചാരികള്‍ ഈ ഗ്രാമങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു.
നീളത്തില്‍ മുറിച്ചെടുത്ത ഇല്ലിമുളകളാണ് മാടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുക. ഒറ്റമരത്തിന്റെ ചാഞ്ഞ ശിഖരങ്ങളില്‍ ആ മുളകള്‍ കാട്ടുവള്ളികള്‍ വരിഞ്ഞ് ഇരിപ്പിടം നിര്‍മ്മിക്കുകയാണ് ആദ്യപണി. പിന്നെ തെരുവപ്പുല്ല് കെട്ടി മേല്‍ക്കൂരയും ഒരുക്കുന്നു.

ഇരുപത് മുതല്‍ നൂറുമീറ്റര്‍ വരെ ഉയരത്തിലാണ് കാവലല്‍മാടങ്ങള്‍. സാഹസികമാണ് ഇതിനുള്ളിലെ കാവല്‍. പെരുമ്പറ കേട്ട് പാഞ്ഞടുക്കുന്ന കാട്ടാനക്കൂട്ടങ്ങളെ നേരിടണമെങ്കില്‍ അസാമാന്യ ധൈര്യം വേണം. ഗ്രാമീണരുടെ ഈ ധൈര്യങ്ങളിലാണ് വിനോദ സഞ്ചാരികളുടെ സാഹസികതകള്‍.

മരമുകളിലെ ഇത്തരം 'ഹട്ടു'കളില്‍(ഏറുമാടങ്ങള്‍) താമസിക്കാന്‍ സഞ്ചാരികള്‍ക്ക് താല്‍പ്പര്യാണ്. കാടിനെയും വന്യജീവികളെയും അടുത്തറിയാനുള്ള വിധത്തില്‍ ഹട്ടുകള്‍ നിര്‍മ്മിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സ്വകാര്യ സംരംഭങ്ങളും ഈയടുത്ത് ഇവിടെ വിരുന്നെത്തി. വന്‍ നഗരങ്ങളില്‍ നിന്നും തിരക്കുകള്‍ക്കെല്ലാം അവധി പറഞ്ഞെത്തുന്ന ടൂറിസ്റ്റുകള്‍ ഈ സങ്കേതങ്ങളില്‍ അന്തിയുറങ്ങുന്നു. നാഗരികര്‍ രാപാര്‍ക്കുന്ന സങ്കേതങ്ങള്‍ക്ക് കാവലായി ഗോത്രഗ്രാമങ്ങള്‍ ഉറക്കൊഴിയുന്നു.

 

ബേഗൂരിനു സമീപം വിനോദസഞ്ച സാധ്യതയുള്ള നിരവധി ഗ്രാമങ്ങളുണ്ട്. അപ്പപ്പാറയില്‍ നിന്നു വടക്കുകിഴക്കുമാറി ബ്രഹ്മഗിരിയിലെ മല്ലികപ്പാറ, മധ്യപ്പാടി, കാജാഗഡി, സര്‍വാണി, റസ്സല്‍ക്കുന്ന്... ഗ്രാമങ്ങളുടെ പട്ടിക നീളുകയാണ്.

പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ വനയാത്രയ്ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്ന വനസംരക്ഷണ സമിതികള്‍ ഇതിനായി മൂന്നു പാക്കേജുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളെയാണ് ഓരോതവണയും പാത്തിപ്പാറ, മൂലപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഴികാട്ടുക. പ്രദേശത്തിന്റെ ചരിത്രം, പാരിസ്ഥിതിക പ്രാധാന്യം എന്നിവയില്‍ പ്രാവീണ്യം നേടിയ ആദിവാസികളാണ് കൂടെ. ഓരോ പാക്കേജിലും യാത്രയിലാവശ്യമായ ഭക്ഷണം, വെള്ളം എന്നിവയെല്ലാം അവര്‍ നല്‍കും. സര്‍വീസ് ചാര്‍ജ്ജ് അടച്ചുകഴിഞ്ഞാല്‍ തിരുനെല്ലിയിലെ വികസന സമിതി ഓഫീസില്‍നിന്നും സഞ്ചാരികള്‍ക്ക് യാത്രാപാസുകള്‍ ലഭിക്കും.

തിരുനെല്ലി തീര്‍ത്ഥാടകരുടെ പുണ്യഭൂമി


 

വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കാന്‍ നിരവധിപേര്‍ നിത്യവും എത്തുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് ഇതിനകം ഖ്യാതി പടര്‍ന്ന ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരുപോലെ വിസ്മയം പകരുന്നു. നിബിഡവനങ്ങള്‍ക്ക് ഇടയിലൂടെ അമ്പലത്തിലേക്കുള്ള യാത്രതന്നെ മനസ്സിനെ കുളിര്‍പ്പിക്കും.

ബ്രഹ്മഗിരിയുടെ താഴ്‌വാരത്തിലാണ് പൗരാണികത കൈവെടിയാത്ത പാപനാശിനിയും അമ്പലവുമുള്ളത്. കിണറില്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഇവിടെ മാത്രമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്. ക്ഷേത്ര വരാഹവും ഇതുതന്നെ.

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രധാനമായും നാലു വാവുകള്‍ക്കാണ്പ്രസക്തി - കര്‍ക്കടവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് എന്നിവയാണത്. കര്‍ക്കടകവാവിന് പതിനായിരങ്ങളാണ് പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് ബലിയര്‍പ്പിക്കുക. അമ്പലത്തിനോട് ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങള്‍ മുമ്പ് ഉണ്ടായിരുന്നു എന്ന് നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം. ഇതിനു നടുവിലായി ഉയര്‍ന്നു നില്ക്കുന്ന പാറയില്‍ ശംഖ് ഗദാപത്മവും പാദവും കൊത്തിവെച്ചിട്ടുണ്ട്. പെരുമാളെ അഭിഷേകം ചെയ്യുന്ന ജലം ഭൂമിക്കടിയിലൂടെ പഞ്ചതീര്‍ത്ഥ്ത്തില്‍ പതിക്കുന്നുവെന്നാണ് ഐതിഹ്യം.

 

ഗുണ്ഡിക ശിവക്ഷേത്രവും ഇതിനടുത്താണ്. ഇതൊരു ഗുഹാക്ഷേത്രമാണ്. പ്രധാന ക്ഷേത്രത്തിലെ ബ്രഹ്മ സാന്നിധ്യവും വിഷ്ണുപ്രതിഷുയും ഗുണ്ഡികാശിവനും ചേരുമ്പോള്‍ ത്രിമൂര്‍ത്തികളുടെ സംഗസ്ഥാനമായ തിരുനെല്ലി ദേവലോകമാവുകയാണ്. പരശുരാമന്റെ പിതാവായ ജമദി മഹര്‍ഷി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തിയെന്ന് ഐതിഹ്യമുണ്ട്. ശങ്കരാചാര്യരും പാപനാശിനിയില്‍ മുങ്ങി മോക്ഷം തേടിയിട്ടുണ്ട്. മാനന്തവാടിയില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെ കര്‍ണാടക അതിര്‍ത്തിയിലാണ് ക്ഷേത്രം.

പഴശ്ശിയുടെ പ്രിയഭൂമി


 

ബാഹ്യലോകത്തിന് ഇന്നും ഏറെ അറിയാത്ത ചില പ്രത്യേകതകള്‍ സൂക്ഷിക്കുകയാണ് കുങ്കിച്ചിറ. നിത്യഹരിത വനത്തിന് നടുവിലെ ചരിത്രശേഷിപ്പുകളുടെ കഥകള്‍ക്കുമുപരി ഭൂമിശാസ്ത്രപരമായ ചില സവിശേഷതകള്‍ കൂടി ഈ തടാകത്തിനുണ്ട്. ഒരേസമയം പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും പതിക്കുന്ന വറ്റാത്ത നീരുറവയാണിത്. കേരളത്തില്‍ ഈ സവിശേഷതയുള്ള ഏക തടാകവും ഇതാണ്. മാഹിപ്പുഴയും കബനീനദിയും ഇവിടെനിന്നും ഒഴുകിത്തുടങ്ങുന്നു. മുമ്പ് സദാസമയവും തടാകത്തില്‍ ഒഴുക്ക് ശക്തമായിരുന്നു. ഇപ്പോള്‍ മഴക്കാലം നിലയ്ക്കുന്നതോടെ ഒഴുക്കും കുറയും.

ചരിത്രത്തില്‍ വടക്കന്‍പാട്ടുമായി കുങ്കിച്ചിറ ബന്ധപ്പെട്ടു കിടക്കുന്നു. പഴശ്ശി രാജാവിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവും എടച്ചന കുങ്കന്റെ സഹോദരിയുമായ കുങ്കി വയനാട്ടിലേക്കുള്ള യാത്രാമധ്യേ ഇവിടെ വിശ്രമിച്ചതായാണ് സൂചന. ഇതിനുവേണ്ടി കാടിനുള്ളില്‍ ആനകള്‍ക്കുപോലും പ്രവേശിക്കാന്‍ കഴിയാത്ത കോട്ടയും സ്ഥാപിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളംകൊടുക്കാനും കുളിക്കാനും ഒരുദിവസംകൊണ്ട് കുങ്കി പണികഴിപ്പിച്ചതാണ് ഈ തടാകമെന്നാണ് ഐതിഹ്യം. പിന്നീടിത് കുങ്കിച്ചിറ എന്നപേരില്‍ അറിയപ്പെടുകയായിരുന്നു.

പഴശ്ശിരാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരെ പടനീക്കങ്ങള്‍ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഇംഗ്ലീഷ് സൈന്യംപോലും മനസ്സിലാക്കിയിരുന്നു. പഴശ്ശി വിപ്ലവങ്ങള്‍്ക്ക് പടനീക്കങ്ങള്‍ നടന്ന പ്രധാന കേന്ദ്രവും ഇതു തന്നെ. കുങ്കിച്ചിറയുടെ രണ്ട് മലകള്‍ക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത 'ഒറ്റുപാറ' ഇന്നും കാടുമൂടി നില്ക്കുന്നു. മലയുടെ മുകളിലുള്ള ഈ പാറയുടെ മുകളില്‍ നിന്നുമാണ് പഴശ്ശിയുടെ പടനീക്കങ്ങള്‍ ഒറ്റുകൊടുക്കപ്പെട്ടത്.

 


പഴശ്ശിവിപ്ലവത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഏറെക്കാലം ഇവിടെ തമ്പടിച്ചുകൂടി. മംഗലാടിക്കുന്നില്‍ അതിന്റെ അവശേഷിപ്പുകള്‍ ചരിത്രം സൂക്ഷിക്കുന്നു. പഴശ്ശിരാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കല്‍ ചന്തുവിന്റെ വീട് ഈ ചരിത്രഭൂമിയിലാണ്. ചിറയുടെ വടക്കുഭാഗത്തായി ആറു കിലോമീറ്ററോളം അകലെയാണ് ചന്ദനത്തോട്ടം. ഇവിടെയുള്ള പ്രത്യേകതരം കല്ലുരച്ചാണ് ചന്ദനത്തിനു പകരമായി പഴശ്ശിസൈന്യം ഉപയോഗിച്ചിരുന്നത്.

വില്യം ലോഗന്‍ താമസിച്ചിരുന്ന മക്കി ബംഗ്ലാവും ഇവിടെനിന്നും അകലെയല്ല. മൗണ്ട് ബാറ്റന്‍ പ്രഭു നിര്‍മ്മിച്ച ഈ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. 'വാഴുന്നോര്' എന്ന പ്രത്യേക വിഭാഗം താമസിച്ചിരുന്ന മുടിയന്‍കുന്നും മുസ്ലിം സമുദായത്തിലെ വിശുദ്ധന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചേലായി ഖബറും ഇവിടെയുണ്ട്.

വന നിബിഡമായ മലകള്‍ക്ക് നടുവില്‍ പച്ചപ്പിന്റെ പ്രകൃതിദത്ത മൈതാനങ്ങള്‍ വയനാട്ടില്‍ ഇവിടെ മാത്രമാണുള്ളത്. ഇവിടെ എത്തിപ്പെടുന്നവര്‍ക്ക് അമ്പരപ്പ് മാറുകയില്ല. കാടിനുള്ളില്‍ 25 ഏക്കര്‍ വിസ്തൃതിയിലുള്ള ചേറ്റികണ്ടം പ്രകൃതി കനിഞ്ഞരുളിയ വയനാടന് വിസ്മയമാണ്.

വയനാട്ടില്‍ കടലില്ല. എന്നാല്‍ ഇവിടെനിന്നാല്‍ കടല്‍ കാണാന്‍ കഴിയും! ഇതാണ് പാരപ്പള്ളത്തിന്റെ വാഗ്ദാനം. കോഴിക്കോട് ജില്ലയുടെ വലിയൊരു ഭാഗവും പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും ഇവിടെനിന്നും ദര്‍ശിക്കാം.

തീറ്റതേടി നടക്കുന്ന ആനക്കൂട്ടങ്ങള്‍ പകല്‍ സമയം പോലും സഞ്ചാരികള്‍ക്ക് കാണാന്‍കഴിയും.

ഹരിതകാന്തിയില്‍ ജൈവസമൃദ്ധി


 

നിബിഡമായ പശ്ചിമഘട്ട മലനിരകളാണ് വയനാടിനെ ഉഷ്ണഭൂമിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. ചുരം കയറി എത്തുമ്പോഴേക്കും വീശിയടിക്കുന്ന തണുത്ത കാറ്റാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാകുന്നത്.

വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയുടെ സഞ്ചയമാണ് ഈ ഹരിതഭൂമി. നിത്യഹരിത വനങ്ങള്‍, അര്‍ദ്ധ നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും മരങ്ങള്‍ എന്നിവ കൊണ്ട് സമൃദ്ധമാണ് മലനിരകള്‍. ജൈവ സമ്പുഷ്ടതയുടെ അമൂല്യ കലവറയാണ് മറ്റൊരു പ്രത്യേകത.

നഗരവത്കൃത സമൂഹത്തില്‍നിന്ന് അവധി പറഞ്ഞെത്തുന്ന വിനോദസഞ്ചാരികളെയാണ് ഈ കാടുകള്‍ ഏറെ ആകര്‍ഷിക്കുന്നത്. ഉള്‍നാടന്‍ വനാന്തരങ്ങളില്‍പ്പോലും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഇതിനകം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അതതു പ്രദേശത്തെ വനസംരക്ഷണ സമിതികള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു. പരിസ്ഥിതിക്കും വനാന്തരീക്ഷത്തിനും കോട്ടംതട്ടാത്ത വിധത്തില്‍ സഞ്ചാരികളെ ഇവര്‍ കാടുകളിലേക്ക് കൈപിടിച്ചു നടത്തുന്നു.

വനവിസ്തൃതിയില്‍ ഏഴാം സ്ഥാനമാണ് വയനാട് ജില്ലയ്ക്ക് ഉള്ളതെങ്കിലും ജീന്‍പൂള്‍ മേഖലയിലെ ജൈവവൈവിധ്യം ഈ കാടിന്റെ സമ്പത്താണ്. ദേശീയ തലത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഇരുപത്തഞ്ചോളം സമ്പുഷ്ട ജൈവ കലവറകളില്‍ ഒന്നാണിത്. വടക്കേ വയനാട്ടിലെ പേര്യകുഞ്ഞോം വനമേഖലയാണ് ഏറ്റവും കൂടുതല്‍ ജൈവികതയുള്ള പ്രദേശം. അമൂല്യമായ ജൈവ നിലനില്‍പ് വയനാടിനെ ആഗോള തലത്തില്‍ പ്രശസ്തമാക്കുന്നു.

 

പ്രമുഖരായ പല സസ്യവന ശാസ്ത്രജ്ഞന്മാരുടെ ശേഖരത്തില്‍ ഈ പ്രദേശങ്ങളിലെ ചെടികളുടെ സാന്നിദ്ധ്യമുണ്ട്. റിച്ചാര്‍ഡ് ഹെന്‍ട്രി ബെസ്സോം, സി.ഇ.സി. ഫിഷര്‍, ഇ. ബോര്‍ണി തുടങ്ങിയവര്‍ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക പഠനങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ള അഞ്ഞൂറോളം സസ്യങ്ങളില്‍ 128 ജനുസ്സുകളും ഈ പശ്ചിമഘട്ട മലനിരകളിലുണ്ട്. ഇതില്‍ 65 ഓളം ജനുസ്സുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. 'യൂജീനിയ അര്‍ജന്റീയ' എന്ന കേസലി കൂട്ടം 1868-'74 കാലഘട്ടത്തില്‍ ഇവിടെനിന്ന് കേണല്‍ ആര്‍. എച്ച്. ബസ്സോം ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. 130 വര്‍ഷത്തിനുശേഷം ജീന്‍ പൂള്‍ കണ്‍സര്‍വേഷന്‍ ഏരിയ സര്‍വെ ടീം ഈ ചെടികള്‍ ഇവിടെ നിലനില്‍ക്കുന്നതായി കണ്ടെത്തി. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത 'റോയല്‍ ഫേണ്‍' എന്ന പന്നല്‍ചെടിയും ഇവിടെ സമൃദ്ധം.

വെള്ളക്കാശാവ് എന്നറിയപ്പെടുന്ന മെമിസിലോണ് സിസ്പാറന്‍സി, മിസാ വെല്യൂട്ടിന, റാംഗിയ ഡിസ്പാറന്‍സിസ്, ഒസ്ബിക്കയ വയനാടന്‍സിസ് തുടങ്ങി അപൂര്വസസ്യജനുസ്സുകളുടെ പട്ടിക വയനാടന്‍ കാടുകളില്‍ നീളുകയാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെയും അലങ്കാര ചെടികളുടെയും അമൂല്യനിധി സൂക്ഷിപ്പുകേന്ദ്രം കൂടിയാണ് ഈ കാടുകള്‍. അസസ്ത്യ മലനിരകളില്‍ മാത്രമായി കണ്ടുവരുന്ന കാട്ടുതെച്ചി ഇക്‌സറോ അഗസ്ത്യമലയാന ഈ വനാതന്തരങ്ങളിലും കണ്ടെത്തുകയുണ്ടായി. പാമ്പുവിഷത്തിന് പ്രതിവിഷമായി ഇവിടത്തെ ആദിവാസി സമൂഹം ഉപയോഗിച്ചുവരുന്ന 'അല്പ്പം' എന്ന കുറ്റിച്ചെടി ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായിരിക്കുകയാണ്. ഒരുദിവസംകൊണ്ട് ജീവിതചക്രം അവസാനിപ്പിക്കുന്ന ശപോജീവിയായ ഓര്‍ക്കിഡ് എപ്പിപ്പോജിയം റോസിയം' ജീന്‍പൂള്‍ മേഖലയില്‍ യഥേഷ്ടം കണ്ടെത്തുകയുണ്ടായി.

 

വന്യജീവി സമ്പത്തും വയനാടന്‍ കാടുകള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 97 ഇനം സസ്തനികളില്‍ 36 ഇനങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. സിംഹവാലന്‍ കുരങ്ങ്, തേന്‍കോലന്‍, ഫ്ലൈയിങ്ങ് സ്‌കുറല്‍ എന്നിവ ഇവിടെയുണ്ട്. കടുവ, പുലി, ആന എന്നിവയുടെ എണ്ണത്തില്‍ കടുത്ത വംശവര്‍ദ്ധനവ് ഉണ്ടാവുന്നതായാണ് സൂചന. കാട്ടുപോത്തുകളും ഇവിടെ സൈ്വരമായി വിഹരിക്കുന്നു.

കേരളത്തിലെ 483 ഇനം പക്ഷികളില്‍ 136 എണ്ണം ഈ കാടുകളില്‍ കാണപ്പെടുന്നു. നീലതത്ത, നാട്ടുവേഴാമ്പല്‍, ഗ്രേഹെഡഡ് ബുള്‍ബുള്‍, ഓലേഞ്ഞാലി തുടങ്ങി വംശനാശം നേരിടുന്ന മലബാര്‍ ട്രോഗണ്‍, ഓറിയന്റല്‍ സേ്കാപ്‌സ് ഔള്‍, കറുത്ത ഇരട്ടത്തലച്ചി എന്നിവയും വയനാടിന്റെ ഹരിതകാന്തിയില്‍ പാറിനടക്കുന്നു. ഉരഗവര്‍ത്തില്‍പ്പെട്ട രാജവെമ്പാല, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട തുടങ്ങിയ 11 ഇനം പാമ്പുകളും രണ്ടിനം ആമവര്‍ഗ്ഗങ്ങളും ഇവിടെ കാണപ്പെടുന്നു.

കേരളത്തിലുള്ള 313 ഇനം ചിത്രശലഭങ്ങളില്‍ 109 എണ്ണം ചന്ദനത്തോട് വനമേഖലയില്‍ മാത്രം കണ്ടുവരുന്നു. മലബാര്‍ റാവന്‍, സതേണ്‍ ബേഡ്വിങ് എന്നിവയും ഇതില്‍പ്പെടും. വയലുകളുടെ നാട്ടിലെ കാടുകളുടെ ജൈവവൈവിധ്യം ഇനിയും നീളുകയാണ്. ഇവയെ സ്വാഭാവിക വനമായി സംരക്ഷിക്കാന്‍ പരിസ്ഥിതി കൂട്ടായ്മകള്‍ ഏറെ പരിശ്രമിക്കുന്നു.

ചരിത്രാന്വേഷികള്‍ക്ക് പാഠപുസ്തകം


 


ചരിത്രാന്വേഷകര്‍ക്ക് പാഠപുസ്തകമാണ് വയനാട്ടിലെ കല്ലമ്പലങ്ങളും ജൈന ബസ്തികളും. സുല്‍ത്താന്‍ ബത്തേരി, വരദൂര്‍, പുളിയാര്‍മല എന്നിവിടങ്ങളിലാണ് പ്രധാന ജൈനക്ഷേത്രങ്ങള്‍ ഉള്ളത്. സമ്പന്നമായ സാംസ്‌കാരികപൈതൃകത്തെ അടയാളപ്പെടുത്തുകയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കല്ലമ്പലങ്ങള്‍.

വാസ്തുശില്‍പികള്‍ അറക്കല്ലില്‍ തീര്‍ത്ത തൂണുകളും അവയില്‍ ഉയര്‍ത്തിവെച്ച ബീമുകളും ശിലാപാളികളും ചരിത്രശേഷിപ്പുകളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. വാസ്തുശില്‍പകലയില്‍ ഏറെ മികച്ചുനില്‍ക്കുന്ന ബത്തേരിയിലെ ജൈനക്ഷേത്രം മധ്യകാല ജൈന ബസ്തികളില്‍ പ്രധാനപ്പെട്ടതാണ്. കിടങ്ങനാട് ബസ്തി എന്ന പേരിലും പുരാതനകാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. വിജയനഗര ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം.

ടിപ്പുസുല്‍ത്താന്റെ വരവോടെയാണ് ഗണപതിവട്ടമെന്ന പേരിന് സുല്‍ത്തന്‍ ബത്തേരി എന്ന നാമമാറ്റം ഉണ്ടായത്. ടിപ്പു സുല്‍ത്താന്‍ ഈ ക്ഷേത്രം പിടിച്ചെടുക്കുകയും ആയുധപ്പുരയായി ഉപയോഗിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. അങ്ങനെ 'സുല്‍ത്താന്‍സ് ബാറ്ററി' എന്ന് ഇംഗ്ലീഷുകാര്‍ ഈ സ്ഥലത്തെ വിശേഷിപ്പിച്ചു.

ക്ഷേത്രം പുരാതനകാലത്ത് ഏതോ തകര്‍ച്ചയെ അഭിമുഖീകരിച്ചതായി ചരിത്രവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിതറിതെറിച്ച ഭാഗങ്ങള്‍ ഇന്നും ഇവിടെയുണ്ട്. ജൈനമത വിശ്വാസികള്‍ കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും വയനാട്ടില്‍ കുടിയേറിയ കാലത്തോളം ജൈനബസ്തിക്കും പഴക്കമുണ്ട്. വിശ്വാസികള്‍ ഇവിടെ ആദ്യകാലത്ത് താവളമാക്കിയിരുന്നതായും ചരിത്രരേഖകള്‍ പറയുന്നു. ബത്തേരി അങ്ങാടിയുടെ പടിഞ്ഞാറെ അറ്റത്താണ് കൂറ്റന്‍ ശിലാപാളികള്‍ നിറഞ്ഞ ഈ അമ്പലം.

ഒട്ടേറെ ജൈന ആരാധനാലയങ്ങള്‍ വയനാട്ടില്‍് നശിച്ചിട്ടുണ്ട്. ബത്തേരിയിലെ ജൈനക്ഷേത്രം ഇന്ന് പുരാവസ്തുവകുപ്പിന്റെ കൈവശമാണ്. പന്ത്രണ്ടും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ നിര്‍മ്മിച്ചതെന്ന് ഇതു സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ വെളിപ്പെടുത്തുന്നു. ഒരുകാലത്ത് നിധിവേട്ടക്കാരും സാമൂഹികവിരുദ്ധരും കടന്നുകയറിയതിനാല്‍ മുഖമണ്ഡപവും കവാടവും നശിച്ചു. മദ്രാസ് സര്‍ക്കിള്‍ പുരാവസ്തുവകുപ്പ് ഇതിന്റെ സംരക്ഷണം ആദ്യമേ ഏറ്റെടുത്തെങ്കിലും വേണ്ടത്ര പരിചരണം ലഭിച്ചില്ല. തൊണ്ണൂറുകള്‍ പിന്നിട്ടതോടെയാണ് കാടുമൂടിക്കിടന്ന ഈ 'ചരിത്രപാഠപുസ്തക'ത്തിന് മോചനമായത്. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കി ക്ഷേത്രം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുകയാണുണ്ടായത്.

 

ക്ഷേത്രത്തിന്റെ കൈവശമുള്ള ഭൂമി അതിരുകള്‍ വേര്‍തിരിച്ച് മതിലുകെട്ടി പൂച്ചെടികളും മറ്റും പിടിപ്പിച്ച് ഇന്നത്തെ നിലയിലേക്ക് മാറ്റിയത് പെട്ടെന്നാണ്. ആവശ്യത്തിന് ഗൈഡുകളുടെ സേവനവും ഇവിടെയുണ്ട്. അടുത്തകാലത്ത് ക്ഷേത്രക്കിണര്‍ വൃത്തിയാക്കുമ്പോള്‍ വെണ്ണക്കല്ലില്‍ തീര്‍്ത്ത മഹാവീരന്റെ വിഗ്രഹവും കൃഷ്ണശിലയില്‍ തീര്‍ത്ത തലയും ലഭിച്ചിരുന്നു. ഇവ ക്ഷേത്രത്തില്‍ സൂക്ഷിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറുവരെ സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം പുരാവസ്തുവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനന്തനാഥസ്വാമിയുടെ പ്രതിഷ്ഠയാണ് പുളിയാര്‍മലയിലേത്. ക്ഷേത്രത്തിനു സമീപംതന്നെ പൂര്‍ണ്ണമായും കല്ലില്‍ തീര്‍്ത്ത ഗുഹാമുഖമുണ്ട്. പനമരത്തിന് സമീപവും പഴമയുടെ കഥപറയുന്ന കല്ലമ്പലമുണ്ട്. ശില്‍പങ്ങളുള്ള കരിങ്കല്‍ത്തൂണുകളും ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തുള്ള മുഖാരത്തിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.

ജൈനബസ്തികള്‍ക്ക് പുറമെ പുരാതനകോട്ടകളുടെ അവശിഷ്ടങ്ങളും വയനാട്ടില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. കുങ്കിക്കോട്ടയും ചൂട്ടക്കടവിലെ ടിപ്പുവിന്റെ മരുന്നറയും ചരിത്ര കഥകള്‍ പറയുന്നു. അവഗണനകള്‍ അനവധിയാണെങ്കിലും ഒട്ടേറെ ചരിത്രാന്വേഷകര്‍ വയനാട്ടിലേക്ക് വര്ഷംതോറും ചുരംകയറുന്നു എന്നത് വിസ്മരിക്കാനാവില്ല.

പക്ഷിപാതാളം: ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളം


 


ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി. നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപ്പക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം. പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്ത വയനാട്ടിന്റെ മാത്രം വിസ്മയമാണ്.

തിരുനെല്ലി അമ്പലത്തില്‍നിന്ന് എട്ടുകിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് പ്രകൃതി സ്‌നേഹികളായ സാഹസികര്‍ ഇവിടെയെത്തുന്നത്. യാത്രകളില്‍ വെല്ലുവിളിയായി ഗരുഡന്‍പാറയും ചെങ്കുത്തായ പുല്‍മേടുകളും വനഗഹ്വരതയുടെ തണുപ്പും ആവോളമുണ്ട്. ഏതു സമയവും മുന്നില്‍ വന്നേക്കാവുന്ന വന്യമൃഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇവിടെയെത്തി തിരിച്ച് പോവുകയെന്നതും ശ്രമകരമായ അനുഭവമാണ്.

യാത്രയുടെ തുടക്കത്തില്‍ മഞ്ഞുപുതഞ്ഞുനില്ക്കുന്ന ബ്രഹ്മഗിരിയുടെ വിദൂരദൃശ്യമാണ് കണ്ണില്‍പ്പെടുക. മൂന്നുകിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞാല്‍ വാച്ച്ടവറിന് താഴെയെത്താം. കര്‍ണാടക-കേരള വനാതിര്‍ത്തിയിലെ ഈ ടവറിനു മുകളില്‍ കയറിയാല്‍ താഴെ സമതലത്തില്‍ കണ്ണെത്താദൂരം വരെ ഇരുസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങള്‍ കാണാം. കൂട്ടമായെത്തുന്ന സഞ്ചാരിള്‍ ഇതിനു മുകളിള്‍ മണിക്കൂറുകളോളം കാഴ്ചകള്‍ ആസ്വദിക്കാറുണ്ട്.

 


പച്ചപുതച്ച ബ്രഹ്മഗിരിയുടെ നെറുകയിലേക്കാണ് പിന്നീടുള്ള യാത്ര. തെരുവ പുല്ലുകളെ വകഞ്ഞുമാറ്റി സദാസമയവും വീശിയടിക്കുന്ന കാറ്റിന്റെ തലോടലില്‍ മനംമയങ്ങി യാത്രികര്‍ ഇവിടെ വിശ്രമകേന്ദ്രമാക്കുന്നു. ക്ഷീണമകറ്റാന്‍ കാട്ടരുവികളിലെ തെളിനീരും കണ്ണിനു കുളിരു പകരാന് താഴ്‌വ്ാരങ്ങളുടെ മനോഹര ദൃശ്യങ്ങളും യഥേഷ്ടമുണ്ട്.

കാട്ടാനകളുടെ വിഹാരകേന്ദ്രമായ കര്‍ണാടക വനത്തിലൂടെയാണ് പിന്നീടുള്ള യാത്ര. വനനിബിഡതയിലൂടെ ശബ്ദകോലാഹങ്ങളില്ലാതെ വേണം ഈ വഴികള്‍ പിന്നിടാന്‍. മൂന്നു കിലോമീറ്റര് പിന്നിടുന്നതോടെ ഗരുഡപ്പാറയിലെത്താം. നൂറടിയോളം ഉയരമുള്ള പാറയുടെ ചെരുവിലാണ് പക്ഷിപാതാളം. നാലു മണിക്കൂറോളം നീണ്ടുനിന്ന വനയാത്രയ്ക്ക് ഇവിടെ വിരാമമായി. പാതാളം ലക്ഷ്യത്തില്‍ കണ്ടതോടെ ഇരുളറകളിലേക്ക് കയറി നോക്കാന്‍ ധൃതിപ്പെടുന്ന സവാരികളെ പക്ഷികള്‍ അലോസരപ്പെടുത്തും. അലയടിച്ച് തലങ്ങും വിലങ്ങും പറക്കുന്ന കടവാവലുകള്‍ അടങ്ങുമ്പോള്‍ മാത്രമാണ് പ്രവേശനം സാധ്യമാവുക.

ഗുഹാ വഴികള്‍ ചുരുങ്ങുന്നതോടെ തിരിച്ചുകയറല്‍ സാഹസികമാവുന്നു. മഴയും വെയിലും കൊള്ളാത്ത നിരവധി പ്രകൃതി നിര്‍മ്മിത ഗുഹകള്‍ ഇവിടെയുണ്ട്. പത്തോളം പേര്‍ക്ക് സുഖമായി കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള മുനിമടകളും കാണാവുന്നതാണ്. പാറക്കെട്ടുകളിലൂടെ നുഴഞ്ഞിറങ്ങി വെള്ളം ശേഖരിക്കാന്‍ ഉറവയുമുണ്ട്.

 

അപൂര്‍വ്വം ഇനം പക്ഷികളും ഈ പാറക്കെട്ടുകളില്‍ കൂടൊരുക്കിയിട്ടുണ്ട്. ചിത്രകൂടന്‍ പക്ഷികളുടെ കൂടുകള്‍ പോലും വന്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. വിദേശ രാജ്യങ്ങളില്‍ ഇത് ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കുന്നത് പതിവാണ്. പാപനാശിനിയെ പിന്നിടുന്ന ഈ ശിലാഗുഹകളില്‍ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് കുടിയുറങ്ങുന്നു എന്ന് വിശ്വാസമുണ്ട്. പാപനാശിനിയില്‍ മോക്ഷം പ്രാപിച്ച് ആത്മാക്കള്‍ പക്ഷികളായി ഗുഹയില്‍ അഭയം തേടുന്നതായാണ് ഐതിഹ്യം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടകയിലല്‍ നിന്നുമാണ് പ്രകൃതിസ്‌നേഹികള്‍ ഇവിടെ കൂട്ടമായി എത്തുന്നത്. സ്ത്രീകളും കുട്ടികളും വരെ സംഘത്തില്‍ ഉണ്ടാവാറുണ്ട്. ദുഷ്‌കരമായ പാതകളെ ഇവര്‍ ആവേശത്തോടെ കീഴടക്കുന്നു. ഗരുഡന്‍പാറയില്‍ മുകളിലേക്കുള്ള ട്രക്കിങ്ങിനും ആളുകള്‍ എത്താറുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തോട് തുടര്‍ച്ചയായുള്ള വനപാതയായതിനാല്‍ ഡി.എഫ്.ഒ.യുടെ സമ്മതം വാങ്ങി മാത്രമേ പക്ഷിപാതാളത്തിലേക്കുള്ള യാത്ര സാധ്യമാവുകയുള്ളൂ. വനപാലകരോ വാച്ചര്‍മാരോ സഞ്ചാരികള്‍ക്ക് വഴികാട്ടിയായി കൂടെയുണ്ടാകും.

മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സാഗര്‍


വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലേയ്ക്കു ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനു അഭിമുഖമായി നില്ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍ നിന്ന് വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ ഒട്ടേറെ പേര്‍ ദിവസംതോറും ഇവിടെയെത്തുന്നു.

പതിറ്റാണ്ടുകളായി നിര്‍മ്മാണ ഘട്ടത്തിലായിരുന്ന അണക്കെട്ട് മാസങ്ങള്‍ക്കുമുമ്പാണ് കമ്മീഷന്‍ ചെയ്തത്. പടിഞ്ഞാറത്തറയില്‍നിന്ന് മൂന്നു കിലോമീറ്ററോളം പിന്നിടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും. 'ഹൈഡല്‍ ടൂറിസം' ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. ഓളപരപ്പുകളിലൂടെ ബോട്ടില്‍ മുന്നേറുമ്പോള്‍ അകലങ്ങളില്‍ അനേകം തുരുത്തുകളും അവയോടു ചേര്‍ന്നുള്ള കാനനക്കാഴ്ചകളും തേക്കടിയുടെ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്.

ചോലവനങ്ങളും മലനിരകളും ജൈവ മേഖലകളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങള്‍ ബോട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭാവിയിലെ സുന്ദരകാഴ്ചകളാവും.

കഴുത്തിനൊപ്പം മുങ്ങിനില്ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് വീടുകള്‍ നിര്‍മ്മിക്കുന്നതും തുരുത്തുകളിലേയ്ക്കു റോപ്പ് വേ സൗകര്യം ഏര്‌പ്പെടുത്തുന്നതും ഹൈഡല്‍ ടൂറിസത്തിന്റെ പരിഗണനയിലാണ്. സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ മലനിരകള്‍. സമുദ്ര നിരപ്പില്‍നിന്ന് 2800-ലധികം അടി ഉയരത്തിലേയ്ക്കുള്ള മലഞ്ചെരിവുകളിലൂടെ സാഹസികത നിറയുന്ന പാറക്കെട്ടുകള്‍ താണ്ടാനും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.

മൊതക്കര നാരോക്കടവ് വഴിയാണ് ബാണാസുരമലയിലെത്തുക. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേയ്ക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകളെ വെല്ലുവിളിക്കാം. മൂന്നു ദിവസങ്ങള്‍ വരെ നീണ്ടുനില്ക്കുന്ന യാത്രയില്‍ മാത്രമേ കോഴിക്കോട്, വയനാട് ജില്ലകളെ വേര്‍തിരിക്കുന്ന ഈ പശ്ചിമ ഘട്ടത്തിനെ അടുത്തറിയാന്‍ സാധിക്കൂ.

പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതകുമാണ്. നീലഗിരിയില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു.

 

ചുരമില്ലാതെ ഇതുവഴി ലക്ഷ്യമിടുന്ന പൂഴിത്തോട് റോഡിന്റെ സാക്ഷാത്കാരമാണ് ഈ വിനോദസഞ്ചാരകേന്ദ്രത്തിനു മുതല്‍ക്കൂട്ടാവുക. കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ വനപാത. പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളും ബോട്ടുയാത്ര സൗകര്യത്തോടൊപ്പം നടപ്പാക്കിയാല്‍ മാത്രമേ സഞ്ചാരകേന്ദ്രം പൂര്‍ണ്ണതയില്‍ എത്തൂ. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും. സമീപഭാവിയില്‍ത്തന്നെ വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാവാനുള്ള വിജയക്കുതിപ്പിലാണ് ഓളപ്പരപ്പുകളില്‍ സൗന്ദര്യം സൂക്ഷിക്കുന്ന ബാണാസുരസാഗര്‍.
 
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment