Thursday 20 February 2014

[www.keralites.net] ??? '?????????' ? ?????

 

വിവാഹപ്പിറ്റേന്നു രാവിലെ മുഖക്ഷൗരം ചെയ്യാനിരുന്നപ്പോള്‍ മീശയുടെ ഉന്മൂലനാശംകൂടി പരിപാടിയിലുള്‍പ്പെടുത്തേണമെന്നു ഭാര്യ പറഞ്ഞു. ഇതെന്നെ അമ്പരപ്പിച്ചു. എട്ടു കൊല്ലത്തെ അനുസ്യൂതപ്രണയത്തിനു ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. ഈ കാലമത്രയും എന്റെ സുസുന്ദരന്‍ മീശയ്‌ക്കെതിരായി പാതി പുരികംപോലും അവള്‍ പൊക്കിയതല്ല. അപ്പോള്‍, യഥാര്‍ഥ പാണിഗ്രഹണം കഴിഞ്ഞ ഈ സുപ്രഭാതത്തില്‍ വിചിത്രമായ ഇത്തരമൊരഭിപ്രായം അവളില്‍നിന്നു പൊന്തിവന്നപ്പോള്‍ ഞാന്‍ അമ്പരന്നതു സ്വാഭാവികം മാത്രമാണല്ലോ. സംഗതി വിശദീകരിക്കാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. പ്രണയിച്ചു നടക്കുന്ന കാലത്ത്, ഇക്കിളികൂട്ടുന്ന ആ സാധനം എന്റെ മേല്‍ച്ചുണ്ടിലുണ്ടായിരുന്നത് അവളത്ര കാര്യമായെടുത്തില്ലത്രേ. അതുമായി സന്തതസമ്പര്‍ക്കം പുലര്‍ത്തണമെന്ന സ്ഥിതിവിശേഷമാണ് തലേന്നാള്‍ രാത്രിമുതല്‍ ഉണ്ടായിട്ടുള്ളത്. അതവള്‍ക്കു വയ്യ. വ്യക്തിപരമായി മീശയോടൊരിക്കലും അവള്‍ക്ക് കമ്പമുണ്ടായിട്ടില്ല. അതെന്തേ എന്നെ അറിയിക്കാഞ്ഞതെന്നുവെച്ചാല്‍ അവളുടെ (പെണ്‍) സഖാക്കളില്‍ മിക്കവരും മീശക്കമ്പക്കാരായതുകൊണ്ടാണ്. അവരില്‍ ചിലര്‍ക്ക് എന്റെ വരയന്‍മീശയോട് ഒരു പ്രത്യേക കമ്പംകൂടിയുണ്ടായിരുന്നുപോലും! (സ്വഗതം: അമ്പടി കേമി! പരമസുന്ദരനായ എന്നെ അവരാരെങ്കിലും തട്ടിയെടുത്താലോ എന്നു പേടിച്ചാണ് നീ എന്റെ മീശയെപ്പറ്റി നേരത്തേ പരാമര്‍ശിക്കാഞ്ഞത് അല്ലേ?) ഈ പ്രത്യേക കമ്പക്കാരാരെന്ന് ഞാന്‍ ചോദിച്ചു. ശകുന്തളയുടെ പേരാണ് അവള്‍ എടുത്തുപറഞ്ഞത്. എന്റെ മുഖം വാടി. കാരണം, ശകുന്തളയെയാണ് ഞാന്‍ ആദ്യം പ്രേമിച്ചത്. അവള്‍ക്കിങ്ങോട്ട് പ്രേമം തുടങ്ങാന്‍ കുറച്ചു കാലതാമസമുണ്ടായതുകൊണ്ട് ഞാന്‍ പിന്‍വാങ്ങിയതാണ്; ഇവളുടെ പിന്നാലെ കൂടിയതാണ്-ഗതികെട്ടിട്ട്!!

എനിക്ക് കലികയറി. എന്തിനധികം പറയുന്നു, ഞാന്‍ മീശ കളയുകയില്ലെന്ന് അവളോട് തീര്‍ത്തുപറഞ്ഞു. ഒരു നിമിഷത്തിനകം അന്തരീക്ഷമാകെ ക്ഷുഭിതമായി. അവളുടെ മുഖത്ത് കാറടിഞ്ഞുകൂടി, കണ്ണുകളില്‍ മിന്നല്‍ പാളി, മഴ വിദൂരമല്ലെന്നായി, പെയ്യുകയും ചെയ്തു. അവള്‍ ഒരു ജലധാരായന്ത്രത്തെപ്പോലെ കരഞ്ഞു.

ഞാന്‍ പരുങ്ങി. വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പുതന്നെ ആകെ നനയ്ക്കുന്ന ഒരു നവവധു കയ്യിലാവുകയെന്നത് തികച്ചും അസുഖകരമായിരുന്നു. സമാധാനപ്രേമിയും അഹിംസാവിശ്വാസിയുമായ എന്റെ കൈയില്‍നിന്നു റേസര്‍ താഴെ വീണു.
അടുത്ത നിമിഷം ഒരു നാടകം അഭിനയിക്കുന്നതായിട്ടാണ് ഞാന്‍ എന്നെത്തന്നെ കണ്ടത്. ഞാന്‍ അവളോട് പലതും പറഞ്ഞുനോക്കി. സിനിമയ്ക്ക് കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞു. കൂളിങ് ഗ്ലാസ് മേടിച്ചുകൊടുക്കാമെന്നുപറഞ്ഞു. എന്നാലെങ്കിലും ഉടനെ 'വെടിനിര്‍ത്തല്‍' കരാറില്‍ ഒപ്പിടണമെന്നു പറഞ്ഞു. സഹവര്‍ത്തിത്വസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലേ എന്നു കെഞ്ചിച്ചോദിച്ചു. ഭയജനകമായ ആ മീശ എന്റെ മുഖത്തുള്ളേടത്തോളം കാലം ഇല്ലെന്നവള്‍ ഇനിയും വാദിക്കുന്നത് 'ക്രിക്കറ്റ'ല്ലെന്ന് എനിക്ക് ബോധ്യമായി. എടുക്കുകയും കൊടുക്കുകയുമല്ലാതെ ജീവിതം മറ്റെന്താണ്? വരുന്നതുവരട്ടെയെന്നും കരുതി ഞാന്‍ മേല്‍ച്ചുണ്ട് സോപ്പിന്‍പതയില്‍ കുതിര്‍ത്തി. അടുത്ത നിമിഷം റേസര്‍ ഒരു ട്രാക്ടറെന്നോണം അതിലൂടെ ജൈത്രയാത്ര നടത്തുകയായി, സോപ്പിനെയും മീശയെയും സൗന്ദര്യത്തെയും പിഴുതെറിഞ്ഞുകൊണ്ട്. നിരാശനായി, നിരാലംബനായി, നിര്‍മീശനായി ഞാന്‍ കണ്ണാടിയില്‍ നോക്കി. വര്‍ഷം നിറുത്തി പുഞ്ചിരിതൂകി അവളെനിക്കു പിറകിലങ്ങനെ നില്ക്കുകയാണ്. അവളെക്കുറിച്ച് അപ്പോള്‍ എനിക്കു തോന്നിയ വിശേഷണപദം എന്തായിരുന്നിരിക്കണമെന്നു നിങ്ങള്‍ ഊഹിച്ചാല്‍ മതി.

ഇവിടം മുതല്‍ക്കാണ് എന്റെ അധഃപതനം തുടങ്ങിയത്. അപ്രതീക്ഷിതമായ ആ ആദ്യവിജയത്തെത്തുടര്‍ന്ന് അവള്‍ പല ത്യാഗങ്ങളും എന്നെക്കൊണ്ടു ചെയ്യിച്ചു. വരിസംഖ്യ കൊടുത്ത് പത്രം വരുത്തുന്നതും പുകവലിക്കുന്നതും സിനിമയ്ക്ക് പോകുന്നതും പുറമേനിന്നു കാശിറക്കി ചായ കുടിക്കുന്നതും ചെയ്തുകൂടെന്നായി. അവളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ എന്തുമേതും ചെയ്യരുതെന്നായി.

വേണമെങ്കില്‍ എനിക്ക് ആദ്യംമുതല്‍ക്കേ ചെറുത്തുനില്ക്കാമായിരുന്നു. പക്ഷേ, കുഴപ്പമുണ്ട്. വാക്കേറ്റമാവും, അടികലശലാവും, പരസ്​പരവിദ്വേഷമാവും, അങ്ങേയറ്റം ഒരു വിവാഹമോചനംതന്നെ നടന്നെന്നുവരും. അത്തരമൊരു വൈവാഹികജീവിതം സമാധാനകാംക്ഷിയായ എനിക്കു ബോധിച്ചില്ല. ഞാന്‍ വഴങ്ങിക്കൊടുത്തു.

അതിനുശേഷമെല്ലാം സുഖയാത്രയാണിപ്പോള്‍. ഞങ്ങള്‍ക്കിടയില്‍ യാതൊരു തകരാറുമില്ല. അവള്‍ ചിരിക്കുമ്പോള്‍ ഞാന്‍ ചിരിക്കുന്നു; അവള്‍ കരയുമ്പോള്‍ ഞാനും കരയുന്നു. അവളുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളുമാണ് എന്റേതും. എനിക്ക് സ്വയം ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ പണിതന്നെ ഇല്ലാതായി. ചുരുക്കിപ്പറഞ്ഞാല്‍ ഭര്‍ത്താവിനു പകരം ഞാന്‍ ഒരു ഭാര്യനായിരിക്കുന്നു.

വെറും രസത്തിനു വേണ്ടിയാണോ ഞാന്‍ ഭരിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നത്? തീര്‍ച്ചയായുമല്ല. സമാധാനമോ സമരമോ-രണ്ടിലൊന്ന് എനിക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഞാന്‍ സമാധാനം കാംക്ഷിച്ചു. അതിന്റെ വില ഭാര്യ എന്നെ ഭരിക്കുകയെന്നതായി. ഭാര്യയാല്‍ ഭരിക്കപ്പെടുന്ന മറ്റു ഭര്‍ത്താക്കന്മാരെപറ്റിയും ഞാന്‍ പറഞ്ഞുകൊള്ളട്ടെ: അവര്‍ സമാധാനപ്രേമികളായതുകൊണ്ടുമാത്രം അങ്ങനെ ആയതാണ്, അല്ലാതെ ഭീരുക്കളായിട്ടൊന്നുമല്ല! അവിവാഹിതരേ അവര്‍ നിങ്ങളുടെ ആക്ഷേപമല്ല, അനുകമ്പയാണ് അര്‍ഹിക്കുന്നത്.
(8 ജൂലായ് 1956)

(പത്രാധിപരുടെ വ്യസനം എന്ന പുസ്തകത്തില്‍ നിന്ന്)
 
Prince

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment