Tuesday 11 February 2014

[www.keralites.net] ?????????? ??????? ????????? ?????????? ?????????

 

കേരളത്തിലെ ഐതിഹ്യങ്ങളെല്ലാം ഒറ്റപ്പുസ്തകത്തില്‍


25 വര്‍ഷങ്ങളുടെ നീണ്ടപരിശ്രമങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ഐതിഹ്യങ്ങളെല്ലാം ഒറ്റപ്പുസ്തകത്തിലേക്ക് പകര്‍ത്തിവെച്ചൂ കൊട്ടാരത്തില്‍ ശങ്കുണ്ണി. ഐതിഹ്യമാല എന്നതിന് പേര്. 1909 മുതല്‍ 1934 വരെയുള്ള കാലയളവാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാല എന്ന ബൃഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയത്. കേരളത്തിലെ ഐതിഹ്യങ്ങളെല്ലാം ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന മട്ടിലുള്ള ഏറെ ലളിതവും നാടകീയവുമായ ആഖ്യാനശൈലി പുസ്തകത്തിന്റെ സവിശേഷതയാണ്. പറയിപെറ്റ പന്തിരുകുലം, കായംകുളം കൊച്ചുണ്ണി, പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം, മണ്ണാറശ്ശാല മാഹാത്മ്യം, വൈക്കത്തെപ്പാട്ടുകള്‍ തു
ടങ്ങിയ ഒട്ടേറെ രചനകള്‍ ഈ കൃതിയെ സമ്പന്നമാക്കുന്നു.

ഐതിഹ്യമാല വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
വരരുചി എന്നു പ്രസിദ്ധനായ ബ്രാഹ്മണശ്രേഷ്ഠന് ഒരു പറയിയില്‍ നിന്നും പന്ത്രണ്ടു മക്കള്‍ ജനിച്ചു എന്നും ആ മക്കള്‍
'മേളത്തോളഗ്‌നിഹോത്രീ രജകനുളിയനൂര്‍
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും'

ആണെന്നും മറ്റും പ്രസിദ്ധമാണല്ലോ. ഈ പന്ത്രണ്ടു പേരില്‍ വായില്ലക്കുന്നിലപ്പനെ ഒഴിച്ചു പതിനൊന്നു പേരും അവരുടെ അച്ഛന്റെ ശ്രാദ്ധം അഗ്‌നിഹോത്രികളുടെ ഇല്ലത്തു കൂടി ഒരുമിച്ചാണു നടത്തുക പതിവെന്നുള്ളതും പ്രസിദ്ധമാണ്. അങ്ങിനെ ഒരിക്കല്‍ എല്ലാവരും അവിടെ കൂടി ശ്രാദ്ധം കഴിഞ്ഞതിന്റെ ശേഷം പതിനൊന്നു പേരും ഒരു സ്ഥലത്തു ഭക്ഷണത്തിനായിട്ടിരുന്നു. അപ്പോള്‍ അഗ്‌നിഹോത്രികളുടെ അന്തര്‍ജനം ഇവര്‍ക്കു വിളമ്പികൊടുക്കാന്‍ വരാന്‍ സ്വല്പം മടിച്ചു. പിന്നെ അഗ്‌നിഹോത്രികള്‍ വിളിക്കുകയും വളരെ നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അന്തര്‍ജനം ഒരു കുടയുമെടുത്തുകൊണ്ട് ആ സ്ഥലത്തേയ്ക്കുവന്നു. അതു കണ്ട് പാക്കനാര്‍ 'ഇതെന്തിനാണന്നു' ചോദിച്ചു. അപ്പോള്‍ അഗ്‌നിഹോത്രികള്‍ 'ഇതു പതിവ്രതമാരുടെ ധര്‍മ്മമാണ'ന്നു 'പതിവ്രത മാര്‍ക്കു പരപുരുഷന്മാരെ കാണ്മാന്‍ പാടില്ലന്നും മറ്റും പറഞ്ഞു. ഉടനെ പാക്കനാര്‍ 'ഇതൊന്നും പതിവ്രതാധര്‍മ്മമല്ല. ബ്രാഹ്മണസ്ത്രീകള്‍ക്കു പതിവ്രതാധര്‍മം എന്നാല്‍ എന്താണന്നുതന്നെ അറിഞ്ഞു കൂടാ. പതിവ്രതാധര്‍മ്മവും പാതിവ്രത്യവും ഇരിക്കുന്നതു കുടയിലും പുതപ്പിലുമൊന്നുമല്ല. ഇപ്പോള്‍ പതിവ്രതാധര്‍മ്മത്തെ ശരിയായി അനുഷ്ഠിക്കുന്ന ഒരു സ്ത്രീ എന്റെ കെട്ടിയവളെപ്പോലെ ലോകത്തിലില്ല' എന്നു പറഞ്ഞു. അതു കേട്ട് അഗ്‌നിഹോത്രികള്‍ 'ചണ്ഡാലികള്‍ക്കു പാതിവ്രത്യമോ പതിവ്രതാധര്‍മജ്ഞാനമോ വല്ലതുമുണ്ടോ? പാക്കനാര്‍ പറഞ്ഞതു ശുദ്ധ അസംബന്ധമാണ്' എന്നു പറഞ്ഞു. പിന്നെ അവര്‍ രണ്ടുപേരും പതിവ്രതാധര്‍മ്മത്തെപ്പറ്റി വളരെ വാദപ്രദിവാദങ്ങള്‍ നടത്തിയതിന്റെ ശേഷം അഗ്‌നിഹോത്രികളുടെ അന്തര്‍ജനത്തിനോ പാക്കനാരുടെ കെട്ടിയവള്‍ക്കോ പതിവ്രതാജ്ഞാനമുള്ളതെന്നു ബാദ്ധ്യപ്പെടുത്തികൊടുക്കാമെന്നു പറഞ്ഞു പാക്കനാര്‍ അഗ്‌നിഹോത്രികളെ വിളിച്ചുകൊണ്ട് സ്വഗൃഹത്തിലേക്കുപോയി. അവിടെ എത്തിയ ഉടനെ പാക്കനാര്‍ ഭാര്യയെ വിളിച്ചു 'ഇവിടെ എത്ര നെല്ലിരിക്കുന്നുണ്ട്?' എന്നു ചോദിച്ചു. ഭാര്യ 'അഞ്ചിടങ്ങഴിയുണ്ട്' എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ അതില്‍ പകുതി നെല്ലെടുത്ത് കുത്തി അരിയാക്കി വെച്ചുകൊണ്ടുവരുവാന്‍ പറഞ്ഞു. തല്‍ക്ഷണം ഭാര്യ പോയി നെല്ലു കുത്തി അരിയാക്കി വച്ചു ചോറുംകൊണ്ടു വന്നു.

അപ്പോള്‍ പാക്കനാര്‍ 'ആ ചോറു ഈ കുപ്പയിലിട്ടേക്ക്' എന്നു പറഞ്ഞു. അവള്‍ ഒട്ടും മടിയ്ക്കാതെ അങ്ങിനെ തന്നെ ചെയ്തു. ഉടനെ പാക്കനാര്‍ ശേഷമിരിക്കുന്ന നെല്ലും കുത്തി അരിയാക്കി ചോറു വച്ചുകൊണ്ടുവരുവാന്‍ പറഞ്ഞു. പാക്കനാര്‍ പിന്നെയും മേല്‍പ്രകാരം ആ ചോറും കുപ്പയില്‍ ഇട്ടേക്കാന്‍ പറഞ്ഞു. അപ്പോഴും ഒട്ടും വൈമനസ്യം ഇല്ലാതെ അവള്‍ ആ ചോറും കുപ്പയില്‍ ഇട്ടു. പാക്കനാര്‍ക്കു വളരെ ദാരിദ്രം ആയിരുന്നു. അയാളൂടെ ഭാര്യ അന്നു ഭക്ഷണം കഴിച്ചിരുന്നില്ല. ആ അഞ്ചിടങ്ങഴി നെല്ലല്ലാതെ അവിടെ നെല്ലും അരിയും ഇരിക്കുന്നുണ്ടായിരുന്നില്ല. ആ നെല്ലില്‍ നിന്നും കുറെ എടുത്തു കഞ്ഞിവച്ചുണ്ണാമെന്നു വിചാരിച്ചു അവള്‍ അതിനായി ആരംഭിച്ച സമയത്താണു അഗ്‌നിഹോത്രിയും പാക്കനാരും കൂടി അവിടെ എത്തിയത്. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും പാക്കനാരുടെ ഭാര്യ തന്റെ ഭര്‍ത്താവ് പറഞ്ഞതു പോലെ ലേശം മടിക്കാതെ ചെയ്തു.

ഇത്രയും കഴിഞ്ഞതിന്റെ ശേഷം അഗ്‌നിഹോത്രിയും പാക്കനാരും കൂടി അവിടെ നിന്നും പുറപ്പെട്ടു. തിരിയെ അഗ്‌നിഹോത്രിയുടെ ഇല്ലത്തെത്തി. ഉടനെ പാക്കനാര്‍ 'ഞാന്‍ചെയ്യിച്ചപോലെ ഇവിടുത്തെ അന്തര്‍ജനത്തിനെക്കൊണ്ടും ചെയ്യിക്കുക. ഞാന്‍കാണട്ടെ' എന്നു പറഞ്ഞു. ഉടനെ അഗ്‌നിഹോത്രികള്‍ അന്തര്‍ജനത്തെ വിളിച്ചു രണ്ടിടങ്ങഴി നെല്ലെടുത്ത് കുത്തി അരിയാക്കി വെച്ചുകൊണ്ടുവരുവാന്‍ പറഞ്ഞു. അതുകേട്ട് അന്തര്‍ജനം 'ഇവിടെ അരി ഇരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ഇപ്പോള്‍ നെല്ലു കുത്തുന്നത്?' എന്നു ചോദിച്ചു. അഗ്‌നിഹോത്രികള്‍ വളരെ നിര്‍ബന്ധിച്ചിട്ട് അന്തര്‍ജനം മനസ്സുകേടൊടുകൂടി മുഖം വീര്‍പ്പിച്ചു പിറുപിറുത്തുകൊണ്ട് പോയി നെല്ലെടുത്തുകുത്തി അരിയാക്കി വച്ചുകൊണ്ടുവന്നു. അപ്പോള്‍ അഗ്‌നിഹോത്രികള്‍ ആ ചോറു കുപ്പയിലേക്ക് ഇട്ടേക്കാന്‍ പറഞ്ഞു. അതുകേട്ട് അന്തര്‍ജനം എന്താ ഹേ! അവിടെയ്ക്കു ഭ്രാന്തുണ്ടോ? ചോറു വെറുതെ കളയുന്നതു തന്നെ കഷ്ടം. വിശേഷിച്ചും ഞാന്‍വളരെ പ്രയാസപ്പെട്ട് നെല്ലു കുത്തി അരിയാക്കി വെച്ചുണ്ടാക്കി കൊണ്ടുവന്ന ചോറു കുപ്പയില്‍ കളയുകയോ? ഇതു വലിയ സങ്കടം തന്നെയാണ്.' എന്നും മറ്റും ഓരൊ തര്‍ക്കങ്ങള്‍ പറഞ്ഞുകൊണ്ടു നിന്നു. ഒടുക്കം അഗ്‌നിഹോത്രികളുടെ നിര്‍ബന്ധപ്രകാരം അന്തര്‍ജനം ആ ചോറു കുപ്പയിലേക്കു ഇട്ടു. ഉടനെ അഗ്‌നിഹോത്രികള്‍ 'ഇനിയും രണ്ടര ഇടങ്ങഴി നെല്ലെടുത്തുകുത്തി അരിയാക്കി വച്ചു കൊണ്ടു വ'' എന്നു പിന്നെയും പറഞ്ഞു. അപ്പോള്‍ അന്തര്‍ജനം 'അവിടേക്കു ഭ്രാന്തു തന്നെയാണ്. ഈ കൊട്ടുന്ന താളത്തിനൊക്കെ തുള്ളാന്‍ ഞാന്‍ആളല്ലാ. അസംബന്ധം പറയുകയെന്നുവച്ചാല്‍ അതിനൊരവസാനമില്ലാതെയായാല്‍ വിഷമമാണ്' എന്നുപറഞ്ഞു അകത്തേക്കുപോയി. അഗ്‌നിഹോത്രികള്‍ നിര്‍ബന്ധപൂര്‍വ്വം വളരെ വിളിച്ചിട്ടും അന്തര്‍ജനം പുറത്തേക്കു വന്നില്ല. അപ്പോള്‍ പാക്കനാര്‍ 'ഇതാണോ പതിവ്രതാധര്‍മ്മം? ഭര്‍ത്താക്കന്മാര്‍ എന്തു പറഞ്ഞാലും സന്തോഷത്തോടുകൂടി അതു ഉടനെ ചെയ്യുന്നവളാണു പതിവ്രത. അങ്ങിനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം. അതില്‍ ഗുണദോഷചിന്തനം ചെയ്യാനും, തര്‍ക്കം പറയാനും ഭാര്യമാര്‍ക്കുഅവകാശവും അധികാരവും ഇല്ല' എന്നു പറഞ്ഞു അഗ്‌നിഹോത്രികളെ സമ്മതിപ്പിച്ചിട്ട് പാക്കനാര്‍ പോയി.

ഈ ഐതിഹ്യത്തെപ്പറ്റി ഇപ്പോഴുള്ള പരിഷ്‌കാരികളുടെയിടയില്‍ വളരെ അഭിപ്രായവ്യത്യാസമുണ്ടായേക്കും. എങ്കിലും ഭര്‍ത്താക്കന്മാര്‍ വല്ലതും പറഞ്ഞാല്‍ പല ഒഴിവ്കഴിവുകളും ദുസ്തര്‍ക്കങ്ങളും പറഞ്ഞു അത് ഉടനെ ചെയ്യാതിരിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ധാരാളമുണ്ടെന്നും അതു പതിവ്രതകളായ സ്ത്രീകള്‍ക്കു ചേര്‍ന്നതല്ലന്നുമുള്ളതില്‍ പക്ഷാന്തര മുണ്ടാകുമെന്നുതോന്നുന്നില്ല.

ഏതെങ്കിലും ഒരു വിഷയത്തില്‍ അതിയായ ഭ്രമം കൊണ്ടോ ദുര്‍വാശികൊണ്ടോ, ദുസ്സഹമായ മനഃസ്താപം കൊണ്ടോ മറ്റോ ഭര്‍ത്താക്കന്മാര്‍ മതിമറന്നു ക്രമവിരോധമായി വല്ലതും പ്രവര്‍ത്തിക്കാനാരംഭിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍! ഗുണദോഷങ്ങള്‍ പറഞ്ഞു അവരുടെ മനസ്സിനെ പിന്തിരിച്ചു യഥാസ്ഥിതമാക്കുന്നതിനുള്ള ചുമതല ഭാര്യമാര്‍ക്കുണ്ട്. അങ്ങിനെയല്ലാതെ ഭര്‍ത്താക്കന്മാര്‍ സ്വബുദ്ധിയോടുകൂടി എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ അതു ചെയ്യാതെ വല്ല്തും ദുസ്തര്‍ക്കം പറയുന്നതു ഭാര്യമാര്‍ക്കു ഒരിക്കലും യുക്തമായിട്ടുള്ളതല്ല. അങ്ങിനെയുള്ളവരെ 'ഗൃഹിണികള്‍' എന്നു പറയാനും പാടില്ല. അവരെയാണ് 'ഗേഹബാധ്'കളെന്നു പറയേണ്ടത്.

പാക്കനാര്‍ തന്റെ ഭാര്യയുടെ പാതിവ്രത്യനിഷ്ഠ എത്രമാത്രമുണ്ടന്നു അഗ്‌നിഹോത്രികളെ ദൃഷ്ടാന്തസഹിതം അറിയിച്ചതായി ഒരൈതിഹ്യംകൂടി കേട്ടിട്ടുണ്ട്. ഒരിക്കല്‍ അഗ്‌നഹോത്രികള്‍ പാക്കനാരുടെ മാടത്തിങ്കല്‍ ചെന്നപ്പോള്‍ പാക്കനാര്‍ അഗ്‌നിഹോത്രികള്‍ക്കു ഇരിക്കുന്നതിനു ഒരു പലകയോ മറ്റോ എടുത്തു കൊടുക്കുന്നതിനു ഭാര്യയെ വിളിച്ചു. അപ്പോള്‍ അവള്‍ കിണറ്റില്‍ നിന്നും വെള്ളം കോരിക്കോണ്ടു നില്‍ക്കുകയായിരുന്നു. വെള്ളവും പാളയും കൂടി കിണറ്റിന്റെ മദ്ധ്യത്തിങ്കലായപ്പോളാണ് പാക്കനാര്‍ വിളിച്ചത്. ഭര്‍ത്താവ് വിളിച്ചതു കേട്ട ഉടനെ അവള്‍ കയറിന്മേല്‍ നിന്നുകൈവിട്ടു ഓടി വന്നു. പാളയും കയറും ആ സ്ഥിതിയില്‍ തന്നെ നിന്നതല്ലാതെ കീഴ്‌പോട്ടു പോയില്ല. അതുകണ്ടു അഗ്‌നിഹോത്രികള്‍ വളരെ ആശ്ചര്യപ്പെട്ടു. 'പാതിവ്രത്യമുണ്ടായാലിങ്ങിനെയാണ്. ഭര്‍ത്താവ് വിളിക്കുന്നതു കേട്ടാല്‍ എന്തുതന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണങ്കിലും അതുപേക്ഷിച്ചിട്ട് ഭര്‍ത്താവിന്റെ അടുക്കല്‍ എത്തുകയെന്നുള്ളതു പതിവ്രതമാരുടെ ധര്‍മ്മമാണ്' എന്നു പാക്കനാര്‍ പറഞ്ഞു.

നമ്മുടെ കേരളീയ സഹോദരിമാരും ഈ ഐതിഹ്യങ്ങളുടെ സാരാംശത്തെ ഗ്രഹിച്ചു പ്രവര്‍ത്തിക്കുന്നതായാല്‍ അവര്‍ക്കു ശ്രയസ്‌കരമായിരിക്കുന്നതാണ്.

ഐതിഹ്യമാല വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ഐതിഹ്യമാല (ഇംഗ്ലീഷ് പരിഭാഷ) വാങ്ങാം
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment