Monday 24 February 2014

[www.keralites.net] ??????? ?????????- ????? ??

 

"യുക്തി ചോര്‍ന്നുപോവുന്നിടത്താണ് 'ആത്മീയ കോളനി'കളുടെ അധിനിവേശം നടക്കുക. സമ്പത്തിന്‍െറ കേന്ദ്രീകരണവും നിശ്ശബ്ദരാക്കലും ബലപ്രയോഗവുമെല്ലാം ഈ കോളനികളുടെ സ്വഭാവമാണ്. ഈ കോളനിക്കുള്ളില്‍ നിന്ന് പുറത്തുവന്ന ഒരു അടിമയുടെ ആത്മകഥ നമ്മോട് പറയുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്. ഈ യാഥാര്‍ഥ്യങ്ങളെ അതിന്‍െറ ഗൗരവത്തില്‍ മുഖാമുഖം സംസാരിക്കാന്‍ പിണറായി വിജയനും വി.ടി. ബലറാമിനും ഒന്നോ രണ്ടോ ചാനലുകള്‍ക്കും മാത്രമാണ് കഴിഞ്ഞത്. മറ്റുള്ളവര്‍ എന്തുകൊണ്ട് നിശ്ശബ്ദരാവുന്നു? ആരെയാണ് അവര്‍ ഭയക്കുന്നത്? ആത്മീയകേന്ദ്രങ്ങളെന്ന പേരില്‍ (അത് ഏത് മതത്തിന്‍േറതുമാകട്ടെ) സ്ഥാപിതമായ നരകങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമില്ലേ?"
 

 

വിശുദ്ധ നരകങ്ങള്‍

വിശുദ്ധ നരകങ്ങള്‍
 
പണ്ടൊന്നും നാട്ടുദൈവങ്ങള്‍ അത്രയൊന്നും ഉച്ചത്തില്‍ സംസാരിച്ചിരുന്നില്ല. തന്‍െറ ദേശത്തിന്‍െറ നാലുവഴികള്‍ക്കപ്പുറത്തേക്ക് ഒന്നും കേള്‍ക്കണമെന്ന് അവരാഗ്രഹിച്ചിരുന്നുമില്ല. ഒറ്റ വിളക്കിന്‍െറ ഒരു മറ, അല്‍പം മഞ്ഞളോ എണ്ണയോ ചത്തെിപ്പൂവോ. തീര്‍ന്നു ആഗ്രഹങ്ങള്‍. നാട്ടുവെട്ടം പോലെ അത് രാത്രിയിലും പകലും നമുക്കിടയില്‍ ഒരാളെന്നപോലെ കൂടെനില്‍ക്കും. എന്‍െറ നാട്ടിലെ ദേവിയും പാവം പിടിച്ച ഒരാളായിരുന്നു. പണ്ട് ദേഷ്യക്കാരിയായിരുന്നുവെന്നും അതുകൊണ്ട് ചൂടുവെള്ളം തലയിലൊഴിച്ച് പേടിപ്പിച്ച് കിഴക്കോട്ടേക്ക് തിരിച്ചിരുത്തിയെന്നും മുന്നില്‍ അതിരുകെട്ടാത്ത കുളമുണ്ടാക്കി നോട്ടത്തിനെ ആ അതിരില്ലായ്മയ്ക്കുള്ളില്‍ തളച്ചു എന്നുമൊക്കെയാണ് നാട്ടുമിണ്ടാട്ടം. ഇങ്ങനെയുള്ള നാട്ടിന്‍പുറത്തേക്കാണ് തിരുവനന്തപുരത്തുനിന്നും കാലുവയ്യാത്ത ഒരു പുരുഷനും അയാളുടെ ഒരിക്കലും വര്‍ത്തമാനം നിലക്കാത്ത നാവുള്ള ഭാര്യയും അവരുടെ മൂന്നുമക്കളും താമസിക്കാനത്തെിയത്. അവരുടെ തിരുവനന്തപുരം ഭാഷയായിരുന്നു ഞങ്ങള്‍ അയല്‍ക്കാരുടെ ആദ്യകൗതുകം. പിന്നെ, അവരുടെ വര്‍ത്തമാനം നടന്നുപോവുന്ന വഴികളില്‍ ഇടക്കിടക്ക് വന്നു തലപൊന്തിച്ചു നോക്കിപ്പോവുന്ന ഒരു സ്ത്രീയിലേക്ക് കൗതുകത്തിന്‍െറ ഏണി ചാരിവെച്ചു. ഏണിപ്പടി ഇറങ്ങിവന്നവരെല്ലാം തങ്ങളുടെ നാവില്‍ മറന്നുപോവാതിരിക്കാന്‍ സൂക്ഷിച്ച ആ നാമം ഇടക്കിടക്ക് അയവെട്ടി. അങ്ങനെ ആ നാമം 'അമ്മ', 'മാതാ അമൃതാനന്ദമയി ദേവി', 'അമൃതാമനന്ദമയി' എന്നിങ്ങനെ മുറുകിയും അയഞ്ഞും കുടമാളൂരിന്‍െറ ചുറ്റിലും വലംവെച്ചു തുടങ്ങി. ഒരിക്കലുമടങ്ങാത്ത നാവുള്ള തിരുവനന്തപുരംകാരി സ്ത്രീ പിന്നീട് അമൃതാമനന്ദമയിയുടെ അദ്ഭുതപ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് ഞങ്ങളുടെ നാട്ടുച്ചകളെ വിസ്മയപ്പെടുത്തി. ആ വിസ്മയത്തിനൊടുവില്‍, അവരുടെ ചെലവില്‍ കുടമാളൂരില്‍ നിന്നും വള്ളിക്കാവിലേക്ക് ഒരു യാത്ര പുറപ്പെട്ടു. ആ യാത്ര ഒരു റിക്രൂട്ട്മെന്‍റായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
ഈ കാലമെല്ലാം ഓടിപ്പോയതിനു പിന്നാലെ വന്ന ഒരുകാലത്താണ് അമൃതാനന്ദമയിയുടെ അഭിമുഖം പകര്‍ത്താന്‍ വള്ളിക്കാവിലത്തെുന്നത്. ചോദ്യങ്ങള്‍ മഠത്തിലെ ഒരു സ്വാമി സൂക്ഷ്മമായി പരിശോധിച്ച് കുഴപ്പങ്ങളില്ല എന്നുറപ്പുവരുത്തിയ ശേഷമാണ് അഭിമുഖം അനുവദിക്കപ്പെട്ടത്. ചോദ്യങ്ങള്‍ക്കെല്ലാം ആത്മീയാകാശം തൊട്ട ഒരു മനസ്സിന്‍െറ ആഴം നിറഞ്ഞ ഉത്തരങ്ങളായിരുന്നില്ല ലഭിച്ചത്. വാര്‍ത്തുവെച്ച കുറേ ഉത്തരങ്ങള്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു അവര്‍ ചെയ്തത്. സാധാരണക്കാരിയായ ഒരു സ്ത്രീയില്‍ നിന്നും അതിലുമപ്പുറമുള്ള ഒരുത്തരം പ്രതീക്ഷിക്കുന്നതിലെ മൗഢ്യം സ്വയം തിരിച്ചറിയുക മാത്രമാണ് ആ നിമിഷം ചെയ്യേണ്ടതെന്ന ബോധ്യത്തില്‍ നിന്ന് അനാവശ്യമായ ഒരു ചോദ്യം തികട്ടി വന്നു: 'എന്തിനായിരുന്നു ഈ അഭിമുഖം? ആര്‍ക്കുവേണ്ടിയാണിത്?' ഗെയ്ല്‍ ട്രെഡ്വെലിന്‍െറ പുസ്തകവും ആ പുസ്തകം കുറച്ചെങ്കിലും മനുഷ്യര്‍ക്കിടയില്‍ തുടങ്ങിവെച്ച ചില സംസാരങ്ങളുമാണ് ഓര്‍മകളെ ഇങ്ങനെ ചേര്‍ത്തുവെക്കാന്‍ നിര്‍ബന്ധിച്ചത്.
ദൈവം ഉണ്ടോ? ദൈവമെന്ത്? എന്നീ ചോദ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ വയസ്സുണ്ട്. പല ഉത്തരങ്ങളിലും പലരും തടഞ്ഞു വീണിട്ടുമുണ്ട്. ആ ചോദ്യവും അന്വേഷണവും ഗെയ്ല്‍ ട്രെഡ്വെലിനെ എത്തിച്ചത് വള്ളിക്കാവിലാണ്. പിന്നീട് ഇരുപതു വര്‍ഷത്തെ വള്ളിക്കാവ് ജീവിതം. അമൃതാനന്ദമയിയുടെ ശരീരത്തിന്‍െറ തുടര്‍ച്ചയെന്നപോലെ ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ഗായത്രിയെ കണ്ടത് ഓര്‍മിക്കുന്നു. ഇന്ന് അവരുടെ വിശുദ്ധ നരകമെന്ന പുസ്തകം വായിക്കുമ്പോള്‍ വലിയ അദ്ഭുതമോ അമ്പരപ്പോ ഉണ്ടാവുന്നില്ല. ആ കാരണങ്ങളെ ഇങ്ങനെ അക്കമിടുന്നു.
ഒന്ന് -ആത്മീയ കേന്ദ്രങ്ങള്‍ യുക്തിരഹിതവും ജനാധിപത്യവിരുദ്ധവുമായ ജീവനവ്യവസ്ഥയിലാണ് നിലനില്‍ക്കുന്നത്. 
രണ്ട് -സാധാരണ മനുഷ്യന്‍െറ ശാരീരിക ഇച്ഛകളും അസുഖങ്ങളും 'ദൈവങ്ങള്‍' എന്ന് പേരിട്ട മനുഷ്യര്‍ക്കും ബാധകമാണ്. 
മൂന്ന് -ആജീവനാന്ത തടവിന് വിധിക്കപ്പെട്ട ഒരു മനുഷ്യന്‍െറ അവകാശങ്ങളെ ലംഘിച്ചുകൊണ്ടു മാത്രമേ ഇത്തരം കേന്ദ്രങ്ങള്‍ക്ക് തങ്ങളുടെ അതിജീവനം സാധ്യമാകൂ. 
നാല് -അന്വേഷണത്തിന്‍െറ ചലനങ്ങളെ അവസാനിപ്പിക്കുമ്പോഴേ ആത്മീയാചാര്യന്‍െറ / ആത്മീയാചാര്യയുടെ അധികാരം സ്ഥാപിതമാവൂ.
യുക്തി ചോര്‍ന്നുപോവുന്നിടത്താണ് 'ആത്മീയ കോളനി'കളുടെ അധിനിവേശം നടക്കുക. സമ്പത്തിന്‍െറ കേന്ദ്രീകരണവും നിശ്ശബ്ദരാക്കലും ബലപ്രയോഗവുമെല്ലാം ഈ കോളനികളുടെ സ്വഭാവമാണ്. ഈ കോളനിക്കുള്ളില്‍ നിന്ന് പുറത്തുവന്ന ഒരു അടിമയുടെ ആത്മകഥ നമ്മോട് പറയുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്. ഈ യാഥാര്‍ഥ്യങ്ങളെ അതിന്‍െറ ഗൗരവത്തില്‍ മുഖാമുഖം സംസാരിക്കാന്‍ പിണറായി വിജയനും വി.ടി. ബലറാമിനും ഒന്നോ രണ്ടോ ചാനലുകള്‍ക്കും മാത്രമാണ് കഴിഞ്ഞത്. മറ്റുള്ളവര്‍ എന്തുകൊണ്ട് നിശ്ശബ്ദരാവുന്നു? ആരെയാണ് അവര്‍ ഭയക്കുന്നത്? ആത്മീയകേന്ദ്രങ്ങളെന്ന പേരില്‍ (അത് ഏത് മതത്തിന്‍േറതുമാകട്ടെ) സ്ഥാപിതമായ നരകങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമില്ലേ?
എന്‍െറ നാട്ടില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട പലരും ഇന്നും ഈ ആത്മീയകോളനിയിലെ തടവുകാരാണ്. അമൃതാനന്ദമയി ഒരു അദ്ഭുതവും സൃഷ്ടിച്ചില്ല.
തിരുവനന്തപുരംകാരി സ്ത്രീയുടെ മൂത്തമകള്‍ കല്യാണം കഴിക്കില്ല, വള്ളിക്കാവ് മഠത്തില്‍ ചേര്‍ന്നാല്‍ മതിയെന്ന് വാശിപിടിച്ചു തുടങ്ങിയപ്പോള്‍ അവര്‍ അമ്മയെ ശപിച്ച് നാടുനീളെ നടന്നു. രഹസ്യമായി കരികുളങ്ങര ദേവിയുടെ നടക്കല്‍ വന്നു കരഞ്ഞു.
പാവം ദേവിക്ക് ഒന്നും മനസ്സിലായിക്കാണില്ല. കോര്‍പറേറ്റ് ദൈവങ്ങളോട് മത്സരിക്കാന്‍ മാത്രം ശക്തി എന്‍െറ നാട്ടിലെ പാവം ദേവിക്കില്ല. അവര്‍ക്കൊപ്പം ദേവിയും കരഞ്ഞുകാണും. അല്ലാതെന്തു ചെയ്യാന്‍?
 
ഉണ്ണി ആർ
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment