Friday 14 February 2014

[www.keralites.net] ???????? ????????? ?? ?????????????????.. .

 

മരങ്ങള്‍ ഓര്‍മ്മകള്‍ പൊഴിക്കുമ്പോള്‍...
മീനാക്ഷി മേനോന്‍

 
നാടുവിട്ടുപോയാലും നാടുമായി മനസ്സിനെ ചേര്‍ത്തു നിര്‍ത്തുന്ന ചില കാഴ്ചകളുണ്ട്. ഗൃഹാതുരതയുടെ പച്ചപ്പിലേക്ക് മനസ്സിനെ പറിച്ചുനടുന്ന സുഖമുള്ള ഓര്‍മ്മകള്‍. ഡല്‍ഹിയിലെ ഒരു മരം മനസ്സിലുണര്‍ത്തിയ ഗൃഹാതുരത അക്ഷരങ്ങളിലേക്ക് പകരുകയാണ് മീനാക്ഷി മേനോന്‍....


ശിഖരങ്ങളില്ലാതെ തീര്‍ത്തും നിശ്ശബ്ദനായി നില്ക്കുന്ന ഒരു മാവിന് നമ്മെ എത്രത്തോളം സന്തോഷിപ്പിക്കാനാവും? പാറി വരുന്ന കാറ്റുകളെ കൂട്ടിപ്പിടിച്ചുവെച്ച് വീണ്ടുമൂതിപ്പറത്താനും പെയ്തു തോരുന്ന മഴയെ ഇലകളില്‍ ശേഖരിച്ചു വീണ്ടുമൊരു പെരുമഴയാക്കാനും കഴിയാത്തവനെങ്കിലും എന്നെ ഒത്തിരി സന്തോഷിപ്പിക്കുന്നൊരു മാവുണ്ട് ഇവിടെ...ഡല്‍ഹിയില്‍... ഞങ്ങളുടെ ഫ്ലാറ്റിനരികെ...
പകല്‍ നേരങ്ങളില്‍ വെയില്‍ കായാന്‍ ബാല്‍കണിയില്‍ അവനാണെനിയ്ക്ക് കൂട്ട്. നാട്ടിലെ ഞങ്ങളുടെ പറമ്പിലെ മാവുകളിലേറെയും വെട്ടിമുറിക്കപ്പെടും മുമ്പുള്ള ഒരു കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ എന്നെക്കൊണ്ട് അയവിറക്കിച്ച് അവന്‍ അനക്കമില്ലാതെ നില്ക്കും. എന്നിലെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തി എന്നെ രസിപ്പിച്ചുകൊണ്ട്.

 

 
നാട്ടിലെ എന്റെ വീട്ടുമുറ്റത്തോട് ചേര്‍ന്ന് ഒരു വലിയ നാട്ടുമാവ് നിന്നിരുന്നു. ചുനയുള്ള ചെറിയ മാങ്ങകളായിരുന്നു അതിലുണ്ടായിരുന്നത്. നല്ല സ്വാദായിരുന്നു അവയ്ക്ക്. മാങ്ങകള്‍ കൈകൊണ്ടോ നീളമുള്ള തോട്ടികൊണ്ടോ പറിച്ചെടുക്കാന്‍ പറ്റാത്തത്രയും ഉയരത്തിലായിരുന്നു അതിന്‍റെ ശാഖകള്‍. പഴുത്തു തുടങ്ങുന്ന മാങ്ങകള്‍ അണ്ണാരക്കണ്ണന്മാരൊ കിളികളോ കാറ്റോ താഴത്തിട്ടു തരും. അവ പെറുക്കിയെടുത്ത് കടിച്ചീമ്പി കഴിയ്ക്കും. ആ നാട്ടുമാവ് ഇന്നില്ല . മുറ്റത്തു നിറയെ ഇലകള്‍ പൊഴിച്ചു വൃത്തികേടാക്കുന്നു എന്ന കാരണം പറഞ്ഞു വെട്ടിക്കളഞ്ഞു.വീടിന്‍റെ കിഴക്ക് വശത്തും തെക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മാവുകളുണ്ടായിരുന്നു. പല കാരണങ്ങള്‍ അവയുടെയും അന്ത്യം കുറിച്ചു. കിഴക്ക് ഭാഗത്തെ മുറ്റത്തിന്റെ മതിലിനടുത്ത് നില്‍ക്കുന്ന ഒളോര്‍ മാവാകട്ടെ സ്വയം ഓരോ ചില്ലകളായി ഉണക്കിക്കളഞ്ഞു. ബാക്കിയുള്ള തായ്ത്തടിയില്‍ കുരുമുളക് പടര്‍ത്തിയിരിയ്ക്കുന്നു. ആ മാവ് അച്ഛച്ഛന്‍ നട്ടതാണത്രെ. വാര്‍ധക്യം ഓര്‍മ്മകള്‍ മായ്ക്കുംവരെയും അച്ഛമ്മ എല്ലാവരെയും അക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. എണ്ണത്തില്‍ കുറവെങ്കിലും നല്ല രുചിയുള്ള മാമ്പഴം ആ മാവും തന്നിട്ടുണ്ടെനിയ്ക്ക് .
പറമ്പില്‍ പൊഴിഞ്ഞു കിടന്ന കണ്ണിമാങ്ങകളെ നോക്കി വാട്ടമാങ്ങയെന്നു പുച്ഛിച്ചു കടന്നു പോയ നാളുകള്‍ ഓര്‍മ്മയിലുണ്ട്. അത്രയ്ക്കും സമൃദ്ധമായിരുന്നു എന്‍റെ കുട്ടിക്കാലത്ത് നാട്ടിലെ പറമ്പിലെ മാമ്പഴക്കാലം. രാത്രിയില്‍ കാറ്റത്തും മഴയത്തും പൊഴിഞ്ഞു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കാന്‍ അതിരാവിലത്തെ ഇരുട്ടോ മേലേപ്പറമ്പുകളില്‍ തഴച്ചു വളര്‍ന്നു നിന്നിരുന്ന കുറ്റിക്കാടുകളോ വകവെയ്ക്കാതെ ചേച്ചി ഓടിപ്പോകും. പറമ്പിലെ മാളങ്ങളില്‍നിന്നും ഇടയ്ക്കിടെ പുറത്തിറങ്ങി സാന്നിധ്യമറിയിക്കാറുള്ളപാമ്പുകള്‍ അവളെ ഉപദ്രവിച്ചെങ്കിലൊ എന്നുഭയന്ന് പുറകെ അമ്മയും ഓടും. ഈ ഓട്ടങ്ങളൊന്നുമറിയാതെ വീടിനകത്ത് ഞാന്‍ മൂടിപ്പുതച്ചുറങ്ങും. രാവിലെ എണീക്കുമ്പോള്‍ അടുക്കള നിലത്തു കൂട്ടിയിട്ട മാമ്പഴക്കൂട്ടമായിരുന്നു വലിയ കണി. നാട്ടുമാങ്ങകളും കോമാങ്ങകളും കര്‍പ്പൂരമാങ്ങകളും കറമൂസ മാങ്ങകളും.... ഹോ! അതൊരു കാലം.

കണ്ണില്‍ നിന്നും മറഞ്ഞ ആ കണിയുടെ ഓര്‍മ്മയ്ക്ക് അധികം വയസ്സായിട്ടില്ല. കാരണം, നിറയെ മാങ്ങകള്‍ കായ്ച്ചിരുന്ന മാവുകള്‍ പറമ്പില്‍ നിന്നും അപ്രത്യക്ഷമായത് എനിയ്ക്ക് ഓര്‍മ്മയുറച്ച് ഒത്തിരി വര്‍ഷങ്ങള്‍ കഴിഞ്ഞാണല്ലോ.

 

 
മഞ്ഞുകാലമായാല്‍ ഡല്‍ഹിയിലെ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിക്കളയുമത്രെ. പകല്‍ നേരത്ത് ഒരിത്തിരി നേരത്തെയ്ക്കാണെങ്കിലും വന്നെത്തിനോക്കി കടന്നു കളയുന്ന സൂര്യന്‍റെ പ്രകാശം ഒട്ടും ചോര്‍ന്നു പോകാതെ മണ്ണിലെത്തിക്കാനുള്ള ശ്രമം. എന്‍റെ പ്രിയ കൂട്ടുകാരന്‍ ഞാന്‍ വരുമ്പോഴേ ശാഖകള്‍ മുറിയ്ക്കപ്പെട്ടവനായി നിന്നത് അതുകൊണ്ടാണ്. പക്ഷെ അവന്‍ എന്തുമാത്രം പടര്‍ന്നു പന്തലിച്ചവനായിരുന്നുവെന്ന് ടെറസ്സിലെ കരിയിലക്കൂട്ടങ്ങളും ഉണക്കക്കമ്പുകളും പറഞ്ഞുതന്നു. മാവുകള്‍ക്കിടയില്‍ ഇവനേതു ജാതിയില്‍പ്പെടുന്നെന്നു എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അതറിയാന്‍ ഇക്കൊല്ലമെന്തായാലും നിര്‍വ്വാഹമുണ്ടാവുമെന്നും തോന്നുന്നില്ല. മാങ്ങയുടെ മണം നോക്കി, ഗുണം നോക്കി ജാതിയേതെന്നറിയല്‍ വരും വര്‍ഷങ്ങളിലേയ്ക്ക് നീണ്ടു പോകും. അത്രയും നാള്‍ ഡല്‍ഹിയില്‍ ഈ ഫ്‌ലാറ്റില്‍ത്തന്നെ ഞങ്ങളുണ്ടാവുമോ? മനസ്സിനിണങ്ങിയൊരു താമസ സ്ഥലം കിട്ടിയാല്‍ ഏതു നിമിഷവും പോകാനൊരുങ്ങി നില്‍ക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി ഇത്തവണതന്നെ ഒരു ഉണ്ണിമാങ്ങയ്ക്കു കതിരിടാന്‍ ഇവന്‍ ഒരുങ്ങിയേയ്ക്കുമെന്നൊരു പ്രതീക്ഷ എന്‍റെ മനസ്സിലെവിടെയോ ഉണ്ട്. ടെറസ്സില്‍ അവനിലെയ്ക്കു വലിച്ചു കെട്ടിയ അഴയില്‍ തുണികള്‍ ഉണങ്ങാനിടുമ്പോഴൊക്കെയും തളിര്‍ത്തു വരുന്ന ചില്ലകളിലേയ്ക്ക് എന്‍റെ നോട്ടം ചെല്ലും. പക്ഷെ കൊമ്പുകളില്ലാത്ത തായ്ത്തടിയില്‍ എന്തിനൊരു പൂങ്കുല എന്നു തോന്നിയാകണം ഉണങ്ങിക്കൊഴിഞ്ഞു പോകാനെങ്കിലുമൊരു പൂങ്കുലയെ അവന്‍ ഉല്‍പ്പാദിപ്പിക്കാത്തത്.

ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി പണിയുന്ന ഫ്‌ലാറ്റുകള്‍ക്കിടയിലൊക്കെയും കൊച്ചു പാര്‍ക്കുകളുണ്ട്. ഞങ്ങളുടെ ഫ്‌ലാറ്റിന്റെ മുന്നിലും പിന്നിലും പാര്‍ക്കാണ്. അവിടെ കുറെ മരങ്ങളുമുണ്ട്, ഒരുപക്ഷെ നമ്മുടെ നാട്ടിലെ കൊച്ചു പാര്‍ക്കുകളില്‍ ഉള്ളതിനേക്കാള്‍. അവയിലെല്ലാം പലതരം പക്ഷികള്‍ കൂടു വെച്ചിരിയ്ക്കുന്നു. കാക്കയടക്കമുള്ള കിളികളുടെ ശബ്ദങ്ങള്‍ കേട്ടുണരാം. പകല്‍ സമയങ്ങളിലും നഗരമധ്യത്തിലെ ഈ ഫ്‌ലാറ്റില്‍ വാഹനങ്ങളുടെ ശബ്ദങ്ങളെക്കാള്‍ ഞാന്‍ കേള്‍ക്കുന്നത് കിളികളുടെ ഒച്ചകളാണ്.

മുന്‍വശത്തെ പാര്‍ക്കില്‍ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിശ്ചിത അകലത്തില്‍ അതിരിട്ടു നില്‍ക്കുന്ന ചവോക്ക് മരങ്ങള്‍ക്ക് ഞാനുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. എന്‍റെ സ്‌കൂള്‍കോളേജ് നാളുകളില്‍ നിറസാന്നിധ്യമായിരുന്ന മരങ്ങളാണവ. കോഴിക്കോട് ജില്ലയിലെ വിശാലമായ ഫാറൂഖ് കോളേജ് കാമ്പസ്സില്‍ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ചവോക്ക് മരങ്ങള്‍ കാണാമായിരുന്നു. അതേ കാമ്പസ്സില്‍ത്തന്നെയായിരുന്നു പഠിച്ച സ്‌കൂളും. അറ്റം സൂചിപോലെ കൂര്‍ത്തു നില്‍ക്കുന്ന മരങ്ങള്‍ ഭൂമിയില്‍ നിന്നും ജലാംശം വലിച്ചെടുത്ത് വായുവിലേയ്ക്ക് വിടുമെന്നും മണ്ണിനെ വരണ്ടതാക്കുമെന്നും മരങ്ങളെക്കുറിച്ചു ഒത്തിരി അറിയാവുന്നൊരാള്‍ പറഞ്ഞത് കേട്ടശേഷം ഞാന്‍ ചവോക്കിനെ സ്‌നേഹിക്കാതായിരുന്നു. എന്നാല്‍ ഇന്നത്തെ എന്‍റെ ജീവിതത്തില്‍ ഒരുകൈ അകലത്തില്‍ അവയുണ്ട്. എന്‍റെ പുരപ്പുറത്തേയ്‌ക്കേന്തി നില്‍ക്കുന്ന മാവിനെപ്പൊലെ...എന്നിലെ നൊസ്റ്റാല്‍ജിയയെ തൊട്ടുണര്‍ത്തിക്കൊണ്ട്.

ആല്‍മരത്തിനു യക്ഷികളും പ്രേതങ്ങളുമായി ബന്ധമുണ്ടോ...? വടക്കേ ഇന്ത്യക്കാര്‍ അങ്ങനെ വിശ്വസിക്കുന്നു. ഉത്തരാഞ്ചലുകാരനായ തപ്ലിയാല്‍ അങ്ങനെയുണ്ടെന്നുറപ്പിച്ചു പറയുന്നു. ഏഴിലംപാലയ്ക്കും കരിമ്പനയ്ക്കും ബന്ധമുള്ളതായി കേട്ടിട്ടുണ്ട്. പക്ഷെ വൃക്ഷ രാജാവായ ആല്‍മരത്തെ ദൈവീകത കല്‍പ്പിച്ചു ആരാധിക്കുന്നവരുടെ നാട്ടില്‍നിന്നുമെത്തിയ എനിയ്ക്ക് ആല്‍മരത്തെക്കുറിച്ചുള്ള ഈ വിശ്വാസം കൌതുകമുണ്ടാക്കിയതില്‍ അത്ഭുതമുണ്ടോ? ഡല്‍ഹിയില്‍ ഞങ്ങള്‍ താമസിക്കുന്ന കാല്‍ക്കാജിയില്‍ തൊട്ടടുത്ത് ഒരാല്‍മരം വളര്‍ന്നു നില്ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം റോഡ് സൈഡിലെ ഒരു ഫ്‌ലാറ്റില്‍ ആരും താമസിക്കാന്‍ തയ്യാറാവുന്നില്ലത്രെ. ആല്‍മരത്തെക്കുറിച്ചു ശനി ദേവന്റെ ഇരിപ്പിടമെന്ന വിശ്വാസവും ഉത്തരേന്ത്യക്കാര്‍ക്കിടയിലുണ്ട്. നമ്മുടെ നാട്ടില്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ മുമ്പൊക്കെ ആല്‍മരത്തിനു ചുറ്റും ഒത്തുകൂടുമായിരുന്നു. എത്രമാത്രം സമയം ആല്‍മരത്തിനു ചുറ്റും ചെലവഴിക്കുന്നോ അത്രയ്ക്കും ശുദ്ധവായു ലഭിയ്ക്കും. ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ഏഴു പ്രാവശ്യം വലം വെയ്ക്കണമെന്ന് പറയുന്നതിന് പിറകിലും സാങ്കത്യമുണ്ട്. അഗ്‌നിയ്ക്ക് ഏഴു നാവുകളുണ്ടെന്നാണ് വിശ്വാസം. ആ ഏഴു നാവുകളെ പ്രതിനിധാനം ചെയ്തു ഏഴു പ്രദക്ഷിണം. ഒക്‌സിജെന്‍ അഗ്‌നിയാണ്. ഏഴു പ്രാവശ്യം പ്രദക്ഷിണം വെയ്ക്കുന്നത്രയും സമയം ആല്‍മരത്തിനടുത്തുണ്ടാകുമല്ലോ. ആരൊക്കെയോ തുടങ്ങി വെച്ച പല ഏര്‍പ്പാടുകളും അര്‍ത്ഥമറിയാതെയും കാര്യമറിയാതെയും പിന്നീടുള്ളവര്‍ പിന്തുടര്‍ന്നതുപോലെ ഇക്കാര്യങ്ങളും തുടര്‍ന്നു വന്നു. എന്തായാലും എപ്പോഴും വിറച്ചുതുള്ളുന്ന ഇലകളുള്ള ഒരാല്‍മരം സമീപത്തുണ്ടായതില്‍ സന്തോഷമാണെനിയ്ക്ക്. ഇഷ്ടം പോലെ ഒക്‌സിജെന്‍ പ്രദാനം ചെയ്യുന്ന ആല്‍മരത്തെ എന്നേ സ്‌നേഹിച്ചു തുടങ്ങിയതാണ് ഞാന്‍.

രണ്ടാഴ്ച മുമ്പാണ് ഫ്‌ലാറ്റിന്റെ പുറകിലുള്ള പാര്‍ക്കിലെ രണ്ടു മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളയുന്നത് ഞാന്‍ കണ്ടത്. ആദ്യത്തെ കൊമ്പ് മുറിഞ്ഞു വീണതിന്റെ ആഘാതത്തില്‍ ടെലിവിഷന്‍ കേബിള്‍ വലിഞ്ഞു സെറ്റ്‌ടോപ് ബോക്‌സ് നിലത്തുവീണു. ബാല്‍കണിയില്‍ ഇറങ്ങി നോക്കിയപ്പോള്‍ ഒരു കൂട്ടമാളുകളുണ്ട് പാര്‍ക്കില്‍. ഏറെ സൂക്ഷ്മതയോടെ കൊമ്പുകള്‍ മുറിയ്ക്കാന്‍ ഒരു കൂട്ടര്‍. നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ മറ്റൊരു കൂട്ടര്‍. ഡല്‍ഹി മുനിസിപല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരാണവര്‍. അടുത്ത മരക്കൊമ്പ് മുറിഞ്ഞു വീണപ്പോഴും കേബിള്‍ വലിഞ്ഞു ബോക്‌സ് നിലത്തുവീണു. ഏറെ ശ്രദ്ധയോടെ പ്രവൃത്തി ചെയ്തുകൊണ്ടിരുന്ന അവരോടു ഏറെ വിനയത്തോടെ അത്തവണ ഞാന്‍ ബാല്‍കണിയില്‍ ഇറങ്ങിനിന്നു വിളിച്ചു പറഞ്ഞു, 'ഭയ്യാ.. ധ്യാന്‍ സെ കീചിയെ. ബോക്‌സ് ഗിര്‍ പടാ.'

നാട്ടില്‍ ഒരു കൊടുവാളോ കോടാലിയോ ഉണ്ടെങ്കില്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മരക്കൊമ്പുകളോ മരങ്ങള്‍ തന്നെയോ വെട്ടിക്കളയാം. എന്നാല്‍ ഡല്‍ഹിയില്‍ ഒരു കൊച്ചു ചില്ല തന്നിഷ്ടപ്രകാരം ഒടിക്കുന്നത് പോലും കുറ്റകരമാണ്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയോടെയല്ലാതെ മരങ്ങളും കൊമ്പുകളും വെട്ടരുത്. അനുമതി കിട്ടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ കാണിച്ച് അപേക്ഷ നല്കി കാത്തിരിക്കണം. സ്വന്തം വീട്ടുമുറ്റത്ത് സ്വയം നട്ടുപിടിപ്പിച്ച മരങ്ങളാണെങ്കില്‍പ്പോലും ഇക്കാര്യങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ശിക്ഷ ഉറപ്പ്. 1994 ലെ ഡല്‍ഹി ട്രീ പ്രിവന്‍ഷന്‍ ആക്ട് പ്രകാരമാണിത്. ഈ നിയമത്തെക്കുറിച്ചറിഞ്ഞപ്പോള്‍ എന്‍റെ ഓര്‍മ്മയിലാദ്യം വന്നത് നാട്ടിലെ പറമ്പിലുണ്ടായിരുന്ന ചന്ദന മരങ്ങളാണ്. ചെറുമരങ്ങളായിരുന്നപ്പോഴേ ഇഹലോകവാസം വെടിയേണ്ടി വന്ന അവ എനിക്കേറെ പ്രിയ്യപ്പെട്ടതായിരുന്നു. ചന്ദന മരങ്ങള്‍ തേടി പറമ്പുകള്‍ കയറിയിറങ്ങി അവര്‍ വരും. എവിടെ നിന്നാണവര്‍ വന്നിരുന്നതെന്ന് ഇന്നുമെനിയ്ക്കറിയില്ല. മരം മുറിയ്ക്കാന്‍ സകലമാന സന്നാഹങ്ങളും അവരുടെ കൈയിലുണ്ടാവും. ചിലപ്പോള്‍ പറമ്പില്‍ നില്ക്കുന്ന ചന്ദനമരം സ്ഥലമുടമയുടെ കണ്ണില്‍പ്പെടുത്തുന്നതുതന്നെ അവരാവും. തുച്ഛവില പറയും. കിട്ടുന്ന വിലയ്ക്ക് വിറ്റില്ലെങ്കില്‍ പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മരം പറമ്പിലുണ്ടാവില്ല. രാത്രിയ്ക്കു രായ്മാനം അതുമുറിച്ചു കടത്തിയിട്ടുണ്ടാവും. ഞങ്ങളുടെ പറമ്പിലെ ചന്ദന മരങ്ങള്‍ മാത്രമല്ല മറ്റു മരങ്ങളും ആവശ്യക്കാര്‍ക്ക് ഇപ്രകാരം വിറ്റുപോന്നു.
പാര്‍ക്കില്‍ മുറിഞ്ഞു വീണ മരക്കൊമ്പുകളുടെ ചില്ലകളും ഇലകളും രണ്ടു ദിവസം അങ്ങനെത്തന്നെ കിടന്നു. സാമാന്ന്യം തടിയുള്ള കൊമ്പുകള്‍ മുറിച്ചവര്‍ പോകും മുമ്പേ വൃത്തിയായി വെട്ടിക്കൂട്ടിയിട്ടിരുന്നു. ആ രണ്ടു ദിവസവും മുറിഞ്ഞു വീണ കൊമ്പുകള്‍ക്കിടയില്‍ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ഞാന്‍ പക്ഷിക്കൂടുകള്‍ തിരഞ്ഞു. നാട്ടില്‍ പണ്ടൊരു തുലാവര്‍ഷക്കാലത്ത് മേലെപ്പറമ്പിലേയ്ക്ക് വിറകൊടിയ്ക്കാന്‍ നീളമുള്ള തോട്ടിയുമായിപ്പോയ അമ്മയും ഇന്നമ്മ അച്ഛന്റെ ഒരു പെങ്ങളെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത് യും തിരികെയെത്തിയപ്പോള്‍ വിറകിനൊപ്പം രണ്ടു ചില്ലകള്‍ക്കിടയില്‍ ഒരു പക്ഷിയൊരുക്കിയ കൂടുകൂടിയുണ്ടായിരുന്നു. എന്‍റെ കുട്ടിക്കാല കൌതുകം ആ പക്ഷിക്കൂട് കിട്ടിയതില്‍ എന്നെ സന്തോഷിപ്പിച്ചപ്പോള്‍ അവര്‍ രണ്ടുപേരും അറിയാതെ ചെയ്തുപോയ തെറ്റില്‍ വിഷമിയ്ക്കുകയായിരുന്നു. വൈകീട്ട് കൂടു തേടിയ ആ പക്ഷി കൂടില്ലാതെ എന്തു ചെയ്തിരിയ്ക്കാമെന്നു പിന്നീട് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പാര്‍ക്കില്‍ മുറിഞ്ഞു വീണ മരക്കൊമ്പുകള്‍ക്കിടയില്‍ ഞാന്‍ പക്ഷിക്കൂടുകള്‍ കണ്ടില്ല. മേലെക്കാഴ്ചയില്‍ കാണാതെ പോയതാകാം. അത് നന്നായി. കൂടു നഷ്ടപ്പെടുന്ന പക്ഷികള്‍ ഉള്ളിലെന്നുമൊരു വേദനയാണ്.
നാട്ടില്‍നിന്നും ഡല്‍ഹിയിലെത്തിയ ശേഷമിതുവരെയും തുള്ളി വെള്ളം ഒരു മരച്ചുവട്ടിലും ഒഴിച്ചു കൊടുക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. ആകാശത്തിലെ താമസവും സുഖദമാക്കിത്തരുന്നത് ഭൂമിയിലെ തരു നിരകളാണെന്നത് മറന്നിട്ടല്ല. എന്തുകൊണ്ടോ സംഭവിക്കരുതാത്തത് സംഭവിച്ചുപോയി. ഒരു യാത്രയില്‍ സുഹൃത്തിന്റെ മകന്‍ റിഷിത് മൂത്രശങ്ക തീര്‍ത്തത് റോഡരികിലെ വലിയ മരച്ചുവട്ടില്‍ കിളിര്‍ത്തു വരുന്നൊരു മരത്തൈയ്ക്ക് മേലെയായിരുന്നു. ശേഷം സന്തോഷത്തോടെ അവന്‍ പറഞ്ഞു, ' മമ്മി, ഹമനേ ഇസ് പൗധെ കൊ പാനി ദിയാ.' ആ പറച്ചില്‍ അന്നും പല അവസരങ്ങളിലും എന്നെ ചിരിപ്പിച്ചു. ഒപ്പം ചിലപ്പോഴെങ്കിലും ചില മരങ്ങളോട് ചോദിപ്പിച്ചു, മഴയില്ലാത്തപ്പൊഴും മഞ്ഞില്ലാത്തപ്പോഴും ആരാണ് നിങ്ങള്‍ക്ക് കുടിയ്ക്കാന്‍ വെള്ളം തരുന്നത്? മറുപടി ഇനിയുള്ള വേനലില്‍ കിട്ടുമായിരിയ്ക്കും.
ഡല്‍ഹിയിലെ കൂറ്റന്‍ മരങ്ങളിലേറെയും ബ്രിട്ടീഷുകാര്‍ നട്ടു പിടിപ്പിച്ചവയാണത്രെ. കൊന്നയും പാലയും വേപ്പും ആലും ഞാവലും ഡല്‍ഹിയുടെ റോഡരികുകളില്‍ നില്ക്കുന്നത് ഞാന്‍ കാണാറുണ്ട്. പിന്നെയുമുണ്ട് പേരറിയാത്ത ഒത്തിരി മരങ്ങള്‍. പച്ചയില്‍ പൊടിനിറമാര്‍ന്നിരിക്കുന്നുവെങ്കിലും ഉള്ളിലത്രയ്ക്കും സന്തോഷം തോന്നിപ്പിയ്ക്കുന്ന കാര്യങ്ങള്‍ എണ്ണുമ്പോള്‍ അതില്‍ മുന്‍നിരയിലുണ്ടാവും ഡല്‍ഹിയിലെ ഈ ഇത്തിരിപ്പച്ചയും. കല്ല്യാണത്തിനു മുമ്പേ ഞാന്‍ ബനീഷിനോട് ചോദിച്ചവയിലൊന്നു ഡല്‍ഹിയിലെ ഫ്‌ലാറ്റിനടുത്ത് നോക്കിയാല്‍ കാണാവുന്ന അകലത്തിലെങ്കിലും മരങ്ങളുണ്ടോ എന്നായിരുന്നു. കണ്ണൂരിലെ എന്‍റെ വാടക ഫ്‌ലാറ്റിന്റെ വരാന്തയില്‍ ചില ദിവസങ്ങളില്‍ സന്ധ്യ മയങ്ങും വരെ ഞാന്‍ തനിച്ചിരിക്കുമായിരുന്നു, ആകാശത്തു പൊങ്ങിപ്പറക്കുന്ന രണ്ടു പരുന്തുകളെ നോക്കി. അവ ഏതു മരത്തിലാണ് കൂടു വെച്ചതെന്നറിയല്‍ ആ ഇരുത്തത്തിലെ ഒരു രസമായിരുന്നു. കണ്ണൂരില്‍നിന്നും യാത്ര പറയുന്നത് വരെയും അക്കാര്യത്തിലൊരു തീര്‍പ്പിലെത്താന്‍ എനിക്കായതുമില്ല. ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ തനിച്ചിരിക്കേണ്ടി വരുന്ന സമയങ്ങള്‍ ഒട്ടും വിരസമാവാതിരിയ്ക്കുന്നതിനു കാരണവും മരങ്ങളുടെ സാന്നിധ്യമാണ്.

മുറിച്ചു മാറ്റാന്‍ പ്രത്യേകാനുമതി വേണമെങ്കിലും നിയമപരമല്ലാതെ മരങ്ങള്‍ നശിപ്പിക്കപ്പെടുന്നുണ്ടിവിടെയും. മാര്‍ക്കറ്റില്‍ ഒരുതരം ആസിഡ് കിട്ടുമത്രേ. മരത്തിന്റെ കടയ്ക്കല്‍ അതൊഴിച്ചു കൊടുക്കുകയേ വേണ്ടൂ. ഒരാഴ്ചയ്ക്കുള്ളില്‍ ഏതു പടുകൂറ്റന്‍ മരവും ദ്രവിച്ചു മണ്ണായിത്തീരും. ഡല്‍ഹിയില്‍ ഇന്നുയര്‍ന്നു നില്ക്കുന്ന കോക്രീറ്റ് സൌധങ്ങളിലെതെല്ലാം അത്തരം നിലവിളികളെ ചവിട്ടിയമര്‍ത്തി വെച്ചിട്ടുണ്ടാവും?

എങ്കിലുമിവിടെ മരങ്ങളുണ്ട്. ഡല്‍ഹിയിലെത്തുംമുമ്പ് ഞാന്‍ പ്രതീക്ഷിച്ചതിലുമേറെ. അവ നന്നായി സംരക്ഷിക്കപ്പെടുന്നുമുണ്ട്. പുതിയവ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് നട്ടു പിടിപ്പിക്കുന്നുമുണ്ട്. പച്ചപ്പിന്‍റെ കുത്തക അവകാശപ്പെടുന്ന നമ്മുടെ നാട്ടിലോ? കഴിഞ്ഞ ഒരാഴ്ച ഞാന്‍ നാട്ടിലുണ്ടായിരുന്നു. ഡല്‍ഹി തണുത്തു തണുത്തു നില്ക്കുമ്പോഴാണ് നാട്ടിലെ 32 ഡിഗ്രി ചൂടിലേയ്ക്ക് ഒരത്യാവശ്യം പ്രമാണിച്ചു ഞങ്ങള്‍ വന്നത്. മകരത്തില്‍ മരം കോച്ചുന്ന തണുപ്പെന്ന പഴമൊഴി കാറ്റിലെങ്ങൊ പറന്നു പോയതായി തോന്നി. അത്രയ്ക്ക് ചൂട്. ചൂട് കൂടുമ്പോഴാണ് കൊന്ന പൂക്കുക. പണ്ടൊക്കെ അത് വിഷുക്കാലത്തായിരുന്നു. ഏപ്രിലില്‍. പിന്നെപ്പിന്നെ മാര്‍ച്ചിലും ഫിബ്രവരിയിലും കണിക്കൊന്ന പൂത്തുകണ്ടു. ചൂട് നേരത്തേ നേരത്തേയായി വരുന്നതിന്‍റെ ലക്ഷണം. ഇക്കൊല്ലം ഒരുപക്ഷെ അതിലും മുമ്പേ പൂക്കുന്നുണ്ടാവും. പൂത്തു നില്ക്കുന്ന കണിക്കൊന്ന കാണാന്‍ ഇഷ്ടമാണ്. പക്ഷെ കാലമെത്തുംമുമ്പേ ചിലത് സംഭവിക്കുമ്പോള്‍ മനസ്സില്‍ ആധിയും പെരുകും. ഭാഗ്യം. ഇത്തവണ ആധി പെരുപ്പിയ്ക്കും വിധം അങ്ങനെയൊരു കാഴ്ച കണ്ടില്ല. പക്ഷെ പ്ലോട്ടുകളായി വിഭജിച്ചു വില്‍ക്കപ്പെട്ട വലിയ തൊടികളെയും കെട്ടിടം പണിയ്ക്കായി മുറിച്ചിട്ട തെങ്ങുകളെയും മറ്റു മരങ്ങളെയും മുമ്പത്തേക്കാള്‍ എണ്ണക്കൂടുതലില്‍ കണ്ടു. എപ്പോഴും മഴ നന്നായി കിട്ടാറുള്ള മലയോരങ്ങളിലും ഇത്തവണ തുലാവര്‍ഷം വേണ്ടത്ര കനിയാതിരുന്നതിനെച്ചൊല്ലിയുള്ള വ്യാകുലതകള്‍ കേട്ടു. വേനല്‍ പൊരിയ്ക്കുന്ന ഏപ്രില്‍മെയ് മാസങ്ങള്‍ അധികം ദൂരെയല്ലാതെ നിന്ന് ഭീകരമായി തുറിച്ചു നോക്കുന്നത് കാണാതിരിയ്ക്കാന്‍ പാടുപെട്ടു. നമ്മുടെ നാട് മുമ്പ് ഇങ്ങനെയേ ആയിരുന്നില്ലല്ലോ. മഴയും മഞ്ഞും വെയിലും നിലാവുമൊക്കെ ആവശ്യമായ അളവില്‍ അനുഗ്രഹിച്ചിരുന്നൊരു കാലം പണ്ടുപണ്ടുണ്ടായിരുന്നുവെന്ന് പുതു തലമുറകളെ പറഞ്ഞറിയിയ്ക്കാന്‍ ഇട വരാതിരിയ്ക്കാന്‍, എടുത്താലുമെടുത്താലും തീരാത്ത അക്ഷയ പാത്രമാണ് നമ്മുടെ നാടിന്‍റെ പച്ചപ്പെന്ന വിചാരം ഇപ്പോഴുമുണ്ടെങ്കില്‍ അത് മാറ്റി വെയ്ക്കാന്‍ ഇനിയും വൈകിയ്ക്കരുതല്ലെ ?

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment