Sunday 29 December 2013

[www.keralites.net] ??????????????? ????????? ?????

 

അധികാരക്കൊതിയന്മാരെ ഞെട്ടിച്ച്‌ കെജ്രിവാള്‍: എസ്‌കോര്‍ട്ടും ബംഗ്ലാവും വേണ്ട

ന്യൂഡല്‍ഹി: പ്രകടന പത്രികയില്‍ പറഞ്ഞത്‌ അരവിന്ദ്‌ കെജ്‌രിവാള്‍ നടപ്പാക്കിത്തുടങ്ങി. താനുള്‍പ്പടെയുള്ള ഡല്‍ഹി മന്ത്രിമാര്‍ക്കു സര്‍ക്കാര്‍ ബംഗ്ലാവും പോലീസിന്റെ അകമ്പടിയും വേണ്ടെന്ന്‌ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമായി. മന്ത്രിക്കാറുകളില്‍ ബീക്കണ്‍ ലൈറ്റും ഉണ്ടാവില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാന്‍ കെജ്‌രിവാള്‍ എത്തിയതു തന്നെ സാധാരണക്കാരന്റെ വാഹനമായ മെട്രോ ട്രെയിനില്‍.

ആം ആദ്‌മി പാര്‍ട്ടിയുടെ പ്രകടന പത്രിക മനസിരുത്തി പഠിക്കാനാണ്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍മാരോട്‌ നിര്‍ദേശിച്ചത്‌. തികച്ചും ജനകീയ നയങ്ങള്‍ നടപ്പാക്കുന്ന ആം ആദ്‌മി സര്‍ക്കാര്‍, അധികാരക്കസേര സുഖിക്കാനുള്ളതാണെന്നു ചിന്തിക്കുന്ന പതിവ്‌ രാഷ്‌ട്രീയക്കാരെ ഞെട്ടിച്ചിരിക്കുകയാണ്‌.

രാംലീലാ മൈതാനത്ത്‌ അരലക്ഷത്തിലേറെ പേരെ സാക്ഷിയാക്കിയായിരുന്നു ആം ആദ്‌മി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ. ചടങ്ങുകള്‍ക്കു ശേഷം ഡല്‍ഹി സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റ കെജ്‌രിവാള്‍ ഉടന്‍ തന്നെ മന്ത്രിസഭാ യോഗവും വിളിച്ചു ചേര്‍ത്തു. ആഭ്യന്തരം, ധനം, ഊര്‍ജം, വിജിലന്‍സ്‌ എന്നീ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.

രാവിലെ 10.30-ന്‌ വീടിനടുത്ത കൗശംബി മെട്രോ സ്‌റ്റേഷനില്‍ നിന്ന്‌ ന്യൂഡല്‍ഹിയിലെ ബാരഖംബ വരെ മെട്രോ ട്രെയിനിലായിരുന്നു നിയുക്‌ത മുഖ്യമന്ത്രി കെജ്‌രിവാളിന്റെ യാത്ര. തുടര്‍ന്ന്‌ സ്വന്തം കാറില്‍ രാംലീലാ മൈതാനിയിലേക്ക്‌. 12 മണിക്ക്‌ മിനിറ്റുകള്‍ ഉള്ളപ്പോള്‍ ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗ്‌, കെജ്‌രിവാളിനും ആറു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എല്ലാവരുടെയും സത്യപ്രതിജ്‌ഞ. 20 മിനിറ്റ്‌ നീണ്ട പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിളിച്ച വന്ദേമാതരവും ഈങ്ക്വിലാബ്‌ സിന്ദാബാദും ജനത്തിന്റെ ആവേശം പരകോടിയിലെത്തിച്ചു. ഗായകന്‍ മന്നാഡെ അവിസ്‌മരണീയമാക്കിയ പൈഗാം എന്ന ചിത്രത്തിലെ ഇന്‍സാന്‍ കോ ഇന്‍സാന്‍ സേ ഹോ ഭായിചാര എന്ന ഗാനം ജനത്തിനൊപ്പാം പാടാനും അദ്ദേഹം സമയം കണ്ടെത്തി. ജീവിതത്തില്‍ ഒരിക്കലും കൈക്കൂലി നല്‍കുകയോ വാങ്ങുകയോ ചെയ്യില്ലെന്നുള്ള പ്രതിജ്‌ഞയും കെജ്‌രിവാള്‍ ചൊല്ലിക്കൊടുത്തു.

ഗാന്ധി സമാധിയായ രാജ്‌ഘട്ടില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ്‌ കെജ്‌രിവാളും മന്ത്രിമാരും സെക്രട്ടറിയേറ്റിലെത്തിയത്‌. ഇതിനിടെ, മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. കേജ്‌രിവാളിന്റെ ഉറ്റ അനുയായി മനീഷ്‌ സിസോദിയയ്‌ക്ക്‌ വിദ്യാഭ്യാസവും പൊതുമരാമത്തും നഗരവികസനവും നല്‍കി. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ രാഖി ബിര്‍ളയ്‌ക്കാണ്‌ വനിതാ, ശിശുക്ഷേമ വകുപ്പുകള്‍. ഡല്‍ഹി ഐ.ഐ.ടി മുന്‍ വിദ്യാര്‍ഥിയും ബിഹാര്‍ സ്വദേശിയുമായ സോംനാഥ്‌ ഭാര്‍തിക്ക്‌ ടൂറിസം, അഡ്‌മിനിസ്‌ട്രേറ്റീവ്‌ റിഫോംസ്‌ വകുപ്പുകളും ബി.ടെക്‌ ബിരുദധാരിയായ സൗരവ്‌ ഭരദ്വാജിന്‌ ഗതാഗതം, ഭക്ഷ്യ, പൊതുവിതരണ, പരിസ്‌ഥിതി വകുപ്പുകളും നല്‍കി. ബിസിനസുകാരന്‍ കൂടിയായ ഗിരീഷ്‌ സോണിക്കാണ്‌ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം, എംപ്ലോയ്‌മെന്റ്‌ വകുപ്പുകളുടെ ചുമതല. ആരോഗ്യവും വ്യവസായവും സത്യേന്ദ്ര ജയിന്‍ കൈകാര്യം ചെയ്യും.

സുരക്ഷാ വാഹനങ്ങള്‍ ഭീഷണിയുള്ളവര്‍ക്ക്‌ മാത്രമായി ചുരുക്കും, മന്ത്രിമാര്‍ സാധാരണ ഫ്‌ളാറ്റുകളിലായിരിക്കും താമസിക്കുക തുടങ്ങിയ തീരുമാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിലുണ്ടായി. ഡല്‍ഹിയില്‍ എല്ലാവര്‍ക്കും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാനും തീരുമാനമായി. സി.എന്‍.ജി. വില വര്‍ധനയെത്തുടര്‍ന്ന്‌ നിരക്കു പുതുക്കണമെന്ന ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യം കണക്കിലെടുത്ത്‌ മുഖ്യമന്ത്രി അവരുമായി ചര്‍ച്ച നടത്തി.

കെജ്‌രിവാളിനെ, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌, ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ്‌, ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്‌ ഡോ. ഹര്‍ഷവര്‍ധന്‍ തുടങ്ങിയവരും പുതിയ ഡല്‍ഹി മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. ആം ആദ്‌മി പാര്‍ട്ടി അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതുവരെ കോണ്‍ഗ്രസ്‌ പിന്തുണയുണ്ടാകുമെന്ന്‌ ഷക്കീല്‍ അഹമ്മദ്‌ വ്യക്‌തമാക്കി. ജനുവരി ഒന്നിന്‌ നിയമസഭാ സമ്മേളനം തുടങ്ങും. രണ്ടിന്‌ കെജ്‌രിവാള്‍ വിശ്വാസവോട്ട്‌ തേടും.

ഡല്‍ഹി ജല്‍ ബോര്‍ഡ്‌ മേധാവി ദേബശ്രീ മുഖര്‍ജി അടക്കം എട്ട്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റിക്കൊണ്ടാണ്‌ ഉദ്യോഗസ്‌ഥ തലത്തിലുള്ള മാറ്റങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. ജല്‍ ബോര്‍ഡിലെ അഴിമതിക്കെതിരേ നടപടി എടുക്കുമെന്ന്‌ കേജ്‌രിവാള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment