Friday 8 November 2013

[www.keralites.net] പ്രവാസിയെ കടക്കെണിയിലാക്കുന്നത് ധൂര്‍ത്തും ദുര്‍വ്യയവും

 

പ്രവാസിയെ കടക്കെണിയിലാക്കുന്നത് ധൂര്‍ത്തും ദുര്‍വ്യയവും

കെ.വി ശംസുദ്ദീന്‍/നാസര്‍ ഊരകം

ലയാളികളുടെ ഗള്‍ഫിലേക്കുള്ള പലായനം തുടങ്ങിയിട്ട് അര നൂറ്റാണ്ടിലധികമായി. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുപോക്കിനെ കുറിച്ച വാര്‍ത്ത കേരളം കേള്‍ക്കുന്നത്, ഭൂകമ്പ വാര്‍ത്ത കേള്‍ക്കുന്ന പോലെയാകുന്നത് നാം ഗള്‍ഫ് പണത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തത് കൊണ്ടല്ലേ?

 
 
ആദ്യ കാലങ്ങളില്‍ ഗള്‍ഫുനാടുകളില്‍ ജീവിക്കുന്ന പ്രവാസികള്‍ തങ്ങളുടെ കുടുംബത്തിന് നല്ല ജീവിതം നല്‍കുക മാത്രമല്ല, തിരിച്ചു പോയാല്‍ ആ ജീവിതം തുടരാനുള്ള സാമ്പത്തിക അടിത്തറയും ഉണ്ടാക്കിയിരുന്നു. അതില്‍ ഉയര്‍ന്ന വരുമാനക്കാരായ ഉദ്യോഗസ്ഥര്‍, വന്‍കിട കച്ചവടക്കാര്‍ മുതല്‍ സകുടുംബം കഷ്ടിച്ചു ജീവിക്കാന്‍ വേണ്ട സാമ്പത്തിക സൗകര്യം ഉള്ളവര്‍ വരെയുണ്ട്. പ്രവാസി മലയാളികളില്‍ അറുപ്പത്തിയഞ്ച് ശതമാനവും ചെറിയ വരുമാനക്കാരും മധ്യവരുമാനക്കാരുമാണ്.
 
 
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ പ്രവാസികളുടെ സമ്പാദ്യ സ്വഭാവത്തില്‍ കാതലായ മാറ്റമുണ്ടായി. പലരും ഗള്‍ഫില്‍ എത്തുന്നത് വിസക്ക് വലിയ സംഖ്യ നല്‍കിയാണ്. പണം കടമെടുത്താണ് അത് ഉണ്ടാക്കുന്നത്. ഏജന്റുമാര്‍ വാഗ്ദാനം ചെയ്ത ശമ്പളമോ ജീവിത സൗകര്യങ്ങളോ തൊഴിലോ ആയിരിക്കില്ല ഗള്‍ഫില്‍ എത്തിയാല്‍ ലഭിക്കുന്നത്. എന്നിരുന്നാലും നാട്ടിലുള്ള കടബാധ്യത പലരെയും ഗള്‍ഫില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നു. അതോടൊപ്പം ആഡംബര ജീവിതത്തോടുള്ള അഭിനിവേശം ഗള്‍ഫുകാരുടെ കുടുംബങ്ങളില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ പോലും ത്യജിച്ചു ജീവിക്കേണ്ടിവരുന്ന പ്രവാസികള്‍ തന്റെ കുടുംബത്തിന് സുഖ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍, ഈ സൗകര്യങ്ങള്‍ നിരന്തരം അനുഭവിക്കുന്ന കുടുംബക്കാര്‍ക്കാകട്ടെ, സ്‌നേഹം എന്നാല്‍ പണം എന്ന മനോഭാവമാണ് പലപ്പോഴും. ഈ പണം കായ്ക്കുന്ന മരം നിലം പൊത്തുന്നതായി തോന്നുന്നത് കൊണ്ടാണ്, പ്രവാസികള്‍ തിരിച്ചുവരുന്നു എന്ന് കേള്‍ക്കുമ്പോള്‍ നാട്ടില്‍ 'ഭൂകമ്പ'മുണ്ടാകുന്നത്.
 
 
കേരളത്തിലേക്ക് ഒഴുകുന്ന പ്രവാസി മലയാളികളുടെ സമ്പാദ്യം പ്രതി വര്‍ഷം 41,000 കോടി രൂപയോളമാണ്. അതില്‍ തുഛമായ തുക മാത്രമേ പ്രത്യുല്‍പാദനപരമായ മേഖലകളില്‍ എത്തിപ്പെടുന്നുള്ളൂ. അടിത്തറ ഇല്ലാത്തതും ഉള്ളു പൊള്ളയായതുമായ സാമ്പത്തിക വികസനമാണ് നമുക്കുള്ളത്. ഗള്‍ഫു നാടുകളില്‍ ചെറിയൊരു പ്രതിസന്ധി മതി എല്ലാം തകിടം മറിയാന്‍.
 
 

 
 
അമിത വ്യയവും ധൂര്‍ത്തും സ്വന്തം കുടുംബത്തിലും നാട്ടിലും ശീലമാക്കുന്നത് പ്രവാസികള്‍ തന്നെയല്ലേ?
 
 
കഷ്ടപ്പെട്ട് ഗള്‍ഫില്‍ ജീവിക്കുന്ന പ്രവാസികള്‍ തന്നെയാണ് നാട്ടില്‍ അമിതവ്യയം എന്ന ദുശ്ശീലത്തിന്റെ വിത്ത് പാകുന്നത്. ബഹു ഭൂരിപക്ഷവും ഗള്‍ഫു ജീവിതം ആരംഭിച്ചതിനു ശേഷമായിരിക്കും വിവാഹിതരാവുന്നത്. അതിനാല്‍ തന്നെ അവരുടെ ഭാര്യയും സന്താനങ്ങളും ജീവിതം ആരംഭിക്കുന്നത് ഗള്‍ഫുകാരന്റെ ഭാര്യ, ഗള്‍ഫുകാരന്റെ മക്കള്‍ എന്ന നിലയില്‍ ഒരു പ്രത്യേക ജീവിത സംസ്‌കാരത്തിലാണ്. പണം ഉണ്ടാക്കുന്നതിന്റെ വേദന അറിയാത്തവര്‍ അതു ചെലവു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന എല്ലാ വൈകല്യങ്ങളും ഇവരില്‍ നമുക്ക് കാണാം. ലോക സാമ്പത്തിക മാന്ദ്യവും നിതാഖാത്തുമെല്ലാം പ്രവാസികള്‍ക്ക് ഒരു മുന്നറിയിപ്പിന്റെ മണിനാദമായിരുന്നു.
 
 

 
 
പ്രവാസികളിലധികം പേരും ഗള്‍ഫ് നാടുകളില്‍ വലിയ കടക്കെണികളില്‍പെട്ട് പ്രയാസപ്പെടുന്ന സംഭവങ്ങള്‍ കൂടിക്കൂടി വരികയാണല്ലോ?
 
 
അമിത വ്യയം പ്രവാസികളുടെ മുഖ മുദ്രയായിത്തീരുകയാണ്. ആവശ്യങ്ങള്‍ നോക്കി ചെലവഴിക്കുന്നതിന് പകരം മറ്റള്ളവരെ അനുകരിച്ച് ജീവിക്കാനുള്ള അഭിനിവേശം വളര്‍ന്നു വന്നതിനാല്‍ കൈയിലുള്ള പണം മതിയാകാതെയാവുകയും കടം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീരുകയും ചെയ്തു. 2008 വരെ യു.എ.ഇയിലെ ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും പ്രവാസികളെ ക്ഷണിച്ചു വരുത്തി കടം നല്‍കുന്ന പതിവ് ഉണ്ടായിരുന്നു. സ്വന്തം കുടുംബത്തില്‍നിന്ന്, പണമയക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും, അതിനൊരു മാര്‍ഗം കാണാതെ പ്രവാസി വിഷമിച്ചിരിക്കുകയും ചെയ്യുമ്പോഴാണ് കടം നല്‍കാമെന്ന വാഗ്ദാനവുമായി ബാങ്കുകള്‍ എത്തുന്നത്. ബാങ്കുകള്‍ നല്‍കിയ കടം കൃത്യമായി തിരിച്ചടക്കാന്‍ കഴിയാത്ത സന്ദര്‍ഭത്തിലാണ് മറ്റു ചില ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡ് നല്‍കാമെന്നും അതില്‍ നിന്ന് നിഷ്പ്രയാസം കടമെടുക്കാമെന്നും വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നത് അതിന്റെ വ്യവസ്ഥകളും നിബന്ധനകളും മനസ്സിലാക്കിയിട്ടായിരിക്കില്ല. മിനിമം ബാലന്‍സ് മാത്രം അടച്ച് പലിശ കുന്നുകൂടി കടക്കെണിയിലായ മലയാളികള്‍ ആയിരക്കണക്കിനുണ്ട്. ഈ സന്ദര്‍ഭത്തില്‍ രക്ഷകരായി എത്തുന്നത് നമ്മുടെ നാട്ടിലുള്ളത് പോലുള്ള 'ബ്ലേഡു'കളാണ്. ആയിരത്തിന് പ്രതിമാസം 100 എന്ന നിരക്കിലാണ് ഇവര്‍ പലിശ ഈടാക്കുന്നത്.
 
 

 
 
പ്രവാസി മലയാളികള്‍ക്കിടയില്‍ ആത്മഹത്യ കൂടി വരുന്നത് കടബാധ്യത മൂലമാണോ?
 
 
2003-ല്‍ യു.എ.ഇയില്‍ മാത്രം 43 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ 2007 ആയപ്പോഴേക്കും എണ്ണം 141 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 114 ആത്മഹത്യകളാണ് ഇന്ത്യക്കാരില്‍ ഉണ്ടായത്. അതില്‍ പകുതിയിലേറെയും മലയാളികളായിരുന്നു. ഈ ആത്മഹത്യകളില്‍ എഴുപത്തിയഞ്ച് ശതമാനത്തിനും കാരണം കടം പെരുകിയതിലുള്ള മാനസിക സംഘര്‍ഷമായിരുന്നു. 2006-ല്‍ ആത്മഹത്യാ നിരക്ക് കുറക്കാന്‍ വേണ്ടി ഞാന്‍ ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. വരുമാനത്തിന്റെ അമ്പത് ഇരട്ടി പോലും കട ബാധ്യതയുള്ള മലയാളികള്‍ നിരവധിയായിരുന്നു. ഞങ്ങള്‍ വിളിക്കുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയും കാണുന്നില്ലെന്ന് പറഞ്ഞവരില്‍ ആരും ആ കടും കൈ ചെയ്തില്ല എന്നതാണ് സമാധാനം. ഇത്രയും ദാരുണമായ ഒരവസ്ഥ ഉണ്ടെന്നറിയാതെ കുടുംബങ്ങള്‍ പിന്നെയും പിന്നെയും പ്രവാസികളെ പണത്തിനായി നിരന്തരം സമ്മര്‍ദത്തിലാക്കി നില കൂടുതല്‍ വഷളാക്കുന്നു. അമിതവ്യയവും കടബാധ്യതകളും, ഏത് മാര്‍ഗേനയും പണം ഉണ്ടാക്കണം എന്ന മനോഭാവം പ്രവാസികളില്‍ സൃഷ്ടിക്കുന്നു. അതിനുവേണ്ടി, ഉള്ള ജോലിക്കു പുറമെയോ അല്ലെങ്കില്‍ അത് കളഞ്ഞോ മറ്റു കുറുക്കുവഴികള്‍ തേടുന്നത് കൂടുതല്‍ കുരുക്കില്‍ ചെന്നു ചാടാന്‍ കാരണമാകുന്നു.
 
 
മതിയായ മൂലധനമോ പരിചയമോ ഇല്ലാതെ ബിസിനസ് ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നതും പ്രവാസി മലയാളികളുടെ സാമ്പത്തിക കുരുക്ക് മുറുകുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.
 
 

 
 
പ്രവാസികളുടെ സാമ്പത്തികാസൂത്രണത്തെ കുറിച്ച്?
 
 
പ്രവാസികള്‍ക്കിടയില്‍ സാമ്പത്തിക ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുമ്പോള്‍ സ്ഥിരമായി ചോദിക്കാറുള്ളത്, 'നിങ്ങള്‍ ഗള്‍ഫ് ജീവിതം ആരംഭിച്ചത് കൊണ്ട് നിങ്ങളുടെ കുടുംബത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നോ' എന്ന ചോദ്യമാണ്. 99 ശതമാനം പേരും ഉയര്‍ച്ച ഉണ്ടായെന്ന് സമ്മതിക്കും. ഇപ്പോള്‍ തിരിച്ചു നാട്ടിലേക്ക് പോകേണ്ടതായി വന്നാല്‍ ഇന്നത്തെ ജീവിതരീതി തുടരാനുള്ള സാമ്പത്തിക ഭദ്രത ഉള്ളവര്‍ എത്ര പേര്‍ ഉണ്ടെന്ന് ചോദിക്കുമ്പോള്‍, വെറും അഞ്ച് ശതമാനം മാത്രമാണ് അതിനുള്ള സാമ്പത്തിക ഭദ്രതയുണ്ടെന്ന് അവകാശപ്പെടാറുള്ളത്.
 
 

 
 
എങ്ങനെ ഈ ആസൂത്രണം നടപ്പിലാക്കാം?
 
 
പ്രവാസികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും ഒട്ടൊന്ന് ശ്രദ്ധിച്ചാല്‍, ഗൃഹനാഥന്‍ ഗള്‍ഫില്‍ കഴിഞ്ഞിരുന്ന കാലത്ത് ജീവിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതം അതിനു ശേഷവും സാധ്യമാവും. പ്രവാസികളും അവരുടെ കുടുംബങ്ങളും അതിനു വേണ്ടി ഒന്നിച്ചു ശ്രമിക്കേണ്ടതുണ്ട്. പ്രവാസികള്‍ തങ്ങളുടെ യഥാര്‍ഥ അവസ്ഥ കുടുംബത്തെ ധരിപ്പിക്കണം. പ്രവാസി ജീവിതത്തിന്റെ സങ്കീര്‍ണത പ്രവാസികളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനമെങ്കിലും ഭാവിയിലേക്ക് വേണ്ടി നീക്കിവെക്കും എന്ന ദൃഢനിശ്ചയം പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും എടുക്കണം. ചെലവുകള്‍ നിയന്ത്രിക്കുകയല്ലാതെ സമ്പാദ്യത്തിന് മറ്റൊരു മാര്‍ഗവും ഇല്ല. തങ്ങള്‍ക്ക് അനാവശ്യ ചെലവുകളൊന്നും ഇല്ല എന്നു എല്ലാവരും പറയുമെങ്കിലും, അത്തരം ചെലവുകള്‍ വന്നുപോകാറുണ്ടോ എന്നു പരിശോധിക്കാറില്ല. ഓരോരുത്തര്‍ക്കും ചെലവു നിയന്ത്രണ പട്ടിക എഴുതി സൂക്ഷിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ ചെലവുകളിലേറെയും അനാവശ്യമായിരുന്നു എന്ന് തിരിച്ചറിയാന്‍ അവസരം ലഭിക്കും. ഇതു ശീലിച്ചാല്‍ അനാവശ്യ ചെലവുകള്‍ തിരിച്ചറിയാനും, നിര്‍ബന്ധമില്ലാത്ത ചെലവുകള്‍ ഒഴിവാക്കാനും നിഷ്പ്രയാസം കഴിയും. ആയിരക്കണക്കിന് പ്രവാസികളില്‍ മാറ്റമുണ്ടാക്കാന്‍ ഈ തന്ത്രം സഹായിച്ചിട്ടുണ്ട്.
 
 
അതോടൊപ്പം എല്ലാവരും കുടുംബ ബജറ്റ് ഉണ്ടാക്കണം. ബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ വരുമാനത്തില്‍ നിന്ന് സമ്പാദ്യം എന്ന നിലക്കുള്ള സംഖ്യ മാറ്റി വെച്ച് ബാക്കിയുള്ള തുകയില്‍ നമ്മുടെ ചെലവുകള്‍ ഒതുക്കുക എന്നുള്ളതാണ്.
 
 
മറ്റുള്ളവര്‍ എന്ത് പറയും എന്ന് നാം നോക്കരുത്. നമ്മുടെ സാമ്പത്തിക ശേഷിക്ക് അനുയോജ്യമായ കാര്യങ്ങള്‍ മാത്രം ചെയ്യുക. 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍നിഴല്‍ മാത്രം വരും' എന്ന ഗാനം ഓര്‍ക്കുക.
 
 
റിഫഌ്‌സ് ആക്ഷന്‍ (പെട്ടെന്നുള്ള തീരുമാനം) കൊണ്ട് ഒന്നും വാങ്ങാതിരിക്കുക. എന്തു സാധനം വാങ്ങുമ്പോഴും കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തു അത് നിര്‍ബന്ധമാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാങ്ങുക. അല്ലാത്തപക്ഷം, ഉപയോഗിക്കാതെ കിടക്കുന്ന ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കൊണ്ട് വീട് നിറയുകയായിരിക്കും ചെയ്യുക
 
 

 
 
കേരളത്തില്‍ പ്രവാസികളുടെ പണം പ്രധാനമായും ചോര്‍ന്നു പോകുന്നത് ഭവന നിര്‍മാണത്തിനാണല്ലോ?
 
 
ഭവനം ഭവിക്കാനുള്ളതാകുന്നു. പലരും ഭവനം നിര്‍മിക്കുന്നത് മറ്റുള്ളവരോട് മത്സരിക്കാനാണ്. അപ്പോള്‍ ഭവനം ഒരു ബാധ്യതയായി മാറുന്നു. ഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിക്ക് അനുസരിച്ച ഭവനമേ പണിയാവൂ. ഒരാളുടെ സമ്പാദ്യത്തിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ തുക ഭവനനിര്‍മാണത്തിനായി ചെലവാക്കരുത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രവാസികള്‍ ഒന്നും രണ്ടും ദശാബ്ദം കൊണ്ടുണ്ടാക്കിയ സമ്പാദ്യവും ഒപ്പം കടവും എടുത്താണ് ഭവനം നിര്‍മിക്കുന്നത്. കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും മാത്രം താമസിക്കുന്ന ആയിരക്കണക്കില്‍ ആഡംബര ഭവനങ്ങളുണ്ട്. പലര്‍ക്കും ഇന്ന് അത്തരം വീടുകള്‍ വല്ലാത്ത ബാധ്യതയായിരിക്കുന്നു. ഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിക്കനുസൃതമായ ഭവനമാണ് പണിയേണ്ടത്.
 
 
ഉണ്ടാക്കിയ മണിഹര്‍മ്യത്തിന് പെയിന്റടിക്കാനും മെയിന്റനന്‍സ് ചെയ്യാനും പറ്റാത്ത അവസ്ഥയും പലര്‍ക്കുമുണ്ട്. ബെഡ് സ്‌പെയിസിലും ബങ്ക് ബെഡിലും അന്തിയുറങ്ങിയ പ്രവാസിയുടെ ഒരു സ്വപ്നാഭിലാഷമായിത്തീര്‍ന്നിരിക്കുന്നു വലിയ വീടുകളുടെ നിര്‍മാണം. എന്നാല്‍, ഈ വീട്ടില്‍ അന്തിയുറങ്ങാന്‍ പല പ്രവാസികള്‍ക്കും സാധിക്കാറില്ല.
 
 
പ്രവാസികളുടെ ഭവനനിര്‍മാണ സ്വഭാവത്തില്‍ കാതലായ മാറ്റം വേണ്ടതുണ്ട്. ഒരു കുടുംബത്തിന് ഒരു ഭവനം എന്ന നയം തുടര്‍ന്നാല്‍ രണ്ടു തലമുറ കൂടി കഴിയുമ്പോള്‍ കേരളം മരുഭൂമിയായി തീരും. 10 സെന്റ് സ്ഥലത്ത് ഒരു വീട് എന്ന സ്വപ്നം നടപ്പാക്കുകയാണെങ്കില്‍, അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സ്ഥലം മാറ്റിവെച്ച് ഒരു ഏക്കറില്‍ 6 വീടുകളേ നിര്‍മിക്കാന്‍ കഴിയൂ. അതിനു പകരം ഒരു ഏക്കര്‍ സ്ഥലത്ത് 10 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 80 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ലഭിക്കും. അത്രയും കുടുംബങ്ങള്‍ വീട് നിര്‍മിക്കുകയാണെങ്കില്‍ കുറഞ്ഞത് 10 ഏക്കര്‍ സ്ഥലമെങ്കിലും വേണ്ടി വരും. അത്രയും സ്ഥലത്തെ വൃക്ഷങ്ങള്‍ മുറിച്ചുകളയേണ്ടിയും വരും. അപാര്‍ട്ട്‌മെന്റ് സമ്പ്രദായം വഴി 80 കുടുംബങ്ങളില്‍നിന്നായി 9 ഏക്കര്‍ ഭൂമി ലാഭിക്കാം. കേരളത്തിന്റെ ഹരിത മനോഹാരിത നിലനിര്‍ത്താന്‍ പ്രവാസികളെങ്കിലും അപ്പാര്‍ട്ട്‌മെന്റ് സംസ്‌കാരം കൊണ്ടുവന്നേ തീരൂ.
 
 

 
 
പ്രവാസികള്‍ നാട്ടില്‍ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റുമാരുടെയും മറ്റും കെണിയില്‍പെട്ടു പോകുന്നത് അറിവില്ലായ്മ കൊണ്ടല്ലേ?
 
 
പ്രവാസികള്‍ അവരുടെ സാമ്പത്തിക ശേഷിക്ക് അനുയോജ്യമല്ലാത്ത, ഏജന്റുമാര്‍ പറയുന്നത് അന്ധമായി വിശ്വസിച്ചു വന്‍തുകക്ക് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നു. പക്ഷേ പ്രതിവര്‍ഷ പ്രീമിയം അടക്കാനാവാതെ അടച്ച തുക കൂടി നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പ്രവാസികള്‍ പരാതിയായി പറയാറുണ്ട്.
 
 
ഉയര്‍ന്ന ആദായവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന ചെയിന്‍ മാര്‍ക്കറ്റിംഗ് വ്യാപകമായി കണ്ടുവരുന്നുണ്ട്. അതില്‍ വീഴാതെ നോക്കുക. ഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിക്കനുസൃതമായ പോളിസി മാത്രം എടുക്കുക. എല്ലാ നിക്ഷേപകരും അപേക്ഷാ ഫോറത്തിന്റെ ഒപ്പുവെച്ച ഭാഗങ്ങളുടെ ഫോട്ടോ കോപ്പി സൂക്ഷിച്ചുവെക്കേണ്ടത് അത്യാവശ്യമാണ്.
 
 

 
 
സമ്പാദ്യത്തോടൊപ്പം നിക്ഷേപവും വേണ്ടേ?
 
 
സമ്പാദിച്ചാല്‍ മാത്രം പോര, നിക്ഷേപിക്കണം. പലരും തെറ്റിദ്ധരിച്ചിട്ടുള്ളത് പണം ബാങ്കില്‍ സൂക്ഷിക്കുന്നത് നിക്ഷേപമാണെന്നാണ്. ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിന് മൂല്യശോഷണം സംഭവിക്കുന്നുണ്ട്. അതേസമയം സുരക്ഷിതമായി ധനം സ്വരൂപിക്കാന്‍ ബാങ്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമാണ്. തങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം നിക്ഷേപിക്കുന്ന പ്രവണത പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നത് വരെ തുടരുന്നത് ജീവിത നിലവാരം കൂടാന്‍ സഹായകരമാണ് എന്നതില്‍ സംശയമില്ല.
 
 

 
 
ശരിയായ നിക്ഷേപ മാര്‍ഗങ്ങള്‍ ഇല്ലാത്തതും ഉള്ളതിനെ കുറിച്ച അറിവില്ലായ്മയും പലരെയും സമ്പാദ്യശീലത്തില്‍നിന്ന് തടയുന്നില്ലേ? സാധാരണ പ്രവാസികള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങള്‍ വിശദീകരിക്കാമോ?
 
 
ദീര്‍ഘ വീക്ഷണത്തോടെയായിരിക്കണം നിക്ഷേപം എങ്ങനെ എന്ന് തീരുമാനിക്കേണ്ടത്. മാജിക് ഓഫ് കോമ്പൗണ്ടിംഗ് എന്ന ഒരു തത്ത്വമുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ നാം നിക്ഷേപിച്ചുകൊണ്ടിരുന്നാല്‍ ഇരുപതോ മുപ്പതോ വര്‍ഷം കഴിഞ്ഞു കാണുന്നത് അവിശ്വസനീയമായ തുകയായിരിക്കും. പ്രതിമാസം 1000 രൂപ വീതം ഒരാള്‍ പത്ത് വര്‍ഷം നിക്ഷേപിച്ചാല്‍ അത് 1.2 ലക്ഷം ആകും. 20 വര്‍ഷം ആകുമ്പോള്‍ 2.4 ലക്ഷവും 30 വര്‍ഷം കഴിയുമ്പോള്‍ 3.6 ലക്ഷവും ആകും. ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ നിക്ഷേപിക്കാന്‍ കഴിയുന്നവരാണ് പ്രവാസികളിലധികവും.
 
 
ഈ നിക്ഷേപം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ പ്ലാന്റ് (എസ്.ഐ.പി) എന്ന മ്യൂചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 25 ശതമാനം വരെ ആദായം ലഭിക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ചെറിയ സംഖ്യകളായി നിക്ഷേപിക്കുന്ന തുക എത്രയോ ഇരട്ടിയായി മാറും. എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്നത് കമ്പോളം താഴ്ന്ന് നില്‍ക്കുന്ന സമയത്തും പിന്‍വലിക്കുന്നത് കമ്പോളം ഉയര്‍ന്നുനില്‍ക്കുമ്പോഴുമായിരിക്കണം.
 
 

 
 
പലിശയിലധിഷ്ഠിതമല്ലാത്ത നിക്ഷേപ മാര്‍ഗങ്ങള്‍?
 
 
ഈ രംഗത്തുള്ള അധിക ഫണ്ടുകളും പലിശാധിഷ്ഠിതമായതിനാല്‍ മുസ്‌ലിംകള്‍ക്ക് ഈ രംഗത്ത് നിക്ഷേപിക്കാന്‍ സാധിക്കില്ല. അതേസമയം നിരവധി ഇസ്‌ലാമിക് മ്യൂചല്‍ ഫണ്ടുകളും ബോണ്ടുകളും ഇപ്പോള്‍ ഉണ്ടായി വന്നിട്ടുണ്ട്. കേരളത്തില്‍ ഈയിടെ സ്ഥാപിതമായ ചേരമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനം ഇസ്‌ലാമിക് ഓഹരി വിപണിയില്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
 
 

 
 
ബഹുഭൂരിപക്ഷം പ്രവാസികളുടെ ഭാര്യമാരും വിദ്യാസമ്പന്നരാണ്. അവരെയും സമ്പാദ്യ രംഗത്തേക്ക് കൊണ്ടുവന്നുകൂടേ?
 
 
ഗള്‍ഫില്‍ താമസിക്കുന്ന കുടുംബിനികളിലധികവും വിദ്യാഭ്യാസമുള്ളവരാണ്. അത്തരക്കാര്‍ക്ക് ചെറിയ തോതില്‍ ഓണ്‍ലൈന്‍ വഴി ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്. അതിന് പാന്‍കാര്‍ഡ്, ഡെപ്പോസിറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ ആവശ്യമാണ്. കൂടാതെ ബ്രോക്കര്‍മാരുമായി വിനിമയം നടത്താനും കൂടുതല്‍ സമയം വേണ്ടിവരും. ഭര്‍ത്താക്കന്മാര്‍ക്ക് ജോലിത്തിരക്കുള്ളതിനാല്‍ ഭാര്യമാര്‍ക്ക് ഇത്തരം ജോലികളില്‍ മുഴുകാവുന്നതാണ്. ഇന്ത്യയിലെ ഓഹരി കമ്പോള ബിസിനസില്‍ വരുംവര്‍ഷങ്ങളില്‍ നല്ല സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
 
 

 
 
നാം നടത്തുന്ന നിക്ഷേപങ്ങളിലധികവും പ്രത്യുല്‍പാദനപരമല്ലാത്ത മേഖലകളിലാണ്. ഉദാഹരണം ഭൂമി, സ്വര്‍ണം തുടങ്ങിയവ. ഇതില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ കാണിച്ചു കൊടുക്കാമോ?
 
 
പ്രവാസികളുടെ ഭാര്യമാരില്‍, സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചുവെച്ച് ഉറങ്ങാതിരിക്കുന്നവരും ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചു സ്വസ്ഥം അന്തിയുറങ്ങുന്നവരുമുണ്ട്. ബാങ്ക് ലോക്കര്‍ കുത്തി തുറന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടാല്‍ കേവലം ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വുറന്‍സ് പരിരക്ഷ മാത്രമേ ലോക്കറിന് ലഭിക്കുകയുള്ളൂ എന്ന് പലരും ഓര്‍ക്കാറില്ല.
 
 
പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞ കേരളത്തില്‍ ഭൂമിയുടെ വില വര്‍ധിപ്പിക്കാനുള്ള സാധ്യത വളരെയേറെയാണ്. പക്ഷേ ഒരു പ്രവാസി ഗള്‍ഫില്‍നിന്ന് തിരിച്ചുവന്നാല്‍ പ്രതിമാസ ചെലവുകള്‍ക്കായി ഓരോ ചതുരശ്ര അടി മുറിച്ചു വില്‍ക്കാനോ എളുപ്പത്തില്‍ ക്രയവിക്രയം ചെയ്യാനോ സാധിക്കാത്തത് ഈ നിക്ഷേപത്തിന്റെ ഒരു ന്യൂനതയാണ്.
 
 

 
 
കേരളത്തിലെ സാമ്പ്രദായിക കൃഷി നഷ്ടപ്പെടുത്തിയതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടല്ലോ. കൃഷിയിലേക്ക് തന്നെ തിരിച്ചുവരാന്‍ കേരളത്തില്‍ സാധ്യതയുണ്ടോ?
 
 
കൃഷി ഇനിയും കേരളീയര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. മരുഭൂമിയില്‍ പോലും വിജയകരമായി കൃഷി ചെയ്തു ലാഭമുണ്ടാക്കുന്നത് കണ്ട പ്രവാസികള്‍ക്ക് കൃഷി ശാസ്ത്രീയമായി ചെയ്ത് വിജയകരമാക്കാനും പണം സമ്പാദിക്കാനും കഴിയും. ഇത് ആരംഭിക്കേണ്ടത് സ്വന്തം വീടുകളില്‍ നിന്നാണ്. വീടിന്റെ നാലു ഭാഗവും കോണ്‍ക്രീറ്റ് ഇടുന്നതിന് പകരം മതിലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ ഒഴിവാക്കി ഫല വൃക്ഷങ്ങളും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും കൃഷി ചെയ്യുന്ന ശീലം പ്രവാസികളുടെ കുടുംബിനികള്‍ക്കുണ്ടായാല്‍ അത് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കും.
 
 

 
 
കൂട്ടു സംരംഭങ്ങളുടെ സാധ്യത?
 
 
കേരളത്തില്‍ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ വിദഗ്ധരും അവിദഗ്ധരുമായ ധാരാളം ആളുകളുണ്ട്. അവര്‍ ഗള്‍ഫില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച തൊഴില്‍ സംസ്‌കാരവും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഗള്‍ഫില്‍നിന്ന് ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.
 
 
മുലപ്പാലും ശ്വസിക്കുന്ന വായുവും അല്ലാത്ത എല്ലാറ്റിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ നാം മനസ്സുവെച്ചാല്‍ ഒരുവിധം ഉല്‍പന്നങ്ങളൊക്കെ ഉണ്ടാക്കാന്‍ സാധിക്കും. അധ്വാനശീലം വിസ്മരിക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഗള്‍ഫില്‍ അത്യധ്വാനം ചെയ്തു ശീലിച്ച പ്രവാസികള്‍ക്ക് പലതും ചെയ്യാന്‍ കഴിയും.
 
 
കേരളത്തില്‍ കൊപ്ര, റബര്‍, മലഞ്ചരക്കുകള്‍, കാഷ്യു തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് മൂല്യവര്‍ധനവ് ഉണ്ടാക്കുന്നവരും ലാഭം കൊയ്യുന്നവരും മറ്റുള്ളവരാകുന്നു. ഇതെല്ലാം നമുക്ക് തന്നെ ചെയ്യാം. പ്രവാസികള്‍ക്ക് ഈ മേഖലയില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയും.
 
 

 
 
പ്രവാസികളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമാകുന്നുണ്ടോ?
 
 
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത് ഏകദേശം മൂന്നു ലക്ഷം കോടി രൂപയാണ്. അതില്‍നിന്ന് 5 ശതമാനമെങ്കിലും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. കേരള സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ധന സമാഹരണത്തിനായി ബോണ്ടുകള്‍ ഇറക്കുകയാണെങ്കില്‍ പ്രവാസികള്‍ പണം നിക്ഷേപിക്കാന്‍ തയാറാകും. കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലുള്ള പദ്ധതികളുടെ പകുതി മൂലധനം കടമായി സംഭരിക്കാനാകും. അത് ബോണ്ടുകളായി പ്രവാസികള്‍ക്ക് നല്‍കിയാല്‍ നാട്ടില്‍ ആര്‍ഭാടങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയും. പ്രവാസികള്‍ക്ക് അതില്‍നിന്ന് ആദായവും ലഭിക്കും.
 
 
പ്രവാസികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും സര്‍ക്കാരും ശ്രമിച്ചാല്‍ കേരളത്തെ സ്വര്‍ഗമാക്കി മാറ്റാന്‍ സാധിക്കും.

 
 
THANKS®ARDS
ABDULGAFOOR MK
gafoormktrithala@gmail.com
mkgafoortrithala@gmail.com
mktrithala@yahoo.com

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment