മഴപോലെ പെയ്യുന്ന ഓര്‍മകള്‍...
സീമ

മഴ നനഞ്ഞ നവംബര്‍ 16-ന്റെ ആ സന്ധ്യയില്‍ ജയേട്ടന്റെ മരണവാര്‍ത്ത ഞാനറിയുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. മധു സാറിന്റെ ഉമാ സ്റ്റുഡിയോയില്‍ 'അര്‍ച്ചനടീച്ചറി'ന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസില്‍ നിന്നും ഫോണ്‍ വരുന്നത്. ഫോണെടുത്ത ചേച്ചി ഒരലര്‍ച്ചയോടെ എനിയ്ക്കരികിലേക്ക് ഓടിവന്നു: സീമേ.... ജയന്‍ പോയി...
ഷൂട്ടിംഗ് ലൊക്കേഷനാകെ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്. പരസ്പരം ആശ്വസിപ്പിക്കാനാവാതെ എല്ലാവരും പൊട്ടിക്കരഞ്ഞുപോയ സന്ദര്‍ഭം. അവിശ്വസനീയം എന്നു പല ദുരന്തങ്ങളെക്കുറിച്ചും പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ആ പദം ഇത്രമേല്‍ അര്‍ത്ഥവത്തായത് ജയേട്ടന്റെ മരണത്തിലാണെന്ന് തോന്നുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ജയേട്ടനെക്കുറിച്ചുള്ള ഈ കുറിപ്പെഴുതുമ്പോഴും പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയാണ്. ആരായിരുന്നു എനിയ്ക്ക് ജയേട്ടന്‍? സിനിമയില്‍ ഒരു പക്ഷേ എനിയ്‌ക്കേറെ അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിയ്ക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. സിനിമയില്‍ ഒട്ടനവധി ചിത്രങ്ങള്‍ ഞാന്‍ ജയേട്ടന്റെ നായികയായി. പക്ഷേ ജീവിതത്തില്‍ എന്തും തുറന്നു പറയാവുന്ന ആത്മമിത്രമോ അതിലുപരി സ്വന്തം രക്തമോ ഒക്കെയായിരുന്നു ആ വലിയ നടന്‍.
'ഈ മനോഹര തീരം' എന്ന സിനിമയോടെയാണ് ഞങ്ങള്‍ അടുത്തുപരിചയപ്പെടുന്നത്. ശശിയേട്ടനായിരുന്നു സംവിധാനം. ഒരു നൃത്തരംഗത്തെ ചെറിയ വേഷമായിരുന്നു എനിയ്ക്കതില്‍. പ്രധാന വില്ലന്‍ കഥാപാത്രമായിരുന്നു ജയേട്ടന്. ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്കുള്ള ജയേട്ടന്റെ വളര്‍ച്ച, ആ കുതിപ്പ് അത്ഭുതത്തോടുകൂടി മാത്രമേ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒറ്റ സീനിലാണ് വന്നു പോകുന്നതെങ്കിലും ആ വേഷം തന്റെ പ്രത്യേക ശൈലിയിലൂടെ ശ്രദ്ധേയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അത് കഴിവുള്ള ആര്‍ട്ടിസ്റ്റിന്റെ ലക്ഷണം കൂടിയാണ്. ഇതിനര്‍ത്ഥം ജയന്‍ മഹാനായ ഒരു നടനാണ് എന്നൊന്നുമല്ല. ലഭിക്കുന്ന വേഷങ്ങള്‍ തനിക്കു മാത്രം സാധ്യമായ ഒരു 'സ്റ്റെലെസ്ഡ് ആക്ടിങ്ങി'ലൂടെ ശ്രദ്ധേയമാക്കാന്‍ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയ മികവിനേക്കാള്‍ അഭിനയത്തിലെ ആ പ്രത്യേക ശൈലി തന്നെയാണ് പ്രേക്ഷകര്‍ ഇന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിന് കാരണവും.
ആറു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ നായികമാരായി വന്നെങ്കിലും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് എനിയ്ക്കായിരുന്നു. അങ്ങാടി, കരിമ്പന, മീന്‍, കാന്തവലയം, ബെന്‍സ് വാസു, മൂര്‍ഖന്‍, തടവറ, സര്‍പ്പം, അന്ത:പ്പുരം, മനുഷ്യമൃഗം, അനുപല്ലവി, അങ്കക്കുറി തുടങ്ങി നിരവധി ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളുമായിരുന്നു.
ശ്രദ്ധേയമായ ഒട്ടേറെ ഗാനരംഗങ്ങളിലും ഞങ്ങളൊരുമിച്ചു. ഇന്നും സൂപ്പര്‍ഹിറ്റായി പുതിയ തലമുറ കൊണ്ടാടുന്ന 'അങ്ങാടി'യിലെ 'കണ്ണും കണ്ണും' എന്ന ഗാനം ജയേട്ടനെ ഓര്‍ക്കുന്ന ആരുടേയും മനസ്സില്‍ ആദ്യം തെളിയുന്നതാണ്.
അഭിനയിച്ച മിക്ക സിനിമകളിലും മരണത്തെ വെല്ലുവിളിക്കുകയും മരണം വഴി മാറി പോകുകയും ചെയ്യുന്ന കാഴ്ചയാണ് ജയേട്ടന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായത്. പൂര്‍ണ്ണതയ്ക്കുവേണ്ടി എത്ര റിസ്‌ക്കെടുക്കാനും ജയേട്ടന്‍ തയ്യാറായിരുന്നു. അങ്ങാടിയിലും കരിമ്പനയിലും മീനിലുമൊക്കെ ഒരൊറ്റ ഡ്യൂപ്പ്‌ഷോട്ടുപോലുമില്ലാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഒരു ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രഡിറ്റ് ഒരിക്കലും തനിയ്ക്ക് വേണ്ടെന്നായിരുന്നു ജയേട്ടന്റെ നിലപാട്. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും.
പരിചയപ്പെട്ട കാലം മുതല്‍ എനിയ്ക്ക് ജയേട്ടനില്‍ തോന്നിയ സവിശേഷത അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയായിരുന്നു. ജീവിതത്തില്‍ വലിയൊരു അച്ചടക്കം അദ്ദേഹം പുലര്‍ത്തിയിരുന്നു. സൈനിക ജീവിതം നല്‍കിയതാവാം ഈ അച്ചടക്കം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും എന്തിന് ലൈറ്റ് ബോയിയോടുപോലും വളരെ മാന്യമായേ ജയേട്ടന്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഒരുപാട് തമാശകള്‍ പറയുമായിരുന്നുവെങ്കിലും അതിലൂടെ ആരേയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചതുകൊണ്ട് മറ്റുള്ളവരുടെ വേദനകള്‍ എളുപ്പം മനസ്സിലാക്കാന്‍ ജയേട്ടനു കഴിഞ്ഞു. എന്റെയും ശശിയേട്ടന്റെയും വിവാഹദിവസം വെളുപ്പിനെ ജയേട്ടന്‍ ശശിയേട്ടന്റെ വീട്ടിലെത്തി. ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്നും എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയ്യിലേല്‍പ്പിച്ചത് ജയേട്ടനായിരുന്നു. 'കോളിളക്ക'ത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞശേഷം ശശിയേട്ടന്റെ 'തുഷാര' ത്തില്‍ അഭിനയിക്കാന്‍ ഞാനും ജയേട്ടനും കാശ്മീരിലേക്ക് പോകേണ്ടതായിരുന്നു.
അതിനുമുന്‍പേ വിധി ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നു. ഒട്ടനവധി ചിത്രങ്ങളില്‍ ഞങ്ങളൊരുമിക്കേണ്ട-തായിരുന്നുവെങ്കിലും ആ പ്രൊജക്ടുകളില്‍ പലതും പിന്നീട് മാറ്റിവെക്കുകയാണുണ്ടായത്. മദ്രാസില്‍ നിന്നും ജയേട്ടന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ആ മുഖം അവസാനമായി ഒന്നു കാണാന്‍ ഞാന്‍ പോയില്ല. സദാ ഊര്‍ജ്ജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ എനിയ്ക്ക് കാണാനാകുമായിരുന്നില്ല.
മരിച്ച് 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്. ആ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷവും അതുപോലെ വേദനകളും എന്നില്‍ വന്നു നിറയാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എത്രയോ വലിയ നടീനടന്മാര്‍ വിസ്മൃതരാകുന്നു. പക്ഷേ ഓരോ കാലത്തും തലമുറകളുടെ എവര്‍ഗ്രീന്‍ ഹീറോയായി ജയേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുമ്പോവുള്ള സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാനാവില്ല. എന്നാല്‍, ഇന്നു ചില മിമിക്രിക്കാര്‍ അദ്ദേഹത്തെ അനുകരിച്ച് വികൃതമാക്കുന്നതു കാണുമ്പോള്‍ കടുത്ത ദു:ഖവും അമര്‍ഷവുമാണുണ്ടാവുന്നത്.
ഒരു തലമുറയെ തന്റെ അഭിനയ മികവിലൂടെ ത്രസിപ്പിക്കുന്നതിനിടയാണ് ജയന്‍ മരണമടഞ്ഞത്. അതോര്‍ത്തെങ്കിലും ഈ അവഹേളനങ്ങള്‍ നിര്‍ത്തണം. അതോടൊപ്പം പുതിയ തലമുറയ്ക്ക് യഥാര്‍ത്ഥ ജയന്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുവാനുള്ള ശ്രമമെങ്കിലും മിമിക്രി കലാകാരന്മാരില്‍ നിന്ന് ഉണ്ടാവണം. കലയേയും കലാകാരന്മാരേയും ആദരിക്കുന്നവര്‍ ചെയ്യേണ്ടത് അതാണ്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___