Friday, 15 November 2013

[www.keralites.net] ????????????? ???? ? ?????????? ???????? ?

 

രണ്ടാംവരവില്‍ സിനിമ അഗസ്റ്റിനെ താരമാക്കി
 


ആദ്യം കൈവിട്ട സിനിമാലോകം തിരിച്ചുവിളിച്ച് ശ്രദ്ധേയനടനാക്കിമാറ്റിയ ചരിത്രമാണ് അഗസ്റ്റിന്റെ സിനിമാജീവിതം. സിനിമാമോഹവുമായി ഇന്നത്തെ പല പ്രമുഖരുടെയും വഴിപിന്തുടര്‍ന്ന് കോടമ്പാക്കത്തേക്ക് വണ്ടി കയറിയ ഒരു ഭൂതകാലം അഗസ്റ്റിനുമുണ്ട്. ഭാഗ്യം പരീക്ഷണം പക്ഷേ അഗസ്റ്റിന് മാത്രം നിര്‍ഭാഗ്യത്തിന്റേതായി.

കോടാമ്പക്കം യാത്രയിലും അലച്ചിലിലുമിടയില്‍ ഒരേയൊരു വേഷം ഒരു സിനിമയില്‍ കിട്ടി. എന്നാല്‍ ചിത്രം പരാജയപ്പെടുക കൂടി ചെയ്തതോടെ പലരുടെയും ജീവിതംമാറ്റിമറിച്ച കോടമ്പാക്കം അങ്ങനെ അഗസ്റ്റിന് മാത്രം മോഹഭംഗത്തിന്റേതായി. അതോടെ അഭിനയരംഗത്തോട് വിടപറഞ്ഞ് ഗള്‍ഫില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ച് നാട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളോടും പരിചയാക്കാരോടുമെല്ലാം പണം കടംവാങ്ങി ഒരു വിസ സംഘടിപ്പിച്ച് മുംബൈയിലെത്തി. പക്ഷേ, അവിടെയും നിര്‍ഭാഗ്യം അഗസ്റ്റിനെ വിടാതെ പിന്തുടര്‍ന്നു. തന്റെ കൈയിലുള്ളത് ഒരു വ്യാജ വിസയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. അങ്ങിനെ രണ്ടു വര്‍ഷം മുംബൈയില്‍ അലഞ്ഞുതിരിഞ്ഞ് വീണ്ടും നാട്ടിലെത്തി.

 

സിനിമാ മോഹത്തിന്റെ രണ്ടാം ഘട്ടം അവിടെ തുടങ്ങുന്നു. ഒരിക്കല്‍ തുറക്കാതിരുന്ന വാതില്‍ അഗസ്റ്റിന് മുന്നില്‍ വീണ്ടും തുറന്നു. അതിന് നിമിത്തമായത് ശ്രീനിവാസനാണ്. നടന്‍ ശ്രീനിവാസന്‍ ഒരു പുതിയ സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മഹാറാണിയില്‍ ഉണ്ടെന്നറിഞ്ഞ് കാണാന്‍പോയി. മദ്രാസിലെ താമസത്തിനിടയില്‍ ഒന്നോ രണ്ടോ തവണ ശ്രീനിവാസനെ കണ്ട് പരിചയമുണ്ടായിരുന്നു. ഈ പരിചയം കൈമുതലാക്കി ശ്രീനിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി'ന് അനുയോജ്യമായ ലൊക്കേഷന്‍ തിരയുകയായിരുന്ന ശ്രീനിവാസന്‍ തന്റെ സഹായിയായി അഗസ്റ്റിനെ കൂടെകൂട്ടി.

അഗസ്റ്റിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു റോള്‍ മാറ്റിവെക്കാന്‍ ശ്രീനിവാസന്‍ മറന്നില്ല. അതൊരു പിടിവള്ളിയായിരുന്നു. ലൊക്കേഷന്‍ മാനേജരായും സഹായിയായും നടനായും ജീവിതത്തില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാലോകത്ത് ഉറച്ചുനിന്നു. പിന്നീട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ശ്രീധരന്റെ ഒന്നാംതിരുമുറിവ്, സദയം, നീലഗിരി, കമ്മീഷണര്‍ എന്നിങ്ങനെ കുറേ നല്ല ചിത്രങ്ങള്‍ അഗസ്റ്റിന് സിനിമാ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിക്കൊടുത്തു. ഇടക്കാലത്ത് സീരിയലുകളിലും അഭിനയിച്ചു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം 'മിഴിരണ്ടിലും' എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

 

കോഴിക്കോട്ടുകാരായ തന്റെ മുന്‍ഗാമികളായ നടന്മാരെപ്പോലെ നാടകക്കളരിയില്‍ നിന്നുതന്നെയാണ് അഗസ്റ്റിനും സിനിമാലോകത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കോളേജ് പഠനം കഴിഞ്ഞതോടെ കോഴിക്കോട്ടെ നാടകാചാര്യനായിരുന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ സിക്കല്‍ തിയേറ്റേഴ്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സുരാസു എഴുതിയ 'ഉപാസന' എന്ന നാടകത്തിലൂടെ അഗസ്റ്റിനിലെ നടനെ അഭിനയലോകവും പ്രേക്ഷകരും ശ്രദ്ധിച്ചുതുടങ്ങി. 1979-ല്‍ 'കലോപാസന' എന്ന പേരില്‍ ഇതേ നാടകം സിനിമയാക്കിയപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു.

പക്ഷേ, സിനിമ വെളിച്ചം കണ്ടില്ല. 1981-'82 കാലത്ത് നെല്ലിക്കോട് ഭാസ്‌കരനുമായി ചേര്‍ന്നും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും സിനിമതന്നെയായിരുന്നു അഗസ്റ്റിന്റെ മനസ്സുനിറയെ. അങ്ങിനെ സിനിമാമോഹം നിറഞ്ഞ കോടമ്പാക്കം കാലവും സിനിമയെ വിട്ട് ഗള്‍ഫ് സ്വപ്‌നവുമായി മുംബൈ യാത്രയും നിര്‍ഭാഗ്യങ്ങള്‍ക്കൊടുവില്‍ സിനിമയുടെ വെള്ളിവെളിച്ചവും അഗസ്റ്റിന് കൂടിയുള്ളതായി
അഗസ്റ്റിനെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത കോഴിക്കോട്ടുകാരുണ്ടാവില്ല. മിഠായിത്തെരുവിലെ തിരക്കിനിടയില്‍, മാനാഞ്ചിറയില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍, മഹാറാണിയിലും അളകാപുരിയിലും മലബാര്‍പാലസിലുമൊക്കെ സംഭവിക്കുന്ന സൗഹൃദസദസ്സുകളില്‍. സാന്നിധ്യം എവിടെയുമാവാം.

പണ്ട് നഗരത്തില്‍ എവിടെ ക്യാമറ വെച്ചാലും അവിടെയെത്തുമായിരുന്നു അഗസ്റ്റിന്‍. ഷൂട്ടിങ്ങിനായി സിനിമക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കും. കുറേക്കാലം കഴിഞ്ഞ് നാടറിയുന്ന സിനിമാതാരമായപ്പോഴും നാട്ടുകാരുടെ പ്രിയപ്പെട്ട 'അഗസ്റ്റ്യേട്ടനായി' ഇവിടെത്തന്നെ അടിപൊളിയായി ജീവിച്ചു.
സിനിമാജാഡകളൊന്നുമില്ലാതെ അടിമുടി കോഴിക്കോടന്‍ ജീവിതമായിരുന്നു അവസാനംവരെയും അഗസ്റ്റിന്റേത്. ഇവിടം വിട്ടുപോകുകയെന്നത് ഹൃദയം പറിച്ചെറിയുന്നതിന് തുല്യമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ''പുറത്തെവിടയെങ്കിലും പത്തുദിവസത്തെ ഷൂട്ടിങ്ങിനുപോയി തിരിച്ചെത്തുമ്പോഴറിയാം ഈ നാട് നമുക്കെന്താണെന്ന്. ഫറോക്കെത്തുമ്പോഴേക്ക് മനസ്സ്പിടയ്ക്കാന്‍ തുടങ്ങും. പിന്നെ കോഴിക്കോട്ടെത്താനാണ് ഏറ്റവുംദൂരമെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്'' -തന്റെ കോഴിക്കോടന്‍ പ്രേമത്തെക്കുറിച്ച് അഗസ്റ്റിന്റെ വാക്കുകള്‍.
ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്ന കോഴിക്കോട്ടുകാരനൊരുക്കിയ 'കലോപാസന'യിലൂടെയാണ് അഗസ്റ്റിന്‍ സിനിമയിലെത്തുന്നത്. പിന്നീടങ്ങോട്ട് കോഴിക്കോട് പശ്ചാത്തലമായിറങ്ങിയ ചിത്രങ്ങളിലെല്ലാം ഒരു വേഷമുണ്ടാകുമായിരുന്നു. ഒറ്റസീനില്‍ മിന്നിമറയുന്ന ഊരുംപേരുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു മിക്കതും.
കോഴിക്കോട്ടുകാരായ സംവിധായകന്‍ ഐ.വി. ശശിയും തിരക്കഥാകൃത്ത് രഞ്ജിത്തും ഒന്നിച്ച 'ദേവാസുര'മാണ് അഗസ്റ്റിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. പിന്നീട് തുടരെത്തുടരെ ചിത്രങ്ങള്‍ ലഭിച്ചുതുടങ്ങി. ഏകലവ്യന്‍, കമ്മീഷണര്‍, അസുരവംശം, സദയം, ഉസ്താദ്, വേഷം.... അഗസ്റ്റിന്റേതായി ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം കോഴിക്കോട്ട് ചിത്രീകരിച്ചവയായിരുന്നു എന്നതും ശ്രദ്ധേയം.
തിരക്കേറിയ നടനായതോടെ കൊച്ചിയിലേക്ക് താമസം മാറ്റാന്‍ പലരും നിര്‍ബന്ധിച്ചപ്പോഴും അഗസ്റ്റിന്‍ ഒരുക്കമായിരുന്നില്ല.
ഷൂട്ടിങ്ങില്ലാത്ത ദിവസം രാവിലെത്തന്നെ സ്‌കൂട്ടറെടുത്ത് സുഹൃത്തുക്കളെ കാണാനിറങ്ങും. കറക്കംകഴിഞ്ഞ് മാര്‍ക്കറ്റില്‍ കയറി മീനും വാങ്ങിയാണ് വീട്ടിലെത്തുക. ഇംഗ്ലീഷ് പള്ളി മാര്‍ക്കറ്റില്‍ മീനിന് വിലപേശുന്ന സിനിമാതാരത്തെ കണ്ട് ആദ്യമൊക്കെ പലരും അദ്ഭുതപ്പെട്ടിരുന്നു. എന്നാല്‍, അഗസ്റ്റിനെ അറിയുന്നവര്‍ക്കിതില്‍ ഒട്ടും ആശ്ചര്യം തോന്നിയതുമില്ല.
രഞ്ജിത്ത്, ടി.എ. റസാഖ്, വി.എം. വിനു, ഷാജൂണ്‍ കാര്യാല്‍, ഹരിദാസ്... കോഴിക്കോട്ടെ സിനിമക്കാര്‍ ഒത്തുചേരുന്ന സായാഹ്നസദസ്സുകളിലെ അവിഭാജ്യഘടകമായിരുന്നു അഗസ്റ്റിന്‍. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന കഥകളുമായി അഗസ്റ്റിന്‍ സദസ്സ് കൊഴുപ്പിക്കും. നിത്യജീവിതത്തില്‍ പറയുന്ന തമാശകളുടെ പത്തിലൊന്ന് സിനിമയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അഗസ്റ്റിന്‍ വമ്പന്‍ താരമായേനെ എന്ന് ടി.എ. റസാഖ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
റസാഖിന്റെ നിരീക്ഷണത്തില്‍ കാര്യമുണ്ടെന്ന് അഗസ്റ്റി ന്റെ കഥകള്‍ കേട്ടവര്‍ തലകുലുക്കി സമ്മതിക്കും. മമ്മൂട്ടിയും മോഹന്‍ലാലും ഐ.വി. ശശിയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെയാകും മിക്ക കഥകളിലെയും പ്രധാനകഥാപാത്രങ്ങള്‍. ഇവരെയൊക്കെ അനുകരിച്ച് കാണിക്കാനും അഗസ്റ്റിന് മിടുക്കുണ്ടായിരുന്നു.
അസുഖമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും കാണാനെത്തുന്നവരോട് മുഷിവില്ലാതെ സംസാരിക്കാനും മനംനിറഞ്ഞ് ചിരിക്കാനും എപ്പോഴും തയ്യാറായി. ഒരുവശം തളര്‍ന്ന ശരീരവുമായി ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. 'ഇന്ത്യന്‍ റുപ്പി', 'ഷട്ടര്‍', 'ബാവുട്ടിയുടെ നാമത്തില്‍' എന്നിവയായിരുന്നു അവ. എല്ലാം കോഴിക്കോട്ട് ചിത്രീകരിച്ച സിനിമകള്‍.

നിര്‍മാതാവും നടനും എന്ന ബന്ധമായിരുന്നില്ല, മറകളില്ലാത്ത സൗഹൃദമായിരുന്നു താനും അഗസ്റ്റിനും തമ്മിലുണ്ടായിരുന്നത് എന്ന് ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഞാന്‍ നിര്‍മിച്ച സിനിമകളില്‍ അഗസ്റ്റിന്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഞങ്ങളിലെ ചങ്ങാത്തം ഒട്ടുംകുറഞ്ഞിരുന്നില്ല. നടന്‍ എന്ന നിലയില്‍ താന്‍ അഭിനയിക്കുന്ന ഓരോ സീനിലും അഗസ്റ്റിനായിരുന്നു നായകന്‍ എന്നുകാണാം. അദ്ദേഹത്തിന്റെ സവിശേഷമായ അഭിനയമാണതിന് കാരണം. ഇത് അധികം നടന്മാര്‍ക്ക് സാധിക്കുന്നതല്ല. മറക്കാനാവാത്ത സ്‌നേഹം വാരിക്കോരിത്തന്നിട്ടാണ് അഗസ്റ്റിന്‍ പോയത്. ഓര്‍മകളില്‍പ്പോലും അദ്ദേഹം നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.


അഗസ്റ്റിന്റെ മരണത്തോടെ മലയാളിക്ക് നല്ലൊരു നടനെയാണ് നഷ്ടമായതെങ്കില്‍ തനിക്ക് നല്ലൊരു സുഹൃത്താണ് ഇല്ലാതായതെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. വര്‍ഷങ്ങളുടെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും അതിലുപരിയായിരുന്നു ഞങ്ങള്‍ക്കിടയിലെ അടുപ്പം. ചിരിച്ചും ചിരിപ്പിച്ചും മാത്രമേ അഗസ്റ്റിനെ എപ്പോഴും കണ്ടിട്ടുള്ളൂ. അഗസ്റ്റിന്‍ അടുത്തുണ്ടെങ്കില്‍ മനോവിഷമങ്ങള്‍ അറിയില്ല, സമയംപോകുന്നതും - അദ്ദേഹം പറഞ്ഞു.


ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ചിരിയിലൂടെ നേരിട്ടയാളായിരുന്നു അഗസ്റ്റിനെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
''വൈദ്യമഠത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് പോയപ്പോഴാണ് അഗസ്റ്റിനുമായി ഞാന്‍ കൂടുതല്‍ അടുത്തത്. അന്ന് അദ്ദേഹവും അവിടെ ചികിത്സയിലുണ്ടായിരുന്നു. ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ ഒത്തുചേരും. അറിയപ്പെടുന്ന ഒരു സിനിമാനടനാണ് എന്ന ഭാവമേ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഓരോ വാക്കിലും വരിയിലും തിളക്കമുള്ള ഫലിതം അദ്ദേഹം കാത്തുവെച്ചു. അവയില്‍ മിക്കവയും സ്വന്തം ജീവിത നിരീക്ഷണത്തില്‍നിന്ന് സൃഷ്ടിച്ചവയായിരുന്നു. ഈ ഫലിതമാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്.
വറ്റാത്ത നര്‍മം ഉള്ളിലുള്ളതുകൊണ്ടാവാം ജീവിക്കാനുള്ള ആഗ്രഹം അഗസ്റ്റിനില്‍ നല്ലവണ്ണമുണ്ടായിരുന്നു. അഗസ്റ്റിന്‍ പകര്‍ന്നുതന്ന നല്ല നിമിഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത നിധിയായി കാത്തുസൂക്ഷിക്കുന്നു'' -അദ്ദേഹം പറഞ്ഞു.

 

ജീവിതത്തിലും സിനിമകളിലും സൗഹൃദക്കൂട്ടങ്ങളിലും നര്‍മവും സ്‌നേഹവും വിതറി അറിഞ്ഞവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ അഗസ്റ്റിന് വിടനല്‍കാന്‍ സാധാരണക്കാര്‍മുതല്‍ സിനിമാതാരങ്ങള്‍വരെ എത്തി.
അഗസ്റ്റിന്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് വ്യാഴാഴ്ച രാവിലെതന്നെ സംവിധായകന്‍ രഞ്ജിത്ത്, വി.എം. വിനു, നടന്മാരായ ഇടവേള ബാബു, സുരേഷ്‌കൃഷ്ണ, ജോയ്മാത്യു എന്നിവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു.
കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മന്ത്രി പി. ശങ്കരന്‍ എന്നിവരും ആസ്പത്രിയില്‍ എത്തി. പന്ത്രണ്ട് മണിക്ക് മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ചു. ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ അവിടേക്ക് ഒഴുകിയെത്തി.
എം.കെ. രാഘവന്‍ എം.പി, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫ്, മുന്‍ മേയര്‍ എം. ഭാസ്‌കരന്‍, സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, നടന്‍മാരായ സുരേഷ്‌ഗോപി, കോഴിക്കോട് നാരായണന്‍ നായര്‍, സുധീഷ്, നാദിര്‍ഷ, അബുസലീം, വിജയന്‍ കാരന്തൂര്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി.എ. ലത, മുന്‍ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.വി. ബാലന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ., അഡ്വ. എം.പി. സൂര്യനാരായണന്‍, സംഗീതസംവിധായകന്‍ തേജ് മെര്‍വിന്‍, നാടകകൃത്ത് ജയപ്രകാശ് കുളൂര്‍, അപ്പുണ്ണി ശശി, കെ.ടി.സി. അബ്ദുള്ള, അഡ്വ. എം. രാജന്‍, പി.കെ. ഗോപി, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, തിരക്കഥാകൃത്ത് റോബിന്‍ തിരുമല, പി. ദിവാകരന്‍, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, എം. മോഹനന്‍, സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ലക്ഷ്മണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
'അമ്മ' സംഘടനയ്ക്കുവേണ്ടി ഇടവേള ബാബു, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിനുവേണ്ടി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ്, മാതൃഭൂമി ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യ്ക്കുവേണ്ടി ലെയ്‌സണ്‍ ഓഫീസര്‍ എന്‍. ശ്രീനിവാസന്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഗസ്റ്റിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു.

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment