Sunday, 10 November 2013

[www.keralites.net] The new Mayor-Elect of New York City

 

കഴിഞ്ഞുപോയ ഒന്നര ദശാബ്ദക്കാലം അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ചലനാത്മകമായ മാറ്റങ്ങള്‍ക്കാണ് വഴിവച്ചത്. 1970കളില്‍ വിയറ്റ്നാം യുദ്ധവിരുദ്ധനായ ഡെമോക്രാറ്റിക് പാര്‍ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജ് മക്ഗവേന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു വഴിവച്ചത് ലിബറല്‍ നിലപാടുകള്‍ ആയിരുന്നെങ്കില്‍ ഇന്ന് അമേരിക്കയിലെ പുതിയ ഇടതുപക്ഷം ആ കാലഘട്ടത്തിന്റെ പരാജയങ്ങളെ മറികടന്ന് ആത്മവിശ്വാസത്തിലാണ്.
 
റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ "ടീ പാര്‍ടി [TEA Party Conservatives] യാഥാസ്ഥിതികരോടു പൊരുതിയും ഡെമോക്രാറ്റിക് പാര്‍ടിയിലെ ലിബറലുകളോട് ചേര്‍ന്ന് ശക്തമായ നിലപാടുകള്‍ അമേരിക്കന്‍സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കിയും സാമൂഹ്യമാറ്റങ്ങളിലേക്ക് അമേരിക്കയെ നയിക്കുന്നതില്‍ ഇടതുപക്ഷം നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
 
വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ [Occupy Wall Street] സമരം സമൂഹത്തില്‍ ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു എന്നതുതന്നെയാണ് അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാര്‍ടിയിലെ പുരോഗമനവാദി ബില്‍ ഡി ബ്ലാസിയോ [Bill De Blasio] തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ സമൂഹത്തിന്റെ ചിന്താഗതിയിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയായി വേണം കണക്കാക്കാന്‍ .
 
ഒരു കാലഘട്ടത്തില്‍ ലിബറലുകള്‍ എന്നുതന്നെ വിശേഷിപ്പിക്കാന്‍ മടിച്ചിരുന്ന രാഷ്ട്രീയക്കാരുടെ സ്ഥാനത്ത്, തങ്ങള്‍ പുരോഗമനക്കാരാണെന്നു വിളിച്ചുപറയാന്‍ വെമ്പുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ നാടായി അമേരിക്ക മാറുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ വരച്ചുകാട്ടിയ 99 ശതമാനത്തിന്റെ രാഷ്ടീയമാണ് തങ്ങളുടെ രാഷ്ട്രീയം എന്നുപറയാന്‍ മുഖ്യധാരയിലെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പലര്‍ക്കും രണ്ടുവട്ടം ആലോചിക്കേണ്ടിവരുന്നില്ല. മറുവശത്ത് യാഥാസ്ഥിതിക വലതുപക്ഷം പഴയ "കമ്യൂണിസ്റ്റ് പ്രേത"ത്തെ അഴിച്ചുവിട്ട് പുത്തന്‍ ഇടതുപക്ഷത്തെ ഭയപ്പെടുത്താം എന്നാണ് ഇപ്പോഴും ആലോചിക്കുന്നത്.
 
പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയില്‍ ഒബാമയ്ക്കെതിരെ ഉയര്‍ന്ന ഏറ്റവുംവലിയ ആരോപണം അദ്ദേഹം ഒരു ഇടതുപക്ഷക്കാരന്‍ ആണെന്നായിരുന്നു. അമേരിക്കയിലെ യാഥാസ്ഥിതിക സമൂഹത്തെയും പൊതുബോധത്തില്‍ സ്ഥായിയായ ഇടമുള്ള ഇടതുപക്ഷ വിരുദ്ധതയെയും സ്വാധീനിക്കാന്‍ മറ്റ് എന്ത് ആരോപണത്തിനാണു കഴിയുക? ആ കാലം കഴിഞ്ഞുപോവുകയാണ്.
 
സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെയെല്ലാം ഇടതുപക്ഷക്കാരന്‍ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സ്ഥിതിക്ക് മാറ്റംവന്നിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തരനയങ്ങളില്‍ വരുന്ന മാറ്റങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ക്കായി കാതോര്‍ക്കുന്ന ഒരു സമൂഹമായി അമേരിക്ക ക്രമേണ മാറിക്കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഉറപ്പാക്കിയ ................................ ഒബാമ കെയര്‍ അടക്കമുള്ള ക്ഷേമനയങ്ങളിലും ഇടതുപക്ഷം ശക്തമായ സാന്നിധ്യമാകുന്നു. ഡെമോക്രാറ്റിക് പാര്‍ടിയിലും അതിനുപുറത്തുമായി വളരുന്ന പുത്തന്‍ പ്രസ്ഥാനമായാണ് ഇടതുപക്ഷം അമേരിക്കന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത്.
 
മൂലധനത്തിനെതിരായി ശക്തമായ പ്രതിഷേധവും അതിനെ അരക്കിട്ട് ഉറപ്പിക്കുന്ന ചലനങ്ങളുമാണ് അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാകുന്നത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ഉയര്‍ത്തിവിട്ട ഒരു ശതമാനത്തിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുകയാണ്. സ്വത്തിന്റെ വിതരണം, അതിസമ്പന്നര്‍ക്കു മുകളില്‍ കൂടിയ നികുതി ചുമത്തി നടപ്പാക്കണം, എന്ന പുരോഗമന മുദ്രാവാക്യമുയര്‍ത്തിയാണ് ബില്‍ ഡി ബ്ലാസിയോ ന്യൂയോര്‍ക്ക് നഗരസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
 
നിക്കരാഗ്വ സോളിഡാരിറ്റി മൂവ്മെന്റ് എന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനു പിന്തുണയുമായി [in the 1980s]എത്തിയ ഡി ബ്ലാസിയോ ഒരു യുവ ഇടതുപക്ഷ ആക്ടിവിസ്റ്റ് എന്ന നിലയില്‍ അമേരിക്കന്‍ ഉപരോധം നേരിടുന്ന നിക്കരാഗ്വ സന്ദര്‍ശിക്കുകയും സാന്‍ഡിനിസ്റ്റാ പ്രസ്ഥാനത്തിനു പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
 
അമേരിക്കന്‍ വിലക്കുകളെ മറികടന്ന് ക്യൂബയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയതും, ശീതസമരകാലത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ ഭൂതകാലപ്രവര്‍ത്തനങ്ങളില്‍പെടുന്നു. കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം പഠിച്ച ഡി ബ്ലാസിയോ നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സാന്‍ഡിനിസ്റ്റാ പ്രസ്ഥാനത്തിന്റെ ആരാധകനാണ്.
 
അമേരിക്കന്‍ ഉപരോധം നേരിടുന്ന സാന്‍ഡിനിസ്റ്റാ ഭരണകൂടത്തിന് കോടിക്കണക്കിന് ഡോളറിന്റെ മരുന്നും മറ്റ് അവശ്യവസ്തുക്കളും അമേരിക്കയില്‍നിന്ന് എത്തിച്ചുകൊടുക്കുന്നതില്‍ വലിയ പങ്കാണ് 1980കളില്‍ അദ്ദേഹം വഹിച്ചത്.
 
ഡി ബ്ലാസിയോയുടെ രാഷ്ട്രീയത്തിലുള്ള താല്‍പ്പര്യം അദ്ദേഹത്തിന്റെ ശൈശവകാലവുമായി ബന്ധപ്പെട്ടതാണ്. മസാച്യൂസെറ്റ്സില്‍ തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കാന്‍ യത്നിച്ച മാതാവിന്റെയും സൈനികസേവനത്തിനുശേഷം ഫെഡറല്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ പിതാവിന്റെയും മകനാണ് ഡി ബ്ലാസിയോ.
 
കമ്യൂണിസ്റ്റ് പാര്‍ടി ബന്ധത്തിന്റെ പേരില്‍ പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ മാതാപിതാക്കളെ ജീവിതം മുഴുവന്‍ സിവില്‍ ലിബര്‍ട്ടേറിയന്മാരാക്കി മാറ്റി. മൂത്ത സഹോദരന്മാര്‍ വിയറ്റ്നാം യുദ്ധവിരുദ്ധ സമരങ്ങളിലെ പങ്കാളിയായതും ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് എതിരായുള്ള സമരങ്ങളില്‍ പങ്കെടുത്തതുമൊക്കെ ബ്ലാസിയോയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്.
 
മസാച്യൂസെറ്റ്സ് വിട്ട് ന്യൂയോര്‍ക്കിലെത്തിയതാണ് ഡി ബ്ലാസിയോയിലെ രാഷ്ട്രീയക്കാരനെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. മധ്യ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന റൊണാള്‍ഡ് റെയ്ഗന്റെ നയങ്ങളെ എതിര്‍ത്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.
 
കോടീശ്വരനായ ന്യൂയോര്‍ക്ക് ... മേയര്‍ ബ്ലൂംബര്‍ഗ് തനിക്ക് അനുകൂലമായി നിയമംതന്നെ മാറ്റിയെഴുതിയിരുന്നു. എന്നിരുന്നാലും--
 
പരിസ്ഥിതി പ്രശ്നങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍,
കുടിയേറ്റക്കാര്‍ക്ക് അനുകൂലമായുള്ള ഇടപെടലുകള്‍,
കൊക്കകോളാ, പെപ്സി പോലുള്ള ശീതളപാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍
 എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി.
 
പക്ഷേ, ന്യൂയോര്‍ക്ക് നഗരസഭയുടെ പ്രധാന ഭാഗമായ മാന്‍ഹട്ടന്‍ സിറ്റി ഒഴികെയുള്ള നഗരപ്രാന്തപ്രദേശങ്ങളോടു അദ്ദേഹം കാട്ടിയ അവഗണന വന്‍ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു.
 
നഗരസഭയുടെ പ്രധാനപ്പെട്ട പല ഓഫീസുകളും സ്വകാര്യവല്‍ക്കരിച്ചത്,
ക്ഷേമപദ്ധതികളില്‍നിന്ന് ഒഴിഞ്ഞുമാറിയത്,
സിറ്റിയുടെ വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സ്വകാര്യമേഖലയ്ക്കു നല്‍കിയ പ്രോത്സാഹനം,
ദരിദ്രര്‍ക്കുള്ള വീടുകള്‍ നിര്‍മിക്കുന്നതില്‍ കാട്ടിയ അലംഭാവം
എന്നിങ്ങനെയുള്ള വിഷയങ്ങളിലും ബ്ലൂംബര്‍ഗ് കടുത്ത വിമര്‍ശം ഏറ്റുവാങ്ങി.
 
നഗരത്തിലെ സമ്പന്നരുടെ വരുമാനം അമിതമായി വര്‍ധിക്കുകയും ദരിദ്രരുടെ വരുമാനം ദിനംപ്രതി കുറയുകയുംചെയ്യുന്നു. ചെറുകിട കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കും നിരവധി പിഴകള്‍ ചുമത്തുമ്പോഴും വന്‍ ഫീസ് ഈടാക്കുമ്പോഴും വമ്പന്‍ കച്ചവടങ്ങള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പൊടിപൊടിക്കുന്നു. .......................
................................ ഇങ്ങനെ ബ്ലൂംബര്‍ഗ് ഭരണകൂടത്തിനു കീഴില്‍ അതിസമ്പന്നന്റെ ന്യൂയോര്‍ക്ക് എന്നും ദരിദ്രനാരായണന്റെ ന്യൂയോര്‍ക്ക് എന്നും രണ്ടു വ്യത്യസ്ത ന്യൂയോര്‍ക്കുകളുണ്ടെന്ന് [Two Cities] പറഞ്ഞായിരുന്നു ഡി ബ്ലാസിയോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഈ പ്രചാരണം "രണ്ട് നഗരങ്ങളുടെ കഥ" എന്ന പേരില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ദേശീയ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ ജൊ ലോട്ടയ്ക്കും [Joseph Lhota]  ഇതൊക്കെ അംഗീകരിക്കേണ്ടിവന്നു.
 
അടിമത്തത്തിന്റെയും വംശീയ ചേരിതിരിവിന്റെയും ഒക്കെ നടുവില്‍നിന്ന് മാറ്റങ്ങളുടെയും സാംസ്കാരികതകളുടെ ഒത്തുകൂടലിന്റേയുമായ ഒരു പുത്തന്‍ ന്യൂയോര്‍ക്ക് ആണ് പുരോഗമന രാഷ്ട്രീയപ്രവര്‍ത്തകന്‍ മേയറായി പ്രതിജ്ഞചെയ്യുമ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.
 
 
___By  Regi P. George

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment