Monday 28 October 2013

[www.keralites.net] =?utf-8?B?4LSk4LSk4LWN4LSk4LWN4LS14LSCIOC0l+C1jeC0sOC0ueC0v+C0l

 

പുരാണങ്ങളില്‍ ധാരാളം കഥകള്‍ ഉണ്ടാകും. പല കഥകളിലും മാനുഷിക വികാരങ്ങളോടെ പെരുമാറുന്നവരെ കാണാം. മക്കള്‍ പുരാണങ്ങള്‍ പഠിക്കുമ്പോള്‍ കഥയില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും പിന്നില്‍ ഒരു തത്ത്വം ഉണ്ടാവും. ഈ തത്ത്വം മക്കള്‍ ഓര്‍മിക്കണം. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ കുത്തിട്ടു തീര്‍ത്ത അക്ഷരത്തില്‍ കൈവിരല്‍ തൊടുവിച്ച് പഠിപ്പിക്കുന്നതു പോലെയാണിത്. തത്ത്വം ഗ്രഹിക്കാന്‍ വേണ്ടിയുള്ള ഉപാധി മാത്രമാണ് കഥകള്‍. ഇങ്ങനെയുള്ള ഓരോ കഥയ്ക്കുള്ളിലും ആത്മതത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മള്‍ അതറിയണം. എങ്കിലേ അവകൊണ്ടുള്ള ശരിയായ പ്രയോജനം ലഭിക്കൂ.
ദേവകിയുടെ പുത്രന്‍ തന്നെ കൊല്ലും എന്ന അശരീരി കേട്ടപ്പോള്‍ മുതല്‍ കംസന് ഭയം ആരംഭിച്ചു. ഈ കഥയാണല്ലോ കൃഷ്ണഭഗവാന്റെ അവതാര കഥയുടെ തുടക്കം. പൂതനയെപ്പോലുള്ളവരൊക്കെ ഭഗവാനെ ആഗ്രഹിക്കാന്‍ ശ്രമിച്ചു. അവസാനം കംസനെ ഭഗവാന്‍ നിഗ്രഹിച്ചു. മാതുലനായ കംസനെ ഭഗവാന്‍ നിഗ്രഹിച്ചത് തെറ്റായിപ്പോയില്ലേ എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്താണ് കംസ നിഗ്രഹത്തിലൂടെ ഭഗവാന്‍ ലക്ഷ്യമാക്കിയത്? വെറുതെ ഈ കഥ വായിക്കുമ്പോഴാണ് ഭഗവാന്‍ ചെയ്തത് തെറ്റായി എന്ന് മക്കള്‍ക്കു തോന്നുന്നത്.
ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അര്‍ഹനാക്കുക എന്നതാണ്. എന്നാല്‍ അവിടുത്തേക്ക് എത്തുവാന്‍ ധര്‍മത്തിന്റെ പാതയില്‍ക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികള്‍ക്ക് ധര്‍മം എന്ന വാക്ക് കേള്‍ക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോള്‍ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസന്‍. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധര്‍മം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല.
ശ്രീകൃഷ്ണ ഭഗവാന്‍ വന്നിട്ടുള്ളത് ധര്‍മിക്കും അധര്‍മിക്കും വേണ്ടിയാണ്. അധര്‍മിയെയും ഈശ്വരങ്കല്‍ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധര്‍മികളില്‍ ധര്‍മബോധം ചെലുത്താന്‍ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താല്‍ മത്തരായ അവര്‍ ധര്‍മമാര്‍ഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പില്‍ ഒരു വഴിയേ ബാക്കിയുള്ളൂ. അവരുടെ എല്ലാ അധര്‍മങ്ങള്‍ക്കും പ്രേരകമായിരിക്കുന്ന, ബഹിര്‍മുഖങ്ങളായ ഇന്ദ്രിയങ്ങള്‍ക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയില്‍നിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാന്‍ ചെയ്തത്. അങ്ങനെേയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്​പര്‍ശമേല്‍ക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങള്‍ എന്ന അനുഭവജ്ഞാനം അവര്‍ക്കു കൈവരൂ.
സ്‌കൂളില്‍ ഇട്ടുകൊണ്ടുപോയ യൂണിഫോം മുഴുവന്‍ ചെളിയും പൊടിയും ആക്കി വരുന്ന ചില മിടുക്കന്മാരെ കണ്ടിട്ടില്ലേ? കുട്ടിയുടെ മാതാവ് അവന്റെ മുഷിഞ്ഞുനാറിയ കുപ്പായം അഴിെച്ചടുക്കുന്നത് അലക്കിത്തേച്ച പുതിയ വസ്ത്രം നല്‍കാനാണ്. അതിനെ അനീതിയെന്നു പറയാമോ? മറ്റെല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തില്‍നിന്ന് അധര്‍മിയായ ഒരു വ്യക്തിക്കു മോചനം നല്‍കുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധര്‍മത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാന്‍ അവര്‍ക്കു സാധിക്കും.
കംസന് ഈ ജന്മത്തില്‍ ധര്‍മമാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധര്‍മത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോള്‍, അവിടുത്തെ ദര്‍ശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോള്‍ പാപമെല്ലാം ക്ഷയിക്കുകയാണു ചെയ്യുന്നത്. വാസ്തവത്തില്‍ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണം എന്നതായിരുന്നു. ഭഗവാന്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തില്‍നിന്ന് ഭഗവാന്‍ ഉദ്ധരിക്കുകയാണു ചെയ്തത്. കംസനു പരമാത്മാവില്‍ എത്താനുള്ള സാഹചര്യം അവിടന്ന് ഒരുക്കി.
ഒരു ഭിത്തിയില്‍ ചോക്കുകൊണ്ട് സിംഹത്തിന്റെയും പുലിയുടെയും മറ്റും പടം വരച്ച കുട്ടി പിന്നീട് അവ മായ്ച്ചു കളയും. വരകള്‍ മായുമ്പോള്‍ പുലിയും സിംഹവും ഇല്ലാതാവും. തെളിഞ്ഞ ഭിത്തി മാത്രം ശേഷിക്കും. കാരണം ഭിത്തിയാണ് അവയ്ക്ക് ആധാരം. അവിടെ അവന്‍ മാനിനെയും മുയലിനെയും വരയ്ക്കും. ഇവിടെ സിംഹവും പുലിയും മരിക്കുകയും മാനും മുയലും ജനിക്കുകയുമാണോ ഉണ്ടായത്? ഏതാനും വരകള്‍ മാറിയപ്പോള്‍ നാമവും രൂപവും മാറി. ഭഗവാന്‍, കംസനിലെ അധര്‍മത്തെ കളയുകയാണു ചെയ്തത്. കഥയിലെ പൊരുളും ഉണ്മയും ഇങ്ങനെയാണ് മക്കള്‍ തിരിച്ചറിയേണ്ടത്.
അമ്മ
കടപ്പാട്: മാതൃഭുമി

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment