കോഴിക്കോട്: പണവും ലക്ഷങ്ങളുടെ ആഭരണവുമായി ഒളിച്ചോടിയ വീട്ടമ്മയുടെ കാമുകനെ നടുറോഡില്‍ മര്‍ദിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് (42) ഉള്‍പ്പെടെ ഏഴുപേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി, ഓച്ചിറ സ്വദേശികളായ ഇവരിലൊരാള്‍ വിസ തട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയാണ്.
ഓച്ചിറ സ്വദേശികളായ ഇര്‍ഷാദ് (24), സിദ്ദീഖ് (37), സത്താര്‍ (47), ഷംനാദ് (29), റിജോ ഇബ്രാഹിംകുട്ടി (28) ജുനൈദ് (30) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. അറസ്റ്റിലായ സലിംരാജ് ഉള്‍പ്പെടെയുള്ളവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരില്‍ ആരും വീട്ടമ്മയുടെയോ ഭര്‍ത്താവിന്‍െറയോ ബന്ധുക്കളല്ല. വീട്ടമ്മയുടെ സഹോദരപുത്രന്‍െറ സുഹൃത്താണ് ജുനൈദ്. മറ്റുള്ളവര്‍ സലിംരാജിന്‍െറ സുഹൃത്തുക്കളാണ്. കോടഞ്ചേരി പൊലീസാണ് റിജോയെ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി വന്ന കരുനാഗപ്പള്ളി ആദിനാട് കാട്ടില്‍ക്കടവ് 'പ്രണവ'ത്തില്‍ പ്രസന്നനു(46)മായി സെപ്റ്റംബര്‍ രണ്ടിനാണ് വീട്ടമ്മയായ റഷീദ (41) ഒളിച്ചോടിയത്. വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നത്തെിയ ഭര്‍ത്താവ് അബ്ദുല്‍ വാഹാബ് സെപ്റ്റംബര്‍ നാലിന് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍നിന്നയച്ച പണം കൊണ്ട് വീടിനടുത്ത് വാങ്ങിയ ഭൂമി വിറ്റ 40 ലക്ഷം രൂപയുമായാണ് റഷീദ നാടുവിട്ടത്. കൊല്ലത്തുനിന്ന് വാങ്ങിയ പുതിയ സ്വിഫ്റ്റ് കാറില്‍ കോഴിക്കോട്ടത്തെിയ ഇവര്‍ കാരപ്പറമ്പിനടുത്ത് നാലുലക്ഷം രൂപക്ക് പണയത്തിനെടുത്ത വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഓച്ചിറ പൊലീസ് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ റഷീദ കോഴിക്കോട്ട് ഉള്ളതായി കണ്ടത്തെിയിരുന്നു. ഈ വിവരം സലിംരാജിന് ചോര്‍ത്തിക്കൊടുത്തതാണെന്ന് സംശയിക്കുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെയാണ് കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലെ സംസ്ഥാന പാതയില്‍ സിനിമ സ്റ്റൈല്‍ അക്രമം നടന്നത്. വീട്ടമ്മയുടെ കാമുകന്‍ പ്രസന്നന്‍ കെ.എല്‍ 23 എച്ച് 1748 നമ്പറിലുള്ള സ്വന്തം സ്വിഫ്റ്റ് കാറില്‍ നഗരത്തിലേക്ക് വരുമ്പോള്‍ പിന്നാലെ കെ.എല്‍ 23/എഫ് 4783 നമ്പര്‍ ഇന്നോവ ടാക്സിയിലത്തെിയ സംഘം ബ്ളോക്കിട്ട് നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പട്ടാപ്പകല്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഓടിക്കൂടി അക്രമികളെ വളഞ്ഞു. ഉടന്‍ കീശയില്‍നിന്ന് പൊലീസിന്‍െറ ഐഡന്‍റിറ്റികാര്‍ഡ് നീട്ടിയ സലിംരാജ് ക്ഷുഭിതനായി, താന്‍ ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഓഫിസറാണെന്നും സ്വിഫ്റ്റ് കാറിലുള്ളയാള്‍ ബന്ധുവായ യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്നും പറഞ്ഞു. സോളാര്‍ കേസില്‍ ചാനലില്‍ നിറഞ്ഞുനില്‍ക്കുന്ന സലിംരാജിനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ നാട്ടുകാര്‍ അക്രമികളെ ബലമായി തടഞ്ഞുവെച്ചു.
സോളാര്‍ കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന സലിംരാജ് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ പിടിയിലായതറിഞ്ഞ് സി.പി.എംഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളംപേര്‍ സംഭവസ്ഥലത്ത് കുതിച്ചത്തെി. വിവരമറിഞ്ഞ് ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഇരമ്പിയത്തെി സംഘത്തെ 'കസ്റ്റഡി'യിലെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. ഇതിനിടെ, കാറിലിരുന്ന സലിംരാജ് മെബൈല്‍ ഫോണില്‍ പലരുമായും ബന്ധപ്പെട്ടു. കൂടുതല്‍ പൊലീസത്തെി സലിംരാജിനെയും മറ്റും മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുദ്രാവാക്യം വിളിയുമായി നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തു. ഇതിനിടെ, വിവരമറിഞ്ഞ് എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്ഥലത്തത്തെി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്‍െറ ഉറപ്പ് എം.എല്‍.എ പ്രഖ്യാപിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞത്. തുടര്‍ന്ന് പ്രതികളെയും പ്രസന്നനേയും രണ്ടുകാറുകളും കസ്റ്റഡിയിലെടുത്ത പൊലീസ് ചേവായൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസിന്‍െറ നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഹാജരായ വീട്ടമ്മയെ നോര്‍ത്ത് അസി. കമീഷണര്‍ പ്രിന്‍സ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഇവരില്‍നിന്ന് ആഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് നാലു മണിക്കൂറിനുശേഷമാണ് സംഭവത്തിന്‍െറ നിജസ്ഥിതി മാധ്യമങ്ങളോടു പറയാന്‍ പൊലീസ് തയാറായത്. കേസൊതുക്കാന്‍ പൊലീസ് ഓഫിസര്‍മാരുടെമേല്‍ വന്‍ സമ്മര്‍ദം ഉണ്ടായതായും പറയുന്നു.
റഷീദക്ക് വിവാഹിതനായ മകനുള്‍പ്പെടെ മൂന്ന് മക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്യസമുദായാംഗത്തെ വിവാഹം ചെയ്തതിന് വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട മകന്‍ ഭാര്യക്കൊപ്പം ഇന്തോനേഷ്യയിലാണ്. ഭര്‍ത്താവറിയാതെ മകന്‍െറ പാസ്പോര്‍ട്ടും മറ്റും ശരിയാക്കാന്‍ ഇവര്‍ പ്രസന്നന്‍െറ സഹായം തേടിയിരുന്നു. ഇത് പിന്നീട് വിട്ടുപിരിയാനാവാത്ത ബന്ധമായി വളര്‍ന്നെന്ന് റഷീദ പൊലീസിന് മൊഴി നല്‍കി. പ്രസന്നന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഓച്ചിറ പൊലീസിന്‍െറ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രസന്നനെ പിടികൂടാനത്തെിയതെന്ന് സലിംരാജ് നാട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കളവാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയെന്ന വ്യാജേന ഒപ്പം താമസിപ്പിച്ച സജ്ന എന്ന യുവതിയുമൊത്ത് ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയ കേസില്‍ കോടഞ്ചേരി പൊലീസിന്‍െറ പിടികിട്ടാപ്പുള്ളിയാണ് ചൊവ്വാഴ്ച പിടിയിലായ റിജോ ഇബ്രാഹിംകുട്ടി. ഭര്‍ത്താവിന്‍െറ പരാതിയില്‍ റഷീദയെയും പ്രസന്നനെയും ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്യും.
അന്യായമായി സംഘം ചേരുക, കലാപം ഉണ്ടാക്കുക, മര്‍ദിക്കുക, അന്യായമായി തടഞ്ഞുവെക്കുക, ഗൂഢാലോചന നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട്: സലിം രാജുമായി കോഴിക്കോട്ട് ഗുണ്ടാസ്റ്റൈല്‍ അക്രമം നടത്താനത്തെിയവരില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ മണ്ഡലം സെക്രട്ടറിയും. അറസ്റ്റിലായ ജുനൈദ് കരുനാഗപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും സത്താര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണെന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടുകളില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന റിജോയുടെ നേതൃത്വത്തിലാണ് സംഘം കോഴിക്കോട്ടത്തെിയത്. നാട്ടുകാര്‍ ഇടപെട്ടാല്‍ പൊലീസ് ചമഞ്ഞ് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് ഉറ്റ സുഹൃത്തായ സലിം രാജിനെ ഒപ്പം കൂട്ടിയത്. നട്ടുകാര്‍ വളഞ്ഞപ്പോള്‍ ധൈര്യപൂര്‍വം നേരിട്ട സലിം രാജ് പൊലീസിന്‍െറ ഐഡന്‍റിറ്റി കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തിയതാണ് ജനത്തെ പ്രകോപിതരാക്കിയത്.
മുഖ്യമന്ത്രിയുടെ ഗുഡ്ലിസ്റ്റില്‍പെട്ട സലിം രാജിനെ നാട്ടുകാര്‍ വളഞ്ഞുവെച്ചതറിഞ്ഞ പൊലീസ് തുടര്‍ നടപടിക്കായി ഓഫിസര്‍മാരുമായി ബന്ധപ്പെട്ടു. സലിം രാജിനെ തൊടാന്‍ ആദ്യം പൊലീസിന് ധൈര്യമുണ്ടായില്ല. വിവരങ്ങള്‍ ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കാനും പൊലീസിന് ധൈര്യമില്ലായിരുന്നു. 'തലപോകുന്ന കേസാണ്, എ.സിയോട് ചോദിച്ചോളൂ. തല ഇരിക്കുമ്പോള്‍ വാല്‍ ആടാന്‍ പറ്റില്ലല്ളോ' എന്നിങ്ങനെയായിരുന്നു ചില ഓഫിസര്‍മാരുടെ പ്രതികരണങ്ങള്‍. കുടിക്കാന്‍ ജ്യൂസ് ആവശ്യപ്പെട്ടയുടന്‍ അടുത്ത കടയില്‍നിന്ന് മൂന്ന് ആപ്പിള്‍ ജ്യൂസ് വരുത്തി. സ്റ്റേഷനിലിരുന്ന് സലിം രാജും മറ്റു രണ്ട് പ്രതികളും ആപ്പിള്‍ ജ്യൂസ് കുടിച്ചു.
മറ്റുള്ള പ്രതികള്‍ക്ക് ചായയും പലഹാരങ്ങളും എത്തിച്ചുനല്‍കി. പൊല്ലാപ്പ് ഭയന്ന് ഓഫിസര്‍മാരില്‍ ചിലര്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ഉള്ളിലേക്ക് കടത്തിവിടാതിരിക്കാന്‍ പൊലീസുകാരെ കാവല്‍ നിര്‍ത്തി.
ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നും ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ളെന്നുമായിരുന്നു പൊലീസിന്‍െറ നിലപാട്. ഉന്നതങ്ങളില്‍നിന്ന് ഏറെ സമ്മര്‍ദമുണ്ടായിട്ടും ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി സ്വീകരിച്ച ശക്തമായ നിലപാടാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ കാരണമായത്.
No comments:
Post a Comment