Thursday 15 August 2013

[www.keralites.net] വഞ്ചിക്കപ്പെട്ടെന്ന്‌ സഖാക്കള്‍; തലകുനിച്ച്‌ നേതാക്കള്‍:പ്രതിരോധവുമായി പിണറായി -

 

ചരിത്രസംഭവമെന്ന്‌ കൊട്ടിഘോഷിച്ച സെക്രട്ടേറിയറ്റ്‌ ഉപരോധം പാതിവഴിയില്‍ അട്ടിമറിച്ച്‌ പാര്‍ട്ടി നേതൃത്വം തങ്ങളെ വഞ്ചിച്ചെന്ന അമര്‍ഷം സി.പി.എം. അണികള്‍ക്കിടയില്‍ പുകയുന്നു. ഉപരോധസമരത്തിലെ ഒത്തുകളി വാര്‍ത്തകളുമായി ചാനലുകളും പത്രങ്ങളും രംഗത്തിറങ്ങിയതോടെ അണികള്‍ക്ക്‌ സുവ്യക്‌തമായ മറുപടി നല്‍കാനാവാതെ കുഴയുകയാണ്‌ പാര്‍ട്ടി നേതൃത്വം.
സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ടാകാത്തത്ര വലിയ അതൃപ്‌തിയാണ്‌ ഉപരോധസമരം പിന്‍വലിക്കലുമായി ബന്ധപ്പെട്ട്‌ നേതൃത്വത്തിനെതിരേ ഉയരുന്നത്‌. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍, സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം എളമരം കരീം എന്നിവരുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍വന്ന വാര്‍ത്ത പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ വഴിവച്ചിട്ടുണ്ട്‌. ഉപരോധസമരത്തില്‍ ഔദ്യോഗികപക്ഷം കച്ചവടം നടത്തിയെന്ന ആക്ഷേപം ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. പിണറായി വിജയനെ കേന്ദ്രീകരിച്ചാണ്‌ ആക്ഷേപങ്ങളിലേറെയും. അന്വേഷണ പരിധിയില്‍ താനോ തന്റെ ഓഫീസോ ഉണ്ടാകില്ലെന്ന്‌ വ്യക്‌തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം മിനിറ്റുകള്‍ക്കുള്ളില്‍ അംഗീകരിച്ച്‌ സമരം അവസാനിപ്പിച്ചതാണ്‌ സഖാക്കളില്‍ ആശയക്കുഴപ്പം ആളിക്കത്തിച്ചത്‌.
മുഖ്യമന്ത്രിയുടെ രാജിക്കായി എന്തിനും തയാറായിരുന്ന സഖാക്കളെ അന്വേഷണംപോലും നേരിടില്ലെന്ന്‌ വ്യക്‌തമാക്കിയ മുഖ്യമന്ത്രിക്കുവേണ്ടി നേര്‍ച്ചക്കോഴികളാക്കുകയാണ്‌ നേതാക്കള്‍ ചെയ്‌തതെന്നാണ്‌ ആക്ഷേപം. സമരത്തിന്റെ ബാക്കി പത്രം മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ചാണ്ടിയെ ഉറപ്പിച്ചിരുത്താനായി എന്നുള്ളതാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ചരിത്രവിജയമെന്ന്‌ പ്രഖ്യാപിക്കേണ്ടിയിരുന്ന സമരം ചരിത്രംകണ്ട ഏറ്റവും വലിയ അട്ടിമറിയും പരാജയവുമായി മാറുകയായിരുന്നുവെന്നാണ്‌ അണികളുടെ ആക്ഷേപം. ഔദ്യോഗികപക്ഷത്തെ ഉന്നംവച്ച്‌ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഇന്നലെ ഉന്നയിച്ച ആക്ഷേപങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്‌. സമരം പിന്‍വലിച്ചത്‌ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന്‌ തിരിച്ചറിഞ്ഞ പിണറായി വിജയന്‍ ഇന്നലെ വിശദീകരണവുമായി രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.
നേതൃത്വത്തിനെതിരേ കേഡര്‍ സഖാക്കള്‍ വഞ്ചനാക്കുറ്റം തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ്‌ പതിവിനു വിപരീതമായി പിണറായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചുകൊണ്ടായിരുന്നു പത്രസമ്മേളനം. പൊതുപരിപാടികളില്‍ മുഖ്യമന്ത്രിയെ തടയുമെന്നതായിരുന്നു പ്രധാന പ്രഖ്യാപനം. എന്നാല്‍, പൊതുപരിപാടിയില്‍ പങ്കെടുക്കുകയല്ല; മറിച്ച്‌ എന്തുവിലകൊടുത്തും മുഖ്യമന്ത്രിസ്‌ഥാനം സംരക്ഷിച്ച്‌ സോളാര്‍ വിവാദത്തില്‍ നിന്നും തടിയൂരുകയാണ്‌ ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ വിജയമെന്ന്‌ പിണറായി വിജയന്‌ അറിയാഞ്ഞിട്ടല്ല. അണികളെ വിശ്വസിപ്പിക്കാന്‍ ഇത്തരം പൊടിക്കൈകളല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്‌ നേതൃത്വത്തിനറിയാം. എന്നാല്‍, സ്വാതന്ത്ര്യദിനാഘോഷത്തിന്‌ നേതൃത്വം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്‌ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ അത്‌ സി.പി.എം. നേതൃത്വത്തിന്റെ ചരിത്രത്തിലെ ദാരുണ പരാജയമാകുമെന്ന തിരിച്ചറിവിലാണ്‌ സമരസഖാക്കള്‍.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment