മലയാളിയുടെ പുരുഷ പ്രതീകമാണ് മംഗലശേരി നീലകണ്ഠന്‍, അതു വെറുമൊരു കഥാപാത്രം മാത്രമല്ല ഒരു സാമൂഹ്യ പ്രക്രിയയുടെ, മലയാളി സദാചാര ബോധത്തിന്റെ പ്രതീകം കൂടിയാണ്. കള്ളുകുടിക്കാനും വ്യഭിചരിക്കാനും സംഘം ചേര്‍ന്നു പെണ്ണിനെ തടഞ്ഞു വെച്ചു കീഴ്‌പ്പെടുത്താനും പിന്നെ പെണ്ണിനെ സംരക്ഷിക്കാനും അങ്ങനെ പറ്റുന്നിടത്തെല്ലാം തിണ്ണ മിടുക്കു കാട്ടാന്‍ ശ്രമിക്കുന്ന ഒരു മാനസിക നില .ഇപ്പോള്‍ സൈബറിടമാണ് ആ തിണ്ണമിടുക്കിന്റെ ഏറ്റവും പുതിയ വേദി .
കേരളമൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നത് സാധാരണയാണ് ,ഒരു പക്ഷെ സിനിമാ താരങ്ങളോളം ജനകീയരായ രാഷ്ട്രീയ നേതാക്കള്‍ ഇവിടങ്ങളില്‍ കുറവാണ് എന്നു തന്നെ പറയാം. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടന്ന ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ നിന്നു വന്‍ഭൂരിപക്ഷത്തോടെ ജയിച്ച രമ്യ എന്ന സിനിമാ താരം ജയിച്ചു. അവര്‍ സുന്ദരിയാണ്, ആകര്‍ഷകണമുള്ള ഒരു സ്ത്രീയാണ്, അതുകൊണ്ട് അവര്‍ക്കു വ്യക്തമായ രാഷ്ട്രീയ ബോധം പാടില്ലെന്നുണ്ടോ? സൌന്ദര്യവും രാഷ്ട്രീയ ബോധവും വിപരീതാനുപാതത്തിലാണെന്നു വല്ല നിയമവുമുണ്ടോ? ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഒരു മേഖലയില്‍ അപേക്ഷ പത്രികയില്‍ ജാതിയില്ല എന്നെഴുതിയ ഒരൊറ്റ കാരണംകൊണ്ട് മാത്രം ഞാനവരുടെ രാഷ്ട്രീയബോധത്തെ ബഹുമാനിക്കുന്നു. സെന്‍സസ് അടിസ്ഥാനത്തില്‍ ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുള്ള ഒരു നാട്ടില്‍ അതു വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണു.
സിനിമാ താരങ്ങള്‍ ജയിക്കുന്നത് ആദ്യമായിട്ടല്ല, പക്ഷെ രമ്യയുടെ വിജയം സൈബറിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അശ്ലീല വാസനയോട് കൂടിയാണ്, അല്ലെങ്കില്‍ ഒരു തരം പരിഹാസരൂപത്തില്‍. അത്തരം പ്രചരണങ്ങളുടെ തോതും സംഘബലവും കുറച്ചധികമായിരുന്നു. സ്റ്റാറ്റസുകളായി, ഗ്ലാമര്‍ ചിത്രങ്ങളോടൊപ്പമുള്ള അശ്ലീല കമന്റുകളായി അതൊരാഘോഷ രൂപത്തിലേക്കുയര്‍ന്നു, മിതവാദികളായ ചിലര്‍ ജനാധിപത്യത്തിന്റെ അധഃപതനത്തെക്കുറിച്ചും കോണ്‍ഗ്രസ്സിന്റെ മാദക രാഷ്ട്രീയത്തെ പറ്റിയും വേവലാതിപ്പെട്ടു. മറ്റു ചിലര്‍ ലോക്‌സഭയില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന 'ഉണര്‍വ്വിനെ' പറ്റി ദ്വയാര്‍ത്ഥ തമാശകള്‍ പറഞ്ഞു. ഏറ്റവും അല്‍ഭുതപ്പെടുത്തിയ കാര്യം ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നവര്‍ വ്യക്തമായ ഇടതുപക്ഷ ചായ്‌വുള്ളവരാണ്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ അംഗീകൃത സി പി എം അനുഭാവികള്‍.
സിപിഎമ്മിന്റെ സദാചാരമുഖത്തിനു പലപ്പോഴും നേരത്തെ നമ്മള്‍ സൂചിപ്പിച്ച ഒരു മംഗലശേരി നീലകണ്ടന്‍ ഛായയുണ്ട്. മുണ്ട് മാടിക്കുത്തി അനുയായി വൃന്ദങ്ങളുമായി ചിലപ്പോഴത് സദാചാര പോലീസാവും, പെണ്ണുങ്ങളെ നേര്‍വഴിക്കു നടത്തും, സംരക്ഷിക്കും. അവിഹിതക്കാരെ കയ്യൊടെ പിടിച്ചു തെരുവിലിട്ടു അടി കൊടുക്കും. അതു കഴിഞ്ഞു വ്യക്തിഗത ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ചു കവല പ്രസംഗം നടത്തും, ലേഖനമെഴുതും, പുരുഷ മേധാവിത്ത സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി വേവലാതിപ്പെടും. അങ്ങനെ ഒരു പുരുഷകേന്ദ്രീകൃത മലയാളി സമൂഹത്തിനു നായകനാകാന്‍ പറ്റുന്ന എല്ലാ ചേരുവകളും അതിനുണ്ട്.
പുറമേക്കു എത്ര പുരോഗമനകാരികളായാലും ഇടതുപക്ഷ പൊതുബോധത്തിലെപ്പോഴുമൊരു സദാചാര പോലീസ് കിടന്നു തിളക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സദാചാര പോലീസ് സംഭവം രാജ്‌മോഹന്‍ ഉണ്ണിത്താന്റേതായിരുന്നു. ആയിരുന്നു എന്നല്ല ഈയിടെ കൂടെ കേട്ടു ചാനലില്‍ വന്നു കോണ്‍ഗ്രസ്സിനെ സപ്പോര്‍ട്ടു ചെയ്യുന്ന പെണ്ണു പിടിയാ, നിനക്കു പണ്ടു ഞങ്ങള്‍ തന്നതൊന്നും പോരെ എന്ന ഗീര്‍വാണം. സദാചാര പോലീസിനെതിരെ കൊടുവാളുയര്‍ത്തുമ്പോഴും വ്യക്തിഗത ലൈംഗിക സ്വാതന്ത്ര്യത്തെ പറ്റി പ്രസംഗിക്കുന്നതിനൊപ്പവും ഞങ്ങള്‍ ഉണ്ണിത്താനെ വളഞ്ഞിട്ടു പിടിച്ചതിനെ, പൊതിരെ തല്ലിയതിനെ, ആ പെണ്ണിനേം അയാളെയും ചേര്‍ത്തിരുത്തി ഫോട്ടോയെടുത്ത് ഓണ്‍ ലൈനില്‍ ആഘോഷിച്ചത് ഒക്കെ ഓര്‍ത്തു ഊറ്റം കൊള്ളും. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു അയാളെ വളഞ്ഞിട്ടൂ പിടിച്ചു തല്ലാനും കൂടെയുള്ള പെണ്ണുമായി ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുത്തു ആഘോഷിക്കാനും മാത്രമുണ്ടായ തെറ്റ്? അപ്പോള്‍ ഞങ്ങളുണ്ടല്ലോ സ്ത്രീ സംരക്ഷരാണ്, കടുത്ത രാഷ്ട്രീയ വാദികളാണ് ഈ സദാചാര പോലീസിനെതിരെ ലേഖനമെഴുതിക്കളയും, ആളുകളെ സാംസ്‌കാരികമായങ്ങ് ഉദ്ധരിച്ച് കളയും …പക്ഷെ ഞങ്ങള്‍ക്കു പിടിക്കാത്തവരെ പാതിരാത്രി മിലിട്ടറി ഓപ്പറേഷന്‍ നടത്തിയ പോലെ വളഞ്ഞിട്ട് പിടിച്ചിട്ട് അവിഹിതമാക്കും, എന്നിട്ടതും പറഞ്ഞു ഗീര്‍വാണമടിക്കും.
സഖാവ് സ്വരാജിന്റെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഒരു ഡയലോഗുണ്ട് 'പിതൃശൂന്യ പത്ര പ്രവര്‍ത്തനം'. അതെവിടെ നിന്നാണ് ഉല്‍ഭവിച്ചതെന്നറിയുമോ, ഒരു മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായി ഒരവിഹിതം ശൈലിയില്‍ സിന്ധുജോയിയെ ബന്ധപ്പെടുത്തി മാതൃഭൂമിയില്‍ വന്ന ഗോസ്സിപ്പ് വാര്‍ത്തയാണ് സ്വരാജിനെ പ്രകോപിപ്പിച്ചത്. സ്വരാജിനോട് യോജിക്കുന്നു. സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയെ പറ്റി ഗോസ്സിപ്പെഴുതിയതിനുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്. പിന്നീട് സിന്ധു ജോയി സിപി എം വിട്ട് കോണ്‍ഗ്രസ്സിലേക്കു മാറി. അതിന്റെ രാഷ്ട്രീയ മര്യാദകളെന്തുമാകട്ടെ, അല്ലെങ്കില്‍ തന്നെ രാഷ്ട്രീയ മര്യാദ നോക്കി കക്ഷി മാറിയ എത്ര പേരുണ്ട് കേരളത്തില്‍ ? അതു വരെ പാര്‍ട്ടിയിലെ ബഹുമാന്യയായ, കരുത്തുറ്റ ഒരു വനിതാ സഖാവ് പാര്‍ട്ടി മാറിയതിന്റെ പിറ്റേ ദിവസം മുതല്‍ പെഴയും മോശക്കാരിയുമായി മാറി, ഇതൊരു ഒറ്റപ്പെട്ട പ്രതികരണമായിരുന്നില്ല, ഈ പ്രചരണത്തിന്റെ സംഘബോധം അമ്പരപ്പിക്കുന്നതായിരുന്നു.
സൈബറിടങ്ങളിലെ അറപ്പുളവാക്കുന്ന പ്രചരണങ്ങള്‍, കാര്‍ട്ടൂണുകള്‍ കുഞ്ഞാലിക്കുട്ടിയുമായി, രാജ് മോഹന്‍ ഉണ്ണിത്താനുമായി, പി ജെ കുര്യനുമായി ചേര്‍ത്തു വെച്ച ഫോട്ടോഷോപ്പ് പ്രചരണങ്ങളും അതിനുള്ള അറപ്പുളവാക്കുന്ന അശ്ലീല കമന്റുകള്‍. യഥാര്‍ത്ഥത്തില്‍ ആരാണ് പിതൃശൂന്യരെന്ന വിളിക്ക് അര്‍ഹരെന്ന് ഒരു പുനര്‍വിചിന്തനം നടത്തണം. ഇത്തരം മാനസിക പരിണാമത്തിന്റെ ഇടതുപക്ഷ ബോധം മാധവിക്കുട്ടി മതം മാറിയപ്പോള്‍ തിളച്ചു പൊന്തിയ, ഹിസ്റ്റീരിയ ബാധിച്ച ഹിന്ദു ഫാസിസത്തെക്കാള്‍ കടുത്തതായിരുന്നു.
പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ അതിവിശുദ്ധരായിരുന്നവര്‍ പാര്‍ട്ടി വിട്ടാലുടനെ അവിശുദ്ധരാകുന്നതിന്റെ രാഷ്ട്രീയം ഒറ്റപ്പെട്ടതല്ല. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭാംഗമായ അബ്ദുള്ളക്കുട്ടി യാത്ര ചെയ്ത വാഹനത്തിന് പിന്നിലുള്ള വാഹനത്തില്‍ കുടുംബമായി സഞ്ചരിച്ച ഒരു സ്ത്രീയെ ചേര്‍ത്ത് നിയമസഭയില്‍ പോലും ആരോപണമുന്നയിച്ചിരുന്നു, ടി പി വധക്കേസിനോടനുബന്ധിച്ച് പാര്‍ട്ടിക്കെതിരെ സൈബര്‍ ലോകത്തില്‍ പ്രചരിച്ച വന്‍ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ടി പി സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നുവെന്ന സൂചനകളുമായി സിപിഎമ്മിന്റെ അനുഭാവ ഓണ്‍ലൈന്‍ മാസികയായ നെല്ലിലോ മറ്റോ ലേഖനമായി വന്നിരുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍ നെല്ലു എന്നല്ല പുല്ലു എന്നാണാ മാസികക്കു പറ്റിയ പേരെന്നു തോന്നി, എത്ര മാത്രം അധപതിച്ച രാഷ്ടീയ ബോധമാണ് ഇവരെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് .
ക്രൈമും ക്രൈം നന്ദകുമാറും സമകാലിക കേരളത്തിന്റെ അര്‍ബുദമാണ്, സാംസ്‌കാരിക കേരളത്തിന്റെ അപമാനമാണ് എന്നൊക്കെ ഇപ്പോള്‍ ഡാവടിക്കുന്ന സി പി എം കാര്‍ക്കു മുമ്പ് ഇത്തരമൊരു അയിത്തമൊന്നുമുണ്ടായിരുന്നില്ല. 2004 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്നു പദ്മജാ വേണുഗോപാലും, മന്ത്രി പട്ടം സ്ഥിരീകരിക്കുന്നതിനു വേണ്ടിയുള്ള വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനും മത്സരിക്കുന്ന സമയം. മുകുന്ദപുരം എക്കാലവും കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റ് പ്രതീക്ഷയാണ്, അതിലുപരി കെ കരുണാകരന്റെ മാനസമണ്ഡലവും. ചില പടല പിണക്കങ്ങളുണ്ടെങ്കില്‍ കൂടിയും പദ്മജയുടെ വിജയം ഏതാണ്ടുറപ്പായിരുന്നു. െ്രെകമിന്റെ ആ ലക്കം പദ്മജാ വേണുഗോപാലിന്റെയും പരപുരുഷ ബന്ധങ്ങളും അവിഹിതങ്ങളും വിവരിക്കുന്ന കുറെ ഊഹാപോഹ കഥകളായിരുന്നു.
ഒരു പക്ഷേ ക്രൈമിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കോപ്പികള്‍ അച്ചടിച്ച ലക്കവും അതായിരുന്നിരിക്കണം. കാരണം ആ ലക്കം ക്രൈം സിപിഎംകാര്‍ക്കു കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയെക്കാള്‍ പ്രിയപ്പെട്ട ഒന്നായിരുന്നു. സിപിഎമ്മിന്റെ പ്രധാന പ്രചരണോപാധി തന്നെ ഈ ഇക്കിളി കഥകളായിരുന്നു, രാവിലെ പത്രത്തോടൊപ്പം പോലും സൌജന്യമായി പലര്‍ക്കും െ്രെകം കിട്ടിയിരുന്നു, അങ്ങനെ ഒരു സ്ത്രീയെ കുറിച്ചുള്ള അശ്ലീല കഥകള്‍ ഇടത് പക്ഷത്തിനു പഥ്യമായി, അവരത് ആഘോഷിച്ചു, പ്രചരിപ്പിച്ചു. ആ തിരഞ്ഞെടുപ്പില്‍ പദ്മജാ വേണുഗോപാല്‍ തോറ്റു, സി പി എം- ക്രൈം നന്ദ കുമാര്‍സഖ്യം വിജയിച്ചു. അന്നത്തെ ആ ബൈബിള്‍ പിന്നീട് നാറിയ മഞ്ഞപ്പുസ്തകമായി മാറിയത് നമ്മടെ വിജയേട്ടനും ലാവ്‌ലിനും കൊടിയേരി മോനും കവിയൂര്‍ കേസുമൊക്കെ കവര്‍ സ്‌റ്റോറിയായി െ്രെകമില്‍ വന്നതിനു ശേഷമാണ്, അപ്പോഴാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ അതിരളവുകളെ പറ്റി, നൈതികതയെ പറ്റിയൊക്കെ വിപ്ലവ ബോധോദയമുണ്ടാകുന്നത്.
ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു രസകരമായ സമകാലിക പരിണാമമുണ്ട്. വിടുവായത്തം കൊണ്ടു വെറുത്തു വെറുത്തു കയ്യീക്കിട്ടിയാല്‍ പഞ്ഞിക്കിടും എന്ന അവസ്ഥയില്‍ നിന്നു പെട്ടെന്നു പി സി ജോര്‍ജ്ജ് സിപിഎംകാരുടെ താല്‍ക്കാലിക പുണ്യാള പദവിയിലേക്കുയര്‍ന്നു. അതിന്റെ കാരണം പി സി ജോര്‍ജ്ജ് ഇപ്പോള്‍ തന്റെ നാക്കിന്റെ ശേഷി വിനിയോഗിക്കുന്നത് കോണ്‍ഗ്രസ്സ് മന്ത്രിമാരെപറ്റി അവിഹിത കഥകള്‍ പറയാനാണ്. അപ്പോ ഗൌരിയമ്മയെ പുലയാട്ട് പറഞ്ഞത് നമ്മള്‍ മറക്കും, ഇനി നാളെ ശ്രീമതി ടീച്ചറെയോ എം എ ബേബിയെയോ ഒക്കെ ചേര്‍ത്തു പറയുന്നത് വരെ പി സി ജോര്‍ജ്ജിനെ നട്ടെല്ലുള്ള യു ഡി എഫുകാരനായി ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തു വെക്കും. അതാണല്ലോ നടപ്പു രീതി .
'എല്ലാ സാമാന്യവല്‍ക്കരണങ്ങളും തെറ്റാണ്, ഞാന്‍ ഇപ്പറഞ്ഞതടക്കം' എന്നു മാര്‍ക്ക് ട്വയിന്‍ പറഞ്ഞിട്ടുണ്ട്. ഏതാനും ആളുകളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളെ ഒരു രാഷ്ട്രീയ കക്ഷിയുടെ ഉത്തരവാദിത്തത്തിലേക്കു കൂട്ടിക്കെട്ടുന്നതിലെന്തു നീതി എന്നു ചോദിക്കാമെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ അത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നു. ഇത് വ്യക്തിഗതമായ ഒരു കാര്യം മാത്രമാണെന്നു തോന്നുന്നില്ല, ചെങ്ങറ സമരകാലത്തു അജിതയുടെ മകളടക്കമുള്ള കുറച്ചു ആക്റ്റിവിസ്റ്റുകള്‍ സമര പന്തലില്‍ പുകവലിച്ചതും ചുംബിച്ചതുമായ ദൃശ്യങ്ങള്‍ വ്യക്തിപരമായി ആക്റ്റിവിസ്റ്റുകളുടെ ആ പ്രവൃത്തിയോട് എനിക്കു യോജിപ്പില്ല, ആ സമരത്തിനു പൊതു സമൂഹത്തിലുണ്ടായിരുന്ന അനുതാപമില്ലാതാക്കാന്‍ അത് സഹായിച്ചു. ഒളിഞ്ഞെടുത്തു പാര്‍ട്ടി ചാനലിലും പാര്‍ട്ടി പത്രത്തിലും എക്‌സ്‌ക്ലൂസീവ് ആയി ഇട്ടു ആഘോഷിച്ചതിനും നമ്മള്‍ സാക്ഷിയായിട്ടുണ്ട്.
എന്തായിരുന്നു ആ വാര്‍ത്തയുടെ നൈതികത, എന്തായിരുന്നു അതിനു പിന്നിലെ ഇടതുപക്ഷ രാഷ്ട്രീയബോധം? അതെന്തുതരം രാഷ്ട്രീയമായിരുന്നു. പാര്‍ട്ടി പത്രവും പാര്‍ട്ടി ചാനലും മുന്‍ കയ്യെടുത്ത നടത്തിയ ഈ 'മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം വ്യക്തിഗതമായി ചിത്രീകരിക്കാനാവില്ലല്ലോ.
യഥാര്‍ത്ഥത്തില്‍ സി പി എം പൊതുബോധത്തിലൊരു പുരുഷ മേധാവിത്തമുണ്ട് ,സൂക്ഷ്മമായി പറഞ്ഞാല്‍ സ്വാഭാവികമെന്ന നിലക്കുള്ള സ്ത്രീ വിരുദ്ധതയും . അരുന്ധതീ റോയിക്കു ബുക്കര്‍ പ്രൈസ് കിട്ടിയ സമയത്തു അരുന്ധതീ റോയിയെ പറ്റിയുള്ള ഒരു ചോദ്യത്തിനുത്തരമായി നമ്മുടെ നര്‍മ്മ വിശാരദനായ ഇ കെ നായനാര്‍ പറഞ്ഞു 'Book Her' . രാഷ്ട്രീയത്തിലെ വി കെ എന്‍ ആയ മൂപ്പരുടെ ആ തമാശ കേട്ടു നമ്മളൊക്കെ ആസ്വദിച്ചു ചിരിച്ചു, അതു കഴിഞ്ഞു അമേരിക്കയിലൊക്കെ ചായ കുടി പോലെയാണ് ബലാത്സംഗമെന്നും, പെണ്ണുള്ളിടത്തെല്ലാം പെണ്‍വാണിഭവുമുണ്ടാകും എന്നു പറഞ്ഞപ്പോള്‍ നമ്മളാര്‍ത്തു ചിരിച്ചു. എന്ത് തമാശാല്ലെ, തമാശ സഹസാമാജികരുടെ ജാതിയെല്ലാം വിളിച്ചു നായനാര്‍ ഇടക്കിടെ ഇത്തരം തമാശകള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കക്ഷി രാഷ്ട്രീയമൊന്നുമില്ലാതെ തന്നെ ആ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നറിഞ്ഞപ്പോഴും കുലീനമായ ഫാദര്‍ ഫിഗറിന്റെ ആനുകൂല്യമുള്ള ഇ കെ നായനാര്‍ ഒട്ടും പരാമര്‍ശിക്കപ്പെട്ടില്ല. ഇങ്ങനെ തമാശ പറയണോരെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല.
അംഗീകൃത സ്ത്രീ സംരക്ഷനും പെണ്‍ വാണിഭത്തിനെതിരെ കുരിശ് യുദ്ധം നടത്തി (എന്ത് നടത്തി എന്നു മാത്രം ചോദിക്കരുത്, അങ്ങനെയൊക്കെയാണ് എന്നു മാത്രം കരുതുക വരുന്ന വി എസ് അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ സ്വതസിദ്ധമായ വിടല ചിരിയില്‍ മുക്കി പരാമര്‍ശിച്ചതിന്റെ അര്‍ത്ഥം വി എസിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ചോറു തിന്നുന്ന മലയാളികള്‍ക്കെല്ലാം അറിയാം. പക്ഷെ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട നല്ല പ്രസ്ഥാവനയായി മാറി. ഓട്ടോക്കാര്‍ക്കു പോലും അറിയാന്‍ കഴിയുന്നത്ര ജനപിന്തുണയെന്നാണ് വി എസ് ഉദ്ദേശിച്ചതെന്നു പറഞ്ഞു വ്യാഖ്യാന പടുക്കള്‍ രംഗത്തിറങ്ങി, വി എസ് ഒരു തന്റെ പ്രസ്ഥാവനയില്‍ ഒരു ചെറുഖേദം പോലും പ്രകടിപ്പിക്കാതെ ഒഴിഞ്ഞു മാറി.
ദാ ഇവിടെയാണ് നമ്മള്‍ ഒരു മാദക നടിയെ ജയിപ്പിച്ചു വിട്ട ജനാധിപത്യ ബോധമില്ലാത്ത ജനതയുള്ള, മാണ്ഡ്യ മണ്ഡലത്തിലേക്ക് തിരിച്ചു പോകുന്നത്. പ്രചരണാവേശത്തില്‍ ജനതാദളിലെ എം ശ്രീനിവാസന്‍ രമ്യുയുടെ പിതൃത്വത്തെ സംബന്ധിച്ചൊരു പ്രസ്ഥാവന നടത്തി, ജനങ്ങളിളകി, പ്രതിഷേധിച്ചു, സംഭവം വിവാദമായി, തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസയച്ചു. അവസാനം ശ്രീനിവാസന് തന്റെ പ്രസ്ഥാവന പിന്‍വലിച്ചു പരസ്യമായി മാപ്പു പറയേണ്ടി വന്നു.
ഒരു ജീവിതം മുഴുവന്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി മാറ്റിവെച്ച, ജ്ഞാനപീഠം ജേതാവും മാഗ്‌സസേ അവാര്‍ഡ് ജേതാവുമായ മഹാശ്വേതാ ദേവിക്കും 'കഴപ്പ് ' ആണെന്നു കണ്ടെത്തിയത് ഇടുക്കി ജില്ലാ സെക്രട്ടറിയായ നമ്മുടെ സ്വന്തം മണിയാശാനാണ്, മണിയാശാനെ പ്രകോപിപ്പിച്ചത് പിണറായിയെ പറ്റി ആയമ്മ എന്തോ പറഞ്ഞു എന്നതാണ്, അങ്ങനെ പറയാന്‍ പാടുണ്ടോ, മാത്രവുമല്ല ആയമ്മ ആരുടെയൊക്കെയോ ചട്ടുകമോ തവിയോ ഒക്കെയായാണ് പ്രവര്‍ത്തിക്കുന്നതെന്ന ബുദ്ധിജീവി വ്യാഖ്യാനങ്ങളും വന്നു. അപ്പോ പിന്നെ ഇത് കഴപ്പ് തന്നെ. എന്തായാലും പിന്നീട് ഇത് വ്യാഖ്യാനിക്കപ്പെട്ടത് നിഷ്‌കളങ്കനായ മണിയാശാന്റെ നാട്ടു ഭാഷ മാത്രമാണെന്നായിരുന്നു അതെന്നാണ്. നാട്ടു ഭാഷ, നിഷ്‌കളങ്കത, നന്മ, നേര്, നര്‍മ്മം ഇങ്ങനെ വിവിധ ലേബലില്‍ പൊതിഞ്ഞു നിസ്സാരവത്കരിക്കുച്ചുകൊണ്ട് ഇടതുപക്ഷ പൊതുബോധത്തില്‍ ഇതിനൊക്കെ ആനുകൂല്യം ലഭിക്കുന്നുമുണ്ട്.
ഇത്തരത്തില്‍ തിരഞ്ഞു പിടിച്ചു ഒരു തരം സിപിഎം വിരുദ്ധത പ്രചരിപ്പിക്കുന്നത് ഇപ്പോ ഒരു ഫാഷനാണല്ലോ. ഇത് മറ്റ് പാര്‍ട്ടികളിലില്ലെ? ഉണ്ടാകാം. പക്ഷെ ഒരു സമയം പുരോഗമനവും സദാചാരപോലീസും കളിക്കാന്‍ സി പി എമ്മിനോളം മെയ് വഴക്കമില്ല. വസ്തുതകള്‍ വസ്തുതകള്‍ മാത്രമാണ്, അതിനെ നിങ്ങള്‍ക്കു നിഷേധിക്കാനാവില്ല, വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അടിസ്ഥാനപരമായി പുരോഗമന പ്രസ്ഥാനമായി വര്‍ത്തിക്കേണ്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം സമാന്തരമായി സ്ത്രീ വിരുദ്ധതയും സദാചാര പോലീസിങ്ങും കൊണ്ട് നടക്കുന്നതിലെ രാഷ്ട്രീയ നിലപാട് സ്വയം വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്.
www.indiavisiontv.com by Vishnu Padmanabhan www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___