Sunday 25 August 2013

[www.keralites.net] നമ്മുടെ രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ട്

 

നമ്മുടെ രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളൊക്കെ പരിഹരിക്കരിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയും അതിനായി സഹകരിക്കാൻ മുന്നോട്ട് വരികയും ചെയ്യുമെങ്കിൽ നമുക്ക് എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ സംഭവിക്കുന്നത് എന്താണു? എല്ലാ പാർട്ടികളും കോൺഗ്രസ്സിനെ ആക്രമിക്കാനും , കോൺഗ്രസ്സ് അതിനെ പ്രതിരോധിക്കാനും മുഴുവൻ സമയവും ഊർജ്ജവും ദുർവ്യയം ചെയ്യുന്നു. ഇങ്ങനെ ആക്രമിക്കപ്പെടുന്നത് കോൺഗ്രസ്സിന്റെ മാത്രം പ്രശ്നമല്ല. ബി.ജെ.പി. ഭരണത്തിലെങ്കിൽ എല്ലാ പാർട്ടികളും ബി.ജെ.പി.ക്കെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവയ്കും. അപ്പോൾ എന്താണു സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഭരണകക്ഷിയെ എതിർക്കാൻ എതിർകക്ഷികൾ കൃത്രിമ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് പുകമറ സൃഷ്ടിക്കുകയും തങ്ങൾക്ക് മൈലേജ് കിട്ടില്ല എന്നത്കൊണ്ട് യഥാർഥപ്രശ്നങ്ങൾ മറച്ചുവെക്കുകയും ചെയ്യും. ഇതാണു രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്കൊണ്ട് രാജ്യത്തിനു ഒരു ഇഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ല.

ഭാഗ്യവശാൽ ചില്ലറ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നരസിംഹറാവുവിന്റെ ഭരണകാലത്ത് ധനമന്ത്രിയെന്ന നിലയിൽ ഡോ.മൻമോഹൻ സിംഗ് നടപ്പാക്കിയത് കൊണ്ടും അതിനു മുൻപ് രാജീവ് ഗാന്ധി ടെലികോം , ഇൻഫർമേഷൻ ടെക്‌നോളജി മുതലായ മേഖലകളിൽ നവീനമായ പദ്ധതികൾക്ക് തുടക്കം കുറിച്ചത്കൊണ്ടും ഈ കാണുന്ന പുരോഗതി രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇത്രയും ജനസംഖ്യയുള്ള ഈ രാജ്യം അക്ഷരാർത്ഥത്തിൽ മറ്റൊരു സൊമാലിയ ആകുമായിരുന്നു.

ഇപ്പോൾ എന്ത് പ്രശ്നത്തിനും അതിന്റെ അടിസ്ഥാനകാരണം ആലോചിക്കാതെ മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തി നിർവൃതിയടയാനാണു ആളുകൾക്ക് താല്പര്യം. രൂപയുടെ മൂല്യത്തകർച്ചയ്ക്കും മൻമോഹൻ സിംഗിനെ ഉത്തരവാദിയാക്കിയാൽ തൃപ്തിയായി. എന്താണു നമ്മുടെ പ്രശ്നം? പ്രധാന മന്ത്രി മാറിയാൽ പ്രശ്നം തീരുമോ? നരേന്ദ്രമോഡി വന്നാൽ ഇന്ത്യ ഐശ്വര്യപൂർണ്ണമാകുമോ? അദ്ദേഹത്തിന്റെ കൈയിൽ അതിനുള്ള മാന്ത്രികവടിയുണ്ടോ? അതല്ല, ഇപ്പോൾ മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തുന്ന പോലെ പിന്നീട് മോഡിക്കെതിരെ സംഘഗാനം ആലപിക്കാനുള്ള അവസരം ലഭിക്കലാണോ പ്രശ്നം.

പ്രശ്നം ഇപ്പോഴും നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും വളർച്ച മുരടിച്ചുപോയതാണു. ഒരു രാഷ്ട്രീയപാർട്ടിയുടെയും ചുമതലയും ഉത്തരവാദിത്വവും മറ്റ് പാർട്ടികളെ എതിർക്കലല്ല. രാജ്യത്തിന്റെ ശരിയായ പ്രശ്നങ്ങൾ പഠിച്ച് പോംവഴി കണ്ടെത്തലാണു. ഭരിക്കുന്ന പാർട്ടി അങ്ങനെ പോംവഴി കണ്ടെത്തുമ്പോൾ അതിനു പ്രതിപക്ഷപാർട്ടികൾ സഹകരിക്കുകയും പിന്തുണ കൊടുക്കുകയുമാണു വേണ്ടത്. കാരണം, പരിഹരിക്കാൻ പോകുന്നത് ജനങ്ങളുടെ പ്രശ്നമാണു. നടത്തിപ്പിൽ തെറ്റ് സംഭവിക്കുമ്പോൾ തിരുത്തിക്കാനാണു ശ്രമിക്കേണ്ടത്. ഞങ്ങളായാലും ഭരിക്കുന്ന പാർട്ടിയായാലും ശരി ചെയ്താൽ അത് ശരിയാണെന്നും ജനങ്ങൾക്ക് നല്ലതാണെന്നും അംഗീകരിക്കാൻ കഴിയണം. ഭരിക്കുന്ന പാർട്ടി എന്ത് ചെയ്താലും തെറ്റ്, ശരി ഞങ്ങൾ ചെയ്തോളാം എന്ന നിലപാട് എല്ലാ രാഷ്ട്രീയപാർട്ടികളും കൈക്കൊള്ളുമ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ പോകും. എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് പ്രതിപക്ഷം വോട്ടുകൾ തട്ടിപ്പറിച്ചുകൊണ്ടു പോകുമല്ലോ എന്ന ഭയത്തിൽ ആയിരിക്കും. ഇതാണു ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പാർട്ടികളുടെ ഈ നെഗറ്റീവ് അപ്രോച്ച് മാറാതെ രാജ്യത്തിനു രക്ഷയില്ല. പക്ഷെ പാർട്ടികൾ മാറാനും പോകുന്നില്ല. പാർട്ടികൾ മാറണമെങ്കിൽ ജനങ്ങൾ പ്രബുദ്ധരാകണം. അത് സംഭവിക്കാനും പോകുന്നില്ല. അഭ്യസ്തവിദ്യരുടെ വിദ്യ പോലും വെറുമൊരു സർട്ടിഫിക്കറ്റായി ചുരുങ്ങുമ്പോൾ എന്ത് മാറ്റം വരാൻ. എത്തുന്നയിടം വരെ ഇങ്ങനെ പോകട്ടെ എന്നും കക്ഷിരാഷ്ട്രീയക്കാർ എന്തെങ്കിലുമൊക്കെയായി കുരച്ചുകൊണ്ട് ഇരിക്കട്ടെ എന്നും സമാധാനിക്കാനേ കഴിയൂ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment