Thursday 11 July 2013

[www.keralites.net] നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്റെ നാരായ വേരുകള്‍'

 

നാരികള്‍.. നാരികള്‍.. വിശ്വ വിപത്തിന്റെ .....

ജിനേഷ് പൂനത്ത്

ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കോളറുടെ നടക്കാന്‍പോകുന്ന വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയണമെന്ന് അവതാരകയ്ക്ക് നിര്‍ബന്ധം.

കോളര്‍: -''വിവാഹചടങ്ങുകള്‍ മുഴുവന്‍ ഒളികാമറയില്‍ പകര്‍ത്താനാണ് ഉദേശിക്കുന്നത്..!''

അവതാരക: -''അതെന്തിനാണ് ഒളികാമറയില്‍ പകര്‍ത്തുന്നത്..? നേരെചൊവ്വെ തന്നെ എടുത്താല്‍ പോരെ..?-''

കോളര്‍: -''ഒളികാമറയില്‍ പകര്‍ത്തിയാല്‍ പിന്നെ എഡിറ്റ് പോലും ചെയ്യാതെ നിങ്ങള്‍ ചാനലിലൂടെ നാട്ടുകാരെ മൊത്തം കാണിക്കുമല്ലൊ... പബ്ലിസിറ്റിയാകട്ടെ എന്നു കരുതി...''

പിന്നെ കേട്ടത് അവതാരക ഫോണ്‍ കട്ട് ചെയ്ത ശബ്ദം...

വീരനോട് പിണങ്ങി മറുപക്ഷത്ത് കൂട്ടുകൂട്ടിയ അങ്കമാലിക്കാരന്‍ നേതാവുകൂടെ കുടുങ്ങിയതോടെ ഒളികാമറയായി ഹീറോ... മകനെ കെട്ടാന്‍ വേണ്ടി തന്തയ്ക്ക് കിടക്കവിരിച്ച മഹനീയ ഭാരതരത്‌നം 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന സിനിമ കണ്ടിട്ടുണ്ടോയെന്ന് അറിയില്ലെങ്കിലും അവര്‍ മാലാഖയല്ലെന്നതില്‍ കോടതിയ്ക്കും സംശയമില്ല. കാമറയില്‍ കുടുങ്ങി ഉടുമുണ്ടുപോലുമില്ലാതെ ചാനലില്‍ നിറഞ്ഞ ജോസ് തെറ്റയില്‍ എം.എല്‍.എയേയും പിന്നീടാരും കണ്ടിട്ടില്ല. പാര്‍ട്ടി ഓഫീസിലെ ഒളികാമറയില്‍ കുടുങ്ങി സ്ഥാനവും മാനവും പോയ വിപ്ലവനേതാവ് ഗോപി കോട്ടമുറിക്കലാണ് തെറ്റയിലിന്റെ എറണാകുളത്തെ മുന്‍ഗാമി.

സൂര്യനില്‍ കുന്തിയ്ക്ക് പിറന്നവനാണ് കര്‍ണ്ണനെന്ന് പുരാണം. അതേപോലെ സൗരോര്‍ജ്ജ തേജസില്‍ നിറഞ്ഞുനിന്ന സരിതോര്‍ജത്തെ ആവാഹിക്കാന്‍ തപസും ജപവുമായി കാത്തുകിടക്കാത്തവര്‍ ഭരണക്കാരില്‍ ആരുമില്ലെന്നായി...! താക്കോല്‍ സ്ഥാനത്ത് തന്നെ (ശാലു)മേനോനും സ്ഥാനം നല്‍കി പിണക്കവും തീര്‍ത്തു..! ഗ്രൂപ്പ് പോരില്‍ ഫോണ്‍ലിസ്റ്റ് പുറത്ത്‌വന്നതുപോലെ സരിത പകര്‍ത്തിയ ഒളികാമറാ ദൃശ്യങ്ങളും ചാനലുകള്‍ എഡിറ്റ് ചെയ്യാതെ കാണിക്കുന്ന ഒരു ദിവസത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷക സമൂഹം...!

'എന്റെ ഗര്‍ഭം ഇങ്ങനെയല്ലെന്ന്' ജഗതി പണ്ടൊരു സിനിമയില്‍ പറഞ്ഞതുപോലെ ഏതുപെണ്ണുക്കേസു വരുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കേണ്ടിവരുന്ന മുന്‍മന്ത്രി, കാമുകിയുടെ ഭര്‍ത്താവിനാല്‍ അടിവാങ്ങി പെണ്‍പുരാണത്തില്‍ മുമ്പനായി. താര മന്ത്രിയുടെ സ്വന്തക്കാരനായ ഹാസ്യതാരം പെണ്ണുമായുള്ള രാത്രിയാത്രയില്‍ വനംപാലകരെ ആക്രമിച്ച് പിടിയിലായപ്പോള്‍ നാട്ടുകാര്‍ക്കൊക്കെ ഊറിചിരിക്കാനുള്ള വകയുമായി.

അതേസമയം, എതിരാളിയെ ഒതുക്കാന്‍ നല്ല മാര്‍ഗം ഗര്‍ഭക്കേസിലോ പെണ്ണുകേസിലോപെടുത്തി നാറ്റിക്കലാണെന്ന് 'സന്ദേശം' എന്ന സിനിമ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ സന്ദേശം ഇതിന്റെ മറുവശവുമാണ്. ഉയര്‍ന്ന ജാതി കുടുംബത്തില്‍ ജനിച്ച, സി.പി.എമ്മിന്റെ ദേശീയ സ്ഥാപക നേതാക്കളില്‍ ഒരാളായ, വരദരാജന്‍ വിവാഹം ചെയ്ത ഹരിജന്‍ സ്ത്രീയുമായി അകന്നതോടെ എതിര്‍ഗ്രൂപ്പുകാര്‍ ഫോണ്‍ചോര്‍ത്തി. മറ്റൊരു സ്ത്രീയുമായി ഫോണ്‍ സല്ലാപമെന്ന് വാദിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അപമാനിതനായ വരദരാജന്‍ അഭയംതേടിയതാകട്ടെ ആത്മഹത്യയിലും..!

എസ്.എഫ്.ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ സി. ഭാസ്‌ക്കരനെ പുറത്താക്കിയതും പെണ്ണ്‌കേസില്‍ കുടുക്കിയായിരുന്നു. ഹര്‍ത്താല്‍ദിനത്തില്‍ റോഡില്‍കുടുങ്ങിയ സ്ത്രീ അടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയത് പെണ്ണ് കേസാക്കി മാറ്റി എ.പി അബ്ദുള്ളക്കുട്ടി എം.പിയെ കുടുക്കാന്‍ ശ്രമിച്ചതും പഴയ സഖാക്കള്‍ തന്നെ. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ എല്ലില്ലാത്ത നാവായിമാറി സിനിമയിലും കസറിയ രാജ്‌മോഹന്‍ ഉണ്ണിത്താനെ തളയ്ക്കാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ കണ്ടെത്തിയതും പെണ്ണ്‌കേസ്. മഞ്ചേരിയില്‍വച്ച് ഉണ്ണിത്താനേയും ഒപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയേയും പോലീസ് ജീപ്പിനു പിന്നിലിരുത്തി കൊണ്ടുപോകുന്ന കാഴ്ച ചാനലില്‍ കണ്ട് പ്രബുദ്ധകേരളം വെള്ളമിറക്കി.

പരാതിയുമായി ഇടയ്ക്കിടയ്ക്ക് വന്നൊരു പെണ്ണ് ലക്ഷങ്ങളുടെ വീടും സമ്പാദ്യവും സ്വന്തമാക്കിയപ്പോള്‍ കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങിയത് ഒരായുഷ്കാലത്തേക്കുള്ള നാറ്റക്കേസ്. വിമാനയാത്രയ്ക്കിടെ സുന്ദരിയായ അവതാരകയെ തോണ്ടിയെന്നതാണ് പി.ജെ ജോസഫിനെ കുടുക്കിയത്. സഭയിലെ ചീഫ് വിപ്പിനെതിരേ ഗൗരിയമ്മ ആരോപിച്ചതും പി.സി ജോര്‍ജ്ജ് തിരിച്ചടിച്ചതും പെണ്ണുകേസ് തന്നെ. വര്‍ഷങ്ങള്‍ പിന്നിട്ട് കോടതികള്‍ എന്ത് വിധിച്ചാലും സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും പി.ജെ കുര്യനു പിറകെയുണ്ട്. മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രൈവറ്റ് സെക്രട്ടറി നളിനി നെറ്റോ കോടതിയില്‍ പരാതി നല്‍കിയതില്‍പിന്നെ രാഷ്ട്രീയ കരകയറാന്‍ അദേഹത്തിന് പിന്നീടൊരിക്കലും സാധിച്ചിട്ടുമില്ല. 'നാരികള്‍.. നാരികള്‍.. വിശ്വ വിപത്തിന്റെ നാരായ വേരുകള്‍' എന്ന് പാടിനടക്കുന്ന അസ്വസ്ഥ മനസുകള്‍ ഇനിയുമുണ്ടേറെ...!!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment