Saturday 6 April 2013

[www.keralites.net] കുട്ടികൃഷ്ണമാരാര്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍

 

കുട്ടികൃഷ്ണമാരാര്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍

'ഭാരത യുദ്ധത്തിലെ സര്‍വനാശത്തിനുശേഷം ദിഗ്വിജയത്തിനു നടക്കുന്ന അര്‍ജ്ജുനന്റെ അടുക്കല്‍ സഹോദരിയായ ദുശ്ശള തന്റെ പേരക്കുട്ടിയെയും എടുത്ത് അതിന്റെ ജീവനെങ്കിലും തരണെ എന്നു കരഞ്ഞുകൊണ്ട് വന്നു നിന്നത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. പിടിച്ചിരുത്തി ചിന്തിപ്പിച്ചു. അതിനെപ്പറ്റി വല്ലതുമൊന്നെഴുതിയേ സമാധാനമാവൂ എന്നുവരെ എത്തിച്ചു. പ്രഥമ സൗകര്യത്തില്‍ മഹാഭാരതം മൂലം തേടി വായിച്ച് അര്‍ജുനവിഷാദയോഗം എന്നൊരു പ്രബന്ധമെഴുതി. അപ്പോള്‍തോന്നി ചില ഭാരതകഥാ സന്ദര്‍ഭങ്ങളെ അധികരിച്ച് രവീന്ദ്രനാഥ ടാഗോറിന്റെ ഏതാനും പ്രബന്ധങ്ങളുള്ളതുപോലെ എനിക്കും ചിലതെഴുതാന്‍ വേറെ കിട്ടിയേക്കുമെന്ന്.'

തന്റെ വിഖ്യാതകൃതിയായ ഭാരത പര്യടനത്തിന്റെ ഉല്പത്തിയെക്കുറിച്ച് കുട്ടികൃഷ്ണമാരാര്‍ കുറിച്ച വാചകങ്ങളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. തികച്ചും യാദൃച്ഛികമായി മാരാര്‍ ആരംഭിച്ച ദൗത്യം ഒരു നിയോഗമായി മാറിയതും ആ ഉജ്ജ്വല പഠന ഗ്രന്ഥത്തിന്റെ പേരില്‍ എക്കാലവും കൈരളി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതും പിന്നീടുള്ള ചരിത്രം. പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യ സേവനത്തിനു വിരാമമിട്ട്, ഭാരത പര്യടനമവസാനിപ്പിച്ച് കുട്ടികൃഷ്ണമാരാര്‍ സ്വര്‍ഗ്ഗാരോഹിതനായിട്ട് നാല്പത് വര്‍ഷങ്ങള്‍ തികയുന്നു. 1973 ഏപ്രില്‍ ആറാം തീയതിയായിരുന്നു ആ സാഹിത്യ ശിരോമണിയുടെ അന്ത്യം.

പട്ടാമ്പി തൃപ്പങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടെയും കരിക്കാട്ടു മാരാത്തു കൃഷ്ണമാരാരുടെയും മകനായി 1900 ജൂണ്‍ 14ാം തീയതിയാണ് കുട്ടികൃഷ്ണമാരാരുടെ ജനനം. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യശിരോമണി ബിരുദം നേടിയ അദ്ദേഹം കേരളകലാ മണ്ഡലത്തില്‍ സാഹിത്യാചാര്യനായി. പതിനഞ്ചു കൊല്ലത്തോളം മഹാകവി വള്ളത്തോളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അക്കാലത്തുതന്നെ നാലപ്പാട്ട് നാരായണമേനോനുമായി ബന്ധപ്പെട്ട കുട്ടികൃഷ്ണമാരാര്‍ അദ്ദേഹത്തില്‍ തന്റെ ജീവിതഗുരുവിനെ കണ്ടെത്തി. 1928ല്‍ സാഹിത്യഭൂഷണം എന്ന അലങ്കാരഗ്രന്ഥമെഴുതി അച്ചടിച്ചെങ്കിലും അത് പ്രസ്സില്‍നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. മഹാകവി ഉള്ളൂരിന്റെ വിസ്തൃതവും പഠനാത്മകവുമായ അവതാരികയോടു കൂടിയ ഈ കൃതി 1965ലാണ് പ്രസിദ്ധീകൃതമായത്.

ഭാരതപര്യടനത്തിനു പുറമേ കല ജീവിതം തന്നെ എന്ന കൃതിയും അതീവ ശ്രദ്ധേയമായി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എം.പി.പോള്‍ പുരസ്‌കാരവും ഈ കൃതിയെ തേടിയെത്തി. സാഹിത്യ സല്ലാപം, ദന്തഗോപുരം, കൈവിളക്ക്, ഭഗവദ് വിവേകാനന്ദന്‍ തുടങ്ങിയവ അടക്കം വിഖ്യാതങ്ങളായ പത്തൊമ്പത് കൃതികള്‍ നല്‍കി അദ്ദേഹം മലയാള ഭാഷയേയും സാഹിത്യത്തെത്തും അനുഗ്രഹിച്ചു.

തൃക്കാവില്‍ കിഴക്കേ മാരാത്ത് നാരായണിക്കുട്ടി മാരസ്യാരായിരുന്നു മാരാരുടെ ധര്‍മപത്‌നി. 1966 മേയ് 27ാം തീയതി അവര്‍ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. വിയോഗ ദു:ഖം അദ്ദേഹത്തെ ആധ്യാത്മികമേഖലയിലേക്ക് തിരിച്ചു. ഋഷിപ്രസാദം, സാഹിത്യശേഷം, ഗീതാ പരിക്രമം, ശരണാഗതി തുടങ്ങിയ പുസ്തകങ്ങള്‍ക്ക് നിദാനമായ ഉപന്യാസങ്ങള്‍ മാരാര്‍ രചിച്ചത് ഇക്കാലയളവിലായിരുന്നു. ഇവയില്‍ പലതും പുറത്തിറങ്ങിയത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു.

കുട്ടികൃഷ്ണമാരാര്‍ ഓര്‍മ്മയായിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സാഹിത്യലോകത്തില്‍ പ്രഭ പരത്തി നിലകൊള്ളുകയാണ് അദ്ദേഹത്തിന്റെ കൃതികള്‍. മലയാളമുള്ളിടത്തിടത്തോളം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ആസ്വാദകര്‍ക്കും ആശ്രയമായി അവ നിലനില്‍ക്കുമെന്നും തീര്‍ച്ച.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment