Tuesday 30 April 2013

[www.keralites.net] ഇങ്ക്വിലാബ് സിന്ദാബാദ്‌

 

ഇങ്ക്വിലാബ് സിന്ദാബാദ്‌


എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.
അതിങ്ങനെയായിരുന്നു:
'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍.
ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.
വിപ്ലവം നീണാള്‍ വാഴട്ടെ!'

1929 ജൂണ്‍ 6 ന് ഭഗത്‌സിങ്ങും ബി.കെ. ദത്തും ബോംബു കേസില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റ്:
'ഞങ്ങളുടെ പേരില്‍ വളരെ ഗൗരവമുള്ള കുറ്റങ്ങളാണ് ഗവണ്‍മെന്റ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് നന്നായിരിക്കുമെന്ന് കരുതുന്നു.

ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

1. അസംബ്ലിഹാളിലേക്ക് ബോംബുകള്‍ എറിഞ്ഞോ? ഉണ്ടെങ്കില്‍ എന്തിനുവേണ്ടിയായിരുന്നു?
2. കീഴ്‌ക്കോടതി തയ്യാറാക്കിയ കുറ്റപത്രം ശരിയാണോ?

അസംബ്ലി ഹാളിലേക്ക് ബോംബെറിഞ്ഞു എന്നു സമ്മതിക്കുന്നു. ദൃക്‌സാക്ഷികള്‍ എന്നു പറയപ്പെടുന്നവരുടെ മൊഴികള്‍ കള്ളമാണ്. അവര്‍ കള്ളസാക്ഷിയാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങളില്‍ ഒരാളില്‍നിന്നും കൈത്തോക്ക് കണ്ടെടുത്തു എന്ന് സാര്‍ജന്റ് ടെറി പറയുന്നത് അസംബന്ധമാണ്. ഞങ്ങളുടെ കൈയില്‍ കൈത്തോക്ക് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ബോംബെറിഞ്ഞു എന്നു പറയുന്ന സാക്ഷിമൊഴികളും തെറ്റാണ്. നീതിന്യായക്കോടതികളുടെ വിശുദ്ധിയിലും ഉത്കൃഷ്ടതയിലും വിശ്വസിക്കുന്നവര്‍ക്ക് ഒരു ഗുണപാഠമാണ് ഈ കള്ളസാക്ഷ്യങ്ങള്‍. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറുടെ നീതിബോധത്തെ ഞങ്ങള്‍ ആദരിക്കുന്നു; കോടതിയുടേതും.

ബോംബെറിഞ്ഞത് ഒരു വ്യക്തിയുടെ നേര്‍ക്കല്ല, ബ്രിട്ടീഷ് ഗവണ്‍മെന്റ് എന്ന സ്ഥാപനത്തിനു നേര്‍ക്കാണെന്ന് വൈസ്രോയി ലോഡ് ഇര്‍വിന്‍ അസംബ്ലികളുടെ സംയുക്തയോഗത്തില്‍ പ്രസംഗിച്ചതായി ഞങ്ങളെ ജയിലില്‍വെച്ച് കണ്ട ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. ഞങ്ങളുടെ നിലപാടിന്റെ അന്തസ്സത്ത അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങള്‍ മനുഷ്യകുലത്തെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങള്‍ക്ക് ഒരാളോടും വ്യക്തിവിദ്വേഷമില്ല. മനുഷ്യജീവന്‍ വളരെ പരിശുദ്ധമാണ്. ഞങ്ങള്‍ അധര്‍മകാരികളോ രാജ്യത്തിനു ദുഷ്‌കീര്‍ത്തി ഉണ്ടാക്കുന്നവരോ അല്ല. കപട സോഷ്യലിസ്റ്റായ ദിവാന്‍ ചമന്‍ലാല്‍ ഞങ്ങള്‍ അധര്‍മകാരികളാണെന്നു പറഞ്ഞതായി ഞങ്ങളറിഞ്ഞു. ട്രിബ്യൂണ്‍ തുടങ്ങിയ പത്രങ്ങള്‍ എഴുതിയതുപോലെ ഞങ്ങള്‍ ഭ്രാന്തന്മാരുമല്ല.

ഈ നാടിന്റെ അവസ്ഥയെക്കുറിച്ചും രാജ്യവാസികള്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളെക്കുറിച്ചും ഒക്കെ വേണ്ടത്ര ബോധമുള്ള ചരിത്രവിദ്യാര്‍ഥികളാണ് ഞങ്ങള്‍. ഞങ്ങള്‍ കാപട്യം വെറുക്കുന്നു. ഞങ്ങള്‍ പ്രായോഗികവാദികളാണ്. ബ്രിട്ടീഷ് ഭരണമെന്ന സ്ഥാപനത്തോടുള്ള വിദ്വേഷം അറിയിക്കാനാണ് ഞങ്ങള്‍ ബോംബിട്ടത്. ഈ ഭരണത്തിന്റെ ആരംഭം മുതല്‍ക്കുതന്നെ അതിന്റെ നിര്‍ഗുണത്വം വെളിവാക്കിപ്പോരുന്നുണ്ട്. രാജ്യവാസികള്‍ക്ക് വളരെ ദ്രോഹങ്ങള്‍ അത് ചെയ്തു. അങ്ങനെയുള്ള ഒരു ഭരണം ഇവിടെ ഇന്നും നിലനിന്നുപോരുന്നു എന്നതുതന്നെ ഇന്ത്യക്കാര്‍ എത്ര നിന്ദിതരും പീഡിതരുമാണെന്ന് വ്യക്തമാക്കുന്നു. ഉത്തരവാദിത്വബോധമില്ലാത്തതും സ്വേച്ഛാധിപത്യപരവുമായ ഒരു ഭരണം ഈ രാജ്യത്ത് അടിച്ചേല്പിക്കപ്പെട്ടിരിക്കുകയാണ്.

ജനങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളെന്താണെന്ന് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജനജീവിതം മാനിച്ച് അസംബ്ലി പാസാക്കിയിട്ടുള്ള പല തീരുമാനങ്ങളും നടപ്പിലാക്കാതെ പോയിട്ടുണ്ട്. ഏകപക്ഷീയമായും ഗവണ്‍മെന്റ് എടുത്തിട്ടുള്ള നിഗ്രഹാത്മകമായ പല തീരുമാനങ്ങളും അസംബ്ലി റദ്ദാക്കിയിട്ടും അവയെല്ലാം ഇന്നും നിയമമായി ഇവിടെ തുടരുന്നു. അസംബ്ലി സ്വീകാര്യമല്ലെന്നു കണ്ട് തള്ളിക്കളഞ്ഞ പല ഗവണ്‍മെന്റ് ഉത്തരവുകളും വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പുകൊണ്ട് നേടിയ സമ്പത്ത് മുഴുവന്‍ കൈയടക്കിവെച്ചിരിക്കുന്ന ഈ സര്‍ക്കാര്‍ നിലനില്ക്കുന്നത് അപകടകരമാണ്.അതേസമയം ഗവണ്‍മെന്റിന്റെ തോന്നിവാസങ്ങള്‍ക്കു കൂട്ടുനില്ക്കുന്ന പൊതുജനസേവകരായ നേതാക്കളുടെ പ്രവൃത്തികളും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

തൊഴില്‍തര്‍ക്ക ബില്ലിന്റെ അവതരണം വീക്ഷിക്കാനാണ് ഞങ്ങള്‍ അസംബ്ലിയില്‍ വന്നത്. പക്ഷേ, ഇവിടത്തെ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തൊഴിലാളിവര്‍ഗത്തിന് ഇന്ന് സര്‍ക്കാറില്‍നിന്നും ഒരു ഗുണവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ക്കു ബോധ്യമായി. ഈ നാട്ടിലെ
പട്ടിണിപ്പാവങ്ങള്‍ക്ക് അവരുടെ പ്രാഥമികാവകാശങ്ങള്‍വരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ രക്ഷിക്കാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ല. ഈ അനീതികള്‍ കണ്ട് കൈയും കെട്ടി നോക്കിനില്ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇവരോടുള്ള സഹാനുഭൂതിമൂലം ഞങ്ങളുടെ ഹൃദയങ്ങളിലൂടെ രക്തം കിനിഞ്ഞിറങ്ങുകയാണ്.

ഞങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ മറ്റൊരു മാര്‍ഗവും കണ്ടെത്താനാവാത്തതുകൊണ്ടാണ് ഞങ്ങള്‍ ബോംബിട്ടത്. ഞങ്ങളുടെ ഒരേയെരു ഉദ്ദേശ്യം ചെകിടന്മാരെ കേള്‍പ്പിക്കലായിരുന്നു. ജനങ്ങളെ അവഗണിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്കലും. ഞങ്ങളെപ്പോലെതന്നെ ഈ പാവങ്ങളുടെ കാര്യത്തില്‍ സഹാനുഭൂതിയുള്ള അനേകര്‍ ഈ രാജ്യത്തുണ്ട്.


ക്രൂരമായ ബലപ്രയോഗമാണ് അക്രമം. ധാര്‍മികമായി അതു കുറ്റകരമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ ഗുണം ചെയ്യുന്ന ന്യായമായ ഒരു കാര്യത്തിനുവേണ്ടിയാണ് അക്രമമെങ്കില്‍ അതു ന്യായീകരിക്കത്തക്കതാണ്. ഗുരു ഗോബിന്ദ് സിങ്, ശിവജി, കമാല്‍ പാഷ, റിസാഖാന്‍, വാഷിങ്ടണ്‍, ഗാരിബാല്‍ഡി, ലഫായത്തി, ലെനിന്‍ തുടങ്ങിയ മഹാപുരുഷന്മാരുടെ ജീവിതാദര്‍ശങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്.


വിദേശസര്‍ക്കാറും പൊതുജനനേതാക്കളും ഈ പ്രസ്ഥാനങ്ങളെ കണ്ടില്ലെന്നു നടിക്കുമ്പോള്‍ അവര്‍ക്കു മുന്നറിയിപ്പ് നല്കല്‍ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.


ബോംബേറില്‍ പരിക്കു പറ്റിയവരോടോ അസംബ്ലി അംഗങ്ങളോടോ ഞങ്ങള്‍ക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. മനുഷ്യജീവന്‍ പരിശുദ്ധമായിട്ടാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ മനുഷ്യസേവകരാണ്. ഈ സേവനത്തിനിടയില്‍ ഒരാള്‍ക്കുപോലും ഉപദ്രവമുണ്ടാകാന്‍ ഞങ്ങളാഗ്രഹിക്കുന്നതില്ല. അങ്ങനെ വരാതിരിക്കാന്‍ ഞങ്ങളെത്തന്നെ ബലികൊടുക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നിരപരാധികളെ കൊന്നൊടുക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരെപ്പോലെയല്ല ഞങ്ങള്‍. ഞങ്ങള്‍ മനുഷ്യരുടെ രക്ഷകരാണ്. എന്നിട്ടും ഞങ്ങള്‍ അസംബ്ലി ഹാളില്‍ ബോംബിട്ടു. ഞങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ ഉദ്ദേശ്യംകൂടി നോക്കി വേണം ഞങ്ങള്‍ക്കെതിരേ വിധി പറയാന്‍.

ഒഴിഞ്ഞുകിടന്ന ഒരു ബെഞ്ചിന് കേടുപറ്റിയെന്നല്ലാതെ ഞങ്ങളെറിഞ്ഞ ബോംബുകൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായില്ല.

ഇതൊരദ്ഭുതമാണെന്നാണ് ഗവണ്‍മെന്റ് വിദഗ്ധരും ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഒഴിഞ്ഞ സ്ഥലത്തേക്കാണ് ഞങ്ങള്‍ ബോംബിട്ടത്. പൊട്ടിത്തെറിച്ച സ്ഥലത്തുനിന്നും രണ്ടടി അകലത്തില്‍ ഇരുന്ന പി. റാവു ശങ്കര്‍റാവു, സര്‍ ജോര്‍ജ് ഷൂസ്റ്റര്‍ തുടങ്ങിയവര്‍ക്കുപോലും നേരിയ പോറലുകള്‍ മാത്രമേ ഉണ്ടായുള്ളൂ. ബോംബിനെക്കുറിച്ചുള്ള ഗവണ്‍മെന്റ് വിദഗ്ധന്റെ വിശദീകരണം അതിശയോക്തിയാണ്. പൊട്ടാസ്യം ക്ലോറേറ്റും പിക്‌റിക് ആസിഡുമാണ് ബോംബിന്റെ ചേരുവ എന്ന അവരുടെ അഭിപ്രായം ശരിയായിരുന്നെങ്കില്‍ ആ ഹാള്‍ മുഴുവന്‍ തകര്‍ന്നുപോയേനേ. ഇനി മറ്റെന്തെങ്കിലും അപകടകാരിയായ വസ്തുക്കള്‍ ബോംബിലുണ്ടായിരുന്നെങ്കില്‍ അംഗങ്ങള്‍ മുഴുവനും കൊല്ലപ്പെടുമായിരുന്നു. ഗവണ്‍മെന്റിന്റെ അതിപ്രധാന വ്യക്തികള്‍ ഇരുന്ന ഭാഗത്തേക്ക് ബോംബിട്ടിരുന്നെങ്കില്‍ അവരെല്ലാം മരിച്ചുവീഴുമായിരുന്നു. ആ സമയത്ത് സൈമണ്‍ കമ്മീഷന്‍ തലവന്‍ സര്‍ ജോണ്‍ സൈമണ്‍ അസംബ്ലിയിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വേണമെങ്കിലും കൊല്ലാമായിരുന്നു. ആരെയും കൊല്ലാന്‍ ഞങ്ങളുദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. ബോംബ് എന്തു കാര്യത്തിനുവേണ്ടി നിര്‍മിച്ചോ, ആ ഉദ്ദേശ്യം അതു പൂര്‍ത്തിയാക്കി.


ചെയ്ത പ്രവൃത്തിക്കു തക്ക ശിക്ഷ നല്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്ക് ആളുകളെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ, ആശയങ്ങളെ അവര്‍ക്കു തകര്‍ക്കാനാവില്ല.


ഫ്രാന്‍സിലുണ്ടായ വിപ്ലവത്തെ തകര്‍ക്കാന്‍ രാജാവ് വെച്ചുനീട്ടിയ ബഹുമതിപത്രങ്ങള്‍ക്കോ ജയിലറകള്‍ക്കോ കഴിഞ്ഞില്ല എന്ന സത്യം നമുക്കു മുന്നിലുണ്ട്. വിപ്ലവകാരികളെ കാത്തിരുന്ന മരണ അറകള്‍ക്കോ സൈബീരിയയിലെ മഞ്ഞുറഞ്ഞ ഭൂഗര്‍ഭ അറകള്‍ക്കോ റഷ്യന്‍ വിപ്ലവത്തെ ഇല്ലാതാക്കാനും കഴിഞ്ഞില്ല.


ഇതാണ് മറ്റു രാജ്യങ്ങളുടെ സ്ഥിതിയെങ്കില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യവാഞ്ഛയെ കെടുത്തിക്കളയാന്‍ ഓര്‍ഡിനന്‍സുകളും സുരക്ഷാ ബില്ലുകളും മതിയാവുമോ? ആദര്‍ശധീരരായ യുവജനങ്ങള്‍ക്കെതിരേ ഗൂഢാലോചനക്കേസുകള്‍ കെട്ടിച്ചമച്ചതുകൊണ്ട് അവരുടെ വിപ്ലവമുന്നേറ്റത്തെ ഇല്ലാതാക്കാന്‍ കഴിയുമോ? തക്കസമയത്തുള്ള ഒരു മുന്നറിയിപ്പ് ഒരുപക്ഷേ, വിലപ്പെട്ട പല മനുഷ്യജീവനെയും രക്ഷപ്പെടുത്തിയേക്കാം.


ഈ മുന്നറിയിപ്പ് സര്‍ക്കാറിനു നല്കാന്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ
ഭരമേല്പിക്കുകയായിരുന്നു. ആ കൃത്യം ഞങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നു.'
ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടുന്നു
എച്ച്.എസ്.ആര്‍.എയിലെ ഒരു സഹ വിപ്ലവകാരിയുടെ ഒറ്റുകൊടുക്കലിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ 1931 ഫിബ്രവരി 27-ന് അലാഹാബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍വെച്ച് പോലീസ് കണ്ടെത്തി. ബിശ്വേശ്വര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അദ്ദേഹം ഉടനെ ആ വിവരം മേലുദ്യോഗസ്ഥനായ നട്ട്ബവറിനെ അറിയിച്ചു. നട്ട്ബവര്‍ ചന്ദ്രശേഖറെ വെടിവെക്കുകയായിരുന്നു. ചന്ദ്രശേഖര്‍ അവിടെ വെടിയേറ്റ് മരിച്ചുവീണു.

പോലീസിന്റെ പിടിയില്‍പ്പെടുമെന്ന് മനസ്സിലാക്കിയ അദ്ദേഹം, സ്വയം വെടിവെച്ച് മരിച്ചതാണെന്നും പറയുന്നുണ്ട്.

ആസാദിന്റെ മരണത്തോടെ എച്ച്.എസ്.ആര്‍.എ ശിഥിലമായി. ഭഗത്‌സിങ് ജയിലിലായിരുന്നു. കുറെയേറെ അംഗങ്ങള്‍ മാപ്പുസാക്ഷികളായി വിപ്ലവകാരികള്‍ക്കെതിരേ തെളിവു കൊടുത്തു.

ഇതു സംബന്ധിച്ച് ഭഗത്‌സിങ്ങിന്റെ സുഹൃത്തും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അജയഘോഷ് രേഖപ്പെടുത്തുന്നത് ഇങ്ങനെ: 'ഏറ്റവും ഖേദകരമായ അനുഭവം പോലീസ് മര്‍ദനം സഹിക്കവയ്യാതെ പലരും മാപ്പുസാക്ഷികളായി മാറിയതായിരുന്നു. മാപ്പുസാക്ഷികളായ ഏഴു പേരില്‍ രണ്ടു പേര്‍ എച്ച്.എസ്.ആര്‍.എയുടെ കേന്ദ്രസമിതി അംഗങ്ങളായിരുന്നു.'


ജയിലുകളില്‍ ബ്രിട്ടീഷ് തടവുകാര്‍ക്കു മാത്രമായി ലഭിക്കുന്ന പ്രത്യേക പരിഗണന ഭഗത്‌സിങ്ങിനെയും ദത്തിനെയും അസ്വസ്ഥരാക്കി. ഈ അനീതിക്കെതിരേ പ്രതിഷേധിച്ചുകൊണ്ട് അവര്‍ ജയിലധികൃതര്‍ക്ക് നിവേദനം നല്കി. തുടര്‍ന്ന് നിരാഹാരസമരം ആരംഭിച്ചു. രാഷ്ട്രീയ ത്തടവുകാര്‍ക്ക് നല്ല ഭക്ഷണം നല്കുക, വായിക്കാന്‍ പത്രമാസികകളും പുസ്തകങ്ങളും നല്കുക, നല്ല വസ്ത്രങ്ങള്‍ നല്കുക, ടോയ്‌ലറ്റ് സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഭഗത്‌സിങ്ങും ദത്തും ഒപ്പിട്ട ഒരു കത്ത് 24-06-1929ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹോം മെമ്പര്‍ക്ക് അയച്ചു.
അതില്‍ താഴെ പറയുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു:

1. നല്ല ഭക്ഷണം നല്കണം. യൂറോപ്യന്‍ തടവുകാര്‍ക്കു നല്കുന്ന ഭക്ഷണമെങ്കിലും ഞങ്ങള്‍ക്കും നല്കണം.
2. കഠിനാധ്വാനം ചെയ്യിക്കരുത്.
3. നിരോധിത ഗ്രന്ഥങ്ങളൊഴിച്ചുള്ള ഗ്രന്ഥങ്ങള്‍ വായിക്കാന്‍ നല്കണം. എഴുതാനുള്ള സാമഗ്രികളും അനുവദിക്കണം.
4. ഒരു നല്ല ദിനപത്രമെങ്കിലും ഓരോ രാഷ്ട്രീയത്തടവുകാരനും അനുവദിക്കണം.
5. അവര്‍ക്കു പ്രത്യേകം വാര്‍ഡുകള്‍ അനുവദിക്കണം. യൂറോപ്യന്‍ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ അവയിലുണ്ടാവണം.
6. ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വേണം.
7. നല്ല വസ്ത്രങ്ങള്‍ നല്കണം.

ഈ ആവശ്യങ്ങള്‍തന്നെ ജയിലധികൃതരുടെ മുന്‍പില്‍ സമര്‍പ്പിച്ചെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടതായി അവര്‍ ഹോം മെമ്പറെ അറിയിച്ചു. പണ്ഡിറ്റ് ജഗത് നാരായണനും കെ.ബി. ഹാഫിസ് ഹിദായത്തു ഹുസൈനും അംഗങ്ങളായ യു.പി. ജയില്‍ കമ്മിറ്റി ഗവണ്‍മെന്റിനു നല്കിയ ശിപാര്‍ശകളില്‍ പ്രധാനം രാഷ്ട്രീയത്തടവുകാരെ ഉയര്‍ന്ന ക്ലാസ് തടവുകാരായി പരിഗണിക്കണമെന്നായിരുന്നു എന്ന വിവരവും അവര്‍ എഴുതി.


നിരാഹാരസമരത്തിന്റെ 64-ാം ദിവസം സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ജതീന്‍ദാസ് എന്ന വിപ്ലവകാരി മരണപ്പെട്ടു. 32 ദിവസംകൂടി ഭഗത്‌സിങ്് നിരാഹാരമനുഷ്ഠിച്ചു.സമരം 115 ദിവസം പിന്നിട്ടപ്പോള്‍ അധികൃതര്‍ ഭഗത്‌സിങ്ങിന്റെ ആവശ്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. ജയിലിലെ ഈ സഹനസമരത്തെത്തുടര്‍ന്ന് ഭഗത്‌സിങ്ങിന്റെയും സഹവിപ്ലവകാരികളുടെയും പ്രശസ്തി ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.

ഭഗത്‌സിങ്ങിനു മരണശിക്ഷ ഭഗത്‌സിങ്ങിനെതിരെ പ്രമാദമായ രണ്ടു കേസുകളാണുണ്ടായിരുന്നത്. ഒന്ന് സാന്റേഴ്‌സനെ കൊന്ന കേസില്‍ ഭഗത്‌സിങ് ഒന്നാം പ്രതിയായിരുന്നു. രണ്ടാമത്തേത്, അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസ്.

അസംബ്ലി ബോംബ് കേസില്‍ ഭഗത്‌സിങ്ങിനെയും ദത്തിനെയും അന്തമാനിലേക്ക് ജീവപര്യന്തം നാടുകടത്താന്‍ കോടതി വിധിയായി. 1929 ജൂണ്‍ 12-നായിരുന്നു കോടതിവിധി.

സാന്റേഴ്‌സന്‍ വധക്കേസ് 'രണ്ടാം ലാഹോര്‍ ഗൂഢാലോചനാക്കേസ്' എന്ന പേരിലാണ് പ്രസിദ്ധമായത്. 1929 ജൂലായ് 10-ന് ആരംഭിച്ച വിചാരണ 1930 ഒക്ടോബര്‍ 7-നാണ് അവസാനിച്ചത്.
ഭഗത്‌സിങ്, സുഖ്‌ദേവ്, രാജഗുരു എന്നീ മൂന്നു പ്രതികളെയും മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.

വധശിക്ഷയ്ക്കു വിധേയനാകുന്നതിന് ഏതാനും ദിവസം മുന്‍പ് 1931 മാര്‍ച്ചില്‍ ഭഗത്‌സിങ് ജയിലില്‍നിന്ന് പഞ്ചാബ് ഗവര്‍ണര്‍ക്ക് ഒരു കത്തയച്ചു. അതില്‍ ഭഗത്‌സിങ് എഴുതി: 'ഞങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധത്തില്‍ ഏര്‍പ്പെട്ടെന്ന് കോടതി കുറ്റം ചുമത്തിയ നിലയ്ക്ക് ഞങ്ങള്‍ യുദ്ധക്കുറ്റവാളികളാണ്. അതുകൊണ്ട് തൂക്കിലേറ്റാതെ ഞങ്ങളെ വെടിവെച്ചു കൊല്ലണം.' തന്നെ കൊല്ലാന്‍ പോകുന്നു എന്ന വ്യാകുലചിന്തയൊന്നും ഭഗത്‌സിങ്ങിനുണ്ടായിരുന്നില്ല. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചു കൊല്ലണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഗവണ്‍മെന്റ് തള്ളിക്കളഞ്ഞു.


ഭഗത്‌സിങ്ങിനെയും കൂട്ടുകാരെയും മരണശിക്ഷയില്‍നിന്നൊഴിവാക്കി ജീവപര്യന്തമാക്കാന്‍ ദേശീയനേതൃത്വം നിവേദനം സമര്‍പ്പിച്ചെങ്കിലും വിപ്ലവകാരികളെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയുണ്ടായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ് നേതാക്കളുടെ അപേക്ഷ അവഗണിച്ചുകൊണ്ട് 1931 മാര്‍ച്ച് 23 വൈകീട്ട് 7 മണിക്ക് ഭഗത്‌സിങ്, സുഖ്‌ദേവ്, രാജഗുരു എന്നീ മൂന്നു വിപ്ലവകാരികളെയും തൂക്കിലേറ്റി.


മരണദിവസം ഈ മൂന്നു വിപ്ലവകാരികളും ഏറെ സന്തോഷത്തിലായിരുന്നു. അവര്‍ മൂന്നു പേരും തൂക്കുകയര്‍ ചുംബിച്ചു. അതിനുശേഷം സ്വയം കയറെടുത്ത് കഴുത്തിലിട്ടു. 'ഭാരത്മാതാ' എന്ന മുദ്രാവാക്യം അവരുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞു.

ആ ദിവസം ലാഹോര്‍ ജയിലിലെ ഒരു തടവുകാരനും ഭക്ഷണം കഴിച്ചില്ല. കണ്ണുനീരോടെ തങ്ങളുടെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് അവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
ആരെയും അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ജയിലധികൃതര്‍ തിടുക്കംകാട്ടി. ആ രാത്രിതന്നെ ശവശരീരങ്ങള്‍ ഫിറോസ്​പൂരിലെത്തിച്ച് സത്‌ലജ് നദിക്കരയില്‍ ദഹിപ്പിച്ചു.
ഇവര്‍ കൊല്ലപ്പെട്ടതറിയാതെ അടുത്ത ബന്ധുക്കള്‍ അടുത്ത ദിവസം ജയിലിലെത്തിയിരുന്നു. അവിടെയെത്തിയപ്പോഴാണ് തലേന്നുതന്നെ വധശിക്ഷ നടപ്പിലാക്കിയ വിവരം അവരറിയുന്നത്.

ഭഗത്‌സിങ്ങിന്റെ ഇളയസഹോദരി ബീബി അമര്‍കൗര്‍ നദിക്കരയിലെത്തി, മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കൊണ്ടുപോയി.

ഭഗത്‌സിങ്ങിന്റെ മരണവാര്‍ത്തയറിഞ്ഞ് രാജ്യം ഒന്നാകെ വിഷാദമൂകമായി. എല്ലാ സ്ഥലങ്ങളിലും മൗനജാഥകളും പ്രതിഷേധപ്രകടനങ്ങളും നടന്നു. രോഷാകുലരായ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. വെടിവെപ്പും ലാത്തിച്ചാര്‍ജും നടന്നു. നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കാണ്‍പൂരില്‍ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടു. ആ ലഹളയ്ക്കിടയിലാണ് പ്രസിദ്ധ വിപ്ലവകാരിയും ഭഗത്‌സിങ്ങിന്റെ ഗുരുവും സുഹൃത്തുമായിരുന്ന ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.

1931 മാര്‍ച്ച് 23 ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായി.

നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവരക്തം പകര്‍ന്നുനല്കിയ അത്യുദാരനായ ആ മഹാവിപ്ലവകാരിയുടെ നനവൂറുന്ന ഓര്‍മയ്ക്കു മുന്‍പില്‍ ശിരസ്സു കുനിക്കട്ടെ!

സ്വാതന്ത്ര്യത്തിനും ദേശീയപുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പോരാടുന്നവര്‍ക്ക് ആ നാമം എന്നും ആവേശം പകരുകതന്നെ ചെയ്യും.


(ഭഗത്‌സിങ് എന്ന പുസ്തകത്തില്‍ നിന്ന്)



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment