Thursday 7 February 2013

[www.keralites.net] പകലരുത് പലതരുത് പതറരുത് പലരോടരുത് പാടരുത്‌

 

പകലരുത് പലതരുത് പതറരുത് പലരോടരുത് പാടരുത്‌

പുനത്തില്‍ കുഞ്ഞബ്ദുള്ള


മാനവസംസ്‌കാരത്തിന്റെ വളര്‍ച്ചയോടൊപ്പംതന്നെ മദ്യപാനശീലവും വളര്‍ന്നുവന്നു. മദ്യത്തെ പലവിധ കോണുകളില്‍ക്കൂടിയാണ് മനുഷ്യരാശി കണ്ടുവരുന്നത്. മദ്യം ഭക്ഷണമായും ഉന്മേഷം നല്‍കുന്ന പാനീയമായും ലഹരിപദാര്‍ത്ഥമായും വിഷമായും മനുഷ്യരെ പരസ്​പരം അടുപ്പിച്ചുനിര്‍ത്താനുള്ള ഏകവസ്തുവായും കാലാകാലമായി ഉപയോഗിച്ചുവരുന്നു. മദ്യത്തിന്റെ അളവ്, അത് കുടിച്ചുതീര്‍ക്കുന്ന സമയം, അതിന്റെ വീര്യം, അതിന്റെ മേന്മ, കൂട്ടുകൂടുന്ന കമ്പനി തുടങ്ങിയവയെ ആസ്​പദമാക്കിയാണ് അതിന്റെ പരിണതഫലത്തെ വിലയിരുത്തേണ്ടത്.

മദ്യപാനം, അതിപുരാതനകാലം മുതല്‍ ആദിവര്‍ഗങ്ങളിലെല്ലാം നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ കേരളീയരും പലവിധത്തിലുള്ള മദ്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. നെങ്കള്ള്, കരിമ്പിന്‍കള്ള്, മധുരക്കള്ള്, പിറമ്പരണ്ടക്കള്ള്, ഈള, പൊരിക്കള്ള്, അക്കാനിക്കള്ള് തുടങ്ങിയവ കേരളീയരുടെ ഇഷ്ടപ്പെട്ട പാനീയങ്ങളായിരുന്നു. സോമലതയുടെ ചാറില്‍നിന്നുണ്ടാക്കുന്ന മദ്യമാണ് പിറമ്പരണ്ടക്കള്ള്. കരിമ്പനയില്‍നിന്നും ചൂണ്ടപ്പനയില്‍ നിന്നും തെങ്ങില്‍ നിന്നും എടുക്കുന്ന മദ്യമാണ് ഈള. മലരുപൊടിച്ച് പാളയന്തോടന്‍ പഴവുമായി കുഴച്ച് ശര്‍ക്കരവെള്ളത്തില്‍ അടച്ചുകെട്ടി ഇരുപത്തൊന്ന് ദിവസം മണ്ണില്‍ കുഴിച്ചിട്ടശേഷം എടുക്കുന്ന മദ്യമാണ് പൊരിങ്കള്ള്. ശര്‍ക്കരപ്പാനിയില്‍ പാളയന്‍തോടന്‍ പഴം ഉടച്ച് ചേര്‍ത്ത് തേനും ചേര്‍ത്ത് അടച്ചുവെച്ച് കുറേ ദിവസം കഴിഞ്ഞെടുത്ത് പിറുത്തിച്ചക്കയോ മാമ്പഴമോ മാതളനാരങ്ങയോ ചെറുനാരങ്ങയോ വരിക്കച്ചക്കയുടെ പഴുത്ത ചുളയോ ഏതെങ്കിലും കൂട്ടിച്ചേര്‍ത്ത് കുരുമുളക്, ഇഞ്ചി, ഏലം, കറിയാമ്പൂ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് മധുരക്കള്ള്. മൂക്കാത്ത നെല്ല് കൊയ്തുകൊണ്ടുവന്ന് ഇടിച്ച് ശുദ്ധജലത്തില്‍ മൂന്നു ദിവസം അടച്ചുവെച്ച്, ആ വെള്ളം ഊറ്റിയെടുത്ത് വീണ്ടും നാലുദിവസംകൂടി അടച്ചുവെച്ചാല്‍ അത് നെങ്കള്ളായി.

സാങ്കേതികവിദ്യകളുടെ വളര്‍ച്ചയോടെ ഡിസ്റ്റിലറികളും വളര്‍ന്ന് വികസിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍ സന്ദര്‍ശനത്തിനുപോയ അവസരത്തില്‍ ഒരു വൈന്‍ യാര്‍ഡ് കാണാനിടയായി. ഇരുപത്തഞ്ച് നാഴിക നീളവും അത്രതന്നെ വീതിയുമുള്ള ഒരു സാമ്രാജ്യം. അതിന്റെ കവാടത്തില്‍ ഒരു നാഴിക നീളത്തിലും അരനാഴിക വീതിയിലുമുള്ള വൈനുകള്‍ നിരത്തിയ ഒരു ഷോറൂമുണ്ട്. അതിനകത്ത് രണ്ടായിരത്തി അഞ്ഞൂറുതരം സ്‌കോട്ട്‌ലണ്ട് നിര്‍മിത മദ്യക്കുപ്പികള്‍ നിരത്തിവെച്ചത് കണ്ടു. കൂടാതെ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവയും. ബിയര്‍, വൈന്‍, ഷാമ്പയ്ന്‍, ഷെരി, കോഞ്ഞ്യാല്‍, റം, വിസ്‌കി, വോഡ്ക, ബ്രാണ്ടി, ടക്കീല, ടിയാമരിയ, ഡ്രാംബൂയി, കലുവ, കോയിന്‍ട്രൂ, എറാക്, ജിന്‍ തുടങ്ങിയവയുടെ വിവിധ ബ്രാന്‍ഡുകള്‍ തിരഞ്ഞുനില്‍ക്കുന്ന കാഴ്ച രസാവഹമായിരുന്നു.

ഒരു സ്ഥലത്ത് മലയാളികളുടെ ഒച്ചയും ബഹളവും കേട്ട് ചെന്നുനോക്കിയപ്പോള്‍ അവിടെ ഡിസ്‌കൗണ്ടില്‍ മദ്യം വില്ക്കുകയാണ്. 50% വിലക്കുറവ്. അത് മേന്മ കുറഞ്ഞ മദ്യമായിരുന്നില്ല. ഏതെങ്കിലും ഒരു ഭാഗത്ത് ബോട്ടിലില്‍ ഒരു വരയോ ലേബിളില്‍ ഒരു കീറോ, അടപ്പില്‍ ചെറിയ ചതവോ ഉള്ളവ മാറ്റിവെക്കുകയാണ്. അത് മെയിന്‍ അലമാരകളില്‍ സൂക്ഷിക്കുകയില്ല. അമ്പതും അറുപതും ശതമാനം കിഴിവില്‍ വില്ക്കുകയാണ് പതിവ്. അഞ്ഞൂറും അറുനൂറും നാഴിക ദൂരത്ത് നിന്നും കാറോടിച്ചു വന്ന് ഡിക്ക് നിറയെ ചാരായക്കുപ്പികളും നിറച്ച് മലയാളികള്‍ തിരിച്ചുപോകുന്നു. വിളഞ്ഞ വിത്തുകള്‍ എന്ന് നമ്മളെക്കൊണ്ട് പറയുന്നത് വെറുതെയല്ല.
വൈന്‍യാര്‍ഡിന്റെ അറ്റത്തുനിന്ന് ആയിരക്കണക്കിന് ഏക്കര്‍ വിസ്തീര്‍ണമുള്ള പഴത്തോട്ടങ്ങള്‍ ആരംഭിക്കുന്നു. മുന്തിരിയും ഓറഞ്ചും കൂടാതെ മറ്റു നാനാതരം പഴങ്ങളും കൃഷിചെയ്യുന്ന തോട്ടങ്ങളാണവ.
ഈ തോട്ടങ്ങളില്‍ നിന്ന് അധികവും പലതരത്തിലുള്ള വീഞ്ഞുകളാണ് നിര്‍മിക്കുന്നത്. അമേരിക്കക്കാരും യൂറോപ്യരും ഫ്രഞ്ചുകാരും ലഹരിയുള്ള മദ്യങ്ങളേക്കാള്‍ ലഹരികുറഞ്ഞ വീഞ്ഞുകളാണ് ഉപയോഗിക്കുന്നത്. മിക്ക മദ്യങ്ങളിലും 40നും 45നും ഇടയ്ക്ക് സ്​പിരിറ്റ് ചേര്‍ക്കുന്നു. വീഞ്ഞിലാകട്ടെ, അത് 12നും 17നും ഇടയ്ക്കാണ്. മാംസത്തിന്റെ കൂടെ റെഡ് വൈനും മത്സ്യത്തിന്റെ കൂടെ വൈറ്റ് വൈനും അവര്‍ ഉപയോഗിക്കുന്നു. ചുവന്ന വൈന്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ നാട്ടില്‍ മദ്യപാനം ഇന്ന് ഒരു രോഗമായി മാറിയിരിക്കുന്നു. കരള്‍രോഗത്തിനും ഹൃദ്രോഗത്തിനും ഒരു പ്രധാന കാരണം മദ്യപാനാസക്തിയാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

മദ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം കഴിക്കുക. അതും 120 മില്ലി കൂടുതലാവുന്നത് സൂക്ഷിക്കുക. മദ്യത്തിനൊപ്പം ബേക്കറി സാധനങ്ങളായ മിക്‌സ്ചര്‍, കടല, വറുത്തുപ്പേരി, വറുത്ത മീന്‍, ഉഴുന്നുവട മുതലായവ വര്‍ജിക്കുക. പച്ചക്കറി സലാഡും ഫ്രൂട്ട്‌സും മാത്രം കഴിക്കുക.

മദ്യം വിഷമാണ്. നിങ്ങള്‍ അമിതമായി കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്.

എസ്സന്‍സ്

പല്ല് തേച്ച് പ്രാതലിനിരുന്നു. ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍. രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു. രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു. രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു. രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു. രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു. ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത് അകത്താക്കി. പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത് ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ, പപ്പടം, മോര്. ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.
മൂന്നരയ്ക്ക് ചായ പലഹാരം. അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു. മൂന്നെണ്ണം തിന്നു. തളരുവോളം ചായ കുടിച്ചു.
സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി. ബാറില്‍ കയറി നാലെണ്ണം പൂശി. രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും. ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.

പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു. ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു. ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു. തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു. ഇനി മരിക്കാം. ഇതൊരു ചാന്‍സാണ്.
മരിക്കാന്‍ കിടന്നു.
യഥാസമയം മരിച്ചു.
പുലര്‍ച്ചെ ശവമെടുത്തു.
വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു. അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ.

-വി.കെ.എന്‍. 'നിലനില്പീയം

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment