Sunday 2 December 2012

[www.keralites.net] ന്യൂ ജനറേഷന്‍ വാറുണ്ണിമാര്‍

 

ജാതിയോ മതമോ രാഷ്ട്രീയമോ വിദേശബന്ധമോ ഇല്ലാത്ത, തികച്ചും നിരായുധനായ, പ്രകൃതിയോടിണങ്ങി ജീവിക്കുന്ന എന്നാല്‍ വംശനാശഭീഷണി നേരിടുന്ന ഒരു കടുവയെ വെടിവച്ചുകൊന്നതിന്‍റെ വിജയം ആഘോഷിക്കുന്ന ദിവസമാണിന്ന്. വയനാടിനെ വിറപ്പിച്ച കടുവ, വയനാട്ടില്‍ ഭീതി പരത്തിയ കടുവ എന്നൊക്കെ വര്‍ണിച്ച് മാധ്യമങ്ങളും തികച്ചും അശാസ്ത്രീയമായ ഒരു ഓപ്പറേഷനു ഹ്യുമന്‍ ഇന്‍ററസ്റ്റ് നല്‍കി വിറ്റഴിക്കുകയാണ്. കടുവയെ കൊന്നതിലൂടെ ഇവിടെ ഒരും ഒന്നും നേടിയിട്ടില്ല എന്നു മാത്രമല്ല, വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നതിനു ജനകീയപിന്തുണ തേടുകയാണ് ചെയ്യുന്നത്. നാട്ടിലിറങ്ങിയ കടുവയെ വെടിവച്ചുകൊന്നു എന്നതില്‍ അഭിമാനം കൊള്ളുന്ന ദിവസം തന്നെ കേരളത്തില്‍ 44,420 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്ന വാര്‍ത്ത കാട് നാടാവുന്നതെങ്ങനെയെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കൂടിയാവുകയാണ്.
മാധ്യമങ്ങള്‍ പറയുന്നതുപോലെ കടുവ വയനാടിനെ വിറപ്പിക്കുകയോ വയനാട്ടില്‍ ഭീതി പരത്തുകയോ ചെയ്തിട്ടില്ല. അത് ചെയ്തത് വയനാട്ടുകാര്‍ തന്നെയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നുണക്കഥകളും കേട്ടുകേഴ്‍വികളും പ്രചരിപ്പിച്ചും രാഷ്ട്രീയമുതലെടുപ്പു നടത്തിയും അവിടെ ഭീതി പരത്തിയത് ബുദ്ധിയും വിവേകവുമുള്ള മനുഷ്യരാണ്. കടുവയുമായി മൂന്നു മിനിറ്റോളം മുഖാമുഖം നോക്കി നിന്ന ചേട്ടത്തിയും തലയ്‍ക്കു മുകളിലൂടെ ജംപ് ചെയ്യുമ്പോള്‍ കടുവയുടെ നഖം കൊണ്ട് താടിയില്‍ പോറല്‍ വീണ പെണ്‍കുട്ടിയും കടുവ വിലങ്ങനെ ചാടുമ്പോള്‍ സഡണ്‍ ബ്രേക്കിട്ട ബസ് ഡ്രൈവറും തുടങ്ങി കടുവക്കഥകളിലെ കഥാപാത്രങ്ങള്‍ക്കു പഞ്ഞമില്ല.
ജനവാസമേഖലയില്‍ എത്തിയ കടുവയെ വെടിവച്ചുകൊന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചത് വലിയ കാര്യമല്ലേ എന്നു ചിലപ്പോള്‍ വയനാട്ടുകാര്‍ ചോദിക്കും. കടുവസഞ്ചാരമുള്ള കാടും സോ കോള്‍ഡ് ജനവാസകേന്ദ്രവും തമ്മിലുള്ള ദൂരമെത്രയാണെന്നൊരു മറുചോദ്യമുണ്ട് അവരോട്. പലയിടത്തും അത് ഏതാനും മീറ്ററുകള്‍ മാത്രമാണ്. ജനക്കൂട്ടത്തിന്‍റെ ആവേശവും അവരുടെ പ്രീതി പിടിച്ചുപറ്റാനുള്ള മാധ്യമങ്ങളുടെ മല്‍സരവും പിടിച്ചുനില്‍ക്കാന്‍ മറ്റുവഴികളില്ലാതായ ഭരണസംവിധാനവും ചേര്‍ന്ന് ഒരു കടുവയെ കൊന്നു എന്നത് കുറ്റബോധത്തോടെയേ സമ്മതിക്കാനാവൂ. ആ കടുവയെ വെടിവച്ചുകൊന്നത് നമ്മുടെ എല്ലാം പരാജയമാണ്. കടുവയെ ഭീകരനായി ചിത്രീകരിച്ചതുകൊണ്ട് നമ്മള്‍ ചെയ്തത് ശരിയായി എന്നു നമ്മെത്തന്നെ ബോധ്യപ്പെടുത്താനായേക്കും. പക്ഷെ, നമ്മള്‍ ചെയ്തത് തെറ്റാണ് എന്നതില്‍ സംശയമില്ല.
വയനാട്ടില്‍ കടുവസങ്കേതം വരുന്നു എന്ന വാര്‍ത്തയോടുള്ള ആദ്യപ്രതിഷേധങ്ങളില്‍ നിന്നാണ് കടുവ എന്നത് ലോകത്തെ ഏറ്റവും ഭീകരനായ ജീവിയായി ചിത്രീകരിക്കപ്പെടുന്നത്. മനുഷ്യന്‍ കയ്യേറിയും വെട്ടിപ്പിടിച്ചും സങ്കേതമാക്കിയ ഭൂമി കടുവയ്‍ക്കു വിട്ടുകൊടുക്കുന്നതിനെക്കാള്‍ എല്ലാ കടുവകളെയും കൊല്ലുക എന്ന മികച്ച ഓപ്ഷന്‍ മുന്നോട്ടു വച്ചാല്‍ വയനാട്ടില്‍ പലരും അത്‍ കയ്യടിച്ചു സ്വീകരിച്ചേക്കും. റിയല്‍ എസ്റ്റേറ്റുകാരെ സംബന്ധിച്ചിടത്തോളം കാട് എന്നത് ഒരു ഡെഡ് ഇന്‍വെസ്റ്റ്മെന്‍റാണ്. സ്ലോട്ട് തിരിച്ച് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്ത എല്ലാ ഭൂമിയും അവരെ സംബന്ധിച്ച് വേസ്റ്റ് ആണ്. പറഞ്ഞു വന്നത്, വയനാട്ടില്‍ ഭീതി പരത്തിയതും വയനാടിനെ വിറപ്പിച്ചതും കൊല ചെയ്യപ്പെട്ട കടുവയല്ല, ആ കടുവയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മുതലെടുപ്പ് നടത്തിയ റിയല്‍ എസ്റ്റേറ്റുകാരും രാഷ്ട്രീയനേതാക്കന്‍മാരും ചിലയിനം മുതലാളിമാരുമടങ്ങുന്ന ന്യൂ ജനറേഷന്‍ വാറുണ്ണിമാരാണ്. ജനത്തെ ഭയപ്പെടുത്തി നിര്‍ത്താനാവുന്നിടത്തോളം കാലം അവര്‍ക്ക് ലാഭം മാത്രമേയുള്ളൂ.
കടുവ നാട്ടിലിറങ്ങി ആളെപ്പിടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. കടുവ നാട്ടിലിറങ്ങി എന്നു പറയുന്നതു തന്നെ തെറ്റാണ്. ആളുകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ കാടെത്ര നാടെത്ര എന്നത് വേര്‍തിരിച്ചറിയണമെങ്കില്‍ സര്‍വേകള്‍ പലതു നടത്തേണ്ടി വരും. ന്യൂസ് അവര്‍ പരിസ്ഥിതിവാദികള്‍ പോലും കടുവയോട് ചെയ്തത് എത്ര വലിയ പരിസ്ഥിതിവിധ്വംസക പ്രവര്‍ത്തനമാണെന്നു തിരിച്ചറിയുന്നില്ല എന്നതു ഖേദകരമാണ്. കടുവയുടെ മരണം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഇത് ഇത്രയും പ്രോല്‍സാഹിപ്പിച്ച് ഈ അവസ്ഥയിലെത്തിച്ചത് എന്നത് പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ഈ ദിവസങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ വായിച്ചാല്‍ തന്നെ സംഗതി മനസ്സിലാവും.
നാലുവശവും കാടുള്ളതാണ് വയനാട്ടിലെ ആളുകള്‍ നേരിടുന്ന പ്രധാനവെല്ലുവിളി എന്ന് ഏറെക്കുറെ എല്ലാ മാധ്യമങ്ങളും പറയുന്നുണ്ട്. വയനാട് ജനവാസമേഖല യുഗയുഗാന്തരങ്ങളായി അങ്ങനെ നിലനില്‍ക്കുകയും കാട് മെല്ലെ മെല്ലെ വയനാടിനു ചുറ്റും ഗൂഢോദ്ദേശ്യത്തോടെ വളര്‍ന്നു വരികയുമായിരുന്നു എന്നേ ഈ വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നൂ. പിന്നെ കടുവ പിടിക്കുന്ന മൃഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭീകരമായ നഷ്ടപരിഹാരം കുറെയധികം വളര്‍ത്തുമൃഗങ്ങളുടെ ജീവനെടുത്തു.കടുവക്കഥകളെഴുതി പത്രക്കാര്‍ക്കും അത് വായിച്ച് അവിടുത്തെ ജനങ്ങള്‍ക്കും ഭ്രാന്തു പിടിച്ചു എന്നു പറയുന്നതാവും ശരി. സാംപിളിന് രണ്ടു വാര്‍ത്തകള്‍ പകര്‍ത്താം.
തോല്‍പ്പെട്ടി: തിരുനെല്ലി പഞ്ചായത്തില്‍ വീണ്ടും കടുവാ ആക്രമണം. തോല്‍പ്പെട്ടി കക്കേരിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പോത്തിനെ കടുവാക്കൂട്ടം പിടികൂടി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കക്കേരി പൗര്‍ണമി സ്വശ്രയസംഘത്തിന്റെ പോത്തിനെയാണ് കടുവകള്‍ പിടിച്ചത്. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ സ്വാശ്രയസംഘത്തിന്റേതാണ് പോത്ത്. അംഗങ്ങള്‍ മേയ്ക്കുന്നതിനിടെ മൂന്നുകടുവകള്‍ ചേര്‍ന്നാണ് മൂന്നുവയസായ പോത്തിനെ പിടിച്ചത്. അഞ്ചുപോത്തുകളെ ഒരുമിച്ചായിരുന്നു മേയ്ച്ചിരുന്നത്. കടുവകളെ കണ്ടതോടെ മേയിച്ചിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പോത്തിനെ മുക്കാല്‍ ഭാഗത്തോളം കടുവകള്‍ ഭക്ഷിച്ചു. വെറ്ററിനറി സര്‍ജന്‍ കേശവദാസ് പോസ്റ്റ്മോര്‍ട്ടം നടത്തി. കഴിഞ്ഞദിവവസം തിരുനെല്ലി അപ്പപ്പാറ പുലിവാല്‍മുക്കില്‍ മൂന്ന് പശുക്കളെയും പനവല്ലി മാപ്പിളക്കൊല്ലിയില്‍ മറ്റൊരു പശുവിനേയും കടുവ പിടികൂടിയിരുന്നു.
കാട്ടില്‍ മേയാന്‍ വിട്ട പോത്തിനെ കടുവ പിടിച്ചത് വാര്‍ത്തയാവുകയും പോത്ത് രക്തസാക്ഷിയും കടുവ തീവ്രവാദിയുമാകുന്ന മാധ്യമരാഷ്ട്രീയം ഒട്ടും ഹരിതമല്ല. ഒന്നാമത്, കാട്ടില്‍ പോത്തിനെ മേയ്‍ക്കാന്‍ വിടുന്നതും കൂടെപ്പോകുന്നതും കുറ്റകരമാണ്. കാട്ടില്‍ അലയുന്ന മൃഗങ്ങളെ കടുവ പിടിച്ചു തിന്നുന്നത് പ്രകൃതിനിയമങ്ങളില്‍ പെട്ടതാണ്. അതിനെ ഒരു കൊലപാതകമായും പൗര്‍ണമി സ്വാശ്രയസംഘത്തിന്‍റെ പോത്തിനെ കടുവ തിന്നു എന്നുമൊക്കെ ചിത്രീകരിക്കുന്നത് വലിയ അക്രമമാണ്. അല്‍പം കൂടി ഗ്രേഡ് കൂടിയതാണ് അടുത്ത വാര്‍ത്ത.
പുല്‍പ്പളളി: വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചേകാടി ഗ്രാമവും കടുവാ ഭീതിയില്‍. ചേകാടി പൊന്ന ഭാഗത്ത് ജനവാസകേന്ദ്രത്തിന് അടുത്ത് കടുവ മാനിനെ പിടികൂടിയതാണ് പ്രദേശവാസികളില്‍ ഭീതി പരത്തിയത്. ഒരുമാസം മുമ്പ് ചേകാടി കട്ടക്കണ്ടി കോളനിയിലെ ഒരു ആടിനെ കടുവ പിടികൂടിയിരുന്നു. മാസങ്ങള്‍ക്കിടെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കടുവക്ക് ഇരയായിട്ടുണ്ട്. നാല് വശവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടി നിവാസികള്‍ നിരന്തരം വന്യമൃഗശല്യം അനുഭവപ്പെടുന്നു. എന്നാല്‍ അധികം വ്യാപ്തിയില്ലാത്ത വനത്തില്‍ കടുവയെ കണ്ടെത്തിയതാണ് ജനങ്ങള്‍ക്ക് ഭീതി. ചേകാടി ഗ്രാമത്തിന് അടുത്തായാണ് ജില്ലയിലെ ഏറ്റവും പ്രശസ്തമായ കുറുവാദ്വീപ്. നൂറുകണക്കിന് വിനോദ, പഠനസംഘങ്ങള്‍ ഇവിടെ എത്തുന്നു. കടുവയെ കണ്ടതുമുതല്‍ കുറുവാദ്വീപ് ഭാഗത്തും കടുവയുടെ ഉപദ്രവം ഉണ്ടാകുമെന്നും ജനം ഭയപ്പെടുന്നു.

കടുവ ആരെയാണ് പിടിച്ചത് എന്നു നോക്കണം- മാനിനെ. അതായത് കാട്ടിലുള്ള മാനിനെ കാട്ടില്‍ തന്നെയുള്ള കടുവ പിടിച്ചു തിന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായിരിക്കുകയാണ്. അടുത്തപടി കടുവ ഇണചേരുന്നത് കണ്ടുപിടിച്ച് കടുവ കാട്ടില്‍ ക്രൂരബലാല്‍സംഗം നടത്തി എന്നു കൂടിയുള്ള വാര്‍ത്ത വായിക്കുന്നതിനു മുമ്പ് ദൈവം കടുവയെ അങ്ങു വിളിച്ചു. കടുവയെ കൊന്ന ശേഷം ജനങ്ങള്‍ അത്യുല്‍ഹാസത്തോടെ കടുവയുടെ ഡെഡ് ബോഡി ചുമന്ന് സംഗതി ആഘോഷിക്കുന്നത്കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ലജ്ജ തോന്നി. വയനാട്ടിലെ കാട്ടില്‍ കടുവ വേണ്ട, അച്ചായന്‍മാര്‍ക്ക് വെടിയിറച്ചിക്കു വല്ല മ്ലാവോ മാനോ മറ്റോ മതി എന്നതാണ് എനിക്കു പരിചയമുള്ള കുടിയേറ്റക്കാരുടെ ഒരു ലൈന്‍. വൈകിട്ട് തോക്കുമായി കാട്ടിലൊക്കെ കറങ്ങി ഹോം സ്റ്റേയില്‍ താമസിക്കുന്ന സായിപ്പിനു വെടിയിറച്ചി വിളമ്പി സ്വസ്ഥമായി ജീവിക്കാനാഗ്രഹിക്കുന്ന സാധുക്കളും ഈ ജനക്കൂട്ടത്തോടൊപ്പമുണ്ട് എന്നത് ഞാന്‍ പറഞ്ഞെന്നേയുള്ളൂ.
വനപാലകര്‍ വെടി വെച്ച് കൊന്ന കടുവയുടെ മൃതദേഹം കാണുവാന്‍ തടിച്ചു കൂടിയ ജനങ്ങളുടെ എണ്ണം വളരെ ഏറെ അതിശയിപ്പിക്കുന്നു.ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കുവാന്‍ ആയി ഇറങ്ങി പുറപ്പെടുന്ന നാടന്‍ ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത്,നമ്മുടെ നാട്ടുകാരില്‍ ഉണ്ടായിട്ടുള്ള ചിന്താഗതിയുടെ മാറ്റമാണ് സൂചിപിക്കുന്നത്.സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപെട്ടതിലൂടെ ഇര തേടി ജീവിക്കുവാന്‍ ഉള്ള വഴി നഷ്ടമായ ഒരു കടുവ,ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയെങ്കില്‍ അതിനുത്തരവാദി ആ പ്രദേശത്തു ജീവിക്കുന്നവര്‍ തന്നെയാണ്.കാട് കയ്യേറി ആ പ്രദേശത്തു കുടിയേറി പാര്‍ക്കുന്നവര്‍ പ്രകൃതിയോടു ചെയ്യുന്ന ക്രൂരത എന്നതിലുപരി,സ്വന്തം ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന മൃഗങ്ങളുടെയും മറ്റു പല ജീവ ജാലങ്ങളുടെയും ജീവിക്കുവാന്‍ ഉള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.വന്യ ജീവി സംരക്ഷണത്തില്‍ കേരള എത്രത്തോളം പിന്നോക്കം നില്‍ക്കുന്നു എന്ന് മനസിലാക്കുവാന്‍ ഈ ഒരു സംഭവം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.അനധികൃതമായി വനം കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് പകരം കാട്ടില്‍ ജീവിക്കുവാന്‍ അവകാശം നഷ്ടപെട്ട ഒരു വന്യ മൃഗത്തിനെ കൊന്ന വനപാലകര്‍ക്കെതിരെ കേസേടുക്കേണ്ടി ഇരിക്കുന്നു.സ്വന്തം ഉത്തവാദിത്വം മറന്നു ജനങ്ങളുടെ കയ്യടി നേടുവാന്‍ വാര്‍ത്തകളെ കൂട്ടികൊടുക്കുന്ന പത്ര മാധ്യമങ്ങള്‍ക്കെതിരെയും നടപടി എടുക്കുവാന്‍ നിയമം നിലവില്‍ വരേണ്ടി ഇരിക്കുന്നു.വനം നശിപ്പിക്കുന്നതിലൂടെ ഭാവിയില്‍ ഭൂമി ജീവിക്കുവാന്‍ കഴിയാത്ത വെറും തരിശു ഭൂമിയായി മാറുമെന്ന യാതാര്‍ത്ഥ്യം നാം ഒരുരുത്തരും മനസിലാക്കാതിടത്തോളം കാലം,ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment