Tuesday 4 September 2012

[www.keralites.net] PRAVACHAKA VACHANANGAL

 

പ്രവാചക വചനങ്ങളില്‍ തെളിയുന്ന വിവാഹ സങ്കല്‍പം
ബഷീറുദ്ദീന്‍ തൃപ്പനച്ചി
 

ഇസ്‌ലാം പ്രകൃതി മതമാണ്. ശരീര തൃഷ്ണയെ അവഗണിക്കുകയും സ്വശരീരത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന ബ്രഹ്മചര്യത്തെ ഇസ്‌ലാം വിലക്കിയത് അതിന്റെ പ്രകൃതി വിരുദ്ധതകൊണ്ടാണ്. ആത്മീയതയുടെ ഈ തീവ്രധാര യഹൂദ-ക്രൈസ്തവ മതങ്ങളില്‍ പ്രവാചകന്റെ കാലത്തുണ്ടായിരുന്നു. ഉസ്മാനുബ്‌നു മള്ഊനിനെ പോലുള്ള ചില സ്വഹാബിമാര്‍ വേദക്കാരില്‍ നിലനിന്നിരുന്ന ഈ ആത്മീയപാതയുടെ തുടര്‍ച്ചയായി ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയുണ്ടായി. അദ്ദേഹം സ്വയം ബ്രഹ്മചര്യം പ്രഖ്യാപിക്കുകയും മറ്റുള്ള സ്വഹാബികളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിവരമറിഞ്ഞ നബി(സ) അതിനോട് രൂക്ഷമായി ഇങ്ങനെ പ്രതികരിച്ചു: ''നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് തീവ്രത കൊണ്ടാണ്. അവര്‍ തങ്ങളുടെ ശരീരങ്ങളെ പീഡിപ്പിച്ചു. അപ്പോള്‍ അല്ലാഹു അവരുടെ മേല്‍ കാര്‍ക്കശ്യം കാണിച്ചു. ആശ്രമങ്ങളിലും മഠങ്ങളിലുമുള്ളത് അവരുടെ അവശിഷ്ടങ്ങളാണ്.''
 

 
ആത്മീയതയുടെ ഈ വഴിതെറ്റലിനെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല പ്രവാചകന്‍ ചെയ്തത്. വിവാഹത്തെ ആത്മീയതയോട് ഇഴചേര്‍ക്കുകയും ചെയ്തു. 'വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പാതി പൂര്‍ത്തിയായി' എന്ന പ്രവാചക വചനം അന്നോളം നിലവിലുണ്ടായിരുന്ന തീവ്ര ആത്മീയതയുടെ തെറ്റായ ധാരയെയാണ് തിരുത്തിയത്. പൂര്‍വ പ്രവാചകന്മാരുടെ പാരമ്പര്യത്തില്‍പെട്ട നാലുകാര്യങ്ങളിലൊന്ന് വിവാഹം ചെയ്യലാണെന്ന് വെളിപ്പെടുത്തിയ പ്രവാചകന്‍ വൈവാഹിക ജീവിതത്തിന്റെ പഴക്കവും ദിവ്യാനുഗ്രഹവും മനുഷ്യാരംഭത്തിലേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു. 'വിവാഹം ചെയ്യാന്‍ വകയുള്ളതോടൊപ്പം അങ്ങനെ ചെയ്യാത്തവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന് ദീന്‍ കര്‍ക്കശമാക്കിയതോടെ വിവാഹത്തിന്റെ ലളിതമായ നടപടിക്രമങ്ങള്‍ സ്വഹാബികളുടെ ജീവിത നിമിഷങ്ങളിലൂടെ റസൂല്‍ വിവരിച്ചുതരികയുണ്ടായി. 'പെണ്ണുകാണല്‍' മുതല്‍ തുടങ്ങുന്ന ദീനിന്റെ അര്‍ധാംശമായ വിവാഹത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും ഇസ്‌ലാമിക അധ്യാപനങ്ങള്‍ ഹദീസില്‍ വന്നിട്ടുണ്ട്.

 

 
 

വിവാഹാന്വേഷണം
 

 
വിവാഹത്തിന്റെ പ്രഥമ കാല്‍വെപ്പാണ് വിവാഹാന്വേഷണം. വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന പുരുഷനും സ്ത്രീയും പരസ്പരം കണ്ട് ഇഷ്ടപ്പെടുക എന്നതാണ് ഇതിന്റെ തുടക്കം. പരസ്പരം കാണാതെയും അന്വേഷിക്കാതെയും വിവാഹിതരാവുന്നതു മൂലം ദമ്പതികളുടെ തുടര്‍ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പൊരുത്തക്കേടിനും അസംതൃപ്തിക്കും ഇസ്‌ലാം അവസരം നല്‍കുന്നില്ല. ഒരു അന്‍സ്വാരി സ്ത്രീയെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായി തന്റെ അടുക്കല്‍ വന്നു പറഞ്ഞ സ്വഹാബിയോട് റസൂല്‍ ചോദിച്ചു: 'താങ്കള്‍ അവളെ കണ്ടുവോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല.' റസൂല്‍ പറഞ്ഞു: 'താങ്കള്‍ പോയി അവളെ കാണുക. അന്‍സ്വാരി സ്ത്രീകളുടെ കണ്ണില്‍ എന്തോ ഒന്നുണ്ട്'. വധൂവരന്മാര്‍ പരസ്പരം കാണാതെ രക്ഷിതാക്കള്‍ വിവാഹമുറപ്പിച്ചിരുന്ന സാമൂഹിക ജീവിത പരിസരത്തുനിന്നാണ് റസൂല്‍(സ) വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ സ്വഹാബിയോട് കാണാന്‍ പറയുന്നത്.
 
 
കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുക എന്നത് പുരുഷനെപ്പോലെ സ്ത്രീക്കുമുള്ള അവകാശമാണ്. കന്യകയല്ലാത്ത സ്ത്രീയുടെ വിവാഹത്തെ സംബന്ധിച്ചേടത്തോളം സ്വന്തം കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കാണ്. കന്യകയോട് അനുവാദം ആരായല്‍ നിര്‍ബന്ധമാക്കിയ നബി(സ) അവളുടെ മൗനത്തെ സമ്മതമായി വിലയിരുത്താമെന്നാണ് അഭിപ്രായപ്പെട്ടത്. അനുമതി ചോദിക്കാതെ ഇഷ്ടമില്ലാത്ത പുരുഷന് വിവാഹം ചെയ്തുകൊടുത്ത രക്ഷിതാവിനെതിരെ പെണ്‍കുട്ടി റസൂലിന്റെയടുത്ത് പരാതി ബോധിപ്പിക്കുന്നത് ഹദീസില്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം: 'കന്യകയായ ഒരു പെണ്‍കുട്ടി നബി(സ)യുടെ അടുത്ത് വന്ന് തനിക്ക് ഇഷ്ടമില്ലാതെ പിതാവ് വിവാഹം ചെയ്തുകൊടുത്തതായി പരാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം അവള്‍ക്ക് ഇഷ്ടാനുസരണം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തു' (അഹ്മദ്). പുരുഷനെപ്പോലെ സ്ത്രീയുടെ ഇഷ്ടവും അനുമതിയും ഇല്ലാതെ വിവാഹം സാധുവാകില്ലെന്ന് സാരം.

 

 
 

വിവാഹ ഉടമ്പടി
 

 
പരസ്പരം ഇഷ്ടപ്പെട്ട സ്ത്രീപുരുഷന്മാര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഇസ്‌ലാമിക ശരീഅത്ത് നല്‍കുന്ന അനുമതിയാണ് വിവാഹ ഉടമ്പടി. സ്ത്രീയുടെ രക്ഷിതാവും രണ്ട് സാക്ഷികളുമാണ് വിവാഹ ഉടമ്പടിയുടെ നിര്‍ബന്ധ ഘടകങ്ങള്‍. സാക്ഷികളുടെ സാന്നിധ്യത്തില്‍ തന്റെ രക്ഷാധികാരത്തിലുള്ള സ്ത്രീയെ നിശ്ചിത മഹറിന് ഇന്ന പുരുഷന് വിവാഹം ചെയ്തുകൊടുക്കുന്നു എന്നുപറയുകയും വരനത് സ്വീകരിക്കുകയും ചെയ്യുന്നതോടെ വിവാഹ കരാര്‍ പൂര്‍ത്തിയായി. ലളിതമായ ഉപാധികളോടുകൂടിയ ഈ ഉടമ്പടിയില്ലാത്ത വിവാഹത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. 'രക്ഷിതാവും നീതിമാന്മാരായ രണ്ട് സാക്ഷികളുമില്ലാതെ വിവാഹമില്ല' എന്നു വ്യക്തമാക്കിയ പ്രവാചകന്‍ സ്ത്രീക്ക് സ്വയം വിവാഹക്കരാറിലേര്‍പ്പെടാനുള്ള അനുവാദവും നല്‍കിയിട്ടില്ല. പ്രണയവും ഒളിച്ചോട്ടവും തുടര്‍ന്നുള്ള രജിസ്‌ട്രേര്‍ഡ് മാരേജും ഇസ്‌ലാമിക സമൂഹം അംഗീകരിക്കാത്തത് അതുകൊണ്ടാണ്. ആഇശ(റ)യില്‍ നിന്ന് നിവേദനം: ''ഏതെങ്കിലും സ്ത്രീ തന്റെ രക്ഷിതാവിന്റെ സമ്മതമില്ലാതെ വിവാഹിതയായാല്‍ ആ വിവാഹം അസാധുവാണ്.'' വിവാഹത്തിന് സ്ത്രീയുടെ അനുവാദം ആവശ്യമുള്ളതുപോലെ രക്ഷിതാവിന്റെ അംഗീകാരവും ആവശ്യമാണ്. രക്ഷിതാവ് ഒരു പക്ഷേ പിതാവോ സഹോദരനോ വല്യുപ്പയോ ഇവരാരുമില്ലെങ്കില്‍ ഭരണാധികാരിയോ (മഹല്ല് ഖാദി) ആവാം. രക്ഷിതാവിന്റെ അംഗീകാരമില്ലാതെ വൈവാഹിക ജീവിതത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യഭിചാരികളാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

 

 
 

വിവാഹമൂല്യം (മഹ്ര്‍)
 

 
വിവാഹകരാര്‍ പൂര്‍ത്തിയാകാന്‍ സ്ത്രീക്ക് പുരുഷനില്‍ നിന്ന് ലഭിക്കേണ്ട വിവാഹമൂല്യമാണ് മഹ്ര്‍. കൃത്യമായ പരിധിയൊന്നും ഇസ്‌ലാം മഹ്‌റിന് ഏര്‍പ്പെടുത്തിയിട്ടില്ല. ഖലീഫ ഉമര്‍(റ) മഹ്‌റിന് പരിധി പ്രഖ്യാപിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീ സൂറത്തുന്നിസാഇലെ 20-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് ഖലീഫക്ക് അതിന് അധികാരമില്ലെന്ന് സമര്‍ഥിച്ചതും ഉമര്‍(റ) അതംഗീകരിച്ചതും ചരിത്രമാണ്. സാമൂഹിക സാഹചര്യങ്ങളും വ്യക്തികളുടെ സാമ്പത്തിക നിലവാരവും പരിഗണിച്ച് മഹ്‌റിന്റെ മൂല്യത്തില്‍ ഏറ്റവ്യത്യാസങ്ങള്‍ ആവാം. പ്രവാചക ചരിത്രത്തില്‍ തന്നെ അതിന് മാതൃകകളുണ്ട്. സഹ്‌ലുബ്‌നു സഅദ് (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: 'നബി(സ)യുടെ സന്നിധിയില്‍ വന്ന ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഒരു സ്വഹാബി ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ അദ്ദേഹത്തോട് നബി(സ) ചോദിച്ചു: 'അവള്‍ക്ക് മഹ്‌റായി നല്‍കാന്‍ താങ്കളുടെ കൈവശം വല്ലതും ഉണ്ടോ?' അയാള്‍ പറഞ്ഞു: 'ഈ ഒരൊറ്റ ഉടുമുണ്ടല്ലാതെ മറ്റൊന്നും എന്റെ വശമില്ല' നബി (സ) നിര്‍ദേശിച്ചു: 'ഉടുതുണി അവള്‍ക്കു കൊടുത്താല്‍ പിന്നെ താങ്കള്‍ക്ക് മുണ്ടില്ലാതെ ഇരിക്കേണ്ടി വരുമല്ലോ, അതിനാല്‍ മറ്റെന്തെങ്കിലും അന്വേഷിക്കുക'. അയാള്‍ പറഞ്ഞു: 'അവള്‍ക്ക് നല്‍കാന്‍ ഞാന്‍ മറ്റൊന്നും കാണുന്നില്ല. അവിടുന്ന് അന്വേഷിച്ചു: 'താങ്കള്‍ ഖുര്‍ആനില്‍ നിന്ന് എന്തെങ്കിലും അഭ്യസിച്ചിട്ടുണ്ടോ?' 'ഇന്ന ഇന്ന അധ്യായങ്ങളൊക്കെ ഞാന്‍ പഠിച്ചിട്ടുണ്ട്' അദ്ദേഹം അറിയിച്ചു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു: 'നീ പഠിച്ച ഖുര്‍ആന്‍ അവള്‍ക്ക് പഠിപ്പിക്കുന്നതിന് പകരമായി ഞാന്‍ നിങ്ങളെ രണ്ട് പേരെയും വിവാഹിതരാക്കിയിരിക്കുന്നു' (ബുഖാരി, മുസ്‌ലിം).

 

 
 

വിവാഹാഘോഷം
 

 
വിവാഹം ആഘോഷവേളയാണ്. ഭക്ഷണവും വിനോദ പരിപാടികളുമാണ് ഏതാഘോഷത്തിന്റെയും പ്രത്യക്ഷമായ രണ്ട് ഘടകങ്ങള്‍. നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹ വേളയില്‍ ഇസ്‌ലാം അതനുവദിച്ചിട്ടുണ്ട്. വിവാഹം പരസ്യപ്പെടുത്താന്‍ പറഞ്ഞ പ്രവാചകന്‍ തന്റെ ചില വിവാഹങ്ങള്‍ക്ക് സദ്യയും ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണം മാത്രമല്ല, ദഫ് മുട്ടും പെണ്‍കുട്ടികളുടെ പാട്ടുമെല്ലാം ചേര്‍ന്ന ആഘോഷം തന്നെയായിരുന്നു റസൂലിന്റെ കാലത്തെ വിവാഹങ്ങള്‍. ഗൗരവമുറ്റിയ സെമിനാര്‍ ഹാളുകള്‍ പോലെ വിവാഹവേദികള്‍ ആയിക്കൂടാ. വിവാഹ രംഗത്തെ തെറ്റായ പ്രവണതകളും അനാചാരങ്ങളും വെടിഞ്ഞ് മാതൃക കാണിക്കുന്നതിനിടയില്‍ അനുവദനീയമായ ഈ വിനോദ പരിപാടികള്‍ നമ്മുടെ വിവാഹ രംഗത്തുനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു കല്യാണ സമയത്ത് നബി(സ) ചോദിച്ചു: 'ദഫ് മുട്ടി പാട്ടുപാടുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ വധുവിനൊപ്പം പറഞ്ഞയച്ചോ?' 'ഇല്ല' ആഇശ(റ) പറഞ്ഞു: 'അന്‍സ്വാറുകള്‍ കവിത്വമുള്ളവരാണ്. അതിനാല്‍ വധുവിനോടൊത്ത് ദഫ്ഫുമുട്ടി പാടുന്നവളെ അയച്ചിരുന്നെങ്കില്‍' അവിടുന്ന് അരുള്‍ ചെയ്തു. അവര്‍ എന്താണ് പാടേണ്ടത്? ആഇശ(റ) ചോദിച്ചു. 'ഞങ്ങളിതാ വരുന്നു. ഞങ്ങളിതാ നിങ്ങളിലേക്കുവരുന്നു. നിങ്ങള്‍ ഞങ്ങളെ അഭിവാദ്യം ചെയ്യുക. ഞങ്ങള്‍ നിങ്ങളെയും അഭിവാദ്യം ചെയ്യാം. ചെങ്കനകം ഇല്ലായിരുന്നെങ്കില്‍ അവള്‍ നിങ്ങളുടെ ഈ താഴ്‌വരയിലെത്തുമായിരുന്നില്ല. ഗോതമ്പില്ലായിരുന്നെങ്കില്‍ നിങ്ങളുടെ കന്യകമാര്‍ തടിച്ചുകൊഴുക്കുമായിരുന്നില്ല' എന്നുപാടട്ടെ പ്രവാചകന്‍ പ്രതിവചിച്ചു (ബുഖാരി).
 
 
ലളിതവും എന്നാല്‍ സുന്ദരവുമാണ് ഇസ്‌ലാമിലെ വിവാഹ ചടങ്ങുകള്‍. അതിനെ വികൃതമാക്കി പുതുതായി കടന്നുവന്ന അനാചാരങ്ങളെ തിരസ്‌കരിച്ചും  നഷ്ടപ്പെട്ട അനുവദനീയമായ വിനോദങ്ങളെ തിരിച്ചുപിടിച്ചും ആ മനോഹാരിത നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment