Saturday 15 September 2012

[www.keralites.net] ആളിറങ്ങാനുണ്ടേ...

 

ആളിറങ്ങാനുണ്ടേ... 

Posted on: 13 Sep 2012


കൊച്ചി മെട്രോയ്ക്ക് ആലുവ മുതല്‍ പേട്ടവരെ 22 സ്റ്റേഷനുകള്‍. ഓരോ സ്‌റ്റോപ്പിലുള്ളവരുടെയും പ്രതീക്ഷകളും പ്രതികരണങ്ങളും

ആലുവ
നസീര്‍ ചൂര്‍ണിക്കര, 
രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ 
ആലുവ മണ്ഡലം ചെയര്‍മാന്‍ 
ദിവസവും എറണാകുളത്ത് പോയിവരുമ്പോള്‍ ആലുവ ഭാഗത്തു നിന്ന് യാത്ര ചെയ്യുന്നവരുടെ കഷ്ടപ്പാടുകള്‍ ഞാനും അനുഭവിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പലരും എന്നോട് അത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. മെട്രോ റെയില്‍ വരുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയുമെന്ന് ഉറപ്പാണ്.

പുളിഞ്ചോട്

കെ. അമ്മിണി
ജെ.ടി.ഒ, 
ബി.എസ്.എന്‍.എല്‍
പുളിഞ്ചോട്ടില്‍ നിന്ന് എറണാകുളത്തേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവിടത്തെ തിരക്കും മറ്റ് ബുദ്ധിമുട്ടുകളും ഏറെ അനുഭവിക്കുന്നു. ഡല്‍ഹി മെട്രോയില്‍ സുഖകരമായി യാത്രചെയ്ത അനുഭവമുണ്ട്. അത്തരം സൗകര്യങ്ങളെല്ലാം ഇവിടെയും പ്രതീക്ഷിക്കുന്നു 

കമ്പനിപ്പടി 

പി.സി. അനില്‍കുമാര്‍
മാനേജര്‍, സിന്തൈറ്റ് 
എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്
മറ്റു നഗരങ്ങളിലെ മെട്രോ റെയിലില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അത്തരം സൗകര്യം കൊച്ചിയില്‍ വരുന്നത് ഏറെ സന്തോഷകരവുമാണ്. ബസ്സില്‍ തിങ്ങി, നിരങ്ങിയുള്ള യാത്രയില്‍ നിന്നും മോചനം കിട്ടിയത് ലോ ഫ്ലോര്‍ ബസ്സുകളുടെ വരവോടെയാണ്. മെട്രോ ആകുന്നതോടെ കൂടുതല്‍ സൗകര്യവും സമയലാഭവുമുണ്ടാകും. 

അമ്പാട്ടുകാവ്

എം.എന്‍. ശശികുമാര്‍
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, 
ഗവ. എന്‍ജിനീയറിങ് 
കോളേജ്, തൃശ്ശൂര്‍ 
ഓഫീസ് കാര്യങ്ങള്‍ക്കായി കൊച്ചിയിലേക്കുള്ള യാത്ര ഏറെ ദുരിതപൂര്‍ണമായിരുന്നു. പലപ്പോഴും സമയത്തിന് എത്താന്‍ കഴിയാറില്ല. അമ്പാട്ടുകാവില്‍ മെട്രോയ്ക്ക് സ്റ്റോപ്പ് അനുവദിച്ചതിലും ഏറെ സന്തോഷമുണ്ട്. ആരോഗ്യകരമായ ഒരു യാത്ര ഇതിലൂടെ നമുക്ക് പ്രതീക്ഷിക്കാം. ഒപ്പം സമയലാഭവും. 

മുട്ടം

അലക്‌സ് ആന്റണി
ഗ്രാഫിക് ഡിസൈനര്‍
വിദേശരാജ്യങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലും വരുന്നത് ദൈനംദിന യാത്രകള്‍ക്ക് സഹായമാകും. ആലുവ മുട്ടത്തുള്ള എന്റെ സ്ഥാപനത്തിലെത്താന്‍ ഇപ്പോള്‍ ഒന്നര മണിക്കൂറെടുക്കും. അതില്‍ നിന്ന് മോചനം കിട്ടമെന്നതില്‍ സന്തോഷം.

കളമശ്ശേരി

എ.ടി.സി. കുഞ്ഞുമോന്‍, 
നഗരസഭാ കൗണ്‍സിലര്‍
പ്രീമിയര്‍
യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന മെട്രോ റെയില്‍ നഗരത്തിന്റെ മുഖഛായയ്ക്ക് മാറ്റം വരുത്തും. 'ബ്ലോക്കില്ലാതെ എറണാകുളത്തെത്താമെന്നതുതന്നെ ഏറ്റവും വലിയ നേട്ടം.

കുസാറ്റ് 

എന്‍.കെ. വാസുദേവന്‍, 
കൊച്ചി സര്‍വകലാശാല
മുന്‍ സിന്‍ഡിക്കേറ്റ് അംഗം
പൂര്‍ണമായും ഭൂമിക്കടിയിലൂടെയുള്ള കൊല്‍ക്കത്ത മെട്രോയിലെ അനുഭവം വിസ്മയിപ്പിക്കുന്നതായിരുന്നു. ഏറ്റവും സുഖകരവും സുഗമവുമായ യാത്രാ അനുഭവമാണ് ദില്ലി മെട്രോയിലെ സവാരി. കൊച്ചിയില്‍ മെട്രോയുടെ ചൂളംവിളി കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കുകയാണ്.

പത്തടിപ്പാലം

കെ.ടി. മനോജ്
ഇലവുങ്കല്‍പറമ്പ്, 
എ.കെ.ജി. റോഡ് 
കളമശ്ശേരി നഗരസഭയിലുള്ള മൂന്ന് സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന സ്റ്റേഷനായിരിക്കും പത്തടിപ്പാലം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ക്കടുത്താണ് ഈ സ്റ്റേഷന്‍. ഇടപ്പള്ളി ടോള്‍ കവല, വട്ടേക്കുന്നം, കൂനംതൈ, വി.പി. മരയ്ക്കാര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരെല്ലാം ഈ സ്റ്റേഷനെ ആയിരിക്കും ആശ്രയിക്കുക.

ഇടപ്പള്ളി ജങ്ഷന്‍ 

ലിജു തോമസ്
(ഫുട്‌ബോളര്‍)
ഇടപ്പള്ളി ബൈപ്പാസ് കവലയില്‍ നിന്ന് ഇപ്പോള്‍ മാതൃഭൂമി ജങ്ഷന്‍ വരെ എത്താന്‍ മിനിമം 20-25 മിനുട്ടാണ് രാവിലെ തിരക്കേറിയ സമയത്തെ കണക്ക്. മെട്രോ റെയിലില്‍ കയറിയാല്‍ 5 മിനിട്ടു കൊണ്ട് ഇപ്പറഞ്ഞ ദൂരം യാത്രചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതവും കാര്യങ്ങളും കൂടുതല്‍ ഫാസ്റ്റ് ആകട്ടെ. 

ചങ്ങമ്പുഴ പാര്‍ക്ക് 

ജിനോ ജോസ്
(ഡ്രമ്മര്‍-ഡീജെ)
ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് എനിക്കും ഭാര്യക്കും കുട്ടിക്കും കൂടി 10 മിനിട്ടുകൊണ്ട് പള്ളിമുക്കില്‍ എത്താന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിന് കാറില്‍ സഞ്ചരിക്കണം? എല്ലായിടത്തും കൃത്യസമയത്തിന് എത്താന്‍ കഴിയുന്നതു തന്നെയാണ് നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം. പ്രത്യേകിച്ച്, ഒരു ബിസിനസ് സിറ്റിയില്‍.

പാലാരിവട്ടം 

സരിന്‍ ചെറിയാന്‍
(നോക്കിയ ഷോറൂം)
നഗരത്തിന്റെ യാത്ര ഫാസ്റ്റാവും. ശരിയാണ്. എന്നാല്‍ മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ ട്രെയിന്‍ സര്‍വീസുകളുടെ സമയത്തിന്റെ കാര്യത്തിലും കൃത്യത വേണം. മെട്രോ സ്റ്റേഷനുകളില്‍ പോയി അധികനേരം കാത്തിരുന്ന് ട്രെയിനില്‍ സഞ്ചരിക്കാന്‍ ആളെ കിട്ടിയെന്ന് വരില്ല. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തിയാല്‍ മെട്രോ സൂപ്പര്‍ ഹിറ്റാവും. തീര്‍ച്ച.

ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

സജീബ് എം.എസ്.
ക്രിക്കറ്റ് അസോസിയേഷന്‍ 
ഓഫീസ്
കൊച്ചിയിലെ ട്രാഫിക്കിന്റെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നുമുള്ള രക്ഷയാണ് സകലരും തേടുന്നത്. മെട്രോ റെയില്‍ ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറായാല്‍, 'ട്രാഫിക് ബ്ലോക്ക്' എന്ന ദുര്‍ഭൂതത്തിന്റെ പിടിയില്‍ നിന്ന് ഈ നഗരം വിമുക്തമാകും. 

കലൂര്‍ 

റോയ്‌സണ്‍ പി.പി.
ഫോട്ടോഗ്രാഫര്‍
ആലിന്‍ചുവട്ടിലെ വീട്ടില്‍ നിന്ന് കലൂരിലെ സ്റ്റുഡിയോയിലേക്ക് വരാന്‍ തന്നെ ബ്ലോക്കില്‍ ചിലപ്പോള്‍ 20-25 മിനുട്ടെടുക്കും അതിനൊക്കെ ഒരാശ്വാസം ആകുമല്ലോ. എന്നെപ്പോലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ക്കിന് പോകുന്ന ഫോട്ടോഗ്രാഫര്‍മാരായ നിരവധിപേരുണ്ട്. അവര്‍ക്കെല്ലാം മെട്രോ അനുഗ്രഹമാകും, തീര്‍ച്ച. 

ടൗണ്‍ ഹാള്‍ 

നവീന്‍ പുതുശ്ശേരി
സ്‌കൂള്‍ അധ്യാപകന്‍
മെട്രോ റെയില്‍ പറഞ്ഞതിലും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. പദ്ധതിയെ സംബന്ധിച്ച് പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. ആദ്യം പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാവട്ടെ; എന്നിട്ട് സന്തോഷത്തോടെ ഞാനും നോര്‍ത്ത്-ടൗണ്‍ ഹാള്‍ സ്റ്റേഷനില്‍ നിന്ന് മറ്റുള്ളവര്‍ക്കൊപ്പം മെട്രോയില്‍ കയറാം. 

മാധവ ഫാര്‍മസി 

നൗഷാദ് 
ബിസിനസുകാരന്‍
ഫാര്‍മസി ജങ്ഷനില്‍ ഫ്ലക്‌സ് പ്രിന്റിങ് ജോലികള്‍ നടത്തുന്ന തനിക്ക് മെട്രോ വരുന്നതോടെ പാര്‍ക്കിങ് ഏരിയ നഷ്ടമാകുമെന്നാണ് കരുതുന്നത്. അത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കും. മെട്രോ റെയിലിന്റെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട പൂര്‍ണ രൂപരേഖ ഇതുവരെ പുറത്തു വരാത്തതിനാല്‍ മെട്രോ ഗുണമാണോ, ദോഷമാണോ ഉണ്ടാക്കുന്നതെന്ന് പറയാന്‍ കഴിയില്ല. 

മഹാരാജാസ് കോളേജ്

മേരി മെറ്റില്‍ഡ
പ്രിന്‍സിപ്പല്‍
മാറ്റങ്ങളെ ആളുകള്‍ ആദ്യമൊന്ന് പ്രതിരോധിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ മെട്രോയോടുള്ള ആളുകളുടെ പ്രതികരണം എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ്. നിര്‍മാണം നടക്കുന്നതിനോടൊപ്പം സമാന്തരമായി അത് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള പ്രചോദനവും ആളുകള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്. മറ്റ് യാത്രകളെ സംബന്ധിച്ച് സമയലാഭം ഉണ്ടാകുന്നതിനാല്‍ ബാക്കിവരുന്ന സമയം മറ്റ് കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം.

എറണാകുളം സൗത്ത്

ആശ എം.എ, 
അധ്യാപിക
ഗവണ്‍മെന്റ് 
ഗേള്‍സ് 
എച്ച്.എസ്.എസ്
കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ കേരളത്തിന് സ്വപ്നംകാണാന്‍ പറ്റുന്നതിലും അപ്പുറമാണ്. ജനസാന്ദ്രത ഏറെയുള്ളതിനാല്‍ പുരോഗതി വരുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അത് പരിഹരിക്കാനുള്ള മാര്‍ഗവും ഒപ്പം കണ്ടെത്തേണ്ടതുണ്ട്.

കടവന്ത്ര

ശ്രീനാഥ്
ഹാമര്‍ അഡ്വര്‍ടൈസിങ് ഏജന്‍സി ഉടമ
സാമ്പത്തികമായി മെട്രോ റെയില്‍ കൊച്ചിക്ക് ലാഭകരമാണോ എന്നറിയില്ല. പക്ഷേ, മെട്രോയ്ക്ക് സുഖകരമായ യാത്രാ സംവിധാനം നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. ചെറിയ നഗരമായായതിനാല്‍ റോഡുകള്‍ക്ക് വീതി കൂട്ടാന്‍ ഇനി കഴിയില്ല. അതിനാല്‍ മെട്രോ റെയില്‍ തന്നെയാണ് ഗുണപ്രദം. എല്ലാം ശരിയായി നടന്നാല്‍ മൊത്തം ഔട്ട്‌ലുക്കിന് തന്നെ മാറ്റം വരും. തെക്കേ ഇന്ത്യയിലെ മികച്ച നഗരമായി കൊച്ചി മാറും. 

ഇളംകുളം

നിഷിന്‍
സെയില്‍സ് ഓഫീസര്‍
കൊച്ചിയുടെ ശാപമായ ട്രാഫിക് ബ്ലോക്ക് കുറയുമെന്നാണ് പ്രതീക്ഷ. മെട്രോ എത്തുന്നതോടെ എല്ലാ സ്ഥലത്തും വേഗത്തില്‍ എത്താന്‍ സാധിക്കും. പൊതുവെ ഫാസ്റ്റ് ലൈഫിലേക്ക് കടക്കുന്ന കൊച്ചി നഗരം മെട്രോയുടെ ചിറകിലേറി കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കും. 

വൈറ്റില

അരുണ്‍ 
ഗ്രാഫിക്ക് ഡിസൈനര്‍
എവിടെയെങ്കിലും വൈകിയെത്തിയാല്‍, സിറ്റിയിലെ ട്രാഫിക് ബ്ലോക്കിനെ പഴിച്ചാണ് പലരും രക്ഷപ്പെടുന്നത്. വൈകുന്ന ശീലമുള്ളവര്‍ സ്ഥിരമായി പറയുന്ന ഒരു നുണയായി അങ്ങനെ 'ട്രാഫിക് ബ്ലോക്ക്' മാറി. മെട്രോ വരുന്നതോടെ ആ നുണകള്‍ ഇനി കേള്‍ക്കാതെയാവും. എല്ലാ ഗതാഗത സംവിധാനവും വൈറ്റിലയില്‍ ഒരുമിച്ചു വരുന്നത് ഗുണകരമാണ്. 

തൈക്കൂടം 

സേവ്യര്‍ പി. ആന്റണി
ബില്‍ഡിങ് കോണ്‍ട്രാക്ടര്‍
പാലംപണി പോലെ നീണ്ടുപോയാല്‍ മെട്രോ റെയില്‍ ഒരു ദുരിതമായി മാറും. അതിനാല്‍ സമയബന്ധിതമായി അത് തീര്‍ക്കുകയാണ് വേണ്ടത്. നിര്‍മാണ വേളയില്‍ ഡി.എം.ആര്‍.സി.ക്കും ഇ. ശ്രീധരനും വേണ്ട ഫണ്ടും മറ്റ് സൗകര്യങ്ങളും വേഗത്തില്‍ ഒരുക്കി കൊടുക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. 

പേട്ട

എം.ആര്‍.എസ്. മേനോന്‍
അമൃതപ്രസാദം
പേട്ടയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന ബസ്സുകളൊന്നും തന്നെ ഇല്ല. തൃപ്പൂണിത്തുറ ഭാഗത്തു നിന്ന് യാത്രക്കാരെക്കൊണ്ട് തിങ്ങിയ ബസ്സുകളില്‍ കയറി വേണം പേട്ടയില്‍ നിന്ന് എറണാകുളത്തെത്താന്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ബസ് കയുന്ന സ്റ്റോപ്പ് കൂടിയാണ് പേട്ട. എന്നെ സംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ വരുന്നത് വലിയ അനുഗ്രഹവും ആശ്വാസവുമാണ്.

Mathrubhumi Web Edition

Nandakumar

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment