Sunday 23 September 2012

[www.keralites.net] ഗ്യാസ് കണക്ഷനുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും

 

ഗ്യാസ് കണക്ഷനുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും

കെ. സജീവ്‌
* വീടിന് ഒരു സിലിന്‍ഡര്‍ എന്നത് കര്‍ശനമാക്കും
* അംഗങ്ങളുടെ പേരിലുള്ള കണക്ഷനുകള്‍ റദ്ദാക്കും 
* തിരുവനന്തപുരത്ത് അടുത്ത മാസം രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: പാചകവാതകം കിട്ടാതെ വലയുന്നവര്‍ക്ക് വീണ്ടും ഇരുട്ടടി. കണക്ഷനുള്ളവര്‍ വീണ്ടും നിര്‍ബന്ധമായി കളക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരുവീടിന് ഒരു കണക്ഷന്‍ മാത്രമായി പരിമിതപ്പെടുത്തി പുതിയ പട്ടികയുണ്ടാക്കാനാണിത്. വീണ്ടും രജിസ്റ്റര്‍ ചെയ്യാത്തവരുടെ കണക്ഷനുകള്‍ റദ്ദാക്കുമെന്നും ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് 'മാതൃഭൂമി' യോട് പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തമാസം ആരംഭിക്കും.ഇത് മറ്റു ജില്ലകളിലും നടപ്പാക്കുമെന്നും സൂചനയുണ്ട്.
ജില്ലയിലുള്ള വീടുകളെക്കാള്‍ വളരെയധികം ഉപയോക്താക്കള്‍ ഉള്ളതിനാല്‍ കണക്കെടുപ്പ് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വീടുകളില്‍ അംഗങ്ങളുടെ പേരില്‍ ഒന്നിലധികം കണക്ഷനുണ്ടെങ്കില്‍ കണ്ടെത്തി അവ റദ്ദാക്കും. നിലവില്‍ കണക്ഷനുള്ളവര്‍ ഇന്‍റര്‍നെറ്റ് മുഖേനയോ നേരിട്ടോ വീണ്ടും അപേക്ഷിക്കേണ്ടിവരും. 

ഒരു വീടിന് (നിയമപ്രകാരം ഒരു വാതിലിന്) ഒരു കണക്ഷന്‍ എന്ന നിബന്ധന കര്‍ശനമാക്കുകയാണ് ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡും സര്‍ക്കാര്‍ അംഗീകരിച്ച മേല്‍വിലാസം വെളിപ്പെടുത്തുന്ന രേഖകളുമാണ് അംഗീകരിക്കുക. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ദീര്‍ഘനാള്‍ വീട്ടില്‍നിന്ന് മാറിത്താമസിക്കുന്നവര്‍ ഈ വിവരം അറിയിക്കണമെന്നും ജില്ലാഭരണകൂടം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഈ വീട്ടിലേക്കുള്ള സിലിന്‍ഡറുകള്‍ ഏജന്‍റുമാര്‍ മറിച്ചുവില്‍ക്കുന്നത് തടയാനാണിത്.
കേന്ദ്രസര്‍ക്കാര്‍ സിലിന്‍ഡറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും വ്യാപകമായിട്ടുണ്ട്. അപേക്ഷ നല്‍കി 21 ദിവസത്തിനകം സിലിന്‍ഡറുകള്‍ ഏജന്‍സികള്‍ മുഖേന എത്തിക്കണമെന്നാണ് നിബന്ധന. എന്നാല്‍ രണ്ടുമാസം പിന്നിട്ടിട്ടും സിലിന്‍ഡറുകള്‍ പലയിടത്തും കിട്ടുന്നില്ല. പാചകവാതകത്തിന് ക്ഷാമമുണ്ടെന്ന് ഏജന്‍സികള്‍ പറയുമ്പോഴും കരിഞ്ചന്ത വ്യാപാരം കൊഴുക്കുന്നുണ്ട്.

ഏജന്‍സികള്‍ സിലിന്‍ഡറുകള്‍ വ്യാപകമായി തിരിമറി നടത്തുന്നുണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഹോട്ടലുകളിലും മറ്റും ഗാര്‍ഹിക സിലിന്‍ഡറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. 

ജില്ലയില്‍ പല സ്ഥലങ്ങളില്‍ അനധികൃതമായി പാചകവാതകം നിറയ്ക്കുന്ന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിഴിഞ്ഞം, കാര്യവട്ടം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ക്കൊപ്പം ഇവ നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. വിഴിഞ്ഞത്ത് 137 ഉം കാര്യവട്ടത്ത് 11 ഉം സിലിന്‍ഡറുകളും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറുകളാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഗാര്‍ഹിക സിലിന്‍ഡറുകളില്‍ നിന്ന് വാതകം ചോര്‍ത്തിയാണ് ഈ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ളവയ്ക്ക് വില കൂടുതലായതിനാല്‍ ലാഭമേറെയാണ്. കൂടാതെ ഹോട്ടലുകളിലേക്ക് ഇവ യഥേഷ്ടമെത്തിക്കാനും കഴിയും.

പല ഗ്യാസ് ഏജന്‍സികളുടെയും സിലിന്‍ഡറുകള്‍ സംഘടിപ്പിച്ചാണ് ഇവര്‍ കച്ചവടം നടത്തുന്നത്. ഇതിനായി വ്യാജ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ഉപയോഗിക്കാറുണ്ട്. ജനവാസമുള്ള മേഖലകളില്‍വെച്ച് പാചകവാതകം നിറയ്ക്കുന്നതിന് വിലക്കുണ്ട്. പരാതികള്‍ വ്യാപകമായതോടെ പരിശോധനയും ശക്തമാക്കാനാണ് തീരുമാനം.

Mathrubhumi 


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment