- ജയ്...നെല്ലിയാമ്പതി ജി
- നെല്ലിയാമ്പതി ഒന്ന് ഞെട്ടി. ആപത്സൂചന കണ്ടതുപോലെ പക്ഷിമൃഗാദികള്‍ ഭയന്നു. നിര്‍ബന്ധമാണെങ്കില്‍ ചകിതരായി എന്നും പറയാം. ഭൂമിയുടെ അവകാശികള്‍ കൂടിയായ ഇവറ്റകള് ഒറ്റക്കും കൂട്ടമായും കരഞ്ഞു. ഒരു പോംവഴി കണ്ടെത്തിയേ തീരൂ. അവര്‍ യോഗമെന്ന മട്ടില്‍ ഒത്തുചേര്‍ന്നു. ഗുരുതരമാണ് പ്രശ്നം. മൃഗീയപ്രശ്നത്തില് മനുഷ്യനെന്തു ചെയ്യാനാവും? ഒരു കവിത? അല്ലെങ്കില്‍ ലേഖനം? നടക്കില്ല. സ്വത്വം പോലെ രണ്ടു ലേഖനമെഴുതി കാലയാപനം നടത്താവുന്നത്ര ലളിതമല്ല സംഗതി.മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള എഴുത്താവണം. മൃഗങ്ങളായതുകൊണ്ട് വായിച്ചാല്‍ മനസ്സിലാവണം എന്നൊരു ദോഷം കൂടിയുണ്ട്. വായനാ സമൂഹം മൃഗങ്ങളാണ്. ആനയെ ചട്ടം പഠിപ്പിക്കുന്ന പോലെയാവണം ഭാഷ. "ഇവ്ടെ സെറ്റാനെ" എന്നതിനു പകരം "ഈ സ്പേസിലെ സാന്നിധ്യമാവൂ സ്ഥൂലശരീരമേ" എന്നു പറഞ്ഞാല്‍ ശരിയാവുമോ? ഇവിടത്തെ സംവേദനക്കാര് മൃഗങ്ങളാണ്. മനുഷ്യരോടാണെങ്കില്‍ ശ്വാസംമുട്ടുന്ന പോലുള്ള നാലു വാചകം പൂശാമായിരുന്നു. കാട്ടുപോത്തിന്റെ ചെവിട്ടില് ജാക് ദെറിദ എന്നു പറഞ്ഞിട്ട് എന്തുകാര്യം? കുറുക്കനെന്ത് ലിങ്ഗ്വിസ്റ്റിക്സ്? കണ്ടാമൃഗത്തിനെന്ത് പോസ്റ്റ് മോഡേണിസം?കഷ്ടം! മൃഗങ്ങളുടെ മുന്നില്‍ ഉദ്ധരണിക്കാരന്റെ കഞ്ഞികുടി മുട്ടിയതു തന്നെ. ഇതാണ് കാടും നാടും തമ്മിലുള്ള വ്യത്യാസം. കാട്ടില്‍ വെട്ടൊന്ന് രണ്ടു മുറി, നാട്ടില്‍ കണ്‍കെട്ടുവിദ്യകള്‍. വെട്ടാന്‍ വരുന്ന പോത്തിനോട് "ഐഡന്ററ്റി ക്രൈസിസ്" പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? പണ്ട് വേദമോതിയിട്ട് പുള്ളി കേട്ടിട്ടില്ല, പിന്നെയല്ലെ "ഐഡന്ററ്റി"?ഒന്നാമത് പോത്ത് ഒട്ടും അക്കാഡമിക്കല്ല. ചില അക്കാഡമികളില്‍ പോത്തുകളുണ്ടെങ്കിലും പൊതുവെ അതിനെ ഒരു വൈജ്ഞാനിക സമൂഹമായി അംഗീകരിച്ചിട്ടില്ല. ജ്ഞാനസമ്പാദന രീതിശാസ്ത്രങ്ങളോട് അത് ഒരുതരം വിരക്തിയാണ് പ്രകടിപ്പിക്കുന്നത്. നാട്ടിലാണെങ്കില്‍ ഇതൊക്കെ പറഞ്ഞാല്‍ അഷ്ടിക്കുള്ള വക കിട്ടും. പണ്ഡിതന് എന്നൊക്കെ പറഞ്ഞ് നടക്കുന്നവരോട് ഇപ്പോഴും ഒരു സഹതാപമൊക്കെയുണ്ട്.മാസത്തിലൊരു വായനശാലാ വാര്‍ഷികവും തരപ്പെടും. വാരികക്കാര്‍ക്ക് മാറ്ററില്ലാത്തതിനാല് ഇതൊക്കെ ഒന്നെഴുതി കുറച്ച് അവിടെ കൊണ്ടുപോയി കൊടുക്കാം. കിലോക്ക് മുന്നൂറ് രൂപവെച്ച് കിട്ടും. മൂന്ന്മൂന്നര കിലോ കൊടുത്താല്‍ ഒരാഴ്ചത്തെ കാര്യം കഷ്ടി നടക്കും. നാളികേരം കൃഷിചെയ്യുന്നതിനേക്കാള്‍ ലാഭമാണ്. കാട്ടിലിതിനൊന്നും ഒരു സാധ്യതയുമില്ല. അവിടെ പ്രസംഗകനും ശ്രോതാവുമില്ല; ബോധവല്ക്കരണക്യാമ്പും മുഖ്യവിഷയാവതാരകനുമില്ല. സഞ്ചിയില്‍ ഉദ്ധരണികളും കൊണ്ട് നടക്കുന്നവരില്ല. ആരും വന്ന് ഉദ്ധരണികള്‍ ചോദിക്കുകയുമില്ല.നാട്ടില്‍ ഇതിനൊക്കെ ഇപ്പോഴും നല്ല ഡിമാന്റാണ്. " മാഷേ...രണ്ടുദ്ധരണി തര്വോ" എന്ന് ചോദിച്ച് പുറകെ നടക്കാന്‍ ഇപ്പോഴും രണ്ടുമൂന്ന് പേരെ കാണും. പരമദയാലുവായ മാഷാകട്ടെ ഉടന്‍ തന്നെ സഞ്ചി തുറന്ന് രണ്ടിനു പകരം നാലുദ്ധരണി അപ്പോള്‍ തന്നെ കൊടുക്കും. പണ്ഡിതന്മാര് എന്നു പറഞ്ഞാല്‍ ഉദ്ധരണികള്‍ ഉപ്പിലിട്ട ഭരണികളാണ്. എന്തൊരു ത്യാഗികള്‍! ചുമന്നുകൊണ്ട് നടക്കുകയല്ലെ ഇതൊക്കെ! ചുമട്ടുകൂലിക്ക് ഇതിരിക്കട്ടെ എന്ന് പറഞ്ഞ് വല്ലപ്പോഴും കിട്ടുന്ന അവാര്‍ഡ് മാത്രമേയുള്ളു ആകെ ഒരാശ്വാസം. എപ്പോഴും ഉദ്ധരണികളുമായി നടക്കുന്നതുകൊണ്ട് ആധുനിക ബൗദ്ധീകചാതുര്വര്ണ്യനിയമപ്രകാരം ബ്രാഹ്മണരാണെന്ന ഖ്യാതി സ്വയമുണ്ട്. ചില അവികസിത പഞ്ചായത്തുകളില്‍ ഇവര്‍ ഇപ്പോഴും "ബുദ്ധിജീവികള്‍" എന്ന പേരിലും അറിയപ്പെടും.നടനകലയില്‍ ലേശം പ്രാവീണ്യം കൂടിയുണ്ടെങ്കില്‍ ഉയര്‍ന്ന് പോകാം. നാട്യപ്രധാനം പരമപ്രധാനം! നാടകമേ ഉലകം! നാട് പണ്ഡിതന്മാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. വിവരമില്ലാത്ത മൂന്നുനാലുപേരെയെങ്കിലും അടിയന്തരമായി ഉണ്ടാക്കിയില്ലെങ്കില്‍ നാടിന്റെ സ്ഥിതി വല്ലാത്ത കുഴപ്പത്തിലാവും. വിഷയം കാടുകയറി. മൃഗങ്ങള്‍ പേടിച്ച് വിറയ്ക്കുകയാണ്. കാടിന്റെ നാശം അടുക്കുന്നു. എന്താണ് മാര്‍ഗം? മൃഗങ്ങള്‍ ആലോചിച്ചു. മൃഗങ്ങള്‍ക്ക് ആലോചനാശക്തിയുണ്ടോ എന്ന് ചോദിക്കാം. അപ്പപ്പോള്‍ കണക്കു തീര്‍ക്കുന്നതല്ലേ മൃഗശൈലി?ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്. മൃഗങ്ങള്‍ ഫയല്‍ സൂക്ഷിക്കാറില്ല. അവറ്റകള്‍ക്ക് ഓര്മശക്തിയുമില്ല. ഒരു മൃഗവും മറ്റൊരു മൃഗത്തോട് "എവിടെയോ കണ്ട ഓര്‍മയുണ്ടല്ലോ" എന്ന് പറഞ്ഞുകേട്ടിട്ടുമില്ല. കാണുക, മറക്കുക; ഓര്‍മകളുടെ ഭാരം പേറാതെ ജീവിക്കുക. ഓര്‍മകള്‍, ഗൃഹാതുരത്വങ്ങള്‍ ഇവയൊന്നും മൃഗവിഷയമല്ല. അതുകൊണ്ട് മൃഗങ്ങളില്‍നിന്ന് കലയും കലാകാരനും, കവിയും ഭ്രാന്തനും കാമുകനും ജനിക്കുന്നില്ല. നെല്ലിയാമ്പതിയിലെ മൃഗങ്ങള്‍ നേരിടുന്ന പ്രശ്നം അതീവ ഗുരുതരമാണ്.ഒരു കവിതയെഴുതി കൈകാര്യം ചെയ്യാവുന്നതല്ല. എങ്കില്‍, " ഹേ കാട്ടുപന്നീ ഹോ നാട്ടുപന്നീ" എന്നെഴുതി എപ്പോഴേ പ്രശ്നം തീര്‍ക്കാമായിരുന്നു. പ്രശ്നം രാഷ്ട്രീയമാണ്, നിയമപരമാണ്, ഹരിതമാണ്, ഹരിതം ഡോട് കോമാണ്. ന്യൂഡല്‍ഹി വരെ നീണ്ടതാണ്. രാഹുല്‍ ഗാന്ധിവരെ ചെവി കൊടുത്തതാണ്. പച്ചകത്തുന്ന രാഷ്ട്രീയമാണ്. പച്ചയായ രാഷ്ട്രീയമാണ്. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ക്കുന്ന വി ഡി സതീശന്, വി ടി ബല്‍റാം, ഹൈബി ഈഡന്, ടി എന്‍ പ്രതാപന് എന്നീ ഹരിതതുര്ക്കികളുടെ രംഗപ്രവേശമാണ്.ചിലര്‍ ശ്രീലങ്കയിലെ ഫാമില്‍ ചെന്നാണ് ഹരിതം പഠിച്ചതെന്നും കിംവദന്തിയുണ്ട്. തീര്‍ന്നില്ല. എം എം ഹസന്റെ അപമാനത്തില്‍ കുതിര്‍ന്ന രാജിയുണ്ട്. നെല്ലിയാമ്പതി എന്ന് ഉച്ചരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന യു ഡി എഫ് കണ്‍വീനറുടെ സങ്കടമുണ്ട്. ബാലകൃഷ്ണപിള്ളയുടെ കുത്തുണ്ട്. ലീഗിന്റെ അമര്‍ത്തിയ ചിരിയുണ്ട്. എന്റെ നെല്ലിയാമ്പതീ....പുണ്യം ചെയ്ത വനപ്രദേശമേ...നിന്നോട് അസൂയ തോന്നുന്നു. ഇടംവലം നില്‍ക്കുകയാണ് നിനക്കു ചുറ്റും പോരാളികള്‍. നീയും ഒരു ഹൈക്കമാന്റായല്ലൊ വനമേ...നിന്നെത്തേടി ഇനി ഉപസമിതി വരും. ഹൈക്കമാന്റില്‍ നിന്ന് നിരീക്ഷകന് വരും. നിരീക്ഷകന്റെ പിന്നാലെ നിരീക്ഷകന് വരും. അലുമിനിയം പട്ടേല്‍ വരും. ഇവിടെയുള്ളവരെ ഡല്‍ഹിക്ക് വിളിപ്പിക്കും. തിരിച്ചുവിടും. പിന്നേം വിളിപ്പിക്കും.അനന്തയാത്രകള്‍, ആകാശയാത്രകള്‍...എല്ലാം കണ്ടും കേട്ടും കാറ്റിലാടി നില്ക്കുന്ന നെല്ലിയാമ്പതീ, നിന്നെച്ചൊല്ലി നിനക്കുചുറ്റും നടക്കുന്ന പര്യാലോചനകളില്‍ നീ പുളകം കൊണ്ട് നില്‍ക്കുന്നത് ഭാവനയില്‍ കാണാന്‍ പോലും എന്തു ചേലാണ്! "ഹാ.. നെല്ലിയാമ്പതീ, നീയെത്ര ധന്യ" മലയാളം തെറ്റുകൂടാതെ എഴുതാനറിയാത്തവര്‍ പോലും ചിന്തിക്കും. വികാരപാരവശ്യം വന്നാല്‍ പിന്നെ വരുന്നത് കവിതയാണ്. അറിയാതെ കവിത വരുന്നു. വൃത്തത്തിലാണ് വരവ്. വന്നവഴി തന്നെ പകര്‍ത്തുകയാണ്. വികാരവിസ്ഫോടനമാണ് കവിതയായി ഒഴുകുന്നത്. അതുകൊണ്ട് ഇത് കവിതയല്ല; ലാവയാണ്. സൂക്ഷിക്കണം." പച്ചക്കുളിരണിക്കാറ്റേറ്റുലയുന്ന പാടലമാം നിത്യ ഹരിതകേദാരമേ പൊന്നുപോല്‍ കാക്കാന്‍ പുതിയ തലമുറ കച്ചമുറുക്കുന്നു, പുണ്യനികുഞ്ജമേ നിന്നേര്ക്കുയരുന്ന നിഷ്ഠുര ദംഷ്ട്രകള്‍ ഭസ്മമാക്കാനിതാ യുവതുര്ക്കിസേനകള്. കോരിത്തരിക്കൂ വനചകോരങ്ങളേ കോരിത്തരിക്കൂ വനപുഷ്പജാലമേ പഞ്ചമം പാടൂ വനകോകിലങ്ങളേ പഞ്ചാരികൊട്ടൂ വനദുര്ഗക്ഷേത്രമേ ഇല്ല വീഴില്ല നിന് കാല്ക്കീഴിലിനിയില- ത്തുണ്ടുപോലും, ഖദര്‍ ഗര്‍ജിക്കുവാന്‍ റെഡി കാടായകാടൊക്കെ മൂടോടെ പോയപ്പോള്‍ കാശിക്ക് പോയ ഖദര്‍ തിരിച്ചെത്തുന്നു. ഖേദം കളയെടോ ഖാദിയുടുക്കടോ നെല്ലിയാമ്പതി തന്നെ പതിയെന്നുരയ്ക്കെടോ.." കവിതക്കൊരു പഴക്കച്ചുവ. ഒന്ന് മാറ്റിപ്പണിതു നോക്കാം. " വെയില് ചാഞ്ഞുകിടക്കുന്ന വൈകുന്നേരങ്ങളില്‍ ഒരു ഗന്ധം. കഞ്ഞിമുക്കിത്തേച്ച് വടിപോലെ നില്ക്കുന്ന ഗന്ധം. ദുഃസ്വപ്നം പേടിച്ച് ഉറങ്ങാതിരിക്കുന്ന നെല്ലിയാമ്പതിയുടെ ചെവിട്ടില് ഒരു പ്രണയം പോലെ ആദ്യാലിംഗനത്തിന്റെ അമിട്ടുപോലെ തളര്‍ന്ന ചുംബനം പോലെ പറഞ്ഞു. ഞാനുണ്ട്. പിന്നെ അത്താഴ മേശയില്‍ പൊട്ടിച്ചിരി ജയ് രാഹുല്‍ജീ" ഇത്തരം ലൊട്ടുലൊടുക്കു വിദ്യകള്‍ കൊണ്ടൊന്നും തീരുന്നതല്ല മൃഗങ്ങളുടെ സങ്കടം. അത് നേരിടുന്നത് ശക്തമായ വംശനാശഭീഷണിയാണ്. അതിവേഗം ബഹുദൂരം തീര്‍ന്നുപോകും.മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി കൊടുത്താലോ എന്നും മൃഗങ്ങള്‍ ആലോചിച്ചു. പിന്നെ അതും ഉപേക്ഷിച്ചു. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലെന്നും മനുഷ്യന് പട്ടിയെ കടിച്ചാലാണ് വാര്‍ത്തയെന്നും മനസ്സിലാക്കി പട്ടികള്‍ക്ക് പിന്നാലെ മനുഷ്യന് പായുന്ന കാലമാണ് ഇത്.ഒരു വരി വാര്‍ത്തക്ക്, ഒരു കൊച്ചു പടത്തിന് കൊതിച്ച് കഴിയുന്ന ജനലക്ഷങ്ങളുടെ നാട്ടിലാണോ മൃഗങ്ങള്‍ക്ക് ജനകീയ ശ്രദ്ധ. അതുവേണമെങ്കിലും മനുഷ്യന് തന്നെ വിചാരിക്കണം.ചാനലിനും പത്രത്തിനും മുന്നില്‍ യശഃപ്രാര്ഥികളുടെ നീണ്ട ക്യൂവാണ്. പൊതു ജീവിതനാടകവേദിയില്‍ കര്ട്ടന് വലിക്കാനെങ്കിലും ആദ്യം കയറിപ്പറ്റണം. പിന്നെ പതുക്കെപ്പതുക്കെ ചെറിയ റോളുകള്‍. ഒടുവില്‍ നായകന് അല്ലെങ്കില്‍ നായിക. ഇതിനെയാണ് വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ എന്നെല്ലാം പറയുന്നത്. ഏതോ ഒരു രാജ്യത്ത് അങ്ങനെ കര്ട്ടന് വലിക്കാരന് പ്രസിഡന്റ് വരെയായിട്ടുണ്ടത്രെ!പ്രസിഡന്റായിട്ടും കര്ട്ടന് വലിക്കുന്നവരുമുണ്ട്. മൃഗങ്ങള്‍ നാനാവിധത്തില്‍ ചിന്തിച്ചിട്ടും പരിഹാരം കാണാനാവുന്നില്ല. സുനാമി പോലെ, കടല്‍ക്ഷോഭം പോലെ, ഉരുള്‍പൊട്ടല്‍ പോലെ ഒരു പ്രകൃതിദുരന്തമാണോ അവരെ കാത്തിരിക്കുന്നത്? അവര്‍ ഒന്നും പറയുന്നില്ല. പരസ്പരം മുഖത്തു നോക്കി ഇതികര്‍ത്തവ്യമൂഢരായി നില്‍ക്കുകയാണ് പാവം പാവം വന്യമൃഗങ്ങള്‍.ഇങ്ങനെയുമുണ്ടോ മൃഗങ്ങള്‍ക്കൊരു ഭാവമെന്ന് ആരും ചിന്തിച്ചു പോവും. പൊതുവെ മനുഷ്യര്‍ക്ക് മൃഗങ്ങളെക്കുറിച്ചുള്ള ധാരണകളെല്ലാം തെറ്റാണെന്ന് ഇവരെ ഇപ്പോള്‍ കണ്ടാല്‍ മനസ്സിലാകും. വളരെ കഷ്ടപ്പെട്ട് ഇവരുടെ സങ്കടകാരണം മനസ്സിലാക്കി. വിവരം അറിഞ്ഞപ്പോളല്ലെ അവരുടെ വിഷമം ന്യായമാണെന്ന് മനസ്സിലായത്. എന്താണെന്നല്ലേ? പറയാം. പി സി ജോര്‍ജ് വരുന്നത്രെ. എന്തുചെയ്യും?.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___