Friday 24 August 2012

[www.keralites.net] പങ്കാളിത്ത പെന്‍ഷന്‍ ഭാവിയുടെ പോംവഴി....

 

പങ്കാളിത്ത പെന്‍ഷനില്‍ വിപണിയിലെ ചലനങ്ങളാണ് പെന്‍ഷന്‍ നിശ്ചയിക്കുന്നത്. ഒരു ജീവനക്കാരന് ജീവിതകാലം മുഴുവന്‍ വേതനം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നതിനോടൊപ്പം ബാധ്യതകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന പതിവും ഉപേക്ഷിക്കുന്നു 

ഇന്ത്യയില്‍ പങ്കാളിത്ത പെന്‍ഷന്റെ ചരിത്രമാരംഭിക്കുന്നത് 2003-ലാണ്. അതിനുശേഷം കേന്ദ്രസര്‍വീസില്‍ പ്രവേശിച്ച സൈനികരൊഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കി. കേരളവും പശ്ചിമബംഗാളും ത്രിപുരയും ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും താമസിയാതെത്തന്നെ ഈ മാതൃക പിന്തുടര്‍ന്നു. അന്ന് ഇടതുഭരണത്തിലായിരുന്ന മൂന്ന് സംസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തില്‍ ഇപ്പോഴത്തെ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം സ്വീകരിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചു. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ പഴയ പെന്‍ഷന്‍ പദ്ധതിയില്‍ നിലനിര്‍ത്തി 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനാണ് തീരുമാനം. വിരമിച്ചശേഷം സര്‍ക്കാര്‍ ജീവനക്കാരന് ലഭിച്ചിരുന്ന സാമ്പത്തിക സുരക്ഷിതത്വം പുതിയ പദ്ധതി ഉറപ്പുവരുത്തുമോയെന്ന ആശങ്കയ്ക്ക് കൂടുതല്‍ വ്യക്തത നല്‍കേണ്ടതുണ്ട്. അതിനുമുമ്പ് പങ്കാളിത്ത പെന്‍ഷന് അനുകൂലമായ സാഹചര്യങ്ങളെന്തെന്ന് പരിശോധിക്കാം.


സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരന് പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണ്. ഇതിനായി പ്രത്യേക ഫണ്ടോ, നീക്കിയിരിപ്പോ സര്‍ക്കാറിനില്ല. ഓരോ വര്‍ഷത്തെയും പെന്‍ഷന്‍ബാധ്യത കണക്കാക്കി തുക ഓരോ ബജറ്റിലും സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) ഒരു ശതമാനത്തോളം തുക പെന്‍ഷനായി നീക്കിവെക്കേണ്ട സാഹചര്യമാണ് ഈ നൂറ്റാണ്ടിന്റെ ആദ്യം രാജ്യം അഭിമുഖീകരിച്ചത്.

ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതോടെ പെന്‍ഷന്‍കാരുടെ എണ്ണം സര്‍വീസിലിരിക്കുന്നവരേക്കാള്‍ അധികരിക്കുന്ന സാഹചര്യവുമുണ്ടായി. 60 വയസ്സിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം 2025-ഓടെ മൊത്ത ജനസംഖ്യയുടെ 13 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലാവട്ടെ ഇതിലും ഗുരുതരമാണ് അവസ്ഥ. ഭാവിയിലേക്ക് മാറ്റിവെച്ച ശമ്പളമാണ് പെന്‍ഷന്‍ എന്നാണ് സങ്കല്പം. അങ്ങനെയാണെങ്കില്‍ ഒരാള്‍ സര്‍വീസിലിരിക്കുമ്പോള്‍ ആ തുക മാറ്റിവെക്കാതെ വിരമിക്കുമ്പോള്‍ നല്‍കുന്നതിന്റെ യുക്തിയാണ് ചോദ്യംചെയ്യപ്പെടുന്നത്. പല വികസിത രാജ്യങ്ങളും ഇത് തിരിച്ചറിയുകയും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയും ചെയ്തതിന്റെ മാതൃക നമുക്ക് മുന്നിലുണ്ടുതാനും.


നിലവിലുള്ള പദ്ധതിപ്രകാരം വിരമിച്ചശേഷം ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ സേവനകാലത്തിന്റെ ദൈര്‍ഘ്യം, പിരിയുന്നതിന് തൊട്ടുമുമ്പുള്ള മാസം വാങ്ങിയ ശമ്പളം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. പക്ഷേ, പുതിയ പദ്ധതിപ്രകാരം ജീവനക്കാരനും സര്‍ക്കാറും പെന്‍ഷന്‍ഫണ്ടിലേക്ക് നിശ്ചിത തുക പ്രതിമാസം അടയ്ക്കണം. ഈ ഫണ്ടില്‍ നിന്നാണ് പെന്‍ഷന്‍ തുക കണ്ടെത്തുക.

പങ്കാളിത്ത പെന്‍ഷന് രണ്ട് ഘട്ടങ്ങളുണ്ട്, ഒന്ന് തുക സമാഹരിക്കുന്നതിന്റെയും മറ്റൊന്ന് അത് തിരിച്ചുനല്‍കുന്നതിന്റെയും. ജീവനക്കാരന്‍ എല്ലാ മാസവും നിശ്ചിത തുക തന്റെ പെന്‍ഷന്‍ഫണ്ടിലേക്ക് നീക്കിവെക്കുമ്പോള്‍ സര്‍ക്കാറും തത്തുല്യമായ തുക നല്‍കുന്നു. ഈ പെന്‍ഷന്‍ഫണ്ട് വിവിധതരം പദ്ധതികളില്‍ നിക്ഷേപിച്ച് വിരമിച്ച ശേഷം പെന്‍ഷനായി നല്‍കുകയാണ് ചെയ്യുക. വളര്‍ച്ചയ്‌ക്കൊപ്പം തളര്‍ച്ചയ്ക്കുമുള്ള സാധ്യതയാണ് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എന്ന നിയന്ത്രണ സംവിധാനമാണ് പെന്‍ഷന്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത്. ഇതിന് കീഴില്‍ ദേശീയ പെന്‍ഷന്‍ ട്രസ്റ്റുമുണ്ട്.

ആറ് സ്ഥാപനങ്ങളെയാണ് പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യാനായി നിയോഗിച്ചിരിക്കുന്നത് (ഫണ്ട് മാനേജര്‍മാര്‍). തന്റെ ഫണ്ട് നിക്ഷേപിക്കാനായി ഇതില്‍ ഏതെങ്കിലും മൂന്ന് സ്ഥാപനത്തെ തിരഞ്ഞെടുക്കാന്‍ ജീവനക്കാരന് അധികാരമുണ്ട്. ഏതൊക്കെ മേഖലകളില്‍ തന്റെ പണം നിക്ഷേപിക്കണമെന്ന് ഫണ്ട് മാനേജര്‍മാരോട് നിര്‍ദേശിക്കാനും കഴിയും. അതല്ലെങ്കില്‍ തനിക്കുവേണ്ടി ഉചിതമായ നിക്ഷേപങ്ങള്‍ നടത്താന്‍ ഫണ്ട് മാനേജരെ ചുമതലപ്പെടുത്താനും വരിക്കാരനായ ജീവനക്കാരന് കഴിയും.

നഷ്ടസാധ്യത അടിസ്ഥാനമാക്കി മൂന്ന് തരത്തിലുള്ള നിക്ഷേപങ്ങളാണ് സാധാരണ സ്വീകരിക്കാറ്. 1. വിപണിയധിഷ്ഠിത ഓഹരികള്‍, 2. നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍, 3. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പോലുള്ള നിക്ഷേപങ്ങള്‍.

ഇതില്‍ ആദ്യത്തെ നിക്ഷേപമാര്‍ഗം ഉയര്‍ന്നലാഭം തന്നേക്കാം. പക്ഷേ, അത്രതന്നെ നഷ്ടസാധ്യതയും ഉണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിക്ഷേപമാര്‍ഗങ്ങള്‍ കുറഞ്ഞലാഭം മാത്രമേ തരുന്നുള്ളൂവെങ്കിലും നഷ്ടസാധ്യത തുലോം കുറവാണ്.

സാധാരണയായി ചെറുപ്രായക്കാരുടെ വിഹിതത്തില്‍ പകുതിയെങ്കിലും ഉയര്‍ന്നലാഭം തരുന്ന പദ്ധതികളില്‍ നിക്ഷേപിക്കുകയാണ് പതിവ്. അഥവാ നഷ്ടം നേരിട്ടാലും വിരമിക്കല്‍ കാലമാകുമ്പോഴേക്ക് അത് നികത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണിത്. അതേസമയം, വിരമിക്കല്‍ പ്രായമടുത്തവരുടെ കൂടുതല്‍ വിഹിതവും സുരക്ഷയുള്ള നിക്ഷേപങ്ങളിലേക്കാണ് നീക്കിവെക്കുന്നത്. ഉദാഹരണത്തിന് 35 വയസ്സുള്ള ഒരു ജീവനക്കാരനുവേണ്ടി നിക്ഷേപം നടത്തുമ്പോള്‍ വിഹിതത്തിന്റെ 50 ശതമാനവും വിപണിയധിഷ്ഠിത നിക്ഷേപങ്ങളിലായിരിക്കും ഫണ്ട് മാനേജര്‍ നീക്കിവെക്കുക. ബാക്കി 30 ശതമാനം രണ്ടാമത്തെ വിഭാഗത്തിലും 20ശതമാനം മൂന്നാമത്തെ വിഭാഗത്തിലും നിക്ഷേപിക്കുന്നു. എന്നാല്‍, 55 വയസ്സുള്ള ഒരു ജീവനക്കാരനുവേണ്ടിയാവുമ്പോള്‍ ഈ നിക്ഷേപം 10, 10, 80 എന്ന നിലയിലാവും. ഉയര്‍ന്ന ലാഭത്തേക്കാള്‍ ഇവിടെ പ്രാധാന്യം നിക്ഷേപത്തിന്റെ സുരക്ഷക്കാണെന്നര്‍ഥം.

നിലവിലുള്ള പെന്‍ഷന്‍പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി നിശ്ചിത പെന്‍ഷന്‍ പങ്കാളിത്തപദ്ധതിയില്‍ ഉറപ്പ് നല്‍കാനാവില്ല. ജീവനക്കാരന്റെ വിഹിതത്തിനും ഏതൊക്കെ ഫണ്ടുകളില്‍ നിക്ഷേപിച്ചുവെന്നതിനും അനുസരിച്ച് പെന്‍ഷനില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. എത്രകാലം ജോലി ചെയ്തുവെന്നോ അവസാനം വാങ്ങിയ ശമ്പളം എത്രയെന്നോ ഉള്ള ഘടകങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍, വിരമിക്കുമ്പോള്‍ തന്റെ പെന്‍ഷന്‍ഫണ്ടില്‍ നിന്നൊരു ഭാഗം പിന്‍വലിക്കാന്‍ ജീവനക്കാരന് കഴിയും. ബാക്കി തുകയില്‍ നിന്നാണ് പതിമാസ പെന്‍ഷന്‍ നല്‍കുക. ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ആറ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കാണ് പെന്‍ഷന്‍പദ്ധതിയുടെ ചുമതല.

പങ്കാളിത്തപദ്ധതിയില്‍ പെന്‍ഷന്‍വിഹിതം കൊടുക്കേണ്ട ചുമതല സര്‍ക്കാര്‍ ഭാവിയിലേക്ക് നീട്ടിവെക്കുകയല്ല; ജീവനക്കാരന്റെ ശമ്പളത്തോടൊപ്പം പെന്‍ഷന്‍ വിഹിതവും എല്ലാമാസവും കൊടുത്തുതീര്‍ക്കുന്നു. ഒരു ജീവനക്കാരന് ജീവിതകാലം മുഴുവന്‍ വേതനം നല്‍കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നതോടൊപ്പം ബാധ്യതകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന പതിവും ഉപേക്ഷിക്കുന്നു.

പങ്കാളിത്ത പ്രോവിഡന്റ് ഫണ്ട് പദ്ധതിക്ക് തുല്യമാണ് പെന്‍ഷന്‍ പദ്ധതിയും. തന്റെ അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് ജീവനക്കാരന് കൃത്യമായി മനസ്സിലാക്കാനാവും. പക്ഷേ, ഒരു വ്യത്യാസമുണ്ട്; വിപണിയധിഷ്ഠിത നിക്ഷേപങ്ങളുടെ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കാം.

വിപണിയിലെ ചലനങ്ങളാണ് നിങ്ങളുടെ പെന്‍ഷന്‍ നിശ്ചയിക്കുന്നത്. മാറുന്ന കാലത്ത് അല്പം 'ധനപരിപാലനം' സ്വായത്തമാക്കുന്നത് തന്നെയാകും നല്ലത്. മെച്ചപ്പെട്ട നിക്ഷേപസ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കാതിരിക്കില്ല. പക്ഷേ, 35 വയസ്സുകാരന്റെ പോലും 50 ശതമാനം വിഹിതമേ വിപണിയധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് പോകുന്നുള്ളൂ. ബാക്കി തുക സുരക്ഷിതമാണ്. മോശം കാലം എപ്പോഴുമുണ്ടാവാം. സമ്പദ്‌വ്യവസ്ഥയില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലും. മുതലാളിത്ത വ്യവസ്ഥയില്‍ ജീവിക്കുമ്പോള്‍ പക്ഷേ, പോംവഴികള്‍ പരിമിതമാണ്. അതിനൊപ്പം ജീവിക്കാന്‍ പഠിക്കുക തന്നെ കരണീയം.

പി.കെ. ചൗബെ(ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറാണ് ലേഖകന്‍).)

Courtesy:Mathrubhumi. 


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment