Wednesday 29 August 2012

[www.keralites.net] തണല്‍ പകര്‍ന്ന വന്മരത്തിന്‍െറ ഓര്‍മ-Madhyamam Weekly

 

തണല്‍ പകര്‍ന്ന വന്മരത്തിന്‍െറ ഓര്‍മ

സാജിദ അബ്ദുറഹ്മാന്‍
സ്ത്രീയൊരു ദുര്‍ബലജന്മമാണെന്ന അലിഖിതനിയമം സ്ത്രീകള്‍ക്ക് വെല്ലുവിളിയായുണ്ടെങ്കിലും ചുറുചുറുക്കോടെ ആണുങ്ങള്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയുടെ ഭരണാധികാരിയായും കേരളത്തിന്‍െറ ഗവര്‍ണറായും ബ്രിട്ടീഷ് പ്രധാനമന്ത്രിയായും സ്ത്രീസാന്നിധ്യം അവരവരുടെ കഴിവുകള്‍ തെളിയിച്ച കാലത്താണ് ശാരീരികമായും മാനസികമായും ഞാനെന്‍െറ വളര്‍ച്ചയുടെ പടവുകള്‍ കയറിയിരുന്നത്.
ഞാന്‍ ജനിച്ച നാട്ടില്‍ ഗള്‍ഫിലേക്കൊഴുകുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം ഉയര്‍ന്നുകൊണ്ടിരുന്ന ഒരു സമയം. ഒട്ടു മിക്ക വീടുകളിലെയും പുരുഷന്മാര്‍ എണ്ണപ്പാടങ്ങള്‍ തേടി ഉറ്റവരെയും ഉടയവരെയും തനിച്ചാക്കിപോകുകയും; ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ അതിഥികളെപോലെ അവധി ചെലവഴിക്കാന്‍ വന്നിരുന്നതുമായ കാഴ്ച സര്‍വസാധാരണം. അതിനാല്‍, ഈ വീടുകളില്‍ സ്ത്രീകള്‍ക്കായിരുന്നു കുടുംബനാഥയുടെ റോള്‍. എന്‍െറ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്ത എന്‍െറ ഉമ്മൂമ്മയും അപ്പര്‍ പ്രൈമറി വിദ്യാഭ്യാസംമാത്രമുള്ള എന്‍െറ ഉമ്മയും വീട്ടിലെ പുരുഷന്മാര്‍ ചെയ്യുമായിരുന്ന ഓരോ ആവശ്യങ്ങള്‍ക്ക് ഒരു കുടയുമായി സധൈര്യം പുറത്തേക്കിറങ്ങി.
വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ സ്ത്രീക്കരുത്ത് പ്രകടമാക്കിയിരുന്ന ഒരു കാലഘട്ടത്തില്‍ ആരാധനയോടുകൂടി മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീവ്യക്തിത്വമായിരുന്നു ഞങ്ങളുടെ കൊച്ചുനഗരത്തിലെ തിരക്കേറിയ തെരുവിന്‍െറ ഒരിടവഴിയില്‍ ടൈപ്റൈറ്റിങ് ലേണിങ് സെന്‍റര്‍ നടത്തുന്ന രാധട്ടീച്ചര്‍. അമ്മയും നാലനിയത്തിമാരും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക അത്താണി. ആ പഞ്ചായത്തിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അതു നിവര്‍ത്തിക്കാനും തയാറായിരുന്ന കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതയായൊരു പൊതുപ്രവര്‍ത്തക.
തുറന്ന അതിരുകളുള്ള എന്‍െറ വീട്ടുമുറ്റത്തുകൂടെ എന്നും രാവിലെ ചുറുചുറുക്കോടെ നടന്നുപോയിരുന്ന ടീച്ചര്‍. തോളിലൊരു ചെറിയ ബാഗും കൈയില്‍ ചോറ്റുപാത്രവുമായി വെള്ളമിറ്റു വീഴുന്ന നീളന്‍ മുടിത്തുമ്പില്‍ തുളസിക്കതിര്‍ അല്ലെങ്കില്‍ ഒരു പനിനീര്‍പൂവ്. നെറ്റിയിലെ ചന്ദനക്കുറിക്കുതാഴെ വട്ടത്തിലൊരു പൊട്ട്. കൊലുന്നനെയുള്ള ശരീരത്തില്‍ ആഭരണമായുണ്ടായിരുന്നത് നേരിയ ഒരു മാലയില്‍ ആലിലയിലിരുന്ന് വിരലുണ്ണുന്ന ഉണ്ണിക്കണ്ണന്‍െറ രൂപംകൊത്തിയ താലി. എപ്പോഴും ഉന്മേഷവതിയായ ടീച്ചര്‍ ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവരായിരുന്നു. പൊതുവിജ്ഞാനപരമായ എന്‍െറ എന്ത് സംശയങ്ങളും ദൂരീകരിച്ചിരുന്നത് അവരായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലില്ലാതിരുന്ന അക്കാലത്തെ ലോകവൃത്താന്തങ്ങള്‍ എന്‍െറ വീട്ടിലറിഞ്ഞിരുന്നത് ടീച്ചറിലൂടെയായിരുന്നു. ആ കുടുംബവുമായി ഞങ്ങള്‍ക്ക് അഭേദ്യമായൊരു സ്നേഹസൗഹൃദ ബന്ധം ഉണ്ട്.
വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ടീച്ചര്‍ മുന്‍പന്തിയില്‍ കാണും. അതുകൊണ്ടുതന്നെ അവധികളിലെ ടീച്ചറുടെ അഭാവം ഞങ്ങളെ ഉന്മേഷരഹിതരാക്കിയിരുന്നു. ഒരു ബുധനാഴ്ച ഞാന്‍ കോളജ് വിട്ടുവന്ന വൈകുന്നേരത്ത് ഉമ്മ ചെറിയൊരു ആകുലതയോടെ പറയുന്നുണ്ട്: ''ഇന്നെന്ത് പറ്റിയാവോ രാധട്ടീച്ചര്‍ക്ക്. കണ്ടില്ല. പാവം അയിനു സൂക്കേടൊന്നും ഇല്ലാണ്ടിരിക്കട്ടെ.'' ഉമ്മൂമ്മയും പ്രാര്‍ഥനയോടെ അതേറ്റ് പറയുന്നുണ്ടായിരുന്നു. ഒരു ശീലംപോലെ അവരെ രാവിലെയും വൈകുന്നേരവും വീടിനു പിന്നിലെ മുറ്റത്ത് കാണുകയെന്നത് ഞങ്ങളുടെ സന്തോഷങ്ങളിലൊന്നായിരുന്നു. അതിനാല്‍തന്നെ ആ അസാന്നിധ്യം എന്നിലും മ്ളാനതയുണ്ടാക്കി. പിന്നെയുള്ള കുറച്ച് ദിവസങ്ങളിലും മുറ്റത്ത് കൂടെ എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ആരാഞ്ഞുകൊണ്ടുപോകുന്ന ടീച്ചറെ കാണാന്‍ ഞങ്ങള്‍ക്കായില്ല. ഏക്കറോളം പരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കപ്പുറത്തെ ടീച്ചറുടെ വീട്ടില്‍ പോയി എന്തു പറ്റിയാവോ എന്നു തിരക്കാന്‍ എന്‍െറ ഉള്ളം തുടിച്ചു. പക്ഷേ, കോളജിലേക്കുള്ള യാത്ര മാത്രം അനുവദിച്ചിട്ടുള്ള ഒരു യാഥാസ്ഥിതിക വീട്ടിലെ അംഗമായ എനിക്ക് എന്‍െറ പരിധികള്‍ക്കപ്പുറം ചിന്തിക്കാനല്ലാതെ പ്രവര്‍ത്തിക്കാനാകുമായിരുന്നില്ല.
മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങള്‍ മുറ്റത്ത് കോലം കോറിയിടുന്നുണ്ട്. കോളജില്‍ പോകാനുള്ള തയാറെടുപ്പില്‍ ധിറുതിയിലോരോന്ന് ചെയ്യുന്നതിനിടയിലാണ് അടുക്കളത്തിണ്ണയില്‍നിന്ന് പൊട്ടിച്ചിരികളും ആഹ്ളാദത്തോടെയുള്ള സംസാരങ്ങളും കേള്‍ക്കുന്നത്. ടീച്ചറുടെ ശബ്ദമാണെന്നു തോന്നിയപ്പോള്‍ വേഗംതന്നെ അങ്ങോട്ട് ചെന്നു. അതുവരെ കാണാത്ത തിളക്കവുമായി ടീച്ചറും ചുറ്റിലും എന്‍െറ ഉമ്മയും കുഞ്ഞുമ്മമാരും. എന്തേ കണ്ടില്ല എന്ന എന്‍െറ ചോദ്യത്തിനു കുഞ്ഞുമ്മയാണു മറുപടി പറഞ്ഞത്. ''ടീച്ചറുടെ ഭര്‍ത്താവ് എട്ട് കൊല്ലം കഴിഞ്ഞ് ബോംബേന്നു എത്തീട്ടുണ്ട്.അതോണ്ടാ വരാതിരുന്നത്.'' അപ്പോഴാണ് ഞാനും ഓര്‍ക്കുന്നത്. ഭര്‍ത്താവിനെക്കുറിച്ച് പരാതിയോ പരിഭവങ്ങളോ പറയാതെ നീണ്ട എട്ടു വര്‍ഷം അയാളെ കാത്തിരുന്ന ഒരു ഭാര്യ. എന്‍െറ ചിന്തകളെ ഭേദിച്ചുകൊണ്ട് ടീച്ചര്‍ പൊട്ടിച്ചിരിയോടെ പറയാന്‍ തുടങ്ങി, രാവിലെ മുറ്റമടിച്ചുകൊണ്ടിരുന്ന അവരുടെ അനിയത്തി, പടി തുറന്ന് പെട്ടിയും ബാഗുമൊക്കെയായി വരുന്ന ദീക്ഷയുള്ള ഒരപരിചതനെ കണ്ട് നിലവിളിച്ചുവത്രെ. വീട്ടുകാരെ അതിശയിപ്പിച്ചുകൊണ്ടുവന്നു കയറിയ അദ്ദേഹം രണ്ടു മാസംകൂടി അവിടെ ഉണ്ടായിരുന്നു. പരീക്ഷച്ചൂടില്‍ തലയും മേടച്ചൂടില്‍ ശരീരവും തപിച്ചിരുന്ന ഒരപരാഹ്നത്തില്‍ അടുക്കളത്തിണ്ണയില്‍നിന്ന് തേങ്ങലോടുകൂടിയ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കാനെന്ന വ്യാജേന അവിടെ ചെന്നപ്പോള്‍ കണ്ടു, ഉമ്മ ടീച്ചറെ ആശ്വസിപ്പിക്കുന്നത്. എന്നെ കണ്ട ഉമ്മ അവിടെനിന്ന് പോകാന്‍ കണ്ണുകൊണ്ടാംഗ്യംകാണിച്ചു.
ഒരിലപോലുമനങ്ങാന്‍ വിസമ്മതിക്കുന്ന രാത്രി. വിഷുവിനു ശേഷമുള്ള മഴയെ കാത്തുകിടക്കുന്ന ഭൂമി ഉള്‍ത്താപത്താല്‍ ഉരുകുകയായിരുന്നു. ഉറക്കം കിട്ടാതെ ഞാന്‍ ഉമ്മയുടെ കട്ടിലില്‍ ചെന്നിരുന്നു. ദീര്‍ഘനിശ്വാസംകേട്ടപ്പോള്‍ ഉമ്മ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ ആ ശരീരത്തോട് ഒട്ടിക്കിടക്കാന്‍ ശ്രമിച്ചു. പെട്ടെന്നെന്‍െറ കൈത്തണ്ടയില്‍ ഉരുണ്ടുവീണ വെള്ളത്തുള്ളി വിയര്‍പ്പല്ല , കണ്ണുനീരാണെന്നു തോന്നിയപ്പോള്‍ ഉമ്മയെ പുണര്‍ന്നുകൊണ്ട് ഞാന്‍ പതുക്കെ ചോദിച്ചു: ''എന്തെ ഉമ്മ കരയുന്നത്? വയറുവേദനയെന്തെങ്കിലും ഉണ്ടോ''...''ഊഹും.'' സങ്കടം അടക്കിയ ഒരു മൂളല്‍ മാത്രം. ''പിന്നെന്താ പറ.''കുറച്ച് നിമിഷങ്ങള്‍ക്കുശേഷം അവര്‍ പറയാന്‍ തുടങ്ങി. ''ടീച്ചറുടെ ഭര്‍ത്താവ് ബോംബേക്ക് തിരിച്ചുപോയി. ടീച്ചര്‍ പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെയൊരു മടക്കം. ഉള്ളതുകൊണ്ട് നമുക്കൊരുമിച്ച് കഴിയാം എന്നു പറഞ്ഞിട്ടും ഏതോ ഒരുള്‍പ്രേരണ അയാളെ മടക്കയാത്രക്ക് നിര്‍ബന്ധിച്ചുപോലും. പാവം ടീച്ചര്‍ ഗര്‍ഭിണിയുമാണ്. എത്രകാലം കഴിഞ്ഞാണാവോ അയാളിനി വരുക. ഇങ്ങനെ ആ പാവത്തിനെ ബുദ്ധിമുട്ടിപ്പിക്കാനായിരുന്നെങ്കില്‍ അയാള്‍ക്ക് വരാതിരിക്കായിരുന്നു. ഇതിപ്പൊ ഇത്രകാലം കിട്ടാത്തതൊക്കെ അവറ്റകള്‍ക്ക് ആശയായി കൊടുത്തിട്ട്.'' ഉമ്മ എന്നെ ഒന്നുകൂടെ കെട്ടിപ്പിടിച്ചു. ഒരു തണുത്ത നിശ്വാസം എന്‍െറ നെറ്റിയില്‍ പടര്‍ന്നു. ഉറക്കം എന്‍െറ കണ്ണുകളെ തഴുകുമ്പോള്‍ ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു ''മൂപ്പര്ടെ കത്തു വന്നിട്ട് മൂന്നാഴ്ച്ചയായോലെന്‍െറ റബ്ബേ.''
ഇടവപ്പാതിയും കര്‍ക്കടകവാവുമൊക്കെ മുടക്കം വരുത്താതെ കടന്നുപോയി. പാടവരമ്പത്തുകൂടെ ഉയര്‍ന്ന ഉദരവുമായി ടീച്ചര്‍ നടന്നുവരുന്ന കാഴ്ച എന്നെ തെല്ലലോസരപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ അവരുടെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരം ജയിച്ച് സ്കൂളിന്‍െറ അഭിമാനമായി. ഗര്‍ഭക്ഷീണം ആ മുഖത്തിന്‍െറ പ്രസരിപ്പിനെ ബാധിച്ചുവെങ്കിലും ടീച്ചര്‍ പഴയ ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്തുപോന്നു. ഒരു രാത്രിയില്‍ മകരക്കൊയ്ത്തും കാത്ത് വിളഞ്ഞുകിടക്കുന്ന വയലിനപ്പുറത്ത് കെട്ടുനിറയുടെ ഭക്തിയില്‍ ഉയര്‍ന്ന ശരണംവിളികള്‍ക്കൊപ്പം മുഴങ്ങിയ തുടികൊട്ടിനൊപ്പം ഒരു പൈതലിന്‍െറ കരച്ചില്‍ ഞാന്‍ കേട്ടു. ടീച്ചര്‍ക്ക് വീണ്ടുമൊരാണ്‍കുട്ടി ജനിച്ചിരിക്കുന്നു. ഞങ്ങളും ആ കുടുംബത്തോടൊപ്പം ആഹ്ളാദിച്ചു. കുഞ്ഞുമോന്‍െറ കൈയും കാലും വളരുന്നതു നോക്കി നാളുകള്‍ കൊഴിയുന്നതാരും അറിഞ്ഞില്ല. വീണ്ടും പഴയതുപോലെ കുടുംബപ്രാരബ്ധങ്ങളെ ഉന്മേഷത്തോടെ നിവര്‍ത്തിച്ചുപോന്ന ടീച്ചര്‍ അവരുടെ വിരുന്നുകാരനായി എത്തിയ ഭര്‍ത്താവിന്‍െറ അഭാവം തികച്ചും മറന്നതുപോലെ തോന്നി. ഇതിനിടയില്‍ അവരുടെ മകന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൈദ്യപഠനം ആരംഭിച്ചിരുന്നു.
എന്‍െറ ദാമ്പത്യവും പ്രവാസജീവിതവും പിന്നീട് അവരില്‍നിന്നൊക്കെ എന്നെ ഒരുപാട് അകലത്താക്കിയെങ്കിലും ഉമ്മക്കെഴുതുന്ന എഴുത്തുകളിലൂടെ ആ കുടുംബത്തെക്കുറിച്ചന്വേഷിക്കന്‍ ഞാന്‍ മറന്നില്ല. പിന്നീടെപ്പോഴൊ ഞാനും എന്‍െറ കുടുംബവുമെന്ന സ്വാര്‍ഥതയിലേക്ക് ചുരുങ്ങിയപ്പോള്‍ പഴയതെല്ലാം എനിക്കെന്‍െറ ഓര്‍മകളുടെ ഭാണ്ഡത്തില്‍ കെട്ടിവെക്കേണ്ടി വന്നു. ജീവിതത്തിന്‍െറ കുരുക്കുകളില്‍ ഉഴലുമ്പോള്‍, പ്രതീക്ഷകള്‍ പിടിതരാത്ത മരീചികയായി തോന്നുമ്പോള്‍, ചില ഗൃഹാതുരസ്മരണകള്‍ ഊര്‍ജമായി മനസ്സിലേക്ക് പെയ്തിറങ്ങാറുണ്ട്. അങ്ങനെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്നതിനിടയില്‍ ഒരു സ്വപ്നംപോലെ രാധട്ടീച്ചറുടെ ഓര്‍മകളെന്‍െറ മനസ്സിലേക്കെത്തി. അവരിപ്പോളെവിടെയെന്നും എങ്ങനെയെന്നുമൊക്കെ അറിയാനുള്ള അദമ്യമായ മോഹം തോന്നി. ഞാന്‍ എന്‍െറ തറവാട്ടിലെത്തി. നഗരത്തിന്‍െറ പുതിയ മുഖം എനിക്കപരിചിതമായി തോന്നി. യാത്ര പോയ നേരം സായന്തനം. അന്തിവെയിലില്‍ നിഴലിനൊപ്പം ചാഞ്ചാടുന്ന ഉമ്മറത്തിണ്ണയിലിരുന്ന് ജരവീണ നെറ്റിയില്‍ കൈവെച്ചന്‍െറ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, തിളക്കം കുറയാത്ത ആ കണ്ണുകളില്‍ സ്ഫുരിച്ച വിസ്മയഭാവങ്ങളോടെ ഓര്‍മയും മുഖവും ചികഞ്ഞെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ അറിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ അനിയത്തിമാര്‍ക്കെല്ലാം നല്ല വിദ്യാഭ്യാസം കൊടുത്ത് ഉദ്യോഗത്തിലാക്കിയിരിക്കുന്നു. തന്നെയുമല്ല, മൂത്ത മകന്‍ വിദഗ്ധനായൊരു ഡോക്ടറായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്നു. ഇളയ മകന്‍ നാട്ടില്‍തന്നെയുള്ള ബാങ്കില്‍ ജോലി ചെയ്യുന്നു. ഇതിനിടയിലെപ്പോഴോ അവരുടെ ഭര്‍ത്താവ് പ്രായാധിക്യം ഏല്‍പിച്ച അവശതകളോടെ രാധട്ടീച്ചറെ തേടി വീണ്ടുമെത്തി. അവര്‍ അദ്ദേഹത്തെയും സ്വീകരിച്ച് പരിചരിച്ചു. പിന്നീട് ഇനിയൊരിക്കലും ടീച്ചര്‍ക്ക് അപ്രതീക്ഷിതമായൊരു വരവു സമ്മാനിക്കാന്‍ സാധിക്കാത്തിടത്തേക്ക് യാത്രയായി. മുന്‍നിരയിലെ പല്ലുകളില്‍ ചിലതില്ലെങ്കിലും ഇപ്പോഴും തെളിഞ്ഞ ചിരിയോടെ ആരോടും നിഷ്കളങ്ക സൗഹൃദം കാണിക്കുന്ന ടീച്ചര്‍ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ലാതെ പാടങ്ങള്‍ കെട്ടിടങ്ങളായ പ്രദേശത്തിനപ്പുറത്തെ തന്‍െറ ചെറിയ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു.
പുരുഷന്‍െറ തണലില്ലാതെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായി തന്‍െറ നാലനിയത്തിമാരെയും ഉത്തമജീവിതം നയിക്കുന്നവരാക്കിത്തീര്‍ത്തതില്‍ ടീച്ചറുടെ സഹനത്തിന്‍െറ, ഒറ്റയാള്‍ പോരാട്ടത്തിന്‍െറ കരുത്ത് കാണാം. ജീവിതത്തില്‍ ഭര്‍ത്താവുണ്ടായിട്ടും ഭര്‍തൃസുഖം എന്തെന്നറിയാതെ ഒരു കുടുംബത്തിന്‍െറ നെടുന്തൂണായി ജീവിച്ച ടീച്ചറെ ഓര്‍ക്കുമ്പോള്‍ സ്ത്രീകള്‍ അവശ്യം മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണവര്‍ എന്നെനിക്കു തോന്നാറുണ്ട്. യാത്രാമൊഴിയുടെ പിടച്ചിലില്‍ ആശ്ളേഷത്തിന്‍െറ ചൂടില്‍നിന്ന് പതുക്കെ വേര്‍പെടുമ്പോള്‍ തലയില്‍ കൈവെച്ചനുഗ്രഹിച്ച സുകൃതം ചെയ്ത ആ ജന്മം ഇനിയും തലമുറകള്‍ക്ക് കരുത്തുപകരാന്‍ നൂറു ജന്മമെടുക്കട്ടേയെന്ന് ഉള്ളില്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ ഇരുള്‍പരന്ന നാട്ടുവഴിയിലേക്കിറങ്ങി.
(ഷാര്‍ജയില്‍ അക്കൗണ്ടന്‍റ് ആണ് ലേഖിക)
 
 
Madhyamam Weekly

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment