Wednesday 4 July 2012

[www.keralites.net] രക്ഷപ്പെടുമോ ആറളം???

 


ദക്ഷിണേന്ത്യയിലെ നല്ല നടീല്‍ വസ്തുക്കളുടെ വിപണനകേന്ദ്രമെന്ന നല്ല പേരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധിതോത്പന്നങ്ങളുടെ കേന്ദ്രമെന്ന നിലയിലേക്കുള്ള മാറ്റം ആറളംഫാം എന്ന കാര്‍ഷിക വിളഭൂമിയുടെ രക്ഷക്കെത്തുമോ...? 

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കൂലിവര്‍ധനയും തൊഴിലാളിസമരവും കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഫാമിനെ രക്ഷിക്കാനുള്ള അവസാന ശ്രമം. കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി 'ആറളംഫാം' എന്ന പൊതുവാണിജ്യനാമത്തില്‍ വിപണിയിലെത്തുന്നതോടെ ഫാമിന്റെ ശനിദശ മാറുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും മാനേജ്‌മെന്റും. ഇതിന്റെ തുടക്കമെന്നനിലയില്‍ ഫാമിലെ തേനും കുരുമുളകും ആറളംഫാം എന്നപേരില്‍ വിപണിയിലെത്തിക്കഴിഞ്ഞു. 

വരുന്ന ഓണം സീസണില്‍ 'ആറളം'വെളിച്ചെണ്ണയും വിപണിയിലെത്തും.തുടര്‍ന്ന് വിനാഗിരി, പിണ്ണാക്ക്, കയര്‍ എന്നീ ഉത്പന്നങ്ങളും. കശുമാങ്ങ, കശുവണ്ടി, മാങ്ങ, ചക്ക. കൊക്കോ, റബര്‍ എന്നിവയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്കും സാധ്യതകള്‍ ഏറെയാണ്. ഇതിനോക്കെയുള്ള സാമ്പത്തിക സമാഹരണത്തിന് സര്‍ക്കാര്‍ കനിയുമോ, ലക്ഷ്യത്തിലെത്തിക്കാനുള്ള ഇച്ഛാശക്തി ഫാം മാനേജ്‌മെന്റിനുണ്ടോ? തൊഴിലാളികളുടെ ആത്മാര്‍ത്ഥതയ്ക്കുള്ള ഉത്തരമാകും ഫാമിന്റെ നിലനില്‍പ്പ്.

40.09 കോടിക്ക് കേന്ദ്രം നല്‍കിയ സ്ഥലം

34 വര്‍ഷം കേന്ദ്രത്തിന്റെ കൈവശമിരുന്ന നല്ല വിളനിലമാണ് ഫാം. ഏഴുവര്‍ഷം മുമ്പ് ആദിവാസി പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാറില്‍നിന്ന് 40.09 കോടിരൂപയ്ക്കാണ് സംസ്ഥാനസര്‍ക്കാര്‍ വിലയ്ക്ക് വാങ്ങിയത്. 7650ഏക്കറില്‍ നിലനിന്ന ഫാമിന്റെ 3500 ഏക്കര്‍ പുനരധിവാസത്തിനായി വിട്ടുനല്‍കി. ബാക്കിഭാഗം ഫാമായി നിലനിര്‍ത്തിയതോടെ മറ്റൈല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പോലെ സര്‍ക്കാറിന്റെ നയവൈകല്യങ്ങളും തൊഴിലാളിയൂണിയനുകളുടെ സമീപനങ്ങളും ഈ കാര്‍ഷികകേന്ദ്രത്തെ തകര്‍ച്ചയിലേക്ക് നയിച്ചു. ഒരു വര്‍ഷം മുമ്പ് ആറളം ഫാം കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് എന്നപേരില്‍ കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് പുതിയ സമീപനങ്ങളും പരീക്ഷണങ്ങളും ആരംഭിച്ചത്. 3500 ഏക്കറില്‍ 315 ഹെക്ടര്‍ തെങ്ങും, 615 ഹെക്ടര്‍ കശുവണ്ടിയും, 346 ഹെക്ടര്‍ റബറും, 66ഹെക്ടര്‍ കൊക്കോയും, 76ഹെക്ടര്‍ കുരുമുളകും, 21 ഹെക്ടര്‍ അടക്കയും, 10 ഹെക്ടര്‍ മാവും ബാക്കി ഏഴുഹെക്ടര്‍ പേര, പുളി, പ്ലാവ് ഉള്‍പ്പെടെ മറ്റ് കൃഷികളുമാണ് . 

സ്വകാര്യമില്ലുകളിലേക്കും സര്‍ക്കാറിതര ഏജന്‍സികളിലേക്കും കയറ്റിപ്പോകുന്ന ഫാം ഉത്പ്പന്നങ്ങള്‍ ഫാമിനകത്തുതന്നെ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതോടെ പുനരധിവാസമേഖലയിലെ ആദിവാസികള്‍ക്ക് തൊഴിലും ഫാമിന്റെ വരുമാന വര്‍ധനയുമാണ് ലക്ഷ്യം വെക്കുന്നത്.

ഇന്ത്യാ-സോവിയറ്റ് സൗഹൃദ പ്രതീകം

1968-ലെ കടുത്ത ഭഷ്യക്ഷാമകാലത്താണ് ഹരിത വിപ്ലവം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ ക്യഷിഫാമുകള്‍ തുടങ്ങിയത്. സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നപേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ 14 ഫാമുകളില്‍ ഒന്നാണ് ആറളം ഫാം. ഫാം സ്ഥാപിക്കുന്നതിനായി ബുള്‍ഡോസര്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ സോവിയറ്റ് യൂണിയന്‍ സൗജന്യമായി നല്‍കി. രാഷ്ട്രപതിയുടെ പേരിലാണ് ഫാം റജിസ്റ്റര്‍ ചെയ്തത്. 2004-ല്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറുമ്പോള്‍ റജിസ്‌ട്രേഷന്‍ ചെലവായി വന്‍തുക വരുന്നതിനാല്‍ സംസ്ഥാനവുമായി കൈമാറ്റ ഉടമ്പടിയുണ്ടാക്കുകയായിരുന്നു.

ഭൂമിശാസ്ത്ര പ്രത്യേകതകള്‍

പ്രതിവര്‍ഷം 2500-4000മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന മിതശീതോഷ്ണമേഖല. 14 ബ്ലോക്കുകളിലായിക്കിടക്കുന്ന പ്രദേശം. 1 മുതല്‍ 6വരെ ബ്ലോക്കും എട്ടാം ബ്ലോക്കും ചേര്‍ന്നതാണ് ഫാം. ഏഴ് സ്വാഭാവിക തടാകങ്ങള്‍. ധാരാളം ചെറു നീരുറവകള്‍. മുന്നുഭാഗത്തും പുഴ. ഒരുഭാഗം ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള നിബിഡ വനമേഖല. ആദിവാസി പുനരധിവാസമേഖലയും ആരംഭിക്കുന്നത് ഫാമിനോട് ചേര്‍ന്ന ഭാഗത്തുനിന്നാണ്.

വിപണി കീഴടക്കാന്‍ തേന്‍

കലര്‍പ്പില്ലാത്ത ശൂദ്ധതേനിന്റെ അക്ഷയഖനിയാണ് ആറളംഫാം. തേനീച്ചകള്‍ക്ക് വസിക്കാനുള്ള മികച്ച ആവാസവ്യവസ്ഥ. തേന്‍ ഉത്പാദനത്തിനുവേണ്ട കശുമാവിന്‍ തോപ്പ്, തെങ്ങ് , കവുങ്ങ് ,റബര്‍ എന്നിവ പുഷ്ടിയോടെ വളരുന്ന വെള്ളം സുലഭമായുള്ള പ്രദേശം. കൂടാതെ തേന്‍ ശേഖരണം കുലത്തൊഴിലായി സ്വീകരിച്ച ആദിവാസി ജനതയുടെ അധിവാസ മേഖല. എന്നാല്‍ ഇത്തരം സാധ്യതകള്‍ അധികൃതര്‍ക്കുമുന്നില്‍ തുറന്നത് അടുത്തകാലത്താണ്. മൂന്നുവര്‍ഷംകൊണ്ട് 36 ലക്ഷത്തിന്റെ പദ്ധതിയാണ് തേന്‍ ഉത്പാദന വര്‍ധനവിനായി നടപ്പാക്കുന്നത്. 130 ആദിവാസികള്‍ക്ക് പരിശീലനവും ഈച്ചയും പെട്ടിയും നല്‍കി അവരില്‍നിന്നും കിലോയ്ക്ക് 130 രൂപയ്ക്ക് വാങ്ങി സംസ്‌കരിച്ച് ബോട്ടിലിലാക്കി 200 രൂപയ്ക്ക് ആറളം തേന്‍ ബ്രാന്‍ഡ്‌നെയിമില്‍ വിപണയിലെത്തി. മൂന്നുവര്‍ഷംകൊണ്ട് വന്‍ വര്‍ധനയാണ് ലക്ഷ്യംവെക്കുന്നത്.

ആറളം വെളിച്ചെണ്ണയും

പ്രതിവര്‍ഷം ഫാമില്‍ വിളയുന്ന 20 ലക്ഷം തേങ്ങ സ്വകാര്യ കൊപ്രമില്ലുകള്‍ക്ക് ചാകരക്കൊയ്ത്താണ് ഒരുക്കിയിരുന്നത്. തേങ്ങയില്‍ നിന്നുള്ള വെളിച്ചെണ്ണയും പിണ്ണാക്കും വിനാഗിരിയും ചകിരിനൂല്‍ ഉത്പന്നങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം ഒരുക്കിയപ്പോള്‍ ഫാം നാള്‍ക്കുനാള്‍ മെലിഞ്ഞുവരികയായിരുന്നു- തേങ്ങയുടെ വിപണനസാധ്യതകള്‍ മനസ്സിലാക്കാന്‍ വൈകിയതിലുള്ള വില. തേങ്ങ ഫാമില്‍തന്നെ സംസ്‌കരിക്കാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. 57 ലക്ഷം രൂപ ചെലവില്‍ വെളിച്ചെണ്ണനിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഓണത്തിന് മുമ്പ് ഫാം വെളിച്ചെണ്ണ വിപണിയിലെത്തും. പ്രതിദിനം 5000 തേങ്ങ വെളിച്ചെണ്ണയാക്കാനുള്ള പദ്ധതി. ആദിവാസികള്‍ക്ക് തൊഴിലും വരുമാന വര്‍ധനയുമാണ് ലക്ഷ്യംവെക്കുന്നത്. തേങ്ങാവെള്ളത്തില്‍നിന്ന് വിനാഗിരി ഉണ്ടാക്കാനുള്ള 29 ലക്ഷംരൂപയുടെ പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. ചകിരിയില്‍നിന്ന് കയര്‍ ഉത്പന്നങ്ങളും വിപണിയിലെത്തും.

നടീല്‍വസ്തുക്കളുടെ നഴ്‌സറി

ഏഷ്യയിലെ മികച്ച നടീല്‍വസ്തുക്കളുടെ കേന്ദ്രം എന്നാണ് ഫാം അറിയപ്പെടുന്നത്. 15 ലക്ഷത്തിലധികം നടീല്‍വസ്തുക്കളാണ് ഒരുക്കിയിരിക്കുന്നത്. കരിമുണ്ട, പന്നിയൂര്‍ ഇനത്തില്‍പ്പെട്ട ഒന്നര ലക്ഷത്തോളം കുരുമുളക് തൈകളാണ് വിപണനത്തിനായി വളര്‍ന്നുനില്‍ക്കുന്നത്. കര്‍ണാടകത്തിലെ കുടക് ജില്ലയിലേക്ക് ആയിരക്കണക്കിന് തൈകളാണ് കയറ്റിപ്പോകുന്നത്. സങ്കരയിനം തെങ്ങിന്‍ തൈകള്‍, പുതിയ തലമുറയില്‍പ്പെട്ട വിവിധയിനം കശുമാവിന്‍ തൈകള്‍, അത്യുത്പാദനശേഷിയുള്ള വിവിധയിനം കവുങ്ങിന്‍തൈകള്‍, നല്ലയിനം മറുനാടന്‍ മാവിന്‍തൈകള്‍, പ്ലാവ്, പേര, കൊക്കോ എന്നിവയും ഇവിടെ സുലഭമായിക്കിട്ടും. വിദേശരാഷ്ട്രങ്ങളിലെ ഹൈടെക്ക് നഴ്‌സറികളെപ്പോലെ വളര്‍ത്താനും വികസിക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്.

പുതിയ പ്രതീക്ഷകള്‍

കാലം മാറുമ്പോള്‍ കോലം മാറണമെന്ന ചൊല്ല് ഫാമില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത അതിക്രമിച്ചിരിക്കുന്നു. ഇപ്പോഴും ഫാമില്‍ പൂത്തുലയുന്നത് 30 വര്‍ഷത്തോളം പ്രായമായ കശുമാവിന്‍ തോപ്പുകളാണ്. അത്യുത്പാദനശേഷിയുള്ള സങ്കരയിനം കശുമാവിന്‍ തൈകള്‍ സുലഭമായി ലഭിക്കുന്നിടത്ത് 'വ്യദ്ധമാവു'കളാണ് ഫാമിലെ 1000ത്തോളം ഏക്കര്‍ പ്രദേശത്തും. പ്രതിവര്‍ഷം 25 കിലോ കൂടുതല്‍ അണ്ടിലഭിക്കുന്ന കനക , പ്രിയങ്ക, ധന ഇനത്തില്‍പ്പെട്ട മാവുകള്‍ നട്ടുവളര്‍ത്തേണ്ടത് ആവശ്യമാണ്. തെങ്ങുകളും ഏറെ പ്രായമുള്ളവയാണ്. 

വിപണിയിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ റബറിന്റെ ഉത്പാദനവും ഇരട്ടിയായി വര്‍ധിപ്പിക്കണം. കശുമാങ്ങ, കശുവണ്ടി, റബര്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഫാമില്‍തന്നെ ഉണ്ടാക്കണം. 

ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ക്കൊപ്പം ആറളം വന്യജീവി സങ്കേതവും കൂട്ടിയിണക്കിക്കൊണ്ടുള്ള ഇക്കോ ടൂറിസവും വികസിപ്പിക്കണം. ആദിവാസികള്‍ക്ക് തൊഴിലും കൂലിയും ലക്ഷ്യമാക്കി ഹൈടെക്ക് ഡയറി, ഡോട്ട് ഫാമുകള്‍ ആരംഭിക്കണം. ഫാമിനകത്തെ ജലസമ്യദ്ധി വിലയിരുത്തി സര്‍ക്കാര്‍നിയന്ത്രണത്തില്‍ കുപ്പിവെള്ളം ഉണ്ടാക്കുന്നതിനുള്ള ശ്രമവുമാകാം.

തൊഴിലാളിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം, യോഗ്യതയുള്ള ജീവനക്കാര്‍

തൊഴിലിനോട് കൂറും സ്ഥാപനത്തോട് ആത്മാര്‍ഥതയുമുള്ള തൊഴിലാളികള്‍ ഫാമിന്റെ വിജയത്തിന് അത്യാവശ്യമാണ്. ഇടക്കിടെയുള്ള സമരം ഫാമിനെ ബാധിക്കുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ഫാമുകളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ആറളം ഫാം തൊഴിലാളികള്‍ക്കും ലഭിക്കണമെന്ന ന്യായമായ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതാണ് തൊഴിലാളി സമരത്തിന് പ്രധാന കാരണം. മുഖ്യമന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായെങ്കിലും ഇതിനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. തൊഴിലാളികളുടെ ആവശ്യം ന്യായമാണെങ്കിലും ഒപ്പം സ്ഥാപനത്തിന്റെ നിലനില്‍പ്പും പ്രധാനമാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് തേങ്ങയാണ് തെങ്ങിന്‍ ചുവട്ടില്‍നിന്ന് മുളച്ചുപൊന്തുന്നത്. പ്രമോഷന്‍ ഇല്ലാത്തതാണ് ഫാം ജീവനക്കാരുടെ പ്രധാന പ്രശ്‌നം. ഇതിനു പരിഹാരം ഉണ്ടാക്കുന്നതോടോപ്പം യോഗ്യതയുള്ള ജീവനക്കാരെയും നിയമിക്കണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment