Friday, 29 June 2012

[www.keralites.net] മിസ്ഡ്കാള്‍ദുരന്തങ്ങള്‍

 

മിസ്ഡ്കാള്‍ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍:കാരണവും പരിഹാരങ്ങളും

ക്ഷണിക്കപ്പെടാതെ കയറിവരുന്ന അതിഥിയാണ് മിസ്ഡ് കാള്‍. എട്ടുകാലി ഇരപിടിക്കുന്ന മനോഭാവത്തോടെയാണ് ചിലര്‍ മിസ്ഡ്കോളുകള്‍ തൊടുത്തുവിടുക. ഇരയുടെ കാല്‍ വലയില്‍ കുടുങ്ങുന്നതും നോക്കി ദൂരെയെവിടെയെങ്കിലും ആദൃശ്യനായി പതുങ്ങിയിരിക്കുന്നുണ്ടാവും ആ സൂത്രധാരി. ലോകമെങ്ങും വിരിച്ചിട്ടുള്ള മിസ്ഡ്കാള്‍ വലകളില്‍ പൊടുന്നനെ ചെന്നു വീഴുന്നവര്‍ യുവതികളും വിവാഹിതരായ സ്ത്രീകളുമാണ്. മിസ്ഡ്കാള്‍ എയ്തുവിടുന്ന കാമദേവന്മാരുടെ അമ്പുകൊണ്ടു വീഴുന്നവര്‍ക്കിടയില്‍ ഗള്‍ഫുകാരുടെ ഭാര്യമാരും കുറവല്ലെന്ന് ചില അനൌദ്യോഗിക നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മിസ്ഡ്കോളിലൂടെ പ്രണയത്തിലേക്ക് ചാടിവീഴുന്നവര്‍ക്കിടയില്‍ ചേര്‍ച്ചയോ പൊരുത്തങ്ങളോ ബാധകമല്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. നിറം, സൌന്ദര്യം, ജാതി, കുലം, കുടുംബം, വിദ്യാഭ്യാസം, സ്വഭാവം, സംസ്കാരം ഇങ്ങനെയുള്ള യോഗ്യതകള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. ആകെയുള്ളത് ഒരു ശബ്ദം മാത്രം. ആ ശബ്ദത്തില്‍ പ്രണയത്തിന്റെ മധുരമുണ്ടോ? എങ്കില്‍ പൂവിനു പൂമ്പാറ്റയോടുള്ളതുപോലെ വളരെ പെട്ടെന്ന് തോന്നുന്ന ആകര്‍ഷണം ഉടലെടുക്കുകയായി. പൂവിനും പൂമ്പാറ്റയ്ക്കുമിടയിലുള്ളതുപോലെയാണ് ആ ബന്ധത്തിന്റെ ദൈര്‍ഘ്യവും കെട്ടുറപ്പും എന്നു വരുമ്പോഴാണ് അധഃപതനങ്ങള്‍ സംഭവിക്കുന്നത്. കത്തുകളിലൂടെയും നോട്ടത്തിലൂടെയും പ്രണയം സ്ഥാപിക്കുന്ന സമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമായി മിസ്ഡ്കോളിലൂടെ സ്ത്രീകളെ വളരെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോള്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ കണ്ടെത്താനാവുന്നു.
1. ശബ്ദം എന്ന ഘടകം പ്രണയബന്ധത്തിന് ഊടും പാവും നെയ്യുമ്പോള്‍ ഒരു പഞ്ചേന്ദ്രിയം കൂടി ആ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു.
2. കത്തിനോ ഇമെയിലിനോ ഇല്ലാത്ത ആകര്‍ഷണം കേള്‍വി എന്ന അനുഭവത്തിനുണ്ട്.
3. തന്നെ ഒരാള്‍ സ്നേഹിക്കുന്നുണ്ട് എന്നു കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത് മനുഷ്യസഹജമായ ഒരു ദൌര്‍ബല്യമാണ്.
4. പ്രണയവുമായി കടന്നുവരുന്ന പുതിയ വ്യക്തി ജീവിതത്തിലെ എല്ലാ ശൂന്യതകളും നികത്തുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നു.
ക്ഷണിക്കപ്പെടാത്ത അതിഥിയുടെ മനസ്
മിസ്ഡ്കാള്‍ ബന്ധങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഏറ്റവും പ്രബലമായ ഒരു ചിത്രം അമ്പു തൊടുക്കുന്നവന്റെ മനസിലെ പ്രത്യേകതരം ഉദ്ദേശമാണ്. സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് അയാള്‍ ഉന്നം പിടിക്കുന്നത്. അയാള്‍ ആരും ക്ഷണിക്കാതെയാണ് വീടിന്റെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നത്. അയാളെ സ്വീകരിക്കണോ അവഗണിക്കണോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം വീട്ടുകാരനുണ്ട്. യാതൊരു പരിചയവുമില്ലാതെ വീട്ടില്‍ കയറിവന്നയാളെ സ്വീകരിക്കുന്നതുകൊണ്ട് വീട്ടുകാരന് ഒന്നും നേടാനില്ല. പക്ഷേ, വന്നയാളിന് എന്തൊക്കെയോ നേടിയെടുക്കാനുണ്ടെന്നുറപ്പ്. ആരെങ്കിലും ഇങ്ങനെ ക്ഷണിക്കാതെ കയറിവന്നിട്ടുണ്ടെങ്കില്‍ 99% വും സ്വന്തം നേട്ടത്തിനുവേണ്ടിയായിരിക്കും.
ഇതുതന്നെയാണ് മിസ്ഡ്കാള്‍ എന്ന അദൃശ്യനായ അതിഥിയുടെയും മനസിലിരിപ്പ്. യാതൊരു വിവേചനബുദ്ധിയുമില്ലാതെ മുന്നോട്ടും പിന്നോട്ടും നോക്കാതെ അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍പോലും ഈ വലയില്‍ അകപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്.
1. വിജയകരമായ ഒരു ദാമ്പത്യജീവിതത്തിന് ആവശ്യമായ വിദ്യാഭ്യാസം നമ്മുടെ വിദ്യാലയങ്ങളില്‍നിന്നോ കുടുംബത്തില്‍നിന്നോ മതസ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുന്നില്ല.
2. ആധുനികജീവിതത്തില്‍ ദമ്പതികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അപകടങ്ങളുടെ ഗര്‍ത്തങ്ങളെക്കുറിച്ച് ഈ സ്ഥാപനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നില്ല.
3. വിവരസങ്കേതിമക രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെ ലാഘവത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പഴഞ്ചന്‍ സമ്പ്രദായങ്ങളില്‍നിന്ന് മാറിചിന്തിക്കാന്‍ സമൂഹം ഇപ്പോഴും തയ്യാറാവുന്നില്ല.
4. സ്വന്തം സുരക്ഷയില്‍ വിശ്വസിച്ചുകൊണ്ട് വളരുന്ന ഈ ബന്ധങ്ങള്‍ വളരെ വേഗത്തിലാണ് ദൃഢമാവുന്നത്.
5. സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഉള്‍വലിയല്‍ സ്വഭാവത്തിന്റെ ഫലമായി ലൈംഗിക ഇടപെലുകള്‍ നടത്താനുള്ള പ്രവണത അവരില്‍ ഏറുന്നതായി കാണപ്പെടുന്നു.
6. ആധുനികജീവിതത്തില്‍ സ്ത്രീകള്‍ക്കു കിട്ടിയ സാമ്പത്തികസ്വാതന്ത്യ്രം ചെലവുള്ളതെങ്കിലും സെല്‍ഫോണ്‍ ബന്ധങ്ങളുടെ വ്യാപ്തി കൂട്ടുന്നു.
7. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഏതു മോശപ്പെട്ട രംഗങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പുതിയ തലമുറക്കാര്‍ക്കിയിലെ സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മൂല്യച്യുതിയുണ്ടാവാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്.
8. വിവാഹാനന്തരജീവിതത്തിലെ പ്രണയരാഹിത്യം ദാമ്പത്യസങ്കല്പങ്ങളുടെ ദന്തഗോപുരങ്ങള്‍ തകര്‍ന്നുവീഴാനിടയാക്കുന്നു. ഗള്‍ഫുകാരെ സംബന്ധിച്ച് വിവാഹം കഴിഞ്ഞയുടന്‍തന്നെ ഇണകള്‍ തമ്മില്‍ പിരിഞ്ഞു കഴിയാനിടവരുന്നു. പ്രണയത്തിന്റെ അനുഭവങ്ങളൊന്നുംതന്നെ അറിയാതെയാണ് ഈ വേര്‍പിരിയല്‍. ഈ ശൂന്യതയിലേക്ക് കടന്നുവരുന്ന മിസ്ഡ്കാളുകള്‍ക്ക് വളരെ പെട്ടെന്ന് സ്ഥാനംപിടിക്കാനാവുന്നു.
9.ഒരു കുഞ്ഞ് ജനിക്കുന്നതോടെ ദാമ്പത്യത്തിന്റെ വസന്തം അണഞ്ഞുപോകുന്നതായാണ് പൊതുവെ കാണപ്പെടുന്നത്. തികച്ചും യാന്ത്രികമായിപ്പോകുന്ന ആ ജീവിതത്തില്‍ പുതിയ വസന്തങ്ങള്‍ക്കായുള്ള ത്വരയുണ്ടാവുന്നു.
ദുരന്തങ്ങളുടെ ആവര്‍ത്തനങ്ങള്‍
മിസ്ഡ് കാളിലൂടെ പെണ്‍കുട്ടിയുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്ന വ്യക്തിയുമായുള്ള ബന്ധത്തിന് ഒരേയൊരു അടിത്തറയെന്നു പറയുന്നത് ഒരു സെല്‍ഫോണ്‍നമ്പര്‍ മാത്രമാണ്. ഈ വ്യക്തി മദ്യപാനിയാണോ, മാനസികരോഗിയാണോ, ക്വട്ടേഷന്‍ സംഘാംഗമാണോ, ഭീകരവാദിയാണോ എന്നൊന്നും അറിയാതെയാണ് വലയിലാവുന്നത്. ഈ പറഞ്ഞവര്‍ക്കെല്ലാം പ്രണയവും സെക്സുമൊക്കെ ആവശ്യമാണെന്നു വരികയും എന്നാല്‍ നമ്മുടെ സമൂഹത്തില്‍നിന്ന് നേരായ മാര്‍ഗ്ഗത്തിലൂടെ അത് നേടാനാകാതെ വരികയും ചെയ്യുമ്പോള്‍ ഇത്തരം ഒളിയമ്പുകള്‍ എയ്യുകയേ വഴിയുള്ളൂ. കാതിലോതുന്നവന്റെ വാക്കുകേട്ട് കണ്ണടച്ചു വിശ്വസിക്കുന്നവര്‍ അതിന്റെ ദുരന്തങ്ങളും സ്വയം അനുഭവിക്കേണ്ടി വരുന്നു.
ഒരു ഫോണ്‍നമ്പര്‍ മാറ്റുന്നതിലൂടെ മിസ്ഡ്കാളിന്റെ പിന്നിലെ വിരുതന് അപ്രത്യക്ഷമാവാനും സാധിക്കും. വിവാഹിതരായ സ്ത്രീകളെ സംബന്ധിച്ച് ഇത്തരം പ്രശ്നങ്ങള്‍ ബഹുമുഖമായ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത്. ഇവിടെ ഒരു കൂട്ടമാളുകള്‍ ദുരന്തത്തിനു മാപ്പുസാക്ഷികളാകേണ്ടിവരുന്നു. രണ്ടു കുടുംബങ്ങളിലും അവരുടെ ബന്ധുക്കള്‍ക്കിടയിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. കുട്ടികള്‍ക്കിടയില്‍ കനത്ത അരക്ഷിതാവസ്ഥയുണ്ടാകുന്നു. ഏറ്റവുമൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടേണ്ട ഗതികേടിലേക്ക് മിസ്ഡ്കാള്‍ ഇരകള്‍ ചെന്നെത്തുന്നു. ഇതൊരു അപൂര്‍വ്വസംഭമാണെന്നു പറഞ്ഞ് നമുക്ക് ഒഴിവാകാന്‍ കഴിയില്ല.
മൊബൈല്‍ഫോണ്‍ വ്യാപകമായതോടെ ആയിരക്കണക്കിന് കുടുംബബന്ധങ്ങളാണ് തകര്‍ക്കപ്പെട്ടത്. എത്രയോ ദാമ്പത്യബന്ധങ്ങളാണ് വേര്‍പിരിയപ്പെട്ടത്. എത്രയോ പെണ്‍കുട്ടികള്‍ ഒളിച്ചോടുകയും അപകടകരമായ ജീവിതത്തില്‍ അകപ്പെടുകയും ചെയ്തിരിക്കുന്നു. മാനസികരോഗാശുപത്രികളിലും കുടുംബക്കോടതികളിലും ഇതിനുള്ള സാക്ഷ്യങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. ഇരയുടെ കുടുംബത്തെ സംബന്ധിച്ച് മറ്റൊരു വലിയ ദുരന്തംകൂടി ഏറ്റുവാങ്ങേണ്ടിവരുന്നു. കുടുംബത്തിന്റെ സല്‍പ്പേരിലുണ്ടാകുന്ന കറ-അത് എത്ര കാലം കഴിഞ്ഞാലും എത്ര തലമുറ കഴിഞ്ഞാലും മാറ്റിയെടുക്കാനാവാത്തതാണ്. സത്യത്തില്‍ ഈ ഭയമാണ് നമ്മുടെ സമൂഹത്തില്‍ മൂല്യങ്ങള്‍ സൂക്ഷിക്കപ്പെടാനുള്ള കാരണവും. പുതിയ തലമുറ ഇതിനൊന്നും വലിയ വില കൊടുക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള അടിസ്ഥാനകാരണമെന്നു പറയാം.
എന്താണ് പ്രതിവിധി?
കാലം മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്ന വലിയ ഉരുക്കുശാലയാണ്. മാറ്റങ്ങള്‍ കാലത്തിന്റെ പുത്തനുടുപ്പുകളും. ഈ ഉടുപ്പുകളില്‍ ചിലത് സഭ്യവും ചിലത് അസഭ്യവുമാവാറുണ്ട്. മനുഷ്യസമൂഹം തിന്മകളിലേക്ക് കൂപ്പുകുത്തിയപ്പോഴെല്ലാം മൂല്യങ്ങളുടെ വേദപാഠങ്ങള്‍ സംസ്കരിച്ചുകൊണ്ടിരുന്നു. വിവരസാങ്കേതിക മുന്നേറ്റത്തിന്റെ ഈ പുതിയ ലോകം സൃഷ്ടിക്കുന്ന മൂല്യച്ചോര്‍ച്ചകള്‍ക്ക് തടയിടാന്‍ പുതിയ പരിഹാരങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. ദാമ്പത്യ-കുടുംബ ബന്ധങ്ങളുടെ പവിത്രതയിലൂന്നിക്കൊണ്ടുള്ള പ്രീമാര്യേജ് കൌണ്‍സിലിങ്ങും പോസ്റ്റ് മാര്യേജ് കൌണ്‍സിലിങ്ങുമാണ് ഏറ്റവും ഉചിതമായ ഒരു പരിഹാരമായി കണക്കാക്കുന്നത്. ചില ക്രിസ്ത്യന്‍ സമുദായത്തില്‍ അടുത്ത കാലത്ത് പ്രീ മാര്യേജ് കൌണ്‍സിലിങ്ങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശം. ഇത് വളരെ ഫലപ്രദമായ ഒരു ഉപാധിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുമുണ്ട്. ഇത്തരം കൌണ്‍സിലിങ്ങുകളില്‍ ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. പരസ്പര വിശ്വാസമാണ് ദാമ്പത്യബന്ധത്തിന്റെ നെടുംതൂണ്‍. അതു മറിഞ്ഞുവീണാല്‍ കുടുംബവും തകരും. 2. പവിത്രത, സുരക്ഷ, മഹനീയത, വൈകാരിക ബന്ധം എന്നീ മൂല്യങ്ങളുടെ പ്രസക്തി
3. ആശ്വാസ്യകരമല്ലാത്ത ബന്ധങ്ങള്‍ ശാശ്വതമല്ല
4. അത്തരം ബന്ധങ്ങളില്‍നിന്ന് താല്‍ക്കാലിക സംതൃപ്തി മാത്രമേ ലഭിക്കൂ
5. വിവാഹബന്ധം സുസ്ഥിരമായി മുന്നോട്ടു കൊണ്ടുപോകേണ്ടത് ജീവിതപങ്കാളികളില്‍ ഒരാളുടെ മാത്രം ഉത്തരവാദിത്തമമല്ല. ഇരുവര്‍ക്കും അതില്‍ തുല്യ പങ്കാണുള്ളത്.
മലയോര കര്‍ഷകഗ്രാമമായ ആലക്കോട്ടെ, പ്രമീള-രാജേന്ദ്രന്‍ ദമ്പതിമാരുടെ കഥ ഇവിടെ പ്രസക്തമാണ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകംതന്നെ രാജേന്ദ്രന്‍ ഒരു മുഴുക്കുടിയനാണെന്ന സത്യം പ്രമീള മനസിലാക്കി. ഉടനെ വിവാഹമോചനം അല്ലെങ്കില്‍ ആത്മഹത്യ എന്നതായിരുന്നില്ല പ്രമീളയുടെ മുന്നിലെ പോംവഴി. രണ്ടു വര്‍ഷത്തോളം അവള്‍ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ചു. ഇതിനിയില്‍ രണ്ടു കുട്ടികളും ജനിച്ചു. തന്റെ കുടുംബത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കേണ്ടത് മറ്റാരുമല്ല, താന്‍തന്നെയാണെന്നു മനസിലാക്കിയ പ്രമീള കുടുംബത്തിലെ ചിലരുടെ സഹായത്തോടെ രാജേന്ദ്രനെ കുടി മാറ്റാനുള്ള ചികില്‍സയ്ക്ക് വിധേയനാക്കി. സ്നേഹപൂര്‍വമായ പരിലാളനയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജേന്ദ്രന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നാട്ടുകാരും ബന്ധുക്കളും അത്ഭുതത്തോടെയാണ് ഇവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ വീക്ഷിച്ചത്. ശിഥിലമായിക്കൊണ്ടിരിക്കുന്ന ദാമ്പത്യജീവിതങ്ങള്‍ക്ക് അനുകരണീയമായൊരു പാഠമാണ് പ്രമീളാ-രാജേന്ദ്രന്‍ ദമ്പതികളുടേതെന്ന് പ്രത്യേകം പറയട്ടെ. മിസ്ഡ്കോള്‍ എന്ന ഭൂതത്തെ പടിക്കുപുറത്താക്കാന്‍ ഇനിയെങ്കിലും നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും ജാഗ്രത്തായെങ്കില്‍! 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___