Tuesday 29 May 2012

[www.keralites.net] മണിയാശാന്‍ അങ്ങനെ താരമായി; ബിബിസിലും ലിസ്റ്റ് തയ്യാറാക്കി കൊലയുടെ വിവരങ്ങള്‍

 

Fun & Info @ Keralites.net

ലിസ്റ്റ് തയ്യാറാക്കി പാര്‍ട്ടിയുടെ എതിരാളികളെ വകവരുത്തിയിട്ടുണ്ട് എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തി പാര്‍ട്ടിയെ വെട്ടിലാക്കി, കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ മാധ്യമങ്ങളിലും നിറഞ്ഞ് നിന്ന സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഇപ്പോള്‍ ഇതാ ലോകം മുഴുവന്‍ അറിയപ്പെടുന്ന നേതാവായിരിക്കുന്നു. ബി.ബി.സിയിലാണ് മണി പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയായി വന്നിരിക്കുന്നത്.

' കേരള കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞു, എതിരാളികളെ പാര്‍ട്ടി കൊന്നു' എന്ന തലക്കെട്ടിലാണ്‌ വാര്‍ത്ത ബി.ബി.സിയില്‍ വന്നത്‌. തൊടുപുഴ മണക്കാട്ട് മണി പ്രസംഗിച്ചതിന്റെ പിടിഐ ചിത്രവും വാര്‍ത്തയോടൊപ്പം ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1980ല്‍ ഇടുക്കി ജില്ലയില്‍ നടന്ന കൊലപാതകങ്ങള്‍ തുറന്ന് പറഞ്ഞ മണിക്കെതിരെ പോലീസ്‌ കൊലപാതക കുറ്റത്തിന്‌ കേസെടുത്തുവെന്നും വാര്‍ത്തയിലുണ്ട്. എതിരാളികളെ പാര്‍ട്ടി കൊന്നിട്ടുണ്ട്‌ എന്നുള്ളത് കൂടാതെ ഭാവിയിലും അത്‌ ആവര്‍ത്തിക്കുമെന്നും മണി പറഞ്ഞതായി വാര്‍ത്തയില്‍ വിശദീകരിക്കുന്നു. മണിയുടെ പ്രസംഗം തള്ളിപ്പറഞ്ഞ് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന, നടപടിയെടുക്കുമെന്ന ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകള്‍, കേസെടുത്തുവെന്ന് ഇടുക്കി എസ്.പി. ജോര്‍ജ് വര്‍ഗീസ് ബി.ബി.സിയോട് വെളിപ്പെടുത്തിയത് എന്നിങ്ങനെയുള്ള വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ബിബിസി വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് താഴെ നല്‍കുന്നു.

Fun & Info @ Keralites.netFun & Info @ Keralites.net

കൊലപാതകം ഏറ്റുപറയുന്ന തരത്തില്‍ പൊതുയോഗത്തില്‍ പ്രസംഗം നടത്തിയ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 302, 109, 118 വകുപ്പുകളനുസരിച്ച് കൊലപാതകം, ഗൂഢാലോചന, ഗൂഢാലോചനയെപ്പറ്റി അറിഞ്ഞിട്ടും രഹസ്യമാക്കിവെക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തൊടുപുഴ പോലീസ് കേസെടുത്തത്. സര്‍ക്കാറിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മേലധികാരികളുടെ നിര്‍ദേശപ്രകാരം ഇടുക്കി എസ്.പി ജോര്‍ജ് വര്‍ഗീസ്, മണിക്കെതിരെ കേസെടുക്കാന്‍ തൊടുപുഴ ഡിവൈ.എസ്.പി.യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എം.എം.മണിയെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ല. 'ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി, ആദ്യത്തെ മൂന്നുപേരെ കൊന്നു' എന്ന പരാമര്‍ശം അടിസ്ഥാനമാക്കി മണിക്കും മറ്റുള്ളവര്‍ക്കുമെതിരെയാണ് കേസ്. മറ്റുള്ളവര്‍ ആരെന്ന് മണിയെ ചോദ്യംചെയ്താലേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. 1194/2012 ക്രൈം നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. തൊടുപുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചു. പോലീസ് കേസെടുത്ത സാഹചര്യത്തില്‍, സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും എം.എം.മണി അവധിയില്‍ പ്രവേശിച്ചേക്കുമെന്നും അറിയുന്നു.

ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണി പറഞ്ഞ നാല് കൊലപാതകങ്ങള്‍ ഇവയാണ്. 1982 നവംബര്‍ 13ന് വെടിവെച്ചു കൊല്ലപ്പെട്ടത്. അഞ്ചേരി ബേബി. യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ ബെന്നിക്കും വെടിയേറ്റെങ്കിലും മുറിവ് മാരകമായിരുന്നില്ല. ശാന്തന്‍പാറ മേലേചെമ്മണ്ണാറിനു സമീപത്തായിരുന്നു ആക്രമണം. 1983 ജനുവരി 16ന് തല്ലുകൊണ്ട് മരിച്ചത് മുള്ളന്‍കുഴി മത്തായിയാണ്. രാജകുമാരി പഞ്ചായത്തിലെ കുളപ്പാറച്ചാലില്‍ വച്ചായിരുന്നു ആക്രമണം. ജനുവരി എട്ടിന് മത്തായിയുയെ കൈ തല്ലിയൊടിച്ചിരുന്നു. ഈ പ്ലാസ്റ്റര്‍ നീക്കുന്നതിനു മുമ്പാണ് അടുത്ത ആക്രമണം നടന്നത്. 1983 ജൂണ്‍ 1ന് പാര്‍ട്ടി പരിപാടി കഴിഞ്ഞ് മടങ്ങുംവഴി വീടിന് സമീപത്ത് പതിയിരുന്ന ഒരു സംഘമാളുകള്‍ മുട്ടുകാട് പൈയാനിച്ചുവട്ടില്‍ നാണപ്പനെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്നു നാണപ്പന്‍. 2004 ഒക്‌ടോബര്‍ 20നാണ് എം.ബാലസുബ്രഹ്മണ്യം എന്ന ബാലുവിനെ കൊലപ്പെടുത്തിയത്. പീരുമേട് പട്ടുമല ചൂളപ്പാര്‍ട്ടില്‍ പൊതുയോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കൊലപാതകം. മണിയുടെ വിവാദമായി മാറിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജില്ലയിലെ മറ്റ് രാഷ്ട്രീയ കൊലപാതക കേസുകളും അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Fun & Info @ Keralites.net

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴു മക്കളില്‍ ഒന്നാമനാണ് മണി. മണി കിടങ്ങൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, കുഞ്ചിത്തണ്ണിയിലെ ശ്രീനാരായണോദയം ശിവക്ഷേത്രത്തിലെ ശാന്തിജോലിക്കായി മാധവന്‍ ഇരുപതേക്കറിലേക്ക് കുടിയേറിയതാണ്. ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ തുടര്‍പഠനത്തിന് പോവാതെ ചെറുപ്രായത്തില്‍ത്തന്നെ തോട്ടത്തില്‍ കൂലിവേലയ്ക്കിറങ്ങി. കര്‍ഷകത്തൊഴിലാളിയായി തുടങ്ങി ഒടുവില്‍ അവരുടെ നേതാവായി മാറി. ഭാഷാ സ്വാധീനം ഇല്ലെങ്കിലും നല്ല വായനയും കാര്‍ക്കശ്യം നിറഞ്ഞ കമ്മ്യൂണിസ്റ്റ് നിലപാടുകളും പാര്‍ട്ടി വേദികളിലെ മുഖ്യ പ്രസംഗകനാക്കി. 1966ല്‍ 21-ാമത്തെ വയസ്സിലാണ് മണി പാര്‍ട്ടിയംഗമായ മണി 1970ല്‍ ബൈസണ്‍വാലി, 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1974ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1975ല്‍ ദേവികുളം താലൂക്ക് സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് 13 ദിവസം ജയില്‍വാസമനുഭവിച്ചു. 1977ല്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായി. 1985ലാണ് ജില്ലാ സെക്രട്ടറിയായി. അന്നുമുതല്‍ 1988, 1991, 1993, 1997, 2001, 2004, 2007, 2012 സമ്മേളനങ്ങളില്‍ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. 1996ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലെ ഇ.എം.ആഗസ്തിയോട് മത്സരിച്ച് തോറ്റു. ആദ്യ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും പരാജയം നേരിട്ടു. മണിയുടെ അഞ്ചു മക്കളില്‍ ഒരാളായ സതി രാജാക്കാട് ഗ്രാമപ്പഞ്ചായത്തംഗവും മറ്റൊരുമകള്‍ സുമ രാജകുമാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാണ്. മരുമക്കളില്‍ ഒരാളായ വി.എ.കുഞ്ഞുമോന്‍ സി.പി.എം രാജാക്കാട് ഏരിയാ സെക്രട്ടറിയാണ്. ഇടുക്കി ജില്ലയില്‍ മണി സി.പി.എമ്മിനെ സംബന്ധിച്ചടത്തോളും പകരം വയ്ക്കാന്‍ ആളില്ലാത്ത നേതാവാണ്. ഉടുമ്പഞ്ചോല എം.എല്‍.എ കെ.കെ ജയചന്ദ്രന്‍ മാത്രമാണ് മണിയ്ക്കടുത്തെങ്കിലും വരുന്ന ഒരു നേതാവ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മട്ടന്നൂരില്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ പോലും വി.എസ് അച്യുതാനന്ദനെ പ്രചരണത്തിനായി കിട്ടാന്‍ കാത്തുനിന്നപ്പോള്‍, ഇടുക്കിയിലേക്ക് വി.എസ് വരേണ്ടെന്ന് പരസ്യമായി തന്നെ പറഞ്ഞ് ജില്ലയില്‍ മുന്നണിയ്ക്ക് ഉണ്ടായിരുന്ന ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ മൂന്ന് സീറ്റുകളും നിലനിര്‍ത്തി കരുത്ത് തെളിയിച്ച പാര്‍ട്ടി നേതാവ് മാറേണ്ടി വരുന്നത് പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും ഒരുപോലെ തളര്‍ത്തും. എന്നാലും പാര്‍ട്ടിയിലെ പല ഉന്നത നേതാക്കളേയും മറികടന്ന് മണിയാശാന്‍ ബി.ബി.സിയില്‍ പോലും വാര്‍ത്തയായത് ഇനി എതിരാളികള്‍ക്ക് എല്ലാ കാലവും ഉപയോഗിക്കാനുള്ള വടിയായി മാറും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment