ഗ്രഹാം സ്റ്റെയിന്‍സ് -വേദനിക്കുന്ന ഓര്‍മകള്‍ക്ക് 13 വയസ്.
(ഗ്രഹാം സ്റ്റെയിന്‍സും പുത്രന്മാരും രക്തസാക്ഷികളായിട്ട് പതിമൂന്നു വയസ്. വേദനിക്കുന്ന ഓര്‍മകള്‍ സമ്മാനിച്ച് നിത്യതയിലേക്ക് കടന്നുപോയിരിക്കുന്ന ആ ധീര സുവിശേഷകനെയും മക്കളെയും കുറിച്ച് പാസ്റ്റര്‍ വര്‍ഗീസ് മത്തായി എഴുതിയ 'ഗ്രഹാം സ്റ്റെയിന്‍സ് കുടുംബം -ഇന്ത്യയുടെ രക്തസാക്ഷികള്‍' എന്ന ഗ്രന്ഥത്തില്‍നിന്നുള്ള ലേഖനം) 1999 ജനുവരി 23 ശനിയാഴ്ച വെളുപ്പിന് ലോകം ഉണര്‍ന്നത് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ്. ഓസ്‌ട്രേലിയക്കാരനായ ക്രിസ്റ്റ്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയം സുവിശേഷ വിരോധികള്‍ ജീവനോടെ ചുട്ടെരിച്ചു.
കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ആശ്വാസത്തിനും ഉദ്ധാരണത്തിനുമായി കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷമായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ് ഒറീസയിലെ മയൂര്‍ഗഞ്ച് ജില്ലയില്‍ ബാരിപ്പഡില്‍ കുടുംബമായി താമസിച്ച് കുഷ്ഠരോഗ ചികിത്സാ പുനരധിവാസ കേന്ദ്രം നടത്തുകയായിരുന്നു. എല്ലാംകൊണ്‍ടും തനി ഒറീസാക്കാരനായി മാറിയ സ്റ്റെയിന്‍സ് കുടുംബം സേവനങ്ങളിലൂടെ ജനസമ്മിതി നേടിയിരുന്നു. ജനസേവനത്തിലൂടെ നേടിയെടുത്ത അംഗീകാരം ഈ കുടുംബത്തോടുള്ള ചിലരുടെ ശത്രുതയ്ക്ക് കാരണമായിത്തീര്‍ന്നു. ക്രിസ്തുവിന്റെ സ്‌നേഹം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ ഈ കുടുംബത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന കുറ്റം ചുമത്തിയാണ് ജീവനോട് അഗ്നിക്കിരയാക്കിയത്.
ശത്രുവിനുപോലും ദോഷം ചെയ്യരുതെന്ന് പഠിപ്പിച്ച, അക്രമരഹിത മാര്‍ഗ്ഗങ്ങളിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയുടെ നാട്ടില്‍ പിഞ്ചു കുഞ്ഞുങ്ങളോടുപോലും മനസ്സലിവുകാട്ടാതെ ചുട്ടുകൊന്ന ഈ കാട്ടാളത്വം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട ആര്‍ഷഭാരതത്തില്‍ ദിവ്യസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന ഗ്രഹാം സ്റ്റെയിന്‍സും മക്കളും ദൈവസ്‌നേഹത്തിനെതിരായി കത്തിപ്പടര്‍ന്ന പൈശാചികരോഷത്തില്‍ എരിഞ്ഞമര്‍ന്നു. സുവിശേഷത്തിനുവേണ്‍ടി ബലയടാകേണ്‍ടിവന്ന ആയിരമായിരം വിശുദ്ധന്മാരോടൊപ്പം മൂന്നു ജീവിതങ്ങള്‍കൂടി ഹോമിക്കപ്പെട്ടു.
സ്വന്തം നാടും വീടും വിട്ട് ഭാരതത്തിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിനുവേണ്‍ടി ജീവിതം സമര്‍പ്പിച്ച സ്റ്റെയിന്‍സ് കുടുംബം, സമൂഹം വെറുക്കുന്ന കുഷ്ഠരോഗികളുടെ പരിചരണവും ചികിത്സയുമാണ് പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. ഒപ്പം ആദിവാസികളുടെ ഉദ്ധാരണവും. മനേര്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച ആദിവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനുവേണ്‍ടിയാണ് സ്‌റ്റെയിന്‍സും മക്കളും ഓസ്‌ട്രേലിയന്‍ സ്വദേശിയും കോളജ് അധ്യാപകനുനമായ ഗില്‍ബര്‍ട്ട് ബന്‍സിനോടൊപ്പം ജനുവരി 20 ന് ബുധനാഴ്ച ഇവിടെ എത്തിച്ചേര്‍ന്നത്. കെയോന്‍ജൂര്‍ ജില്ലയുടെ ഭാഗമായ ഇവിടെവച്ച് ഇവരെ കൊലപ്പെടുത്തുന്നതിന് അക്രമിസംഘം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ വിലയിരുത്തുന്നു.
സാധാരണയായി അവധിദിവസങ്ങളില്‍ സ്റ്റ്രെയിന്‍സ് മക്കളെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നോടൊപ്പം കൊണ്‍ടുപോവുക പതിവായിരുന്നു. പതിവുപോലെ രാത്രിയിലെ പരിപാടികള്‍ക്കുശേഷം ഇവര്‍ മൂന്നുപേരും ജീപ്പില്‍തന്നെ കിടന്നുറങ്ങി. അര്‍ദ്ധരാത്രിയില്‍ നൂറോളം വരുന്ന അക്രമിസംഘം കൊലവിളി മുഴക്കിക്കൊണ്‍ട് ആക്രോശവും മുദ്രാവാക്യവും വിളികളുമായി ജീപ്പിനെ ചുറ്റിവളഞ്ഞു. പ്രാണരക്ഷാര്‍ത്ഥം പുറത്തിറങ്ങാന്‍ ശ്രമിച്ച പിതാവിനെയും പിഞ്ചുബാലന്മാരേയും ആ കിരാതന്മാര്‍ പുറത്തുവിട്ടില്ല.
ഒച്ചപ്പാടില്‍ ഞെട്ടിയുണര്‍ന്ന ഗ്രാമവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുമ്പോട്ടു വന്നെങ്കിലും അക്രമിസംഘം അവരെ വിരട്ടിയോടിച്ചു. ഭയവിഹ്വലരായ നുറുകണക്കിന് ഗ്രാമവാസികള്‍ സാക്ഷിനില്‍ക്കെ മനുഷ്യതത്തെ ഞെട്ടിക്കുന്ന ആ കാടത്വം നടന്നു, വളഞ്ഞുനിന്ന അക്രമിസംഘം പെട്രോളൊഴിച്ച ശേഷം ജീപ്പിന് തീ കൊളുത്തി. ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ച സംഘം ഇരുട്ടിലേക്ക് മറയുമ്പോള്‍ മൂന്നു ജീവിതങ്ങള്‍ പകയുടെയും പൈശൈചികത്വത്തിന്റെയും രോഷാഗ്നിയില്‍ എരിഞ്ഞമര്‍ന്നിരുന്നു. തീയില്‍ വെന്തമരുമ്പോള്‍ തകര്‍ന്നുടഞ്ഞ ഹൃദയത്തോടെ ആ പിതാവ് തന്റെ പിഞ്ചോമനകളെ കെട്ടിപ്പുണര്‍ന്നതാകാം മരണത്തിനുപോലും വേര്‍പിരിക്കാന്‍ കഴിയാത്ത തരത്തില്‍ കത്തിക്കരിഞ്ഞ മൂന്നു ശരീരങ്ങളും ചേര്‍ന്നു കിടക്കുകയായിരുന്നു. ഒരുപക്ഷേ, തീയില്‍ ഇഞ്ചിഞ്ചായി മരിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള വാഞ്ചയോടെ ആ കുട്ടികള്‍ പിതാവിന്റെ മാറിടത്തില്‍ അഭയം തേടിയതാകാം...!
സ്റ്റെയിന്‍സിന്റെ കൂടെയുണ്‍ടായിരുന്ന മറ്റുള്ളവരെല്ലാം ഗ്രാമത്തിലെ ആരാധനാസ്ഥത്താണ് ഉറങ്ങാന്‍ കിടന്നത്. അക്രമികള്‍ ആരാധനാസ്ഥലത്തിനു തീവച്ചുവെങ്കിലും അതിനുള്ളില്‍ കിടന്നവര്‍ എങ്ങനെയോ രക്ഷപ്പെട്ടു. സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസും മകള്‍ പതിമൂന്നുകാരി എസ്ഥേറും ബാരിപ്പാഡിയിലായിരുന്നതിനാല്‍ അവര്‍ രക്ഷപ്പെട്ടു. എസ്ഥേറും മരിച്ച ഫിലിപ്പും ഊട്ടിയിലെ ഹെബ്രോന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. അവധിക്ക് മാതാപിതാക്കളോടൊപ്പം്യുഎത്തിയതായിരുന്നു ഇവര്‍.
മനോഹര്‍പൂര്‍ ഗ്രാമത്തിലെ ഏകദേശം ഇരൂനുറിലധകം ആദിവാസി കടുംബങ്ങളില്‍ നാല്‍പത് കുടുംബങ്ങള്‍ യേശുക്രിസ്തുവില്‍കൂടിയുള്ള രക്ഷയെ കണ്‍ടെത്തി. കഴിഞ്ഞ നാലു രാത്രികളിലായി ഇവിടെ പ്രത്യേക പരിപാടികള്‍ ഉണ്‍ടായിരുന്നു. ഗ്രാമവാസികളെല്ലാം അവരവരുടെ കുടിലുകളിലെത്തിയ ശേഷമാണ് അര്‍ദ്ധരാത്രിയില്‍ ഈ കാടത്വം അരങ്ങെറിയത്,
ദുഷ്ടത നിറഞ്ഞ ലോകം സ്‌നേഹത്തെ എന്നും വെറുക്കുന്നു. നന്മയെ കീഴടക്കാന്‍ തിന്‍മ എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്‍ടിരിക്കുന്നു. ദൈവസ്‌നേഹത്തിന്റെ പ്രതിരൂപമായി മനുഷ്യാവതാരമെടുത്ത ക്രിസ്തുനാഥനെ ലോകം വെറുത്തു. ക്രിസ്തു തന്റെ ജനത്തിന്റെ ഇടയിലേക്കു വന്നു. അവരും അവനെ കൈക്കൊണ്‍ടില്ല. തിന്മയുടെ പ്രതീകമായ ബറാബാസിനെ സ്വീകരിച്ചുകൊണ്‍ട് കരുണയുടെയും കൃപയുടെയും സന്‌ഹേത്തിന്റെയും പര്യായമായ അരുമനാഥനെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. ശാപമരക്കുരിശില്‍ തൂക്കി കൊലപ്പെടുത്തി.
ക്രിസ്തുനാഥന്റെ അനുയായികളായ നൂറുനൂറു ഭക്തന്മാര്‍ ക്രിസ്തുസ്‌നേഹത്തിന്റെ വക്താക്കളായി. സ്വര്‍ഗ്ഗമഹിമകളെ വെടിഞ്ഞ് മനുഷ്യാവതാരമെടുത്ത് മനുഷ്യകുലത്തിന്റെ ഉദ്ദാരണത്തിനുവേണ്‍ടി കഷ്ടതയേറ്റെടുത്ത നാഥനെപ്പോലെ ജീവിതത്തില്‍ പലതും ത്യജിച്ച് സേവനം ചെയ്ത ഇവര്‍ അവിടവിടെയായി സമൂഹത്തില്‍ പരിമളം പരത്തി. എങ്കിലും ലോക അവര്‍ക്ക് അനുകൂലമായിരുന്നില്ല. തിന്മയുടെ ലോകം നന്മ പ്രവര്‍ത്തിച്ചവരെ വെറുത്തു, തകര്‍ക്കാന്‍ ശ്രമിച്ചു. അങ്ങനെ ആയിരമായിരം വിശുദ്ധന്മാര്‍ പീഡകളേറ്റുവാങ്ങി. സുവിശേഷവിരോധികളുടെ കോപാഗ്നിയിലൂടെ വിദ്വേഷത്തിന്റെ തീനാളങ്ങളാല്‍ ശരീരം കത്തിയമര്‍ന്ന ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സും പുത്രന്മാരായ ഫിലിപ്പും തിമോത്തിയും ഗ്ലാഡിസിനെയും എസ്ഥേറിനെയും തനിച്ചാക്കി ഭാരതസുവിശേഷീകരണത്തിന്റെ വലിയ ദൗത്യം ഭാരതീയരായ നമുക്ക് കൈമാറി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment