വളരെ നികൃഷ്ടമായ രീതിയില്‍ ഭാരതീയരായ പ്രത്യേകിച്ചും സനാതന ധര്‍മ്മികള്‍ ആയ ഋഷി-വര്യന്മാരെ കളിയാക്കാന്‍ പാശ്ചാത്യ-വല്‍ക്കരിക്കപ്പെട്ട പത്ര മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു വികൃത-വാക്ക് ആണ് "ആള്‍-ദൈവം". ഇതില്‍ സിമിടിക് മതങ്ങളുടെ പങ്കു തെല്ലൊന്നും അല്ല. നമ്മളില്‍ ചില ആള്‍ക്കാര്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ സന്തതികള്‍ ആയപ്പോള്‍ ഭാരതീയം ആയ എല്ലാത്തിനോടും നമുക്കും പുച്ഛം ആയി! ഉത്തരവാദിത്ത-ത്തെക്കാള്‍ കൂടുതല്‍ ആയി നാം അവകാശങ്ങളെക്കുറിച്ച് സംസാരിക്കുവാനും തുടങ്ങി.
മദര്‍ തെരേസ്സ, അല്‍ഫോന്‍സാമ്മ, ചാവറ അച്ചന്‍, തുടങ്ങിയവര്‍ ആരും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് "ആള്‍ ദൈവം " അല്ല. മാതാ അമൃതാനന്ദമയി, ശ്രീ സത്യ സായി ബാബ, ശ്രീ ശ്രീ രവി ശങ്കര്‍, ഷിര്‍ദി സായി ബാബ, ശ്രീ രാമകൃഷ്ണ പരമ ഹംസര്‍, നാരായണ ഗുരു ദേവന്‍, ഭഗവാന്‍ രമണ മഹര്‍ഷി തുടങ്ങിയവര്‍ ആള്‍-ദൈവങ്ങള്‍ ആണ്
"ആള്‍-ദൈവം". സിമിടിക് - പശ്ചാത്യവല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍ ഉണ്ടാക്കിയ വാക്ക് ആണെങ്കിലും ആലോചിച്ചാല്‍ അത് ഒരു മനോഹരമായ സങ്കല്‍പം ആണ്. കല്ലിലും, മുള്ളിലും, തൂണിലും, തുരുമ്പിലും ദൈവം ഇരിക്കുന്നു എന്ന് അറിയുന്ന ഭാരതീയന്‍ എന്തുകൊണ്ട് ആളിന്‍റെ ഉള്ളില്‍ ദൈവം ഉണ്ട് എന്ന് അറിയാന്‍ വിസമ്മതിക്കുന്നു? ആളില്‍ ദൈവം ഇല്ലെങ്കില്‍ പിന്നെ എവിടെ ആണ് ദൈവം? സിമിടിക് മതം പറയും പോലെ ആകാശത്ത് ഒരു കസേരയും ഇട്ട്, മനുഷ്യരുടെ ചെയ്തികള്‍ എല്ലാം നോക്കിയിരുന്ന് മരണശേഷം അവരെ വിചാരണ ചെയ്യുന്ന ഒരു വെള്ള-താടിക്കാരന്‍ ആണോ ദൈവം?
മൃഗത്വം, മനുഷ്യത്വം, ഈശ്വരത്വം - ഇത് മൂന്നും മനുഷ്യനില്‍ ഉണ്ട്. ചിലര്‍ മൃഗ-തുല്യമായി ജീവിക്കുന്നു, ചിലര്‍ മാനുഷികം ആയ രീതിയില്‍ വികാര-വിചാരങ്ങളില്‍ കെട്ടു പിണഞ്ഞു ജീവിക്കുന്നു, കുറച്ചു പേര്‍ ദൈവികമായ ഗുണങ്ങള്‍ പ്രകടിപ്പിച്ച് ഈശ്വരത്വത്തില്‍ ജീവിക്കുന്നു. മൂന്നാമത്തെ ഗണത്തില്‍ ഉള്ളവരെ എന്താണ് വിളിക്കേണ്ടത്? ഈശ്വര-തുല്യര്‍ ആയ ആ ആചാര്യന്മാര്‍ നിരന്തരം മൃഗത്വത്തില്‍ നിന്ന് മനുഷ്യത്വതിലെക്കും, മനുഷ്യത്വത്തില്‍ നിന്ന് ഈശ്വരത്വതിലെക്കും മനുഷ്യനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നു - ഇതാണ് അവതാര ധര്‍മം. അവരെ ദൈവ തുല്യരായി കണ്ട് അനുഭവസ്ഥര്‍ ആരാധിച്ചാല്‍ അതില്‍ എന്താണ് തെറ്റ്? അവര്‍ ആളുകള്‍ തന്നെ... ഉള്ളില്‍ ഉണര്‍ന്നിരിക്കുന്ന ദൈവത്തെ കൊണ്ട് നടക്കുന്ന അവര്‍ "ആള്‍-ദൈവങ്ങള്‍' തന്നെ അല്ലേ?
ഇന്ന് നാം അമ്പലങ്ങള്‍ കെട്ടി കല്ലാക്കി വെച്ച് ആരാധിക്കുന്ന കൃഷ്ണന്‍, രാമന്‍ തുടങ്ങി എല്ലാ ദൈവങ്ങളും മനുഷ്യരൂപത്തില്‍ ജനിച്ച്, മനുഷ്യരൂപത്തില്‍ ജീവിച്ച് മരിച്ചവര്‍ ആയിരുന്നില്ലേ? അവര്‍ ആള്‍-ദൈവങ്ങള്‍ അല്ലേ? സമാരാധ്യന്‍ ആയ പരമ പൂജ്യ ശ്രീ നാരായണ ഗുരുദേവനെ ഇന്ന് കല്ലാക്കി അമ്പലങ്ങളില്‍ ഇരുത്തി പൂജിക്കുന്നില്ലേ നാം? അതില്‍ എന്താണ് തെറ്റ്?
ഒരു പഴയ ദോഹ - പൂജ്യ സന്ത് കബീര്‍ ദാസിന്‍റെ പ്രസിദ്ധമായ ഒരു ദോഹ ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നമുക്ക് ഗുണം ചെയ്യും. " ഈശ്വരനും ഗുരുവും ഒരുമിച്ച് എന്‍റെ മുന്നില്‍ വന്നാല്‍ ഞാന്‍ ആദ്യം എന്‍റെ ഗുരുവിന്‍റെ പാദങ്ങളില്‍ നമസ്കരിക്കും. എന്തെന്നാല്‍ എന്‍റെ ഗുരു ആണ് എനിക്ക് ഈശ്വരനെ കാട്ടിത്തന്നത്."
ഇന്ന് "ബുദ്ധിജീവി" സമൂഹം ഒരു സത്യം മനസ്സിലാക്കുന്നില്ല. ഒരുവന് അവന്‍റെ ഗുരുവും ആയി ഉള്ള ബന്ധം കബീര്‍ ദാസ്-ജി വിളിച്ചു പറഞ്ഞ അതേ ബന്ധം ആണ്. അവനു ഈശ്വരനില്‍ ഒട്ടും താഴെയല്ല അവന്‍റെ ഗുരു. സ്വന്തം ഗുരുവിനെ അങ്ങനെ സ്നേഹിക്കുന്ന ഒരുവനും മറ്റൊരാളുടെ ഗുരുവിനെ അധിക്ഷപിക്കുകയും ഇല്ല. ഗുരു-ഭക്തര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ഗുരുവിന്‍റെ പാദ-പൂജ ചെയ്യുന്നതും, ഗുരുവിനെ പൂജിക്കുന്നതും ഒരു സംസ്കൃതിയുടെ ഭാഗം ആണ്. ശങ്കരാചാര്യര്‍ സ്വയം "ഗുരു-പാദുകാ-സ്തോത്രം" എന്ന ഒരു മനോഹര കൃതി എഴുതിയിട്ടുണ്ട്. ഗുരുവിന്‍റെ തൃപ്പാദങ്ങളുടെ മഹത്വം മാത്രം ആണ് ആ കൃതിയില്‍ ആചാര്യസ്വാമികള്‍ പറയുന്നത്. സ്കന്ദപുരാണ അന്തര്‍ഗതമായ "ഗുരു ഗീതയില്‍" ഗുരുവിന്‍റെ മഹത്വത്തെ കുറിച്ചും, ഗുരുവിന് പൂജ ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. "ഗുരു-പാദ-ഉദകം" തന്നെ ഗംഗാ-ജലം എന്ന് ആണ് ഗുരു ഗീത പറയുന്നത്.
ഗുരു-ബ്രഹ്മ ഗുരു-വിഷ്ണു-ഗുരു-ദേവോ-മഹേശ്വര
ഗുരു-സാക്ഷാത്-പരബ്രഹ്മ തസ്മൈ ശ്രീ-ഗുരുവേ നമ:
ഇത് ഒരിക്കലെങ്കിലും ജപിക്കുന്നവന്‍ അറിയേണം - ഗുരു പരബ്രഹ്മം ആണ്- ആ ശക്തി ത്രിമൂര്ത്തികള്‍ക്കും മുകളില്‍ ആണ്. എന്‍റെ ഗുരു നല്ലത്, നിന്‍റെ ഗുരു മോശം എന്ന് ഭേദം വിചാരിക്കുന്നവന്‍ ശരിക്കും ഇനിയും ഒരു ശിഷ്യന്‍ ആകേണ്ടിയിരിക്കുന്നു. ഗുരു-തത്വം എന്തെന്ന് അറിയാന്‍ അത്തരക്കാര്‍ക്ക് ഇനിയും ജന്മങ്ങള്‍ വേണ്ടിയിരിക്കുന്നു....
ദൈവം ബോധ രൂപത്തില്‍ എല്ലാവരുടെ ഉള്ളിലും ഒളിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ എല്ലാവരും ആള്‍-ദൈവങ്ങള്‍ തന്നെ. ചിലരില്‍ ആ ദൈവം ഉണര്‍ന്നിരിക്കുന്നു. ചിലരില്‍ ഉറങ്ങിക്കിടക്കുന്നു. ആ ദൈവം ഉറങ്ങുന്നിടത്തോളം കാലം തന്‍റെ മുന്‍പില്‍ നില്‍ക്കുന്ന മനുഷ്യനിലെ ഉണര്‍ന്നിരിക്കുന്ന ദൈവം അവന്‍റെ കണ്ണില്‍ പെടില്ല.... അത് കണ്ണില്‍ പെടണമെങ്കില്‍ പരയുടെ പാല്‍ നുകരണം....
No comments:
Post a Comment