Thursday 29 March 2012

[www.keralites.net] മാര്‍പ്പാപ്പയ്‍ക്കെതിരേ അച്ചടക്കനടപടി

 

കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്നു പരസ്യപ്രസ്താവന നടത്തിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്‌ക്കെതിരേ പാര്‍ട്ടി അച്ചടക്കനടപടി എടുത്തേക്കുമെന്നു സൂചന. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പുചട്ടലംഘനമാണെന്നും പാര്‍ട്ടിയുടെ താത്വികാചാര്യന്‍ പറഞ്ഞു. വിപ്ലവകാരിയായ ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ മേലധികാരി എന്ന നിലയ്ക്ക് വിപ്ലവപാര്‍ട്ടിയോട് അഭിപ്രായം ചോദിക്കാതെ പരസ്യപ്രസ്താവന നടത്തിയത് ഗുരുതരമായ തെറ്റാണ്. കമ്യൂണിസത്തെപ്പറ്റി ആശയപരമായ ഭിന്നതകളുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളിലാണ് ഉന്നയിക്കേണ്ടത്. എന്നാല്‍, മാര്‍പ്പാപ്പയുടെ പ്രസ്താവനയ്ക്കു പിന്നില്‍ അറിവില്ലായ്മയാണ്. സ്റ്റഡി ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. മാര്‍പ്പാപ്പയ്ക്ക് പാര്‍ട്ടി അംഗത്വമുണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കില്‍ നടപടിയെടുക്കാനും പാര്‍ട്ടി നേതൃത്വം നീക്കങ്ങളാരംഭിച്ചതായാണു സൂചന.

ക്യൂബ ലോകത്തിന്റെ നെയ്യാറ്റിന്‍കരയാണ്. ഇപ്പോള്‍ മാര്‍പപ്പാപ്പ അവിടെപ്പോകേണ്ട ഒരു കാര്യവുമില്ല. കാസ്‌ട്രോമാരുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയത്തില്‍ മതമേലധ്യക്ഷന്മാര്‍ ഇടപെടുന്നതിന്റെയും വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നകതിന്റെയും അപകടകരമായ സൂചനകളാണ് നല്‍കുന്നത്. എന്നാല്‍, നെയ്യാറ്റിന്‍കരയിലെ ബിഷപുമാരെ പാര്‍ട്ടി നേതാവ് കണ്ടത് പുരോഗമനപരമായാണ് കാണേണ്ടത്. ബിഷപുമാരെ സാമൂഹികവിഷയങ്ങളിലേക്കും പൊതുസേവനരംഗത്തേക്കും കൈപിടിച്ചുനടത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്.

അതേ സമയം, മാര്‍പ്പാപ്പയ്‌ക്കെതിരേ തല്‍ക്കാലം ശക്തമായ നടപടികള്‍ വേണ്ടെന്നും കേരളത്തിലെ ക്രിസ്ത്യാനികളെ കമ്യൂണിസത്തില്‍ നിന്നകറ്റാന്‍ മാര്‍പ്പാപ്പ വിചാരിച്ചാല്‍ നടക്കില്ലെന്നും പാര്‍ട്ടി പ്രതിനിധി പറഞ്ഞു. മാര്‍പ്പാപ്പ ക്രിസ്തുവിനെക്കുറിച്ച് മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. മാര്‍ക്‌സിനെപ്പോലെ, പിണറായി വിജയനെപ്പോലെ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു ക്രിസ്തു എന്നത് അദ്ദേഹത്തിനറിയില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പുകൊടുക്കണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു.

കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ മാര്‍പ്പാപ്പ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടോ എന്നന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.ജോര്‍ജിനോടൊപ്പം റോമിലെത്തി മാര്‍പ്പാപ്പയെ കണ്ടതിനു തെളിവുകളുണ്ട്. നെയ്യാറ്റിന്‍കരയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വച്ച് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദപ്രകാരം ആണോ മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്ന് അന്വേഷിക്കണം. മാര്‍പ്പാപ്പയ്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട് എന്നത് സമ്മതിക്കുന്നു എങ്കിലും കമ്യൂണിസത്തെപ്പറ്റി സംസാരിക്കാനുള്ള അറിവ് അദ്ദേഹത്തിനുണ്ടോ എന്നു സ്വയം ചിന്തിക്കണം. ഇത്തരം പ്രസ്താവനകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചു വിശ്വസിക്കുന്ന വിശ്വാസികളെ സഭയില്‍ നിന്നു പുറത്തുപോരാനേ പ്രേരിപ്പിക്കൂ എന്നും പാര്‍ട്ടി പ്രതിനിധി വ്യക്തമാക്കി. അതേ സമയം, മാര്‍പ്പാപ്പയുടെ പ്രസ്താവന മുഖവിലയ്‍ക്കെടുത്ത് പാര്‍ട്ടി നയങ്ങള്‍ തിരുത്തി കോണ്‍ഗ്രസിനെപ്പോലെയാകണമെന്ന് സുമേഷ് ഫണ്ണിത്തല ആവശ്യപ്പെട്ടു.

*ഇത് ആക്ഷേപഹാസ്യരചനയാണ്. സീരിയസ്സായി പറയുന്നതാണെന്നു കരുതി ആരും ബഹളം വയ്‍ക്കരുത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment