ഹീറോയെ സുഖിപ്പിക്കാന്‍ എനിക്കുപറ്റില്ല
കൊച്ചിയിലെ ഡ്രീംസ് ഹോട്ടലിന്റെ 19-ാം നിലയിലെ മുറിയില്‍ സെറ്റിയില്‍ ചാരിക്കിടന്നു ചുമരിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ ഒരു ഹോളിവുഡ് സിനിമ കാണുകയായിരുന്നു റഹ്‌മാന്‍. അലസമായി കിടക്കുന്ന തലമുടിയില്‍ അവിടവിടെ വെള്ളിത്തിളക്കം. കറുത്ത കോട്ടും പാന്റ്‌സും വേഷം. ടെലിവിഷന്‍ സ്‌ക്രീനില്‍നിന്നു മുഖം തിരിച്ചു പുഞ്ചിരിയോടെ കണ്ടുകൊണ്ടിരുന്ന സിനിമയിലേക്കു ക്ഷണിച്ചു. മരിച്ചുപോയ ഭാര്യയുടെ ആത്മാവ് ഭര്‍ത്താവിനെ കാട്ടുജാതിക്കാരുടെ കൂടാരത്തിലേക്കു കൊണ്ടുവരുന്നതാണു സിനിമയുടെ കഥ. ക്ലൈമാക്‌സിലേക്കടുത്തതോടെ സിനിമ കഴിഞ്ഞിട്ടാകാം അഭിമുഖമെന്നു തീരുമാനിച്ചു.
സിനിമ കണ്ടുകൊണ്ടിരിക്കെ റഹ്‌മാനെ ശ്രദ്ധിച്ചു. എണ്‍പതുകളുടെ മദ്ധ്യത്തില്‍ മലയാളികളുടെ മനസില്‍ കൂടൊരുക്കിയ മീശ മുളയ്‌ക്കാത്ത പയ്യന്‍... രവി പുത്തൂരാന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി..! മീശയും വെള്ളിത്തിളക്കം വീണ മുടിയും കാലത്തിന്റെ മാറ്റമെന്നു കരുതി മാറ്റിനിര്‍ത്തിയാല്‍ കണ്ണില്‍ തെളിയുന്നതു പഴയ രവി പുത്തൂരാന്റെ അതേ ഭാവം. സമുന്നതനായൊരു ചലചിത്രകാരന്റെ കണ്ടെത്തലായി മലയാളത്തിന്റെ പ്രിയ റൊമാന്റിക് ഹീറോയായി വളര്‍ന്ന അതേ റഹ്‌മാന്‍ തന്നെ. തമിഴിലും തെലുങ്കിലും ജൈത്രയാത്ര നടത്തിയ റഹ്‌മാനു പക്ഷേ, മലയാളത്തില്‍ നിന്നു വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നതു മറ്റൊരു സത്യം.
ടെലിവിഷന്‍ സ്‌ക്രീനിലെ സിനിമ ക്ലൈമാക്‌സ് കടക്കവെ, റഹ്‌മാന്‍ എഴുനേറ്റു ഫ്‌ളാസ്‌ക്കില്‍നിന്നു ചൂടുവെള്ളം ഗ്ലാസില്‍ പകര്‍ന്ന് 'ഗ്രീന്‍ ടീ' റെഡിയാക്കി നീട്ടി. മലയാളത്തില്‍ അരങ്ങേറ്റം... മികച്ച സംവിധായകര്‍ക്കൊപ്പം ഒരുപാടു പടങ്ങള്‍. എന്നിട്ടും മലയാളത്തില്‍ വല്ലപ്പോഴും മാത്രം എത്തിനോക്കേണ്ട അവസ്‌ഥ... എല്ലാത്തിനും റഹ്‌മാന് ഉത്തരമുണ്ട്. ചൂടുചായ കുടിച്ചിറക്കുന്നതിനിടയ്‌ക്കു സംസാരിച്ചുതുടങ്ങി.
? മലയാളത്തില്‍ നിന്നു റഹ്‌മാനെ മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ.
അതേക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല. പലരും പറയാറുണ്ട്, ചിലര്‍ സംഘടിതമായി എന്നെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പല സിനിമകളില്‍നിന്നും മാറ്റിനിര്‍ത്തിയെന്നുമൊക്കെ. പക്ഷേ, ഞാന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടാറില്ല. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ നമ്മള്‍ പലതും ചെയ്യേണ്ടതുണ്ട്. കൃത്യമായ രീതിയില്‍ പി.ആര്‍.ഒ വര്‍ക്ക് നടത്തണം. എന്റെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമവും ഉണ്ടായിരുന്നില്ല. പിന്നെ ഹീറോ സെറ്റിലിരിക്കുമ്പോള്‍ ചുറ്റും കൂടിയിരുന്നു ചുമ്മാ അയാളെ ചിരിപ്പിക്കാനായി ഫലിതങ്ങള്‍ ഉണ്ടാക്കിപ്പറയണം. കഴിഞ്ഞ സെറ്റിലെ കുശുമ്പും കുന്നായ്‌മയും പെരുപ്പിച്ചു പറഞ്ഞു ചിരിപ്പിക്കണം. എനിക്കിതിനൊന്നും പറ്റില്ല. ഇത്തരക്കാരുടെ വര്‍ത്തമാനങ്ങള്‍ ഞാനും കേള്‍ക്കാറുണ്ട്. ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ പറഞ്ഞു മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാനൊന്നും എനിക്കു താല്‍പ്പര്യമില്ല. അന്നും ഇന്നും ഇങ്ങനെതന്നെയാണ്. അതുകൊണ്ടുതന്നെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ടായിരിക്കാം.
? കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട 'ട്രാഫിക്കി'ല്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുപോലും മലയാള സിനിമ റഹ്‌മാനെ ഗൗനിച്ചില്ലല്ലോ.
നിങ്ങള്‍ പറഞ്ഞതു ശരിയാണ്. ട്രാഫിക്കില്‍ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. എനിക്കു ഡേറ്റ് ഇല്ലാതിരുന്നിട്ടും ചെന്നെയില്‍വന്ന് എന്റെ കാലും കൈയും പിടിച്ചാണു ട്രാഫിക്കിലേക്ക് എന്റെ ഡേറ്റ് വാങ്ങിയതും ഞാന്‍ നല്‍കിയതും. എന്നാല്‍ പിന്നീടവര്‍ എന്നോടു നന്ദികേടാണു കാണിച്ചത്. അത് എനിക്കേറ്റവും അധികം വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു.
ട്രാഫിക്കില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും എന്റെ ഫോട്ടോ പോസ്‌റ്ററില്‍ ഒരിടത്തുപോലും ഉള്‍ക്കൊള്ളിച്ചില്ല. ഇതിനു പിന്നില്‍ ഒരു നടനാണു കളിച്ചതെന്ന് എനിക്കു പിന്നീടു വ്യക്‌തമായി. ആ നടന്റെ പേരു ഞാന്‍ പറയുന്നില്ല. എനിക്കു പ്രാധാന്യം വരുന്നത് ആ നടനു സഹിക്കാത്തതുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്‌തത്. പോസ്‌റ്ററിന്റെ കാര്യം പലരും എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ സംവിധായകന്‍ രാജേഷ് പിള്ളയോടു ചോദിച്ചു. അതൊക്കെ പ്രൊഡ്യൂസറാണു ചെയ്‌തതെന്നാണ് അയാള്‍ പറഞ്ഞത്. പ്രൊഡ്യൂസറോടു ചോദിച്ചപ്പോള്‍ ഡിസ്‌ട്രിബ്യൂട്ടറാണെന്നു പറഞ്ഞു. അവസാനം പരസ്യകലയിലെ ഗായത്രി അശോകനാണു പോസ്‌റ്റര്‍ സെറ്റ് ചെയ്‌തതെന്നു പറഞ്ഞ് എല്ലാവരും തടിയൂരി. ഗായത്രി അശോകന്‍ ആദ്യ വര്‍ക്ക് ചെയ്‌ത സിനിമ ഞാന്‍ ആദ്യമായി അഭിനയിച്ചതാണ്..! പോസ്‌റ്ററിന്റെ കാര്യത്തിലൊക്കെ അന്തിമ തീരുമാനമെടുക്കുന്നതു സംവിധായകനാണ്. അയാള്‍ക്ക് അങ്ങനെയൊന്നും കൈയൊഴിയാന്‍ പറ്റില്ല. ഈ അനുഭവം എന്നെ വല്ലാതെ തളര്‍ത്തി. ഇനി മലയാളത്തിലേക്ക് ഇല്ലെന്നുവരെ ഞാന്‍ തീരുമാനമെടുത്തിരുന്നു.
? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഹ്‌മാനും മലയാളസിനിമയുമായുള്ള ഗ്യാപ്പ് വര്‍ദ്ധിച്ചുവരികയാണല്ലോ.
ഒന്നാമതു നല്ല കഥകള്‍ തേടിയെത്തുന്നില്ല. എനിക്കുവേണ്ടി രൂപപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകുമ്പോഴാണ് എനിക്കതു പാകമാവുക. അല്ലാതെ എണ്ണം തികയ്‌ക്കാന്‍ സിനിമകള്‍ ചെയ്യുന്നതിനോട് എനിക്കു താല്‍പ്പര്യമില്ല. തുടക്കത്തില്‍ എന്നെ തേടിയെത്തിയിരുന്നത് അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. പിന്നീടു ഞാന്‍ തമിഴിലേക്കും തെലുങ്കിലേക്കും പോയി. അവിടെ എന്നെ കാത്തിരുന്നത് ഒരുപാടു നല്ല അവസരങ്ങളായിരുന്നു. പ്രമുഖ സംവിധായകരും പ്രശസ്‌ത ബാനറുകളും എന്നെ വച്ചു സിനിമകള്‍ ചെയ്‌തു. സൂപ്പര്‍ഹിറ്റ് സിനിമകള്‍ അടിക്കടിയുണ്ടായി. ഈ സാഹചര്യത്തില്‍ എനിക്കു മലയാളത്തിലേക്കു വരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.
തുടക്കത്തില്‍ കുറച്ചു പടങ്ങളൊക്കെ നമ്മള്‍ അഭിനയമോഹം തീര്‍ക്കാനായി ചെയ്‌തെന്നിരിക്കും. എന്നാല്‍ പിന്നീട് അഭിനയം ഒരു തൊഴിലായി മാറും. അല്ലെന്ന് ആരു പറഞ്ഞാലും അതു കള്ളമാണ്. കാശു തന്നെയാണു മുഖ്യം. കുടുംബവും മറ്റ് ആവശ്യങ്ങളുമൊക്കെയാകുമ്പോള്‍ കാശ് അനിവാര്യമാണ്. നാലു മലയാള സിനിമ ചെയ്യുന്നതിന്റെ പ്രതിഫലം ഒറ്റ തമിഴ് സിനിമ ചെയ്‌താല്‍ കിട്ടും. അവിടെയാണെങ്കില്‍ അവസരങ്ങള്‍ ഏറെയുമാണ്. മാത്രമല്ല, അവിടത്തേതു വലിയ ഇന്‍ഡസ്‌ട്രിയാണ്. ഒരു വര്‍ഷത്തേക്കൊക്കെയായിരിക്കും അവിടെ ഡേറ്റ് നല്‍കേണ്ടിവരിക. നൂറു ദിവസത്തിലേറെയാണു ഷൂട്ടിംഗ് ടൈം. അതു കാലേകൂട്ടി ബുക്ക് ചെയ്‌തിരിക്കും. മലയാളത്തിലാണെങ്കില്‍ ഷൂട്ടിംഗിന്റെ തൊട്ടു മുമ്പായിരിക്കും ഡേറ്റിനുവേണ്ടിയെത്തുക. അപ്പോള്‍ നമുക്കു സഹകരിക്കാന്‍ കഴിയില്ല. അതും ഗ്യാപ്പിനുള്ള കാരണമായിട്ടുണ്ട്. ഒരുപക്ഷേ, കൊച്ചിയില്‍ സ്‌ഥിരതാമസമാക്കാതെ ചെന്നൈയില്‍ താമസിക്കുന്നതുകൊണ്ട് എനിക്കു ശരിയായ രീതിയില്‍ ഇടപെടാന്‍ സാധിച്ചിട്ടുമുണ്ടാവില്ല. എന്തായാലും കുട്ടികളുടെ പഠനമൊക്കെ നോക്കേണ്ടതിനാല്‍ അവിടെ നിന്നു മാറാന്‍ തല്‍ക്കാലം സാധ്യമല്ല.
? വിജയചിത്രങ്ങള്‍ അല്ലാത്തവയിലും അഭിനയിക്കേണ്ടിവന്നതു സെലക്‌്ഷനിലെ പരാജയമാണൊ.
ചില സിനിമകള്‍ക്കു ഡേറ്റ് നല്‍കിയതു കമ്മിറ്റ്‌മെന്റുകളുടെ പേരിലാണ്. അത് എനിക്കു തിരിച്ചടിയായെന്ന് എനിക്കിപ്പോള്‍ വ്യക്‌തമായിട്ടുണ്ട്. ചില സുഹൃത്തുക്കള്‍ വന്നു കഥപറഞ്ഞു ഡേറ്റ് ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇനി എന്തായാലും ഇത്തരം അബദ്ധം എന്റെയടുത്തുനിന്നുണ്ടാവില്ല. ഡേറ്റിനായി വരുന്നത് ആരായാലും സംവിധായകന് അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കരാറാകൂ. ഒരു പരിചയവുമില്ലാത്ത പുതുമുഖ സംവിധായകനു ഡേറ്റ് നല്‍കില്ല. എല്ലാവരും ഈ നിലപാടു സ്വീകരിച്ചാല്‍ പുതുമുഖ സംവിധായകര്‍ എന്തുചെയ്യുമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. അനുഭവം ഇങ്ങനെയായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ട്രാഫിക്കിനുശേഷം രണ്ടു സിനിമകള്‍ ചെയ്‌തു. ഒന്ന് 'മുസാഫിര്‍'. അതിന്റെ വര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. മൂന്നു ദിവസത്തെ ഷൂട്ട് ഇനിയുമുണ്ട്. രണ്ടാമത്തേതു 'ലവണ്ടര്‍'. അതിന്റെ സംവിധായകനു സംവിധാനമറിയില്ലെന്നു ഷൂട്ട് തുടങ്ങിയപ്പോഴാണു മനസിലായത്. കൈപ്പടം നിവര്‍ത്തിവച്ചു ചരിഞ്ഞുനോക്കിയതുകൊണ്ടു സംവിധായകനാവില്ല. പടം ഇനിയും പാതിപോലുമായിട്ടില്ല. രണ്ടും അബദ്ധങ്ങളായെന്നു തിരിച്ചറിഞ്ഞതു പിന്നീടാണ്. ഇനി ഏതായാലും ചതി പറ്റാന്‍ നിന്നുകൊടുക്കില്ല.
? പത്മരാജന്റെയും ഭരതന്റെയുമൊക്കെ സിനിമകളില്‍ വേഷമിട്ട റഹ്‌മാന് ആ തുടക്കം നിലനിര്‍ത്താന്‍ കഴിയാതെ പോയതെന്തേ.
എല്ലാവരുടെയും കരിയറിലും കയറ്റിറക്കങ്ങളുണ്ട്. ഞാന്‍ ഒരിക്കല്‍പോലും ആരുടെ അടുത്തും അവസരങ്ങള്‍ക്കായി പോയിട്ടില്ല. ഒരു കതകിലും മുട്ടിയിട്ടില്ല. ഒരു വര്‍ഷം ഞാന്‍ പടമില്ലാതിരുന്നിട്ടുണ്ട്. അതെന്നെ സാമ്പത്തികമായി തളര്‍ത്തിയെങ്കിലും ഞാന്‍ ആരുടെ മുന്നിലും അവസരത്തിനായി കൈനീട്ടിയില്ല. ഒരാളും എന്നെ സഹായിക്കാനും എത്തിയില്ല. ഭാരതിരാജ എന്റെ തൊട്ടടുത്തായിരുന്നു താമസം. എന്നിട്ടും ഞാനദ്ദേഹത്തോടു റോള്‍ ചോദിച്ചുപോയിട്ടില്ല. എനിക്ക് അറിയാവുന്ന ഏക തൊഴില്‍ അഭിനയമാണ്. അതുകൊണ്ടുതന്നെ അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ തൊഴില്‍രഹിതന്റെ എല്ലാവിധ അസ്വസ്‌ഥതകളും ഞാന്‍ അനുഭവിക്കുകയും ചെയ്‌തു. അവസരത്തിനായി കാത്തുനില്‍ക്കാതെയായിരുന്നു എന്റെ തുടക്കവും. നിനച്ചിരിക്കാതെയാണു ഞാന്‍ സിനിമയിലെത്തിയത്. ഞാന്‍ അഭിനയം പഠിച്ചുവന്നയാളല്ല. എന്നിട്ടും എനിക്കിവിടെ നിലനില്‍ക്കാന്‍ കഴിയുന്നതുതന്നെ വലിയ കാര്യമല്ലേ. അത് എനിക്കുള്ള ഗോള്‍ഡന്‍ ഗിഫ്‌റ്റായും എന്റെ മാതാപിതാക്കളുടെ പുണ്യമായും കരുതാനാണു ഞാന്‍ ഇഷ്‌ടപ്പെടുന്നത്.
? ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്‌മാന്‍ അടുത്ത ബന്ധുവായിട്ടും പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചില്ലേ.
യാതൊരു തരത്തിലുള്ള ഗുണവും എനിക്ക് അദ്ദേഹത്തില്‍നിന്നു ലഭിച്ചിട്ടില്ല. മാത്രമല്ല, നഷ്‌ടങ്ങള്‍ ഏറെയുണ്ടുതാനും...
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment