മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ ആസനത്തില്‍ അടിച്ചുകയറ്റിയ കമ്പിപ്പാരയാണ് ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയുടെ അഞ്ഞൂറാനും പൊന്നുമോനും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തില്‍ ജനം അടികൊള്ളുകയാണ്. അച്ഛനും മകനും നേരെ നിന്ന് അടിച്ചുതീര്‍ക്കേണ്ട കേസേയുള്ളൂ. എന്നാല്‍,ആഢ്യന്മാര്‍ക്ക് അടിച്ചുപൊളിക്കാന്‍ അനുയായികളുടെ പ്രതീകാത്മക കവിള്‍ മതി.അച്ഛന്‍ അടിച്ചത് അവന്റെ കവിളിലാണെങ്കിലും വേദനിച്ചത് എനിക്കാണെന്നും അവന്റെ ആള്‍ക്കാര്‍ എറിഞ്ഞ് തകര്‍ത്തത് എന്റെ സഹായിയുടെ ജനലാണെങ്കിലും പൊട്ടിയത് എന്റെ മനസ്സിന്റെ ചില്ലുകളാണെന്നുമുള്ള ക്ലീഷേ ഡയലോഗുകള്‍ പറയുന്ന കേരള ഡ്രാമാ കോണ്‍ഗ്രസ് രാഷ്ട്രീയം നാഷനല്‍ വേസ്റ്റ് ആയി ജനങ്ങളെ തമ്മിലടിപ്പിച്ചു കഴിയുമ്പോള്‍ അച്ഛാ-മകാ ആലിംഗനങ്ങളോടെ കെട്ടിപ്പിടിച്ചു കോംപ്രമൈസ് ആകാനുള്ള സീനിന്റെ റിഹേഴ്സല്‍ അവസാനവട്ടമെത്തിയിട്ടുണ്ടാവും.
ഉഡായ്‍പ് രാഷ്ട്രീയം ഇനി കേരളത്തില്‍ എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പാലായിലും കൊട്ടാരക്കരയിലും മാത്രമായിരിക്കും. ഏതു മരണവീട്ടില്‍ച്ചെന്നാലും ഏങ്ങലടിച്ചു കരയുന്ന മാണിസാറും അഞ്ഞൂറാന്‍ കളിക്കുന്ന പിള്ളസാറും വേദനിക്കുന്ന മന്ത്രീശ്വരനും കാഴ്ചവയ്‍ക്കുന്നത് കാര്‍ട്ടൂണുകളില്‍ നിന്നു പോലും അപ്രത്യക്ഷമായ കാലഹരണപ്പെട്ട രാഷ്ട്രീയതന്ത്രമാണ്. മന്ത്രി ഗണേഷിന്റെ പിഎ പ്രദീപ്കുമാറിനെ ഓഫിസില്‍ നിന്നു വിളിച്ചിറക്കിയാണ് പിള്ള അടിച്ചത്. അതിഭീകരങ്ങളായ 11 മാരകരോഗങ്ങളാല്‍ നരകിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന മനുഷ്യനാണ് പുറത്ത് വന്നു കഴിഞ്ഞപ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്‍ കളിക്കുന്നത് എന്നോര്‍ക്കണം.
പിള്ളയും മകനും തമ്മിലുളള രാഷ്ട്രീയ അകല്‍ച്ചാ നാടകത്തിന്റെ വിശ്വസനീയമായ ക്മൈമാക്‍സിനു വേണ്ടിയുള്ള കോപ്പുകൂട്ടലുകാണെങ്കിലും പ്രേക്ഷകരെ അത് എത്രത്തോളം സ്വാധീനിച്ചു എന്നത് പറയാന്‍ പറ്റില്ല. ഗണേഷ് ജില്ലയിലെത്തിയാല്‍ കരിങ്കൊടി കാണിക്കും എന്നു പ്രഖ്യാപിച്ചും കോലം കത്തിച്ചുമൊക്കെ പിള്ള ഫാന്‍സ് മറ്റൊരു തരത്തില്‍ പിരിമുറുക്കി വരുമ്പോഴാണ് അദ്ദേഹം പിഎയെ അടിക്കുന്നത്. പിഎയുടെ നിലപാട് അതിലും രസകരമാണ്. വിഷമമുണ്ട് പക്ഷെ,പരാതിയില്ല എന്ന അവസ്ഥ. അതിനു പ്രതികാരമെന്നോണം ഇന്നലെ ഗണേഷിന്റെ ഫാന്‍സ് പിള്ളയുടെ അനുയായിയുടെ വീടിനു കല്ലെറിഞ്ഞതാണ് പുതിയ സംഭവം.
ഗണേഷിന്റെ പിഎയെ തല്ലിയത് പിള്ളയാണെന്നിരിക്കെ പിള്ളയുടെ അനുയായിയുടെ വീടിനു കല്ലെറിയുന്നത് എവിടുത്തെ ന്യായമാണ് എന്നാരും ചോദിക്കരുത്. രാജരക്തമാണ്. കാലാള്‍പ്പട മുതല്‍ എല്ലാത്തിനെയും കൊന്നൊടുക്കിയിട്ടേ രാജാക്കന്മാര്‍ നേരിട്ട് പോരാട്ടത്തിനിറങ്ങൂ. മറ്റൊരു രസകരമായ സംഗതി പിള്ളയുടെ അനുയായിയുടെ വീടിനു കല്ലെറിയുമ്പോള്‍ അനുയായി വീട്ടിനുള്ളില്‍ ലൈറ്റിടുകയും ലൈറ്റിട്ടപ്പോള്‍ റിയാസേ ഓടിക്കോടാ എന്ന് ഏറുകാരായ ചാത്തന്മാര്‍ ആരോ പറയുകയും ചെയ്തതാണ്. മന്ത്രി ഗണേഷിന്റെ പേഴ്സനല്‍ സ്റ്റാഫില്‍പ്പെട്ട ആളാണ് റിയാസ്. ആ ഏറിനെ ഗണേഷ് അച്ഛന്റെ തലയ്‍ക്കിട്ടു കൊടുത്ത ഏറായി വ്യാഖ്യാനിക്കണം എന്നു ചുരുക്കം. ഓടുമ്പോള്‍ ഗണേഷേ എന്നു വിളിക്കാനുള്ള ബുദ്ധി അവന്മാര്‍ക്കു പോയില്ല എന്നതില്‍ കേരളം ഖേദിക്കണം.
പിള്ള ഗണേഷിന്റെ പിഎയെ തല്ലിയതിനു ശേഷം പിള്ളയുടെ ബന്ധുവിന്റെ പേരിലുള്ള ശരണ്യ ബസുകള്‍ ആരോ അടിച്ചുതകര്‍ത്തിരുന്നുവത്രേ (കെഎസ്‍ആര്‍ടിസിയുടെ ചോരയാണ് ശരണ്യ ബസുകളുടെ സിരകളിലൂടെ ഓടുന്നതെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു). കൊട്ടാരക്കക്കാര്‍ മന്ദബുദ്ധികളാണെന്ന് ആരും പറയില്ല. എന്നാല്‍ ഈ ടൈപ്പ് തട്ടിപ്പുകള്‍ക്ക് തായം കളിക്കുന്ന മാടമ്പികളുടെ കുണ്ടന്മാരെപ്പറ്റി ആചോലിക്കുമ്പോള്‍ സഹതാപം തോന്നുന്നുണ്ട്.ഒടുവില്‍ അച്ഛന്‍ മകനെ അനുഗ്രഹിക്കുന്ന സീനില്‍ പരസ്പരം സന്തോഷാശ്രു തുടച്ചുകൊണ്ട് പുഷ്ടപവൃഷ്ടി നടത്താനും തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഈ പറയുന്ന അനുയായി കഥാപാത്രങ്ങള്‍ തന്നെ വേണമെന്നത് വേറെ കാര്യം.
ഇതൊന്നും നാടകമല്ല, ആത്മാര്‍ഥമാണ് എന്നുണ്ടെങ്കില്‍ വെറുതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ അച്ഛനും മകനും മുഖത്തോടു മുഖം നോക്കി അടിച്ചോ പിടിച്ചോ ഒക്കെയായി അങ്ങു തീര്‍ത്തു കൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. വെറുതെ നാട്ടുകാരുടെ നെഞ്ചത്തോട്ടു കേറി തറവാടിത്തം കാണിക്കുന്നതിനെ ഇക്കാലത്ത് വേറേ ഏതൊക്കെയോ പേരുകളിട്ടാണ് ജനം വിളിക്കുന്നതെന്നു കേള്‍ക്കുന്നു.
No comments:
Post a Comment