Monday 27 February 2012

[www.keralites.net] ന്യൂ ജനറേഷന്‍ സംവിധായകനാണ് അമല്‍ നീരദ്.

 


ബോളിവുഡ് മാസ്മരികപ്രപഞ്ചത്തില്‍ നിന്നാണ് അമല്‍ നീരദ് മലയാള സിനിമയില്‍ എത്തിയത്. വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയ ഈ ചെറുപ്പക്കാരന്‍ മലയാള സിനിമയെ മേക്കിങ്ങില്‍ ബോളിവുഡിനോട് അടുപ്പിച്ചു. ബിഗ് ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അമല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ മേഖലകള്‍ കടന്ന് അമല്‍ പുതിയ ചിത്രത്തിന്റെ നിര്‍മാതാവാകാന്‍ പോകുന്നു. എന്താണ് ഈ മാറ്റത്തിലേക്ക് അമലിനെ പ്രേരിപ്പിച്ചത്...

പുതുമകള്‍ തേടിയുള്ള ഈ യാത്രയില്‍ യുവസംവിധായകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്...അമല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുന്നു...

സിനിമയുടെ മേക്കിങ്ങിന്റെ കാര്യത്തില്‍ ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായ ന്യൂ ജനറേഷന്‍ സംവിധായകനാണ് അമല്‍ നീരദ്. അത്തരം ആരോപണങ്ങളില്‍ നിന്നുള്ള മുക്തിയാണോ പുതിയ ബാച്ചിലര്‍ പാര്‍ട്ടി?

എന്റെ സിനിമ എന്റെ അഭിരുചികളുടെ സമാഹാരമാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫ്രഞ്ച് സംവിധായകനാണ് ക്ലോഡ് ഷാ ബ്രോണ്‍. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലും നൂറാമത്തെ ചിത്രത്തിലും ഒരേ ഐറ്റം തന്നെയാണ് വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. സംവിധായകന്റെ ചില ഇഷ്ടാനിഷ്ടങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ വെറും അമേച്വറായ സംവിധായകനാണ്. മലയാളത്തില്‍ത്തന്നെ 50 ചിത്രം സംവിധാനം ചെയ്ത സംവിധായകന്‍ 51- ാമത്തെ ചിത്രം എടുക്കുമ്പോള്‍ വലിയ വ്യത്യാസമൊന്നും കാണിക്കാറില്ല. ആ സാഹചര്യത്തില്‍ 4-ാമത്തെ പടത്തിലേക്ക് കടന്ന എന്നെ കല്ലെറിയരുതേ എന്ന അപേക്ഷയുണ്ട്.

എന്റെ കഴിഞ്ഞ ചിത്രങ്ങളായ ബിഗ് ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ നായകന്മാര്‍ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ ബാച്ചിലര്‍ പാര്‍ട്ടി മള്‍ട്ടിപ്പിള്‍ ഹീറോസിന്റെ ജീവിതയാത്രയുടെ കഥയാണ്. ഇവിടെ ഓരോ കഥാപാത്രങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ലയര്‍ ഉണ്ട്. അതുകൊണ്ടുതന്നെ എന്റെ സ്ഥിരം ചിത്രങ്ങളിലെ നായക കെട്ടുകാഴ്ചകളില്‍നിന്ന് ഈ ചിത്രം വ്യത്യസ്തമായേക്കാം. മൂന്നു ദിവസത്തിന്റെ കാലയളവില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അതിനിടയില്‍ ചില ഫ്ലാഷ് ബാക്കുകളും കഥ പറയലും കാണാം.

കൊച്ചിയുടെ അധോമണ്ഡലത്തിലൂടെയാണോ ഈ ചിത്രവും കടന്നുപോകുന്നത്.

അല്ല. അതില്‍നിന്നുള്ള മോചനമുണ്ട്. കുട്ടിക്കാലത്ത് നാം കണ്ടതും കേട്ടതും വിസ്മയംകൊണ്ടതുമായ ചില കാഴ്ചകള്‍ എന്റെ ചിത്രങ്ങളില്‍ കടന്നുവരാറുണ്ട്. പ്രേക്ഷകരെ പേടിപ്പിക്കുന്നതും അറപ്പിക്കുന്നതുമായ ആക്ഷന്‍ സീനുകള്‍ ഞാന്‍ ഒരുക്കാറില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന വീഡിയോ ഗെയിംപോലെ ഒരു 'കോറിയോഗ്രാഫി' എന്റെ ആക്ഷന്‍ സ്വീക്കന്‍സുകളില്‍ ഞാന്‍ തീര്‍ക്കാറുണ്ട്. എന്റെ സഹോദരിയുടെ മകന്‍ കളിക്കുന്ന വീഡിയോ ഗെയിംസിലെ വയലന്റ്‌സുപോലും ഞാന്‍ ഒരുക്കുന്ന സിനിമകളില്‍ ഇല്ല.

പൊതുവെ പറയാറുണ്ട്, ഇന്നത്തെ കൊച്ചിക്ക് ഭീകരതയുടെയും അധോലോകത്തിന്റെയും പരിവേഷം ചാര്‍ത്തുന്നത് അമലിനെപ്പോലുള്ളവരുടെ സിനിമകളാണെന്ന്. സത്യത്തില്‍ കൊച്ചിക്ക് അത്രയും ഭീകരമായ മുഖമുണ്ടോ?

ചോദ്യം ശരിയായിരിക്കാം. അതൊക്കെ ചില സങ്കല്പങ്ങളാണ്. ഞാന്‍ തിരിച്ച് ചോദിക്കട്ടെ. രാവിലെ പശുവിനൊപ്പം വയല്‍വരമ്പിലൂടെ നടക്കുന്നവരുടെ ഗ്രാമം ഇന്ന് കേരളത്തില്‍ ഉണ്ടോ. നന്മയുടെയും ശാന്തിയുടെയും ഗ്രാമം ഇന്ന് എവിടെയുണ്ട്. മിക്ക സ്ഥലങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളും മള്‍ട്ടിപ്ലെക്‌സുകളും ഉണ്ട്. തികഞ്ഞ ഫിക്ഷനായാണ് ഞാന്‍ ചിത്രം ഒരുക്കാറുള്ളത്.


അത് മറ്റു ചിത്രങ്ങളെപ്പോലെ നന്മയുടെയും തിന്മയുടെയും കഥ പറയുന്നവയാണ്. പ്രേക്ഷകര്‍ ആ കഥയില്‍ നിന്ന് തിന്മ തള്ളിക്കളഞ്ഞ് നന്മ മാത്രം ഏറ്റെടുത്താല്‍ മതി. കൊച്ചി വിടാം. ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടന്നത് കോഴിക്കോട്ടാണ്. കൊച്ചിയായാലും കോഴിക്കോടായാലും മുംബൈയായാലും നമ്മുടെ പശ്ചാത്തലത്തില്‍ എല്ലാം ഉണ്ട്. അത് പലരും കാണുന്നില്ല എന്നതാണ് സത്യം. ഗ്രാമം നന്മകളാല്‍ സമൃദ്ധമാണെന്നും നഗരം തിന്മകള്‍ നിറഞ്ഞ സ്ഥലമാണെന്നും ഒരിക്കലും ഞാന്‍ വിചാരിക്കുന്നില്ല.

ക്യാമറാമാന്‍, സംവിധായകന്‍ എന്നീ റോളുകള്‍ക്കു പുറമെ 'ബാച്ചിലര്‍ പാര്‍ട്ടി'യില്‍ എത്തുമ്പോള്‍ നിര്‍മാതാവിന്റെ റോള്‍കൂടി അമല്‍ അണിയുകയാണ്. ഈ മാറ്റത്തിലേക്ക് സത്യത്തില്‍ പ്രേരിപ്പിച്ച ഘടകം എന്തൊക്കെയാണ്?

സിനിമയില്‍ നല്ല നിര്‍മാതാക്കള്‍ക്കൊപ്പവും ചീത്ത പ്രൊഡ്യൂസര്‍മാര്‍ക്കൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ പരമപ്രധാനമായ സ്ഥാനം നിര്‍മാതാവിനാണ് ഉള്ളത്. സിനിമ, ഷോ ബിസിനസ് എന്ന നിലയില്‍ എല്ലാ സ്ഥലങ്ങളിലും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഹോളിവുഡും ബോളിവുഡും ഭരിക്കുന്നത് പഴയ നിര്‍മാണക്കമ്പനികളാണ്. എല്ലായിടത്തും ഷോ ബിസിനസ് തഴച്ചു വളരുമ്പോള്‍ നമുക്കുമാത്രം കോടികളുടെ നഷ്ടത്തിന്റെ കണക്കു പറയാനേ സമയമുള്ളൂ. ഇവിടെ റിയല്‍ എസ്റ്റേറ്റില്‍ നിന്ന് സിനിമയില്‍ എത്തുന്നവര്‍ക്ക്, അവരുടെ വലിയ ലാഭങ്ങള്‍ നഷ്ടമായി കാണിക്കാനുള്ള വലിയ ഏരിയയായി മലയാള സിനിമാലോകം മാറുകയാണ്.

20 വര്‍ഷക്കാലത്തെ സിനിമാപഠനത്തിനു ശേഷമാണ് ഞാന്‍ സിനിമയില്‍ എത്തിയത്. മലയാളത്തില്‍ സിനിമ ചെയ്യണമെന്ന കഠിനമായ ആഗ്രഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തിയത്. പണം മാത്രമാണ് മോഹമെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ചില നെറികെട്ട ബിസിനസ്സുകള്‍ക്കൊപ്പംനില്‍ക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.

എവിടെനിന്നൊക്കെയോ കുറച്ച് പണം ഉണ്ടാക്കി ചിലര്‍ ഇവിടെ വരും. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ പേരടിച്ച സിനിമാപോസ്റ്റര്‍ ഒട്ടിക്കും. പേരെടുക്കും. കണക്കില്‍പ്പെടാത്ത പണം അതില്‍നിന്ന് നേടും. ഒടുവില്‍ നഷ്ടക്കണക്കിന്റെ ചളിവാരി നമുക്കുനേരെ എറിഞ്ഞ് അവര്‍ രക്ഷപ്പെടും. പണത്തിനപ്പുറത്തെ പ്രതിഭകള്‍ നമുക്കിടയില്‍ ഉണ്ട്. അവരുടെ ക്രിയേറ്റിവിറ്റികള്‍ക്ക് ലക്ഷങ്ങളുടെ വിലയിടാം, വില്‍ക്കാം. സിനിമ ഇറങ്ങിയതിനുശേഷം അത് കോടാനുകോടിയുടെ നഷ്ടമാക്കിക്കാണിക്കാം. അതാണ് നമ്മുടെ സ്ഥിതി. അതില്‍നിന്നുള്ള മോചനമാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ നിര്‍മാണത്തിലൂടെ ആഗ്രഹിക്കുന്നത്. സത്യസന്ധമായി, വിജയം എന്താണെന്ന് കാണിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇരകളാകാന്‍ ഞങ്ങള്‍ക്ക് ഇനിയും വയ്യ.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ഭാവിപരിപാടികള്‍ എന്തൊക്കെയാണ്?

കഴിവുറ്റ പുതിയ പ്രതിഭകളെ മലയാള സിനിമാലോകത്തിന് പരിചപ്പെടുത്തിക്കൊടുക്കാനുള്ള പരിപാടിയുണ്ട്. ഒരു സിനിമയുടെ ലുക്കും കളറും നരേഷനും തീര്‍ക്കുന്നത് ഒരു വലിയ ടീമാണ്. അവരുടെ കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള അവസരം ഒരുക്കാനുള്ള ശ്രമമുണ്ട്. സിനിമയുടെ യഥാര്‍ഥ ചെലവ് എന്താണെന്ന സത്യസന്ധമായ തുറന്നുകാട്ടലാണ് ഈ പ്രൊഡക്ഷന്‍സിന്റെ ആത്യന്തിക ലക്ഷ്യം.

എന്റെ ബിഗ് ബിയുടെ ഡബ്ബിങ് മദ്രാസിലെ എ.വി.എം. സ്റ്റുഡിയോയില്‍ ഒന്നര ആഴ്ചകൊണ്ട് തീര്‍ത്തപ്പോള്‍ അവിടെ പരുത്തിവീരന്റെ ഡബ്ബിങ്ങിന് രണ്ടര മാസത്തിലേക്ക് നീണ്ട കാഴ്ചയാണ് കണ്ടത്. ബിഗ് ബി 45 ദിവസംകൊണ്ട് തീര്‍ത്തതാണെങ്കില്‍ പരുത്തിവീരന്‍ 175 ദിവസമാണ് ചിത്രീകരിച്ചത്. ഒരു നല്ല സിനിമ ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലും റീ റെക്കോഡിങ്ങിലും ഉണ്ടാകുന്നതാണ്. അതിനെല്ലാം ധാരാളം സമയം വേണം. പക്ഷേ, ഇവിടെ അതൊന്നും ആലോചിക്കാതെ 45 ദിവസംകൊണ്ട് ചുട്ടെടുക്കുകയാണ്. ആ പരിമിതിയില്‍ നിന്നുകൊണ്ട് ഒരു ചിത്രം എടുത്ത്, അതിന് എന്തെങ്കിലും പുതുമ ഉണ്ടെങ്കില്‍ കുഴപ്പമില്ല എന്നുപോലും പറയാതെ, എല്ലാ നഷ്ടങ്ങളും സംവിധായകന്റെ തലയില്‍ കെട്ടിവെക്കുന്നതാണ് ഇവിടത്തെ രീതി. അതില്‍നിന്ന് വലിയ മടുപ്പുണ്ട്. ഇവിടത്തെ കഴിവുറ്റ ടെക്‌നീഷ്യന്മാര്‍ക്ക് കഴിവ് പുറത്തെടുക്കാനുള്ള സാഹചര്യവും അവസരവും ഒരുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ചിത്രത്തിന്റെ പെര്‍ഫക്ഷന്‍ ശ്രദ്ധിക്കാതെ എപ്പോഴെങ്കിലും കോംപ്രമൈസ് ചെയ്യേണ്ടിവന്നിരുന്നോ?

തീര്‍ച്ചയായും. അതിനുള്ള കാരണം മറ്റൊരാളിലേക്ക് തള്ളിമാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ കഴിവുകേടും ദാരിദ്ര്യവും കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം നമുക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും മറ്റു ബിസിനസ്സുകളും അറിയില്ല. ആകെ അറിയുന്നത് ഈ സിനിമാപ്പണി മാത്രമാണ്. അതിജീവനത്തിന്റെ പാതയില്‍ അങ്ങനെ ചെയ്യേണ്ടിവന്നു. എന്റെ കഴിഞ്ഞ ഓരോ ചിത്രങ്ങളും ഓരോ ദുഃഖങ്ങളാണ്.

മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ ടെക്‌നീഷ്യന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

ഇവിടെ ന്യൂ ജനറേഷന്‍ ടാലന്റുകള്‍ അംഗീകരിക്കപ്പെടുന്നില്ല. ബോളിവുഡ് സിനിമാലോകം കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന കഴിവുറ്റ ടെക്‌നീഷ്യന്മാര്‍ ഇവിടെ ആട്ടും തുപ്പും പഴികളും കേട്ട് നശിക്കുകയാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും ന്യൂ ജനറേഷന്‍ ടീം മൂന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ മാത്രം ഒരു പുരോഗതിയും അടയാളപ്പെടുത്തുന്നില്ല. ആര് വന്നാലും മോശമായിപ്പോകുന്ന അവസ്ഥയാണ്. അതെന്താണ് എന്നൊരു അന്വേഷണവും ഇവിടെയുണ്ട്.

ഇവിടെ എല്ലാവരും ഒരേസ്വരത്തില്‍ നമ്മുടെ യുവത്വത്തിന്റെ പരാജയം ആഘോഷിക്കുകയും മറ്റുനാടുകളിലെ ചെറുപ്പത്തിന്റെ വിജയം കണ്ട് ഇങ്ക്വിലാബ് വിളിക്കുകയും ചെയ്യുകയാണ്. പരിമിതമായ അന്തരീക്ഷത്തില്‍ നിന്നാണ് ഇവിടെ വലിയ കാര്യങ്ങള്‍ സ്വപ്‌നം കാണുന്നത്. ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. നാളെ ഒരുപക്ഷേ, ഞങ്ങളൊക്കെ നന്നാകുമായിരിക്കാം.

കടപ്പാട്: ചിത്രഭൂമി

 

║│││▌│█║▌║│ █║║▌█ ║
»
+91 9447 14 66 41«

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment