Wednesday 4 January 2012

[www.keralites.net] കവിതയില്‍ ചില ജീവിതങ്ങള്‍

 

കോഴിക്കോട് സര്‍വകലാശാലാ കാമ്പസിലെ 'കവിത' ഹോട്ടലിന്‍റെയും ഭാസ്കരേട്ടന്‍റെയും കഥ...

 

'വെള്ളിയാഴ്ചകളില്‍ ലോകത്തെവിടെയും ഇല്ലാത്ത അത്രയും കുറഞ്ഞ നിരക്കില്‍ ബിരിയാണിയുണ്ടാക്കി വച്ചു, ഭാസ്കരേട്ടന്‍. തൊട്ടടുത്തുള്ള പള്ളിയില്‍ നിസ്കരിച്ച് ഭാസ്കരേട്ടന്റെ ചിക്കന്‍ ബിരിയാണിയും അടിച്ച് എത്രയോ ക്യാമ്പസ് സുഹൃത്തുക്കളും നാട്ടുകാരും കൃതാര്‍ത്ഥരായി!'

--------------------------------------

 

'ഒരിക്കല്‍ ഊണിനൊപ്പം ഒരു മീന്‍ വറുത്തത് വാങ്ങി കഴിച്ചതിനുശേഷം പൈസ കൊടുക്കുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, മീനിന് കാശുവേണ്ട മീന്‍ ചെറുതല്ലേയെന്ന്. ഈ വാക്കുകള്‍ അദ്ദേഹം പലരോടു പറഞ്ഞിട്ടുണ്ടെന്ന് പിന്നീട് ഞാനറിഞ്ഞു. ഭാസ്കരേട്ടന്റെ ആ ഭാഷ ഒരു തൃശൂര്‍ക്കാരനായ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കച്ചവടത്തിന്റെ പതിനെട്ടര കളരികളുള്ള തൃശൂരില്‍ നിന്ന്, പ്രാഞ്ചിയേട്ടന്മാരുടെ നാട്ടില്‍ നിന്നു വരുന്ന ഞാന്‍ ആ മനുഷ്യനെ വിചിത്രമായി നോക്കിപ്പോയി അന്ന്'

--------------------------------------

 

'ഒരിക്കല്‍ ഒരു ക്യാമ്പസ് മാഗസിന്‍ പുറത്തിറക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ എഡിറ്ററായ സുഹൃത്തിന് ഭാസ്കരേട്ടന്‍ നല്‍കിയത് സ്വന്തം വീടിന്റെ ആധാരമാണെന്ന് കേട്ടിട്ടുണ്ട്. ഭാസ്കരേട്ടനെക്കുറിച്ച് കേട്ട നല്ല വാര്‍ത്തകളില്‍ ഒന്നുമാത്രമായിരുന്നു അത്. ആ മാഗസിന്‍ കാമ്പസ് ചരിത്രത്തിലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടവയില്‍ ഒന്നായി മാറുകയും ചെയ്തു'

-------------------------------------- 

 

കവിതയില്‍ ചില ജീവിതങ്ങള്‍

April 22, 2011

 

നിങ്ങളറിഞ്ഞോ, ഭാസ്കരേട്ടന്റെ കവിത ഹോട്ടല്‍ നില്‍ക്കുന്ന കെട്ടിടം പൊളിക്കാന്‍ പോകുകയാണ്. ഇനി അങ്ങനെയൊരു ഹോട്ടലുണ്ടാകുമോ, ഉണ്ടെങ്കില്‍ തന്നെ അതെവിടെയാകും എന്നറിയില്ല. ഭാസ്കരേട്ടനു പോലും അക്കാര്യം പിടിയില്ല. അപ്പോള്‍ പിന്നെ ഭാസ്കരേട്ടനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? കോഴിക്കോട് സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടെ തളിര്‍ത്ത സ്നേഹത്തിന്റെ വിത്തും വിതയും മുള പൊട്ടലുകളും ഓര്‍ത്തെടുക്കുകയാണിവിടെ..

കവിത ഹോട്ടലിനു മുന്നില്‍ ഭാസ്കരേട്ടന്‍

വിഎസ് സനോജ്

ക്യാമ്പസ് ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ എന്നുപറയുമ്പോള്‍ മിക്കവാറും പേര്‍ക്ക് എഴുതാനുണ്ടാകുക പ്രണയകാലത്തെക്കുറിച്ചുള്ള മണിപ്രവാളമാണ്. ഞാനുള്‍പ്പെടെയുള്ളയാള്‍ക്കും അത് അത്യാവശ്യത്തിനൊക്കെയുണ്ട്. പക്ഷേ പ്രണയത്തിന് മുമ്പും പിമ്പും നിലനിന്ന, ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവന്ന ചില സ്നേഹമുഖങ്ങള്‍ കൂടി ആ ക്യാമ്പസിലുണ്ടായിരുന്നു. അതില്‍ ഒരാളെ ഓര്‍ത്തു പോകുകയാണിവിടെ. അത് ഭാസ്കരേട്ടനാണ്. ഭാസ്കരേട്ടനെക്കുറിച്ച് പറയുമ്പോള്‍ ക്യാമ്പസ് ജീവിതത്തിന്റെ ഭാഗമായ പലതിനെക്കുറിച്ചും പറയേണ്ടിവരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെക്കുറിച്ച്, ജേര്‍ണലിസം, ഫിലോസഫി തുടങ്ങിയ ചില ഡിപ്പാര്‍ട്മെന്റുകളെക്കുറിച്ച്, ചെനക്കല്‍ എന്ന സമീപ പ്രദേശത്തെക്കുറിച്ച്ഭാസ്കരേട്ടന്റെ കവിത ഹോട്ടലില്‍ കൂട്ടിയും കുറച്ചും എഴുതി തീര്‍ത്ത ആ പറ്റുബുക്ക് ഇപ്പോഴും അവിടെ തന്നെയുണ്ട്. അത് പഴകി പിന്നിപ്പോയിരിക്കുന്നു. കാഴ്ചയില്‍ അത്ര വെടിപ്പൊന്നുമില്ലാത്ത യൂണിവേഴ്സിറ്റി പരിസരത്തെ കവിതാ ഹോട്ടലിലേക്ക് കൂട്ടത്തോടെ വിദ്യാര്‍ത്ഥികളെത്തിയത് അത് ഭാസ്കരേട്ടന്റെ ഹോട്ടലായതു കൊണ്ട് കൂടിയാണ്. വരണ്ട ഹോസ്റ്റല്‍ ദിനങ്ങളില്‍കയ്യില്‍ കാല്‍കാശില്ലാത്തവന്റെ വറുതികളില്‍ ഭാസ്കരേട്ടന്‍ ഉദാരനും വിശാലമനസ്കനുമായി. സ്നേഹം കൊണ്ട് വയറ് നിറയെ ഊട്ടി. സ്നേഹവും സൗഹൃദവും മുറുകുന്തോറും ഭാസ്കരേട്ടന്‍ കൂടുതല്‍ കൂടുതല്‍ ഉദാരനായിക്കൊണ്ടിരിക്കും. വാണിജ്യാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ അതായിരുന്നു ഭാസ്കരേട്ടന്റെ പരാജയം.

വെള്ളിയാഴ്ചകളില്‍ ലോകത്തെവിടെയും ഇല്ലാത്ത അത്രയും കുറഞ്ഞ നിരക്കില്‍ ബിരിയാണിയുണ്ടാക്കി വച്ചു, ഭാസ്കരേട്ടന്‍. തൊട്ടടുത്തുള്ള പള്ളിയില്‍ നിസ്കരിച്ച് ഭാസ്കരേട്ടന്റെ ചിക്കന്‍ ബിരിയാണിയും അടിച്ച് എത്രയോ ക്യാമ്പസ് സുഹൃത്തുക്കളും നാട്ടുകാരും കൃതാര്‍ത്ഥരായി! സ്വയംപ്രഖ്യാപിത സസ്യബുക്കുകള്‍ വെള്ളിയാഴ്ചകളില്‍ ഭാസ്കരേട്ടനെ കൈവെടിഞ്ഞ് ഒരു ദിവസത്തേക്ക് മാത്രം മറ്റിടങ്ങളിലേക്ക് അഗമ്യഗമനം നടത്തി. ക്യാമ്പസില്‍ വന്ന ആദ്യകാലത്ത് ഭാസ്കരേട്ടനെ പരിചയവും സ്നേഹവുമായ കാലത്ത് ഒരിക്കല്‍ ഊണിനൊപ്പം ഒരു മീന്‍ വറുത്തത് വാങ്ങി കഴിച്ചതിനുശേഷം പൈസ കൊടുക്കുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, മീനിന് കാശുവേണ്ട മീന്‍ ചെറുതല്ലേയെന്ന്. ഈ വാക്കുകള്‍ അദ്ദേഹം പലരോടു പറഞ്ഞിട്ടുണ്ടെന്ന് പിന്നീട് ഞാനറിഞ്ഞു. ഭാസ്കരേട്ടന്റെ ആ ഭാഷ ഒരു തൃശൂര്‍ക്കാരനായ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കച്ചവടത്തിന്റെ പതിനെട്ടര കളരികളുള്ള തൃശൂരില്‍ നിന്ന്, പ്രാഞ്ചിയേട്ടന്മാരുടെ നാട്ടില്‍ നിന്നു വരുന്ന ഞാന്‍ ആ മനുഷ്യനെ വിചിത്രമായി നോക്കിപ്പോയി അന്ന്.

ഇതിന് സമാനരായ പലരെക്കുറിച്ചും വായിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പ്പമുണ്ടാക്കാന്‍ മോഡലായിരുന്ന ചെല്ലപ്പന്‍ ചേട്ടനെക്കുറിച്ച് അടുത്തിടെ വായിച്ചിരുന്നു. അദ്ദേഹം ഇന്നില്ല. അതുപോലെ ഏതോ ഒരു ക്യാമ്പസിലെ ജീവശാസ്ത്ര വിഭാഗത്തിലേക്ക് സ്ഥിരമായി തവളകളെ കൊണ്ടുപോയിരുന്ന മറ്റൊരാള്‍.. പല ക്യാമ്പസുകള്‍ക്കും പല പല അനുഭവങ്ങള്‍. ഭാസ്കരേട്ടനെ പോലുള്ളവ മറ്റുമുഖങ്ങള്‍. ഭാസ്കരേട്ടന്റെ തിരക്കിട്ടുള്ള വിളമ്പല്‍ ബഹളങ്ങളും യൂണിവേഴ്സിറ്റിയിലെ പുറംരാജ്യക്കാരോടുള്ള മുറി ഇംഗ്ളീഷും അവിടെ ജീവിച്ച ആരുടേയും ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോകില്ലെന്നുറപ്പാണ്. എല്ലാറ്റിനും അദ്ദേഹം മാത്രമേയുണ്ടായിരുന്നൂള്ളൂ. സഹായികളുടെ മുഖം മാറിക്കൊണ്ടേയിരിക്കും. അങ്ങനെയങ്ങനെയാണ് ഭാസ്കരേട്ടന്‍ വൈസ് ചാന്‍സലറേക്കാള്‍ പ്രശസ്തനായി പോയത്. അതില്‍ മുഖം ചുളിച്ചവരും ഏറെ.

ഭാസ്കരേട്ടന്‍

ജേര്‍ണലിസം ക്ളാസിലെ പുതിയ ബാച്ചുകള്‍ക്ക് ഭാസ്കരേട്ടനെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ സങ്കടം തോന്നിയവരില്‍ ഞാനുമുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു സുഹൃത്ത് അതിന് പുതിയ ബാച്ചുകാരെ തെറി വിളിച്ചതിനും ക്ലാസ് മുറിയിലെ അനൗപചാരിക സദ്ദസില്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. യൂണിവേഴ്സിറ്റി ക്യാമ്പസ് മതിലിന് പുറത്ത് പരന്നുകിടന്ന ഡിപ്പാര്‍ട്മെന്റുകള്‍ ഓരോന്നായി ക്യാമ്പസിനുള്ളിലേക്ക് പറിച്ചു നട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്യാമ്പസിനെ സംബന്ധിച്ച് അത് ഗുണം തന്നെ. ജേര്‍ണലിസം വകുപ്പ് മതിലുള്ളിലേക്ക് പോയി. സ്റ്റാറ്റിസ്റ്റിക്സും കൊമേഴ്സും പുതിയ മുഖം തേടി കെട്ടിടം മാറി. ഫിലോസഫി വകുപ്പ് ക്യാമ്പസിനുള്ളിലേക്ക് പോകാനിരിക്കുന്നു. ചെനക്കല്‍ പരിസരത്തെ രണ്ട് പ്രധാന കെട്ടിടങ്ങളായ ജേര്‍ണലിസവും ഫിലോസഫിയും മാറിയാല്‍ പിന്നെ ഭാസ്കരേട്ടനെ അന്വേഷിച്ചുവരുന്ന അസ്തിത്വവാദികളുടെ എണ്ണം കുറയാതിരിക്കുന്നതെങ്ങനെ? ക്യാമ്പസിന് തൊട്ടു മുന്നില്‍ പഴയ സഹകരണ ഹോട്ടലിന് പകരം ഇന്ത്യന്‍ കോഫി ഹൗസ് വരാന്‍ പോകുന്നു. കാന്റീന്‍ പുതുക്കി പണിത് കൂടുതല്‍ ജനകീയവും ജനപ്രിയവുമായി മാറിക്കഴിഞ്ഞു. വില്ലൂന്നിയാല്‍ എന്ന ക്യാമ്പസിന് പുറകിലെ പ്രദേശത്ത് പുതിയ ഹോട്ടലുകള്‍ വന്നിരിക്കുന്നു. ഇനിയിപ്പോള്‍ കവിത ഹോട്ടല്‍ വിസ്മരിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചിരുന്ന ആകര്‍ഷണം ഭാസ്കരേട്ടന്റെ ഇടപെടലും സ്നേഹപൂര്‍വമായ പെരുമാറ്റവുമായിരുന്നു.

പക്ഷേ കടബാധ്യതകളും പ്രതിസന്ധികളും ഈ മനുഷ്യനെ ഏറെ മടുപ്പിച്ചിരിക്കാം. ചിലതൊക്കെ അദ്ദേഹം പറയാറുമുണ്ട്. എന്നാല്‍ അതിലൊന്നും ഭാസ്കരേട്ടന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ചിലപ്പോള്‍ തോന്നും. വിഎസ് അച്യുതാനന്ദനെ പോലെയാണ് ഭാസ്കരേട്ടന്‍ എന്നും. പ്രതിസന്ധികളെ വെല്ലുവിളിയായി എടുക്കുന്ന ഒരാള്‍. പറ്റുബുക്കില്‍ അക്കങ്ങളുടെ വലുപ്പം കൂട്ടിവച്ച് ക്യാമ്പസിനോട് യാത്ര പറഞ്ഞ് പോയവര്‍ നിരവധിയുണ്ട്. കടങ്ങള്‍ പറ്റുബുക്കുപോലെ ഭാസ്കരേട്ടന്റെ ജീവിതത്തിലും പെരുകാന്‍ അതൊരു പ്രധാന കാരണമായിരുന്നു. നാട്ടുകാരും വിദേശികളുമായി വന്ന വിദ്യാര്‍ത്ഥികളില്‍ പലരും രണ്ടായിരവും മൂവായിരവും നാലായിരവുമെല്ലാം പറ്റ് നിലനിര്‍ത്തി തിരിച്ചുനല്‍കാതെ പഠനം കഴിഞ്ഞുപോയെന്ന് ഭാസ്കരേട്ടന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നീട് ജേര്‍ണലിസം വകുപ്പിലെ മുന്‍ ബാച്ചുകളുടെ സ്നേഹവായ്പുകള്‍ കൊണ്ട് നല്ലൊരു സാമ്പത്തിക സഹായം ഭാസ്കരേട്ടന് ലഭിക്കുകയും ചെയ്തു. ഒരു കാലഘട്ടത്തിന്റെ സ്നേഹവായ്പും സ്മരണകളും ഇല്ലാതായി പോകുമോ എന്ന ആശങ്കയാകാം ആ കൂട്ടായ്മയ്ക്ക് കാരണം.

വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന് എത്തുമ്പോള്‍ ഒരു തവണയെങ്കിലും കവിത ഹോട്ടലില്‍ പോയി ഒരു ചായയെങ്കിലും കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരുപാടു പേരുണ്ടിപ്പോഴും. ക്യാമ്പസിലെ സുഹൃത്തിനെ ഞാന്‍ പ്രണയിച്ച് തുടങ്ങിയ കാലം മുതല്‍ അവളും ഭാസ്കരേട്ടന്റെ ഫാനായി മാറി. വിവാഹാനന്തരമുള്ള യൂണിവേഴ്സിറ്റി സന്ദര്‍ശനങ്ങളില്‍ ഭാസ്കരേട്ടനെ ഇടയ്ക്കെല്ലാം കാണുക എന്ന ശീലം മുടക്കിയില്ല. മകനുണ്ടായപ്പോള്‍ അവന് ചോറ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസം കവിത ഹോട്ടലില്‍ പോയി അവന് ചോറ് വാങ്ങിക്കൊടുത്ത് സ്വയം കൃതാര്‍ത്ഥനായി. മീന്‍ മാത്രം തിന്നാന്‍ ഇഷ്ടമുള്ള അവന് അന്ന് ഭാസ്കരേട്ടന്‍ മത്തി പൊരിച്ചത് തന്നു. എനിക്ക് ചോറിനൊപ്പം ഒരു ഓംലൈറ്റും ഉണ്ടാക്കിത്തന്നു. പൈസ കൊടുക്കുമ്പോള്‍ വീണ്ടും പതിവ് ഡിസ്കൌണ്ടുകള്‍ പ്രഖ്യാപിക്കുകയായി. അതിനായി ഭാസ്കരേട്ടന്‍ ഓരോരോ കാരണങ്ങള്‍ നിരത്തും.. അവസാനത്തെ ഓംലൈറ്റാണിത്. മീന്‍ ചെറുതാണ് തുടങ്ങി പതിവ് ഐറ്റം നമ്പറുകള്‍. ഈ മനുഷ്യന് ഒരു മാറ്റവുമില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ ആ വറുതികളിലും ഞാന്‍ ആശങ്കപ്പെട്ടു. പലരുടേയും ചിന്ത കൂടിയാകാം അത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഹോസ്റ്റല്‍ തൊട്ടടുത്തുണ്ടായിരുന്നതിനാല്‍ അവരും ഹോട്ടലിലെ പതിവുകാരായിരുന്നു. ആ ഹോസ്റ്റല്‍ ഇപ്പോഴുണ്ടോ എന്നറിയില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാഗസിനുകളില്‍ മിക്കപ്പോഴും അഭിമുഖമായോ ഓര്‍മക്കുറിപ്പായോ ഭാസ്കരേട്ടന്‍ കടന്നുവരാറുണ്ട്. വ്യത്യസ്തതകളുടെ തീപ്പൊരി ചിതറിയ ചില മാഗസിനുകള്‍ക്കും മാഗസിന്‍ എഡിറ്റേഴ്സ് തലമുറകള്‍ക്കും ഭാസ്കരേട്ടന്‍ ഒരു നല്ല 'ഐറ്റം' ആയിരുന്നു പലപ്പോഴും. ഒരിക്കല്‍ ഒരു ക്യാമ്പസ് മാഗസിന്‍ പുറത്തിറക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ എഡിറ്ററായ സുഹൃത്തിന് ഭാസ്കരേട്ടന്‍ നല്‍കിയത് സ്വന്തം വീടിന്റെ ആധാരമാണെന്ന് കേട്ടിട്ടുണ്ട്. ഭാസ്കരേട്ടനെക്കുറിച്ച് കേട്ട നല്ല വാര്‍ത്തകളില്‍ ഒന്നുമാത്രമായിരുന്നു അത്. ആ മാഗസിന്‍ കാമ്പസ് ചരിത്രത്തിലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടവയില്‍ ഒന്നായി മാറുകയും ചെയ്തു. പിന്നീട് വന്ന ഞങ്ങള്‍ക്ക് സീനിയേഴ്സ് നല്‍കിയ വാക്കുകളില്‍ പ്രധാനപ്പെട്ടത് ഭാസ്കരേട്ടനെന്ന് പറയുന്ന ഒരാളുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടണം എന്നതും മാത്രമായിരുന്നു. അങ്ങനെ ഞങ്ങളുടെ ബാച്ചുകളിലെ മിക്കവാറും പേര്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായി. ചില മാഗസിന്‍ പ്രകാശന ചടങ്ങുകളിലും ഭാസ്കരേട്ടനെ ക്ഷണിച്ചതായി കേട്ടിട്ടുണ്ട്. അദ്ദേഹം അതില്‍ പങ്കെടുത്തിരുന്നോ എന്നറിയില്ല. സാധാരണക്കാരനായ ഒരു ചായക്കടക്കാരന്‍ ആ യൂണിവേഴ്സിറ്റി സമൂഹത്തിലെ ഏറ്റവും ജനപ്രിയന്‍മാരില്‍ ഒരാളാകുന്ന അപൂര്‍വഭാഗ്യം അക്കാലത്ത് ഭാസ്കരേട്ടനെ പോലുള്ളവര്‍ക്ക് സ്വന്തമായിരുന്നു. ചെനക്കലില്‍ സ്റ്റേഷനറി കട നടത്തിയിരുന്ന നിസാര്‍, ഫ്രൂട്ട്സ് കട നടത്തിയിരുന്ന അസ്ലം, കഫേ നടത്തിയിരുന്ന സിജു മാഷ്.. നന്മയുടെയും സ്നേഹത്തിന്റേയും പല മുഖങ്ങള്‍ അവിടെ കണ്ടിട്ടുണ്ട് ആ കാലത്ത്.

ചില വര്‍ഷങ്ങളിലെ കാമ്പസ് മാഗസിനുകള്‍ കവിത ഹോട്ടലും അളകാ ഹോട്ടലും സ്വീകരിക്കുന്ന സമീപനങ്ങളിലെ വ്യതിരിക്തതയുടെ മനശാസ്ത്രം വരെ ലേഖനമാക്കി താത്വികാവലോകനം നടത്തി. അളകാപുരിക്കും ഭാസ്കരേട്ടനും രണ്ട് സമീപനമായിരുന്നു. ഒന്ന് ഉമ്മന്‍ചാണ്ടിയെങ്കില്‍ മറ്റൊന്ന് ആന്റണി. ഇതിനര്‍ത്ഥം അളകാപുരി മോശമാണെന്നല്ല. രുചികരമായ ഭക്ഷണവും കൃത്രിമ വന്ധ്യംകരണം നടപ്പാക്കാത്ത ശുദ്ധമായ തണുത്ത കിണറ്റിന്‍ വെള്ളവുമായിരുന്നു അളകാപുരിയുടെ പ്രത്യേകത. ജീവനക്കാരുടെ പെരുമാറ്റം പലപ്പോഴും സ്റ്റാലിനിസ്റ് രീതിയിലായിരിക്കും. രാത്രിയില്‍ ഊണ്‍ കഴിക്കാന്‍ പോയാല്‍ വിചാരണ തടവുകാരാണോ തങ്ങളെന്ന് സ്വയം തോന്നിയിട്ടുമുണ്ട്. എങ്കിലും ഭക്ഷണത്തിന്റെ സ്വാദ് ആ വീട്ടുതടങ്കലില്‍ എത്തിച്ചുവെന്നതാണ് സത്യം. അതുകൊണ്ടു തന്നെ സോവിയറ്റ് റഷയില്‍ നിന്ന് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടാലും നല്ല ഭക്ഷണം കഴിക്കുക എന്ന വ്യാമോഹം അവിടെയും എത്തിച്ചു. ഞങ്ങളുടെ ബാച്ച് ആദ്യമായി എടുത്ത ഹൃസ്വചിത്രത്തിലും ഭാസ്കരേട്ടനെ ഒഴിവാക്കിയില്ല. കഥാനായകനായ മത്തയുടെ ഒരു ദിവസത്തെ കുറെ നിമിഷങ്ങള്‍ ചിത്രീകരിച്ചത് കവിത ഹോട്ടലിലാണ്. ഒന്ന് ഷൂട്ട് ചെയ്യണം എന്നുപറഞ്ഞപ്പോള്‍ ഞങ്ങളറിയാതെ ഭാസ്കരേട്ടന്‍ വേഗം പോയി പൌഡറിട്ട് മുടി ചീകി സുന്ദരനായി മത്തയ്ക്ക് ചായ നല്‍കുന്ന രംഗം ഭംഗിയായി അഭിനയിച്ചു.ഭാസ്കരേട്ടന്റെ തയ്യാറെടുപ്പുകള്‍ ഞങ്ങളെ ചിരിപ്പിച്ചു.

കവിത ഹോട്ടല്‍ ഇത്രയും വര്‍ഷമായി നിലനില്‍ക്കുന്നത് ഒരു വാടകക്കെട്ടിടത്തിലാണ്. കാലം മാറുന്നതിനനുസരിച്ച് വാടകയും വാടകച്ചീട്ടും മാറിയിട്ടുണ്ടാകം. പക്ഷേ ചെനക്കലിലെ ഭാസ്കരേട്ടനെ ഓര്‍ക്കാന്‍ കാരണം ഇതൊന്നുമല്ല, ഉടമസ്ഥര്‍ ഈ കെട്ടിടം പൊളിച്ച് പുതിയത് പണിയാന്‍ ഒരുങ്ങുകയാണ്. അതിനര്‍ത്ഥം പഴയ നിരക്കിലും വാടകയിലും ഇനി കവിത ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ലെന്നു തന്നെ. ആ വാര്‍ത്ത ഭാസ്കരേട്ടന്‍ തന്നെയാണ് പറഞ്ഞത്. അവിടെ തുടരുമോ എന്ന് നിശ്ചയമില്ലെന്നും ഒരു പക്ഷേ സമീപത്തെവിടെയെങ്കിലും പുതിയൊരു സ്ഥലം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭാസ്കരേട്ടന്‍ പറഞ്ഞു. ആ കെട്ടിടത്തിന്റെ ഉടമസ്ഥര്‍ അദ്ദേഹത്തിന് തന്നെ നല്‍കിയേക്കാം. പക്ഷേ കെട്ടിടം ഈ മാതൃകയിലായിരിക്കില്ലെന്നും ഹോട്ടലിന് പറ്റുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ചെനക്കലില്‍ നിന്നും മാറിപ്പോയാല്‍ പിന്നെ ഭാസ്കരേട്ടനുമായി ക്യാമ്പസിന് അവശേഷിക്കുന്ന ബന്ധം കൂടി അറ്റുപോകും. ടൈല്‍സിട്ട ഹോട്ടലുകളില്‍ നിന്ന് പുതിയ വിഭവങ്ങള്‍ മാത്രം കഴിയ്ക്കുന്ന തലമുറയ്ക്ക് ഈ ഹോട്ടല്‍ കാലഹരണപ്പെട്ടതും ഭാസ്കരേട്ടന്‍ കാലഹരണപ്പെട്ട പുണ്യവാളനുമാകും. പറ്റുബുക്ക് അവശേഷിക്കുന്ന ഏക ഹോട്ടലും ഈ പരിസരത്ത് ഇതുമാത്രമാകാം എന്നതാകും ചിലരെയെങ്കിലും ഇപ്പോഴും അവിടേക്ക് ആകര്‍ഷിക്കുന്നുണ്ടാകുക. ഭക്ഷണത്തിന്റെ മഹിമയോ വെടിപ്പോ അമിതമായി അവകാശപ്പെടാനില്ലെങ്കിലും നന്മയും സ്നേഹപൂര്‍വമായ പെരുമാറ്റവുമായിരുന്നു ഇത്രയും കാലം കവിത ഹോട്ടലിന്റൈ യുഎസ്പി.

ഫിലോസഫി ഡിപ്പാര്‍ട്മെന്റ് മാറ്റാനുള്ള പുതിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജേര്‍ണലിസം വകുപ്പ് സ്ഥലം മാറിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. ചെനക്കല്‍ അങ്ങാടി എന്ന പഴയ ആ പ്രദേശം ഇന്ന് ഡിറ്റിപി സെന്ററുകള്‍ക്ക് മാത്രം ആശ്രയിക്കുന്ന ഒരു സ്ഥലമാണ് വിദ്യാര്‍ത്ഥികള്‍ക്ക്. യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്ക് വാടകവീട് തേടാനുള്ള പ്രദേശവും. ചെനക്കലിന് തൊട്ടടുത്താണ് മോസ്കോ പാറ എന്ന കമ്യൂണിസ്റ്റ് സ്മരണകളുള്ള പ്രദേശം. ഈ കെട്ടിടത്തില്‍ നിന്ന് കവിത ഹോട്ടല്‍ പൊളിച്ചുമാറ്റപ്പെട്ടാല്‍ ഭാസ്കരേട്ടന്റെ പുതിയ തൊഴിലിടം എവിടെയാകും എന്നൊരുറപ്പ് അദ്ദേഹത്തിന് തന്നെയില്ല. ഹോട്ടലിന് പറ്റിയ സ്ഥലം തൊട്ടടുത്ത് തന്നെ നോക്കുന്നുണ്ടെന്ന് ഭാസ്കരേട്ടന്‍ പറയുന്നുണ്ട്. ക്യാമ്പസ് പരിസരം വിട്ടുപോകാന്‍ അദ്ദേഹത്തിന് ഒരുപക്ഷേ കഴിയില്ലായിരിക്കാം. എങ്കിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മെസ്സില്‍ തൊഴിലെടുത്ത് ജീവിക്കുന്ന വള്ളിചേച്ചിയേയും അശോകേട്ടനേയും പോലെ ചെനക്കലിനെ ഭാസ്കരേട്ടനെ പോലെ, എത്രയോ സ്നേഹ നിമിത്തങ്ങള്‍ക്ക് ക്യാമ്പസ് പശ്ചാത്തലമായിട്ടുണ്ട്. അവരുടെ മുന്നിലൂടെ കാലവും പുതിയ തലമുറകളും വഴിമാറുകയാണ്.

യുജിസിയുടെ നാക് അക്രിഡിറ്റേഷന് വേണ്ടി വെള്ളപൂശിപ്പോയ ഹോസ്റ്റല്‍ ചുമരുകള്‍ നഷ്ടമാക്കിയത് എത്രയോ കാലത്തെ സര്‍ഗാത്മകതയുടെ ചൂടന്‍ വാഴ്വുകളായിരുന്നുവെന്നതും ഓര്‍ക്കാതെ വയ്യ. ചുവരെഴുത്തുകളുടെ ആ മാളം ഇന്ന് വെള്ളപൂശിയ ചുമരിന്റെ യുജിസി ഭംഗിയിലേക്ക് പരകായപ്രവേശം ചെയ്തിരിക്കുന്നു. ചുവരെഴുത്തുകള്‍ക്ക് ബലാല്‍സംഗത്തോടാണ് സമാനതയെന്ന് എഴുതിയ ദാര്‍ശനികരും ആ ഭാവനകളെ കരിക്കട്ടകളില്‍ നിന്ന് പെന്‍സിലിലേക്ക് ആവാഹിച്ചവരേയും കാലം മായ്ച്ചുകളഞ്ഞുകൊണ്ടിരിക്കുന്നു. മരിച്ചുപോയ ചുവരെഴുത്തുകളിലെ അടക്കിപിടിച്ച ആസക്തി-പ്രണയങ്ങള്‍-രതിഭാവനകള്‍ ഇന്നില്ല എവിടത്തെയും പോലെ ഈ കാമ്പസിലും. കവിത ഹോട്ടലും അതുപോലെ മാഞ്ഞുപോകുന്ന ഒരു ചുവരെഴുത്തായി മാറുമോ എന്നറിയില്ല. അടച്ചുപൂട്ടലുകളുടെ കാലമാണിത്. നഷ്ടക്കച്ചവടമായതിനാല്‍ നാട്ടിന്‍പുറത്തെ ടാക്കീസുകള്‍..ഗ്രാമങ്ങളിലെ പ്രൈമറി സ്കൂളുകള്‍..വരുംവരായ്കളെ പരിഗണിക്കാത്ത സ്നേഹബന്ധങ്ങള്‍..അങ്ങനെ പലതും..അങ്ങനെയാകാതിരിക്കട്ടെ ഭാസ്കരേട്ടനെ പോലുള്ളവരുടെ സ്നേഹിച്ചും കഷ്ടപ്പാടുകളോട് യുദ്ധം ചെയ്തും തുടരുന്ന ജീവിതസമരങ്ങള്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment