Friday 28 October 2011

[www.keralites.net] വിചാരവിപ്ലവത്തിന് തിരികൊളുത്തിയ വാഗ്ഭടാനന്ദന്‍ [Vakbhadaananthan]

 

 വാഗ്ഭടാനന്ദന് - കേരളത്തിന്റെ നവോത്ഥാന ശില്‍പ്പി
 
 
പണിയെടുക്കാതെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നവര്‍ കൊല്ലും കൊലയും
നടത്തി സൃഷ്ടിച്ച രാജനീതിക്കെതിരെ പണിയാളരുടെ പടയണി ഉയരുന്ന കാലത്താണ്
മലയാളികളുടെ വിചാരവിപ്ലവത്തിന് വാഗ്ഭടാനന്ദന്‍ തിരികൊളുത്തിയത്.
 
54 കൊല്ലം നിറഞ്ഞുകത്തിയ പ്രകാശപൂര്‍ണമായ ആ ജീവിതം 1939 ഒക്ടോബര്‍ 29ന്
അവസാനിച്ചു. ആത്മീയവും മതപരവുമായ നവീകരണ പ്രവര്‍ത്തനങ്ങളെയും നവോത്ഥാന പ്രസ്ഥാനത്തെയും സ്വാതന്ത്ര്യസമരവുമായി സമന്വയിപ്പിച്ച് ജീവിതത്തിന് ദിശാബോധം നല്‍കിയ പ്രതിഭാശാലിയായിരുന്നു ആ ഗുരു.
 
പണ്ഡിതനും പ്രഭാഷകനും അധ്യാപകനും പത്രാധിപരുമായിരുന്ന വാഗ്ഭടാനന്ദന്‍ കണ്ണൂര്
ജില്ലയിലെ പാട്യത്ത് വയലേരി തറവാട്ടില്‍ 1885 ലാണ് ജനിച്ചത്. ചെറുപ്പത്തിലേ ഹിന്ദുമത
ഗ്രന്ഥങ്ങളിലും തത്വശാസ്ത്രത്തിലും തല്‍പ്പരനായിരുന്നു.
 
1906ല്‍ കീഴ്ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കുമായി കോഴിക്കോട്ടെ കാരപ്പറമ്പില്‍ തത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ച വാഗ്ഭടാനന്ദന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയാണ്. അദ്ദേഹമാണ് വാഗ്ഭടാനന്ദനെന്ന പേര് നല്‍കിയത്. പിന്നീട് ശിവയോഗിയുമായി അകന്ന വാഗ്ഭടാനന്ദന്‍ കേരളമെങ്ങും മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രഭാഷണങ്ങളുമായി സഞ്ചരിച്ചു.
 
1917 ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ചു. "അഭിനവ കേരളം", "ആത്മവിദ്യാകാഹളം", "ശിവയോഗി വിലാസം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അഞ്ചു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സാമൂഹ്യപരിവര്‍ത്തനത്തിന്റെ സന്ദേശമുയര്‍ത്തിയ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി മംഗലാപുരംമുതല്‍ മദിരാശിവരെ നിറഞ്ഞുനിന്ന വാഗ്ഭടാനന്ദന്‍ സംസ്കൃതം, ആയുര്‍വേദം, ജ്യോതിശാസ്ത്രം, സംഗീതം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സമഗ്ര വിപ്ലവത്തിന് നേതൃത്വം നല്‍കി.
 
ജാതിവ്യവസ്ഥയ്ക്കും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിഗ്രഹാരാധനയ്ക്കുമെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് വാഗ്ഭടാനന്ദന്‍ ഉയര്‍ത്തിയത്. പൂജാദികര്‍മങ്ങള്‍ അര്‍ഥശൂന്യമാണെന്ന് ആ അദൈ്വതി പ്രഖ്യാപിച്ചു.
 
ആലുവ ശിവരാത്രി ദിനത്തില്‍ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ മതസമ്മേളനം നടക്കുകയുണ്ടായി.
 
വിഗ്രാഹാരാധനയെ അനുകൂലിച്ച് ശ്രീനാരായണ ശിഷ്യനായ ശിവപ്രസാദനും എതിര്‍ത്ത് വാഗ്ഭടാനന്ദനും സംസാരിച്ചു. വിജ്ഞര്‍ക്ക് വാഗ്ഭടാനന്ദന്റെയും അജ്ഞര്‍ക്ക് ശിവപ്രസാദന്റെയും പ്രസംഗമാണ് ശരിയെന്ന് നാരായണഗുരു പറഞ്ഞു.
 
പലരും ഖദറുപേക്ഷിച്ച് കാഷായ വസ്ത്രമണിയാന്‍ മത്സരിക്കുന്ന ഇക്കാലത്ത് ഒരു വ്യാഴവട്ടക്കാലം ധരിച്ച കാഷായം ഉപേക്ഷിച്ച് ഖദര്‍ ധരിച്ചയാളാണ് വാഗ്ഭടാനന്ദന്‍ .
 
ശ്രീനാരായണനും വാഗ്ഭടാനന്ദനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ , "അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നത് അദൈ്വത ചിന്തകള്‍ക്കെതിരല്ലേ" എന്ന് വാഗ്ഭടാനന്ദന്‍ ചോദിക്കുകയുണ്ടായി. "ജനങ്ങള്‍ സൈ്വരം തരേണ്ടേ, അവര്‍ക്ക് ക്ഷേത്രം വേണം, പിന്നെ കുറേ ശുചിത്വമെങ്കിലുമുണ്ടാവുമല്ലോ എന്ന് നാമും വിചാരിച്ചു" - എന്ന മറുപടിയാണ് ഗുരു നല്‍കിയത്.
 
യാത്രയില്‍ ഒരു ക്രൈസ്തവ പണ്ഡിതന്‍ വാഗ്ഭടാനന്ദനുമായി പരിചയപ്പെട്ടു. പുനര്‍ജന്മത്തെക്കുറിച്ച് വാദപ്രതിവാദമായി. പരാജിതനായ പുരോഹിതന്‍ പറഞ്ഞു. "ഈ തോല്‍വി ഞാന്‍ മഹത്തായ വിജയമായി പരിഗണിക്കുന്നു. അങ്ങയുടെ അനുഗ്രഹം ലഭിക്കട്ടെ. നിരന്തരം ഞാന്‍ പഠിക്കും. വരുന്ന കൊല്ലം കാണുമ്പോള്‍ ഞാന്‍ അങ്ങയെ തോല്‍പ്പിക്കും". ഇതിനു മറുപടിയായി വാഗ്ഭടാനന്ദന്‍ പറഞ്ഞു, "എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി പഠിക്കരുത്. പഠിക്കുന്നത് നന്ന്. നിങ്ങളും ഞാനും ഇന്നുള്ള വ്യത്യാസം ഒരു വര്‍ഷം കഴിഞ്ഞാലും ഉണ്ടായിരിക്കും. നിങ്ങള്‍ പഠിക്കുന്ന ഒരു വര്‍ഷം ഞാന്‍ ഉറങ്ങുകയായിരിക്കില്ലല്ലോ. ഞാനും സദാ പഠിച്ചുകൊണ്ടിരിക്കും".
 
അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശം നിഷേധിച്ച സവര്‍ണ തമ്പ്രാക്കളോടും വാഗ്ഭടാനന്ദന്‍ പ്രതിഷേധിച്ചു. ഹിന്ദുവായി ജനിച്ച ആര്‍ക്കും ക്ഷേത്രത്തില്‍ കയറാന്‍ അവകാശമുണ്ടെന്നും അതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കാന്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തെ സാമൂതിരി രാജാവ് കണ്ടില്ലെന്ന് നടിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 
തൊഴിലാളികളുടെയും കൃഷിക്കാരുടെയും നിലനില്‍പ്പിനായുള്ള അവകാശ പോരാട്ടങ്ങളിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഫറോക്കിലെ ഓട്ടുകമ്പനിയില്‍ തൊഴിലാളിയെ തെങ്ങില്‍ വരിഞ്ഞുകെട്ടി തല്ലിക്കൊന്ന സംഭവത്തില്‍ കെ പി ഗോപാലന്‍ ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി സംസാരിച്ചതും സമരം വിജയത്തിലെത്തിയപ്പോള്‍ നാരങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിച്ചതും വാഗ്ഭടാനന്ദനായിരുന്നു.
 
എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ 1934 ല്‍ കരിവെള്ളൂരില്‍ രൂപീകൃതമായ അഭിനവ ഭാരത് യുവക്സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായി. സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ച് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
 
ദേശീയ സ്വാതന്ത്ര്യ സമരത്തിലും വാഗ്ഭടാനന്ദനുണ്ടായിരുന്നു. നിയമലംഘന സമരങ്ങളില്‍ പങ്കെടുത്തതിന് കലക്ടര്‍ പലപ്പോഴും അദ്ദേഹത്തെ താക്കീതു ചെയ്യുകയുണ്ടായി. മദ്യവിപത്തിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി.
 
അനാചാരങ്ങളുടെ മഹാഖ്യാനങ്ങള്‍ക്ക് തീകൊളുത്തിക്കൊണ്ടാണ് കേരളീയ നവോത്ഥാനം അതിന്റെ ചരിത്രദൗത്യം നിര്‍വഹിച്ചത്. വഴിതടയുന്നവരെ തട്ടിമാറ്റി അയ്യങ്കാളിയും അവര്‍ണരെ പ്രവേശിപ്പിക്കാത്ത അമ്പലങ്ങള്‍ക്ക് തീകൊടുക്കാന്‍ ആഹ്വാനം ചെയ്ത് സഹോദരന്‍ അയ്യപ്പനും പൂണൂല്‍ കത്തിച്ച് അതിന്റെ ചാരം പുരോഹിത പ്രമുഖന് പാഴ്സല്‍ അയച്ചുകൊടുത്ത് ഇ എം എസ് അടക്കമുള്ളവരും കേരളീയ സമൂഹത്തില്‍ തീജ്വാലകളാവുകയായിരുന്നു.
 
അനീതിയോട് ഏറ്റുമുട്ടിയ വാഗ്ഭടാനന്ദന്‍ അക്ഷരാര്‍ഥത്തില്‍ അറിവ് അടിസ്ഥാന ജനവിഭാഗങ്ങളിലെത്തിക്കുകയായിരുന്നു. ഈ ജനാധിപത്യവല്‍ക്കരണമാണ് തുടര്‍ന്നുവന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയത്.
 
വാഗ്ഭടാനന്ദനും നവോത്ഥാന പ്രസ്ഥാന നായകരും രൂപപ്പെടുത്തിയ മലയാളിയുടെ ആത്മാഭിമാനത്തിന്റെ പതാക വലിച്ചുതാഴ്ത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്.
നവോത്ഥാനത്തെ പുനരുദ്ധാനം തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.
 
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്യൂഡല്‍ ജീര്‍ണതകള്‍ ആഗോള മൂലധനത്തിന്റെ അജന്‍ഡകളില്‍ പുതിയ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കിയിരുന്ന ഒരു ജനത ആള്‍ദൈവങ്ങളിലും ഉദാരവല്‍കൃത ലോകത്തിന്റെ വര്‍ണനകള്‍ക്കും മുന്നില്‍ അന്ധാളിച്ചുപോകുന്നു. ആധുനികതയുടെ യുക്തിബോധത്തില്‍നിന്ന് ഊര്‍ജം സംഭരിച്ച നവോത്ഥാന പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് എങ്ങും.
 
ജാതിയും ഉപജാതിയും സംഘടിച്ചു തുടങ്ങിയിരിക്കുന്നു. അനാചാരങ്ങളും മാമൂലുകളും തലപൊക്കുകയായി. നവോത്ഥാന കാലം കുഴിച്ചുമൂടിയിരുന്ന ജീര്‍ണതകള്‍ പൊതുജീവിതത്തിലേക്ക് വര്‍ണപ്പകിട്ടോടെ എഴുന്നള്ളിക്കപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വാഗ്ഭടാനന്ദ ദര്‍ശനങ്ങള്‍ ആകാശം മുട്ടിനില്‍ക്കുന്ന ഓര്‍മപ്പെടുത്തലുകളാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment